Asianet News MalayalamAsianet News Malayalam

സര്‍ക്കാരിനോട് വണ്ടിക്കമ്പനികള്‍ ചോദിക്കുന്നു, റോഡ് ടാക്സും ഫീസുമൊക്കെ കുറച്ചൂടേ..?!

ഇതോടെ നിരവധി ആവശ്യങ്ങളുമായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുകയാണ് വാഹനനിര്‍മ്മാതാക്കളുടെ സംഘടന

SIAM request to central government
Author
Mumbai, First Published Jan 23, 2021, 2:54 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടയിലും പച്ചപിടിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ വാഹന വിപണി. എങ്കിലും എമിഷന്‍, സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിച്ചിരുന്നു. ഇതിനൊപ്പം വലിയതോതില്‍ വില്‍പ്പനക്കണക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയതും മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ നിരവധി ആവശ്യങ്ങളുമായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുകയാണ് വാഹനനിര്‍മ്മാതാക്കളുടെ സംഘടന എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിനെ ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതീക്ഷകളോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ജിഎസ്‍ടി നിരക്കില്‍ ഇളവ് ഉള്‍പ്പെടെയുളള ഒരു കൂട്ടം ആവശ്യങ്ങളാണ് വാഹന നിര്‍മാണ മേഖല കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്.

ജിഎസ്‍ടി നികുതി നിരക്ക് 18 ശതമാനമായി കുറയ്ക്കുക, 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിന് പ്രോത്സാഹന അധിഷ്ഠിത വാഹന സ്ക്രാപ്പേജ് നയം അവതരിപ്പിക്കൽ, ഓട്ടോമൊബൈൽ ഭാഗങ്ങളുടെ പ്രാദേശിക ഉൽപ്പദന വർധന, ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനുളള നയ തീരുമാനങ്ങൾ എന്നിവ ഈ മേഖലയിലെ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) കഴിഞ്ഞ വർഷം 28 ശതമാനത്തിൽ നിന്ന് എല്ലാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഴയ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ഒരു പ്രോത്സാഹന അധിഷ്ഠിത വാഹന സ്ക്രാപ്പേജ് സ്കീം അവതരിപ്പിക്കുമ്പോൾ, ജിഎസ്ടിയിൽ 50 ശതമാനം കുറവും റോഡ് ടാക്സ്, രജിസ്ട്രേഷൻ ചാർജുകൾ എന്നിവയിൽ 50 ശതമാനം കുറവും പ്രോത്സാഹന അടിസ്ഥാനത്തിൽ പ്രഖ്യാപിക്കണമെന്ന് ഓട്ടോമൊബൈൽ നിർമാതാക്കളുടെ കൂട്ടായ്മ ശുപാർശ ചെയ്തിരുന്നു.

രാജ്യത്തെ ബാറ്ററി നിർമ്മാണം മെച്ചപ്പെടുത്താൻ ലിഥിയം അയൺ സെല്ലുകളുടെ കസ്റ്റംസ് തീരുവയായി അഞ്ച് ശതമാനം ഈടാക്കുന്ന നടപടി നിർത്തലാക്കാണമെന്നും സിയാം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ ഒരു പ്രധാന ആകർഷണം ആദായനികുതി സ്ലാബിൽ വരുത്തിയ മാറ്റങ്ങളാണ്, ഇത് കൂടുതൽ പണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കും. എന്നാൽ, ഓട്ടോമോട്ടീവ് നിർമ്മാതാക്കളുടെയും അനുബന്ധ കമ്പനികളുടെയും പ്രതീക്ഷകളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷത്തെ ബജറ്റിൽ പരിഹരിക്കപ്പെടാതെ തുടരുന്നതായും സിയാം പറയുന്നു.  

Follow Us:
Download App:
  • android
  • ios