Asianet News MalayalamAsianet News Malayalam

അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു!

എന്റെ കൊവിഡ് ദിനങ്ങള്‍. കൊവിഡ് വാര്‍ഡില്‍ കഴിയുന്നതിനിടെ, ജസീന റഹീം എഴുതിയ കുറിപ്പുകള്‍ തുടരുന്നു. 

notes from a covid 19 treatment centre by jaseena rahim part 4
Author
Thiruvananthapuram, First Published May 15, 2021, 2:32 PM IST

എന്നാല്‍, അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഉമ്മിച്ച സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള ഒരാശുപത്രി മുറിയിലായി ഞാന്‍. പക്ഷേ, പപ്പയായിരുന്നില്ല രോഗക്കിടക്കയില്‍. സ്വപ്‌നത്തില്‍, ശുശ്രൂഷിക്കാന്‍ നിന്ന ഞാനാണിപ്പോള്‍ രോഗി. അരികെ പപ്പയോ ഉമ്മിച്ചയോ മറ്റാരുമോ ഇല്ല. അതികഠിനമായ ആധിയുണ്ടാക്കുന്ന ഒരസുഖത്തിന്റെ ക്ഷീണക്കിടക്കയില്‍ ആടിയുലയുന്നതിനിടെ ഒരു പാടു വട്ടം ഞാന്‍ പപ്പയെ കണ്ടു.

 

notes from a covid 19 treatment centre by jaseena rahim part 4

 


ഞാന്‍ കൊവിഡ് പോസിറ്റീവാകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഉമ്മിച്ച ആ സ്വപ്നം കണ്ടത്. ഇപ്പോഴില്ലാത്ത എന്റെ, പപ്പ രോഗബാധിതനായി  ഹോസ്പിറ്റലില്‍ കിടക്കുന്നു. അഡ്മിറ്റാണ്. ബൈ സ്റ്റാന്‍ഡറായി ഞാന്‍ പപ്പയ്‌ക്കൊപ്പം ഇരിക്കുന്നു.
 
എന്ത് കൊണ്ടോ ആ  സ്വപ്നത്തെ കുറിച്ച് കേട്ടപ്പോള്‍ സന്തോഷമാണ് എനിക്കു തോന്നിയത്. സ്വപ്‌നത്തിലണെങ്കിലും പപ്പയ്ക്ക് അടുത്താണല്ലോ ഞാന്‍. പപ്പ കുഞ്ഞുന്നാളിലേ ലോകത്തോട് വിടപറഞ്ഞതിനാല്‍, ഓര്‍മ്മയുടെ മൂടല്‍മഞ്ഞിനപ്പുറത്തായിരുന്നു പപ്പയുമൊത്തുള്ള നിമിഷങ്ങള്‍. ഉഉമ്മിച്ച പറഞ്ഞുതന്ന മനോഹരമായ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ ബാക്കിയുണ്ടെങ്കിലും അവയൊന്നും എനിക്കങ്ങനെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലായിരുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിലുടനീളം പപ്പയുടെ സാന്നിധ്യത്തിനായി കൊതിച്ച എത്രയോ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, നടന്നില്ല. സ്വപ്‌നത്തില്‍ പോലും വന്നിരുന്നില്ല, പപ്പ. അതിനിടയ്ക്കാണ് ഉമ്മിച്ചയുടെ സ്വപ്‌നത്തിലേക്ക് പപ്പ വന്നത്. അതു കേട്ടപ്പോള്‍, രോഗാവസ്ഥയിലെങ്കിലും പപ്പയുടെ അരികെ ഞാനെന്നെ സങ്കല്‍പ്പിച്ചു. എനിക്ത് സന്തോഷം തന്നു. 
 
എന്നാല്‍, ഉമ്മിച്ചയ്ക്ക് അതത്ര സന്തോഷം നല്‍കാത്ത പോലെ. എന്തോ ഒരു ഭീതി ഉമ്മ മനസ്സില്‍ ഉരുണ്ടുകൂടിയിരിക്കണം. പക്ഷേ, അതങ്ങനെ പറഞ്ഞില്ല. എന്റെ സന്തോഷത്തെ ഉമ്മിച്ച നിരുല്‍സാഹപ്പെടുത്തുകയും ചെയ്തില്ല. 

എന്നാല്‍, അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഉമ്മിച്ച സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള ഒരാശുപത്രി മുറിയിലായി ഞാന്‍. പക്ഷേ, പപ്പയായിരുന്നില്ല രോഗക്കിടക്കയില്‍. സ്വപ്‌നത്തില്‍, ശുശ്രൂഷിക്കാന്‍ നിന്ന ഞാനാണിപ്പോള്‍ രോഗി. അരികെ പപ്പയോ ഉമ്മിച്ചയോ മറ്റാരുമോ ഇല്ല. അതികഠിനമായ ആധിയുണ്ടാക്കുന്ന ഒരസുഖത്തിന്റെ ക്ഷീണക്കിടക്കയില്‍ ആടിയുലയുന്നതിനിടെ ഒരു പാടു വട്ടം ഞാന്‍ പപ്പയെ കണ്ടു. അന്നേരം പപ്പയ്ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല, ഒരു ക്ഷീണവും. ഭൂമിയില്‍നിന്നും ഞാന്‍ മുറിഞ്ഞുപോകുമോ എന്നു തോന്നിയ വേദനകള്‍ക്കിടയില്‍ ചുരുണ്ടു കിടക്കുന്നേരം പപ്പ എനിക്ക് കൂട്ടിരുന്നു. മരുന്ന് എടുത്തു തന്നു. വെള്ളവും ഭക്ഷണവും തന്നു. കൊച്ചുകുഞ്ഞിനെ പോലെ പരിപാലിച്ചു. കുഞ്ഞുന്നാളിലേ എനിക്ക് നഷ്ടപ്പെട്ട പപ്പ ഇതാ ഞാനേറ്റവും ആവശ്യപ്പെടുന്ന സമയത്ത് എനിക്ക് കൂട്ടിരിക്കുന്നു എന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലായിരുന്നു. 

പുറം ലോകത്തിന് ഞാന്‍ കൊവിഡ് രോഗിയായിരുന്നു. ആര്‍ക്കും അടുത്തിരിക്കാന്‍ പറ്റില്ല, പരിപാലിക്കാനാവില്ല, മറ്റ് രോഗങ്ങള്‍ക്കൊക്കെ സാദ്ധ്യമാവും വിധം സന്ദര്‍ശകരേ ഇല്ല. ആ നിസ്സഹായതയിലാവണം, ഉമ്മിച്ചയുടെ സ്വപ്‌നത്തില്‍നിന്നും പപ്പയെന്റെ അരികിലേക്ക് വന്നുനിന്നത്. എന്റെ കുഞ്ഞിനിപ്പോള്‍ ഞാനല്ലാതെ മറ്റാര് എന്ന തോന്നലിലാവണം, ജ്വരമൂര്‍ച്ചയാല്‍ വിറയ്ക്കുന്നേരം പപ്പയെന്റെ കൈപിടിച്ചത്. 

ഒരു പക്ഷേ, ഉമ്മിച്ച അന്ന് കണ്ട സ്വപ്‌നമാവണം ക്ഷീണപ്പകര്‍ച്ചയില്‍ എന്നെയും അയഥാര്‍ത്ഥമായ തോന്നലുകളിലേക്ക് കൊണ്ടുപോയത് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. എന്നാലും, എത്ര സങ്കല്‍പ്പമായാലും, ഫിക്ഷനല്‍ ആയാലും, ആ ദിവസങ്ങളില്‍ പപ്പ എന്റെ കൂടെ ഉണ്ടായിരുന്നു എന്ന തോന്നല്‍ എനിക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല എന്നുറപ്പായും എനിക്ക് പറയാനാവും. 

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

''രാജാധിരാജനായ തമ്പുരാനെ, ഈ വിശുദ്ധ രാവിന്റെ പോരിശ കൊണ്ട് ഞങ്ങള്‍ ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളേയും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ, കോവിഡ് എന്ന മഹാമാരി നീ ഞങ്ങള്‍ക്ക് നല്‍കിയ പരീക്ഷണമാണല്ലോ നാഥാ, ഞങ്ങളെയും ഞങ്ങളുടെ കൂട്ടുകുടുംബാദികളെയും ഈ മഹാവിപത്തില്‍ നിന്നും കാത്ത് രക്ഷിച്ച് നിനക്ക് വേണ്ടി ഇബാദത്തുകള്‍ ചെയ്യുന്നവരാക്കണേ നാഥാ...''

പൊടുന്നനെ കാതിലേക്ക് അലയടിച്ച ഈ സ്വരമാണ് എന്നെ ആലോചനകളില്‍നിന്നുയര്‍ത്തിയത്. ഞാനിപ്പോള്‍ ആശുപത്രിക്കിടക്കയിലല്ല. വീട്ടിലെ സ്വന്തം മുറിയിലാണ്. കടത്തൂര്‍ മസ്ജിദിലെ മൈക്കിലൂടെ ഒഴുകിയെത്തിയ നൗഷാദുസ്താദിന്റെ പ്രാര്‍ത്ഥനയാണ് ഞാന്‍ കേട്ടത്. കൊവിഡ് ആയത് കാരണം, പള്ളിയില്‍ പോവാനാവാതെ വീട്ടിലിരിക്കുന്ന കടത്തൂര്‍  എട്ടാം വാര്‍ഡിലുള്ള വിശ്വാസികളായ മുസ്ലിംകള്‍ മുഴുവന്‍ ആമീന്‍ പറയുന്നുണ്ടായിരുന്നു. 
 
റമദാനിലെ ഇരുപത്തിയേഴാം രാവായിരുന്നു അത്. ഇസ്ലാമിക വിശ്വാസപ്രകാരം, വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട  ലൈലത്തുല്‍ ഖദ്ര്‍ റമദാനിലെ ഏതു രാവിലും ആവാന്‍ സാദ്ധ്യതയുണ്ടെങ്കിലും കൂടുതല്‍ സാദ്ധ്യത ഇരുപത്തിയേഴാം രാവിലായിരിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യുന്ന പുണ്യപ്രവൃത്തികള്‍, ആയിരം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു. 

ഇനിയും വിട്ട് മാറിയിട്ടില്ലാത്ത കോവിഡ് അസ്വസ്ഥതകള്‍ക്കൊപ്പം ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ ഒരു അല്‍പ്രാക്‌സ് 0.25 ഗുളികയില്‍ അഭയം തേടി ഉറക്കത്തിലേക്ക് മറിഞ്ഞു.   

സ്വപ്നത്തില്‍, കുന്തിരിക്ക ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍  മാലാഖമാര്‍ എനിക്ക് മേല്‍ അനുഗ്രഹം ചൊരിയുകയായിരുന്നു.  മഞ്ഞണിഞ്ഞ ഒരു താഴ്വരയുടെ മനോഹാരിതയിലേക്ക് മാലാഖമാര്‍ എന്നെ കൊണ്ടുപോയി. സൂക്ഷിച്ചു നോക്കിയാലറിയാം അത് കശ്മീരാണ്! കുട്ടിക്കാലം മുതല്‍ മൊട്ടിട്ട് നിന്ന ആഗ്രഹമാണ് കശ്മീര്‍ സന്ദര്‍ശനം. യാത്രാ വിലക്കുകള്‍ കഠിനമായ ഈ ലോക്ഡൗണ്‍ കാലത്ത് അനായാസം ഞാനവിടെയെത്തിയിരിക്കുന്നു. മലക്കുകളേ നിങ്ങള്‍ക്ക് സ്തുതി! 

