Asianet News MalayalamAsianet News Malayalam

ചങ്കിലെ ചൈനയ്ക്ക് കേന്ദ്രത്തിന്‍റെ മുട്ടന്‍പണി, ഈ കമ്പനികള്‍ക്ക് ഇനി നല്ല കാലം!

വിപണികളില്‍ ചൈനയ്ക്കെതിരെയുള്ള നീക്കത്തെ ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയും. നിലവില്‍ ചൈനയാണ് ലോകത്തെ 80 ശതമാനം ലിഥിയം അയൺ ബാറ്ററി ഉത്പാദിപ്പിക്കുന്നത്. 

Central Government plans give incentives for battery makers in electric vehicle push
Author
Delhi, First Published Sep 29, 2020, 11:34 AM IST

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ബാറ്ററി നിർമാണ സൗകര്യങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതുതായി ബാറ്ററി നിർമാണ കമ്പനികൾ തുടങ്ങുന്നവർക്ക് 460 കോടിയുടെ ഉത്തേജന പദ്ധതികളാണ് ആവിഷ്കരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

വൈദ്യുത വാഹനങ്ങൾ വ്യാപകമായാൽ 2030 ഓടെ ഇന്ത്യക്ക് എണ്ണ ഇറക്കുമതിയിൽ 4,000 കോടിയുടെ കുറവ്വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതേപറ്റിയുള്ള പഠനത്തിന് നേതൃത്വം നൽകിയ എൻ‌.െഎ.ടി.‌ഐ ആയോഗ് തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത മന്ത്രിസഭ അവലോകനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഇന്ത്യയിൽ 50 ജിഗാവാട്ട് മണിക്കൂറിൽ താഴെയുള്ളതും 200 കോടി മൂല്യമുള്ളതുമായ ബാറ്ററി നിർമാണ സംരംഭങ്ങളാണ് ആവശ്യം. 10 വർഷംകൊണ്ട് ഇത് 230 ജിഗാവാട്ട് മണിക്കൂറിലേക്കും 1,400 കോടിയിലേക്കും വളരുമെന്നാണ് കണക്കാക്കുന്നത്.

നൂതന ബാറ്ററികൾ നിർമ്മിക്കുന്ന കമ്പനികൾക്ക് 2030 ഓടെ 460 കോടി ഇൻസെൻറീവ് നൽകാനാണ് എൻ‌ഐടി.ഐ ആയോഗ് ശുപാർശ ചെയ്യുന്നത്. അടുത്ത സാമ്പത്തിക വർഷംമുതൽ പണം നൽകി തുടങ്ങും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി മുൻതൂക്കം നൽകുന്നത്. നിലവിൽ, ബാറ്ററി വ്യവസായം ഇന്ത്യയിൽ പ്രാഥമികഘട്ടത്തിലാണ്. അതുകൊണ്ടു തന്നെ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ പല നിക്ഷേപകരും ഭയപ്പെടുന്നുണ്ട്. ഈ അവസ്ഥ മാറ്റാനും ഇൻസെൻറീവുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 2022 വരെ വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററികൾ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ ഇറക്കുമതി നികുതി 5 ശതമാനം ആയി നിലനിർത്താനാണ് രാജ്യം പദ്ധതിയിടുന്നത്. 2022ന് ശേഷം പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് 15 ശതമാനമായി ഉയർത്തുമെന്നും രേഖയിൽ പറയുന്നു.

വിപണികളില്‍ ചൈനയ്ക്കെതിരെയുള്ള നീക്കത്തെ ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയും. നിലവില്‍ ചൈനയാണ് ലോകത്തെ 80 ശതമാനം ലിഥിയം അയൺ ബാറ്ററി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ അതിർത്തിയിലെ ഏറ്റുമുട്ടലിനുശേഷം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയില്‍ കർശന നിക്ഷേപ നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വൈദ്യുത വാഹന നിർമാണത്തെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിരവധി ചൈനീസ് കമ്പനികളുടെ ബാറ്ററി നിർമാണ പ്രൊപ്പോസലുകളിൽ പലതും ഇന്ത്യ വേണ്ടെന്നും വച്ചിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios