പല ഡ്രൈവർമാരെയും അല്‍പ്പം കുഴക്കുന്ന പരിപാടിയാണ് വാഹനത്തെ മര്യാദക്കൊന്ന് പാര്‍ക്ക് ചെയ്യുക എന്നത്. ഇങ്ങനെ പാര്‍ക്കിംഗിനിടയില്‍ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്നും താഴേയ്ക്ക് പതിക്കാനൊരുങ്ങുന്ന ഒരു കാറിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബാങ്കോക്കിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർക്ക് ചെയ്യാൻ പിന്നോട്ട് എടുക്കുന്നതിനിടെ പാര്‍ക്കിംഗ് കേന്ദ്രത്തിനു പിന്നിലെ മതിൽ തകർത്ത് കാർ താഴേയ്ക്ക് പതിക്കാൻ തുടങ്ങുകയായിരുന്നു.  പിന്നിലെ രണ്ടു ടയറുകളും കാറിന്റെ പകുതിയും കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയെങ്കിലും താഴേക്ക് മറിയാതെ കാറും ഡ്രൈവറും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

ടൊയോട്ട സിഎച്ച് ആറാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്‍ത്രീയാണ് കാറോടിച്ചിരുന്നതെന്നും ഓടിക്കൂടിയ ആളുകൾ ഡ്രൈവറെ പുറത്തിറക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ബാങ്കോക്കിലെ ഈ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ഒരു വര്‍ഷം മുമ്പ് സമാനസംഭവം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.