കാശ്മീര്‍ എന്നുമെന്റെ സ്വപ്നദേശമാണ്.  ഞാന്‍ പിറന്ന് വീണത് കാശ്മീരിന്റെ മടിത്തട്ടിലാണെന്ന് ഉമ്മിച്ച പറയുമ്പോഴൊക്കെ ഞാന്‍ അഭിമാന പുളകിതയാകും. പക്ഷേ കാശ്മീര്‍ കാലം എന്റെ ഓര്‍മ്മയില്‍ ബാക്കിയില്ലായിരുന്നു. ഓര്‍മ്മകള്‍ മൊട്ടിട്ടുതുടങ്ങുന്ന ശൈശവകാലമായിരുന്നതിനാല്‍, കശ്മീരിന്റെ ഒരിറ്റു തണുപ്പ് പോലും എന്റെ ഓര്‍മ്മയില്‍ ബാക്കിയായില്ല.

''കശ്മീര് കാണാന്‍ നല്ല രസാണോ ഉമ്മിച്ചാ, എന്നെ ഇനീം കൊണ്ട് പോണേ കാശ്മീരില്...''കുട്ടിക്കാലത്ത് ഞാനേറ്റുമധികം കരഞ്ഞു വിളിച്ചത് കശ്മീരില്‍ പോകാനായിരുന്നു. 

പപ്പ പട്ടാളക്കാരനും, പുരോഗമന ചിന്താഗതിക്കാരനും ആദര്‍ശപുരുഷനുമായിരുന്നു. നയാ പൈസ സ്ത്രീധനം വാങ്ങാതെ ഉമ്മിച്ചയെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. ആ സമയത്ത് ശരീരത്തണിഞ്ഞിരുന്ന ഏക ആഭരണമായ ജിമിക്കി കമ്മല്‍ തിരിച്ചേല്‍പ്പിച്ച്, ഇവളാണെന്റെ സ്ത്രീധനം എന്ന് പ്രഖ്യാപിച്ച്, ഉമ്മിച്ചയുടെ കൈപിടിച്ച് കായംകുളത്ത് കവറാട്ട് വീട്ടിലേക്ക് അഭിമാനത്തോടെ കൊണ്ട് പോവുകയായിരുന്നു. ഒരാഴ്ച മാത്രം വീട്ടില്‍ കഴിഞ്ഞതിന് ശേഷം പപ്പയുടെ ജോലി സ്ഥലമായ കാശ്മീരിലേക്ക് അവരിരുവരും ട്രെയിന്‍ കയറി. 

അന്നുവരെ പുറം ലോകം കണ്ടിട്ടേയില്ലാത്ത ഉമ്മിച്ച, ആകാശവും മലകളും മഞ്ഞുകൊണ്ടുവരച്ചിട്ട കശ്മീരിന്റെ മനോഹാരിത കണ്ട്, സ്വര്‍ഗ്ഗം ചിലപ്പോള്‍ ഇത് പോലായിരിക്കുമെന്ന തന്റെ കുഞ്ഞ് തോന്നല്‍ പല പ്രാവശ്യം പ്രകടിപ്പിച്ചതായാണ് പപ്പ പറഞ്ഞിരുന്നത്. 

ആപ്പിള്‍, മുന്തിരി, സപ്പോട്ട തുടങ്ങി വിവിധ പഴവര്‍ഗ്ഗങ്ങള്‍ നിറഞ്ഞ തോട്ടത്തിന്റെ മധ്യഭാഗത്തായിയിരുന്നു പപ്പയുടെ ആര്‍മി ക്വാര്‍ട്ടേഴ്‌സ്. ഉമ്മിച്ചയ്ക്കവിടം സ്വര്‍ഗ്ഗീയ ജീവിതാനുഭൂതികള്‍ നല്‍കി. ഒരിക്കല്‍ പപ്പയുമായി ബാല്‍ക്കണിയിലൂടെ ഉലാത്തുമ്പോള്‍, ചെറുകിളികള്‍ പറന്ന് വന്നിരുന്ന് കൊത്തുന്ന കുലകള്‍ പഴുത്തതെന്ന് ഉപായത്തിലൂടെ കണ്ട് പിടിച്ച ഉമ്മിച്ച,  ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് നിന്ന് കൊണ്ട് ഏന്തി വലിഞ്ഞൊരു മുന്തിരി കുല പൊട്ടിച്ചെടുത്ത് കഴിക്കുന്ന നേരം നിശ്ശബ്ദമായ ഒരു ഓക്കാനത്തിലൂടെ ഞാനിതാ ഒരു തുടിപ്പായി രൂപം കൊണ്ടിരിക്കുന്നു എന്ന ശുഭസൂചന പ്രേമബദ്ധരായി നിന്ന നവദമ്പതികള്‍ക്ക് നല്‍കി.

പിന്നീടങ്ങോട്ട് എന്നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ഒഴിവ് നേരങ്ങളിലൊക്കെ പപ്പ കവിതകള്‍ ഉറക്കെ ചൊല്ലി. ബദാം, നെയ്യ്, അണ്ടിപ്പരിപ്പ്, തുടങ്ങി പലതും ഉമ്മിച്ചയുടെ മെനുവില്‍ ഉള്‍പ്പെടുത്തി. അനന്തര ഫലമായി ഓരോ മാസങ്ങള്‍ കഴിയുമ്പോഴും ഉമ്മിച്ച കൂടുതല്‍ കൂടുതല്‍ സുന്ദരിയായി തീരുകയും ഗര്‍ഭവാസ കരുതലില്‍ ചവിട്ടിത്തെളളി ഞാന്‍ കൂടുതല്‍ മിടുക്ക് കാണിക്കുകയും ചെയ്തു.

കാശ്മീരിലെ പൂഞ്ച് ഹോസ്പിറ്റലില്‍ പ്രസവത്തിനായി ഉമ്മിച്ചയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ പപ്പ ആകെ ബേജറായിരുന്നു.  ഉറ്റവരും ഉടയവരും അടുത്തില്ലാതെ കഠിനമായ ആ നിമിഷങ്ങളെ തരണം ചെയ്യുന്നതിനിടയില്‍ ശുഭവാര്‍ത്തയെത്തി-സുഖപ്രസവം, പെണ്‍കുട്ടിയാണ്! 

പൂഞ്ച് ഹോസ്പിറ്റലില്‍ പിറന്ന ആദ്യ മലയാളി കുട്ടിയെന്ന ബഹുമതിയില്‍ പൂഞ്ച് ബീഗം എന്ന് ഡല്‍ഹിക്കാരനായ ഡോക്ടര്‍ എനിക്ക്  പേര് നല്‍കിയെങ്കിലും പപ്പ ആ പേര് നിഷ്‌കരുണം ഉപേക്ഷിച്ച് വാത്സല്യാധിക്യത്തോടെ ജസീനാ മോള്‍ എന്ന ഓമനപ്പേര് നല്‍കി. 

കശ്മീരിലെ കൊടും തണുപ്പില്‍ കുട്ടികള്‍ പോയിട്ട് മുതിര്‍ന്നവര്‍ പോലും നിത്യം കുളിച്ചിരുന്നില്ല. പക്ഷേ ഉമ്മിച്ച എല്ലാ ദിവസങ്ങളിലും എന്നെ കുളിപ്പിച്ചു. ആ നേരത്തെ എന്റെ കാറിക്കരച്ചിലില്‍ ചുറ്റുപാടുമുള്ള കാശ്മീരികള്‍ പാഞ്ഞെത്തി. 'ഓ ലഡ്കി സോനു കുടി'യെന്ന് ബഹളം കൂട്ടി. പെണ്‍കുട്ടിയായത് കൊണ്ട് നിങ്ങളീ ഓമനക്കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുകയാണോയെന്നും അവര്‍ ചോദിച്ചു. ഓമനത്തമുള്ള കുട്ടി എന്നാണ് ലഡ്കി സോനു കുടിയുടെ വിവര്‍ത്തനമെന്ന് ശൈശവകാല കഥകള്‍ പറഞ്ഞ് തരുന്നതിനിടക്ക് ഉമ്മിച്ച പലപ്പോഴും പറയുകമായിരുന്നു. എത്ര വലുതായിട്ടും ആ കഥകള്‍ ഞാനാവര്‍ത്തിച്ച് പറയിക്കുകയും ചെയ്തു.  

