അധ്യാപകജോലി ഉപേക്ഷിച്ചു, നാട്ടുകാരെയും കൂട്ടി മരം നടാനിറങ്ങി, ഗ്രാമത്തിലിന്ന് ഒരുലക്ഷത്തിലധികം മരങ്ങള്‍

By Web TeamFirst Published Sep 24, 2020, 3:36 PM IST
Highlights

മരം നടുന്നതുമായി ബന്ധപ്പെട്ട ഓര്‍മ്മകളും കാര്യങ്ങളുമെല്ലാം അവര്‍ കുറിച്ചു വയ്ക്കും. ചിലരാകട്ടെ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായും ചെടികള്‍ നട്ടുതുടങ്ങി. ഒരാള്‍ തന്‍റെ പശുവിന്‍റെ ഓര്‍മ്മയ്ക്കായി വരെ മരം നട്ട അവസരവുമുണ്ടായി.

പൂനെയ്ക്കടുത്തുള്ള റാന്‍മള ഗ്രാമത്തിലൂടെ നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവിടെ തലയുയര്‍ത്തി നില്‍ക്കുന്ന അനേകം മരങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് കാണാം. അതിന്‍റെയെല്ലാം മുകളില്‍ ഓരോ പേരും എഴുതിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഓര്‍മ്മകളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ മരത്തിനു മുകളിലെ കുത്തിക്കുറിക്കലുകള്‍. ഇതിന്‍റെയെല്ലാം പിന്നില്‍ ഒരാളുണ്ട്, പോപത് ഷിന്‍ഡെ. പൂനെയില്‍ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള ഈ ഗ്രാമത്തെ പച്ചപുതപ്പിച്ചതിനു പിന്നില്‍ ഈ റിട്ട. അധ്യാപകന്‍റെ അധ്വാനമുണ്ട്. 

പതിനെട്ടാമത്തെ വയസ്സില്‍ ജില്ലാ പരിഷത് സ്‍കൂളില്‍ അധ്യാപകനായി ജോലി തുടങ്ങിയ ആളാണ് ഷിന്‍ഡെ. 1996 -ല്‍ സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഷിന്‍ഡെ വോളണ്ടറി റിട്ടയര്‍മെന്‍റെടുത്തു. സാമൂഹികസേവനത്തിലേക്കിറങ്ങാനായിട്ടാണ് അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ മംഗളയും ജില്ലാ പരിഷത് സ്കൂള്‍ അധ്യാപിക തന്നെയായിരുന്നു. അവരാണ് ഷിന്‍ഡെയോട് പറയുന്നത് തന്‍റെ ശമ്പളത്തില്‍ നിന്നും രണ്ട് പെണ്‍മക്കളും ഒരു മകനുമടക്കം അഞ്ചുപേരുള്ള കുടുംബത്തിന് കഴിയാം. ഷിന്‍ഡെയ്ക്ക് ജോലി വിട്ട് സാമൂഹികസേവനത്തിലേക്ക് തിരിയാമെന്നും. 

ഓരോ ആഴ്ചാവസാനവും ജോലി കഴിഞ്ഞുവന്നാലുടനെ ഭക്ഷണവും കഴിച്ച് തന്‍റെ ഭര്‍ത്താവ് തിടുക്കപ്പെട്ട് മരം നടാനായി പോകുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. സാമൂഹികസേവനത്തിനൊപ്പം പലചരക്കും പച്ചക്കറിയും വാങ്ങാന്‍ പോവുക, വീട്ടിലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക എന്നിവയെല്ലാം ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും മംഗള പറയുന്നു. മാത്രവുമല്ല, ഒരു കുടുംബം മൊത്തം ഒരാളുടെ ശമ്പളത്തില്‍ ജീവിക്കുന്നത് മംഗള കണ്ടിട്ടുമുണ്ട്. അന്ന് മംഗളയുടെ ശമ്പളം 4,000 രൂപ മാത്രമാണ്. ഭര്‍ത്താവ് വിരമിച്ചു കഴിഞ്ഞാല്‍ ജീവിച്ചുപോകാനാവുമോ എന്ന് അടുത്ത സുഹൃത്തുക്കളടക്കം പലരും ഷിന്‍ഡെയോടും മംഗളയോടും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അവസാനം അയാള്‍ ആ തീരുമാനം തന്നെ എടുത്തു. ജോലി വിട്ടു. 

എങ്കിലും നാട്ടില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഗ്രാമത്തില്‍ ജനങ്ങളിലധികവും വെളിസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരാണ്. അവയൊക്കെ കടന്നുവേണം ചെടി നടാന്‍. നട്ടാല്‍ മാത്രം പോരാ. അവയെല്ലാം സംരക്ഷിക്കുകയും വേണം. എന്നാല്‍, പയ്യെപ്പയ്യെ ഗ്രാമത്തിലെ സ്ത്രീകള്‍ ചെടികളുടെ സംരക്ഷണമേറ്റെടുത്തു. ചെടികള്‍ വളരുന്തോറും ഗ്രാമത്തിനും അവിടുത്തെ വായുവിനും വരുന്ന മാറ്റം ഗ്രാമീണര്‍ക്ക് മനസിലാവുന്നുണ്ടായിരുന്നു. 

മുറ്റത്തോ തോട്ടത്തിലോ എവിടെയെങ്കിലും നടണം എന്നും പറഞ്ഞ് ഗ്രാമത്തിലുള്ളവര്‍ക്ക് തൈകള്‍ നല്‍കാറുണ്ടായിരുന്നു ഷിന്‍ഡെ. എന്നാല്‍, 2004 വരെ ആളുകളൊന്നും അത് നടുന്നതും പരിചരിക്കുന്നതുമൊന്നും അത്ര കാര്യമായി എടുത്തിട്ടില്ലായിരുന്നു. ആ സമയത്താണ് ഷിന്‍ഡെയുടെ മനസ്സില്‍ ഒരു ആശയമുദിക്കുന്നത്. ആളുകള്‍ക്ക് മരവുമായി എന്തെങ്കിലും ബന്ധം വേണം. എങ്കിലേ അവരതിനെ സംരക്ഷിക്കൂ. അങ്ങനെയാണ് എന്തെങ്കിലും പഴങ്ങളുണ്ടാകുന്ന ചെടികള്‍ വിതരണം ചെയ്തു തുടങ്ങുന്നത്. മാത്രവുമല്ല, പിറന്നാളിന്, പരീക്ഷ ജയിച്ചു കഴിഞ്ഞാല്‍, വിവാഹത്തിന്, ജോലി കിട്ടിയാല്‍ തുടങ്ങി സന്തോഷകരമായ എന്തെങ്കിലും സംഭവത്തോടനുബന്ധിച്ച് ചെടി നടാന്‍ അഭ്യര്‍ത്ഥിച്ചു തുടങ്ങി ആളുകളോട് ഷിന്‍ഡെ. അങ്ങനെ സുരേഷ് ഗോറെ എന്നയാള്‍ തൈകളുടെ ചെലവ് താന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. പയ്യെപ്പയ്യെ ആളുകള്‍ ചെടികള്‍ നടാനും പരിചരിക്കാനും തുടങ്ങി. 

മരം നടുന്നതുമായി ബന്ധപ്പെട്ട ഓര്‍മ്മകളും കാര്യങ്ങളുമെല്ലാം അവര്‍ കുറിച്ചു വയ്ക്കും. ചിലരാകട്ടെ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായും ചെടികള്‍ നട്ടുതുടങ്ങി. ഒരാള്‍ തന്‍റെ പശുവിന്‍റെ ഓര്‍മ്മയ്ക്കായി വരെ മരം നട്ട അവസരവുമുണ്ടായി. 2004 മുതലിങ്ങോട്ട് ഗ്രാമീണര്‍ 1.8 ലക്ഷം മരങ്ങള്‍ ഗ്രാമത്തില്‍ നട്ടുകഴിഞ്ഞു. വഴിയരികിലും ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നയിടത്തും മലകളിലും എല്ലാം ഗ്രാമീണര്‍ മരം നട്ടു. എങ്കിലും കൂടുതലും വീടിന് തണല്‍ നല്‍കുന്ന തരത്തിലാണ് നട്ടിരിക്കുന്നത്. ഒപ്പം തന്നെ ഗ്രാമീണര്‍ 14,300 തൈകള്‍ സംഭാവനയും നല്‍കിക്കഴിഞ്ഞു. 

2020 മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ മറ്റ് ഗ്രാമങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഇതേ മാതൃക നടപ്പിലാക്കാന്‍ ആലോചിക്കുകയുണ്ടായി. നാടിനെ പച്ചപ്പണിയിക്കാന്‍ പ്രയത്നിച്ച ഓരോ ഗ്രാമീണനുമുള്ള ആദരവാണ് ഈ തീരുമാനം എന്നാണ് ഷിന്‍ഡെ പ്രതികരിച്ചത്. മരം നട്ടതിലൂടെ നല്ല വായു ലഭിച്ചു എന്നത് മാത്രമല്ല, വേറെയുമനേകം നല്ല കാര്യങ്ങളുണ്ടായി എന്ന് ഗ്രാമീണര്‍ പ്രതികരിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളായി ഗ്രാമം ജലദൗര്‍ല്ലഭ്യത്തിന് സാക്ഷിയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി മരം വളരുകയും മണ്ണില്‍ വേരാഴ്ത്തുകയും ചെയ്തതിന്‍റെ ഫലമായി കൂടുതല്‍ വെള്ളം സംഭരിക്കപ്പെടുന്നു. അതുപോലെ കൃഷിസ്ഥലത്ത് നേരത്തത്തെയത്ര വെള്ളം നനക്കേണ്ടതായും വരുന്നില്ലായെന്ന് ഗ്രാമത്തിലെ കൃഷിക്കാരനായ ഉല്‍ഹാസ് ഷിന്‍ഡെ പറയുന്നു. ഉല്‍ഹാസിന്‍റെ വീട്ടുവളപ്പില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ആറ് മാവുകളുണ്ട്. ഓരോ വര്‍ഷവും ഉല്‍ഹാസിന്‍റെ കുടുംബം തൈകളും സംഭാവന ചെയ്യുന്നു. 

ഗ്രാമത്തില്‍ മാറ്റം പ്രകടമാണ് എന്നും ഗ്രാമീണര്‍ പറയുന്നു. ഗ്രാമം മൊത്തം പച്ചപ്പണിഞ്ഞുനില്‍ക്കുകയാണ്. ഒപ്പം തന്നെ വിവിധ പഴങ്ങള്‍ ലഭിക്കുന്നുവെന്നത് സാമ്പത്തികമായും ഗ്രാമീണര്‍ക്ക് ലാഭമുണ്ടാക്കി നല്‍കുന്നു. ഒപ്പം തന്നെ പുതുതലമുറയോടും ഗ്രാമീണര്‍ ചെടികള്‍ നട്ടുവളര്‍ത്തേണ്ടതിന്‍റെയും മരങ്ങളുണ്ടാവേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. 

click me!