Asianet News MalayalamAsianet News Malayalam

വണ്ടിയൊന്നും വേണ്ടേവേണ്ടെന്ന് ജനം, തകര്‍ന്നടിഞ്ഞ് വിപണി, അമ്പരന്ന് കമ്പനികള്‍!

രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം തുടര്‍ക്കഥ. തുടര്‍ച്ചയായി ഒന്‍പതാം മാസവും രക്ഷയില്ലാതെ ഇന്ത്യന്‍ വാഹന വിപണി.

Crisis in Indian auto mobile industry
Author
Mumbai, First Published Aug 13, 2019, 10:41 PM IST

മുംബൈ: രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം തുടര്‍ക്കഥയാകുന്നു. തുടര്‍ച്ചയായി ഒന്‍പതാം മാസവും രക്ഷയില്ലാതെ ഇന്ത്യന്‍ വാഹന വിപണി കുഴയുകയാണ്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ (പിവി) വന്‍ ഇടിവാണ് ജൂലൈ മാസവും റിപ്പോര്‍ട്ട് ചെയ്തത്. 30.98 ശതമാനത്തിന്‍റെ ഇടിവാണ് വില്‍പ്പനയില്‍. 

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ കാറുകള്‍ അടക്കമുളള പാസഞ്ചര്‍ വാഹനങ്ങളില്‍ 2,90,931 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 2,00,790 യൂണിറ്റുകള്‍ മാത്രമായിരുന്നു. കാറുകളുടെ വില്‍പ്പനയില്‍ 35.95 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

2018 ജൂലൈ മാസത്തില്‍ 1,91,979 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 1,22, 956 യൂണിറ്റുകളായിരുന്നു. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സാണ് (എസ്ഐഎഎം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇരുചക്ര വാഹന വില്‍പ്പനയിലും വലിയ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,51,324 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന നടന്നെങ്കില്‍ ഈ വര്‍ഷം അത് 9,33,996 യൂണിറ്റുകളാണ്. വില്‍പ്പനയിലുണ്ടായ ഇടിവ് 18.88 ശതമാനമാണ്. 

ഇരുചക്ര വാഹന വിപണി മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 25.71 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 76,545 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് 56,866 യൂണിറ്റുകളാണ് ഈ വര്‍ഷം വില്‍പ്പന നടന്നത്. 

ആകെ വാഹനങ്ങളുടെ രജിസ്ട്രേഷനിലും വന്‍ ഇടിവുണ്ടായി. മുന്‍ വര്‍ഷത്തെക്കാള്‍ 18.71 ശതമാനത്തിന്‍റെ ഇടിവാണ് ഈ വര്‍ഷം രജിസ്ട്രേഷനിലുണ്ടായത്. മുന്‍ വര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍ 22,45,223 യൂണിറ്റ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ അത് 18,25,148 യൂണിറ്റായിരുന്നു.  
 

Follow Us:
Download App:
  • android
  • ios