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെയും ഒക്കത്തിരുത്തി കവറാട്ട് വീട്ടിലേക്ക് വീണ്ടും കാല് കുത്തുമ്പോള്‍ കശ്മീരി കുഞ്ഞിനെ മാറിമാറിയെടുത്തോമനിക്കാന്‍ കുടുംബമൊന്നാകെ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അടുത്തെത്തുന്നവരെ കടിച്ച് തോല്‍പ്പിച്ചും കാറിക്കരഞ്ഞും ആ ശ്രമങ്ങളെയെല്ലാം കാശ്മീര്‍ കുഞ്ഞ് നിഷ്ഫലമാക്കിക്കൊണ്ടിരുന്നു. 

''ഈ കൊച്ച് വാപ്പാന്നും ഉമ്മാന്നും വിളിക്കാതെ എന്താ പപ്പാന്നും മമ്മീന്നും വിളിക്കുന്നേ'' 

കടുത്ത യാഥാസ്ഥിതികതയില്‍ കഴിയുന്ന പലരില്‍നിന്നും ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഒട്ടും ശബ്ദമുണ്ടായിരുന്നില്ല.  പപ്പയുടെ മുന്നില്‍ നിവര്‍ന്ന് നിന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. പപ്പയില്ലാത്ത നേരത്ത് തനിക്കു നേര്‍ക്ക് നീണ്ട ചോദ്യങ്ങളെ പരമപുഛത്തോടെ തള്ളിക്കളയാനുള്ള ശക്തിയും ആര്‍ജ്ജവവും ഉമ്മിച്ച ഇതിനോടകം നേടിക്കഴിഞ്ഞിരുന്നു.    

സ്ഥലം മാറ്റത്തെ തുടര്‍ന്ന് ഉമ്മിച്ചയെയും എന്നെയും നാട്ടിലാക്കി പപ്പ ജോലി സ്ഥലത്തേക്ക് യാത്രയായത് ഉറച്ച ചില തീരുമാനങ്ങളെടുത്ത് കൊണ്ടായിരുന്നു. അതിലൊന്ന് ഗംഭീരമായ ഒരു വീട് എന്ന സ്വപ്നമായിരുന്നു. അതിന് മുന്നോടിയായി അഞ്ച് മുറി വീട് വെക്കാനായി ഫൗണ്ടേഷന്‍ കെട്ടി. താല്‍ക്കാലികമായി അവിടെ രണ്ട് മുറിയും അടുക്കളയും വിശാലമായ വരാന്തയുമുള്ള ഒരോലപ്പുര കെട്ടുകയും ആഡംബരങ്ങളോടെ ഒരു കുളിമുറി വീടിന് മുന്നിലായ് നിര്‍മിക്കുകയും ചെയ്തു. ഓല മറയുള്ള കുളിമറ കണ്ട് മാത്രം പരിചിതരായ പരിചയക്കാരെ അത് അതിശയിപ്പിച്ചു. ആ നേരത്ത് ഉമ്മിച്ചയുടെ ഉദരത്തില്‍ രണ്ടാമതൊരു ജീവന്റെ തുടിപ്പ് കൂടി വന്നു. ഈ കാലത്ത് മമ്മിയില്‍ നിന്ന് ഉമ്മിച്ചായിലേക്ക് അമ്മ മാധുര്യത്തെ ഞാന്‍ കണ്‍വര്‍ട്ട് ചെയ്ത് കഴിഞ്ഞിരുന്നു. 

വീണ്ടും രണ്ട് വര്‍ഷങ്ങള്‍. ഇരുപത് വര്‍ഷത്തെ പട്ടാള ജീവിതം സ്വയമേ അവസാനിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കാനെത്തിയ പപ്പക്ക് എന്നാല്‍, പല തരത്തിലുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായി. തിരുമ്മലിന് പേര് കേട്ട സത്രത്തില്‍  കുറച്ച് ദിവസം താമസിച്ച് തിരുമ്മിയെങ്കിലും വല്യ മാറ്റങ്ങളൊന്നും ഉണ്ടായില്ല. 

ആ സമയത്ത് ഒരു സംഭവമുണ്ടായി. (ഉമ്മിച്ചയെക്കൊണ്ട് പലയാവര്‍ത്തി ഞാന്‍ പറയിപ്പിച്ചിരുന്ന ഒരു കഥ!). പട്ടാളത്തില്‍ നിന്നും പപ്പ കൊണ്ട് വന്നൊരു ട്രങ്ക് പെട്ടിയുണ്ടായിരുന്നു. അതില്‍ നോട്ടമിട്ടിരുന്ന ബന്ധുകൂടിയായ ഒരു കള്ളന്‍ രണ്ട് വയസ്സുള്ള കുഞ്ഞനിയനുമായി രാത്രി എട്ട് മണിയോടടുത്ത നേരം വീട്ടിലെത്തി. ഉമ്മിച്ച അഞ്ച് വാരകള്‍ക്കപ്പുറമുള്ള  കൊച്ചാപ്പയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. വീട്ടില്‍ ഞാന്‍ കിടന്നുറങ്ങുന്നു. ഉറക്കത്തിലായിരുന്ന എന്റെ മുഖത്തേക്ക് കള്ളന്‍ ടോര്‍ച്ചടിച്ച നേരം ഞാന്‍ ഉണരുകയും എന്നാല്‍ കള്ളന്റെ മുന്നില്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കിടന്ന് ഉറങ്ങുന്നതായി ഭാവിക്കുകയും ചെയ്തു. കള്ളന്‍ എന്നെ വിട്ട് അടുത്ത മുറിയിലേക്ക് കടന്ന നിമിഷം എന്നിലെ കുഞ്ഞുബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 

''കള്ളന്‍ കള്ളന്‍'' 

എന്റെ വിളിച്ചുകൂവല്‍ കേട്ട് എല്ലാവരും ഓടിയെത്തിയപ്പോഴേക്കും മുഹ്‌യുദ്ദീന്‍ ശൈഖിന്റെ ആണ്ട് നേര്‍ച്ചക്കായി ഉമ്മിച്ച കരുതിയ നാണയ തുട്ടുകള്‍ അടങ്ങിയ നേര്‍ച്ച പാട്ടയുമായി കള്ളന്‍ സ്ഥലം കാലിയാക്കിയിരുന്നു.
 
'നമ്മുടെ മക്കള്‍ക്ക് വേണ്ടത് ഒരു കൊന്നത്തെങ്ങിന്റെ തണലല്ല ,അരയാലിന്റെ തണലാണ്''
 
തിരുമ്മല്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു പകലില്‍ ഉമ്മിച്ചയെ മടിയില്‍ കിടത്തി പപ്പ ഇത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നത്രേ. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ നെഞ്ച് വേദനയെ തുടര്‍ന്ന് പപ്പ ഈ ലോകത്ത് നിന്നും യാത്രയാക്കുമ്പോള്‍ അഞ്ചും മൂന്നും വയസ്സുള്ള ഞാനും കുഞ്ഞനിയനും തീരാ നഷ്ടത്തിന്റെ വ്യാപ്തിയറിയാതെ മണ്ണപ്പം ചുട്ട് കളിക്കുകയായിരുന്നു.

 

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!


 

 

Follow Us:
Download App:
  • android
  • ios