എഞ്ചിൻ, യാത്രക്കാർക്ക് ഇരിക്കാനുള്ള ഇടം, ലഗ്ഗേജ് വെക്കാനുള്ള ബൂട്ട് സ്‌പേസ് - ഇങ്ങനെ കാറിന്റെ മൂന്നു ഭാഗങ്ങളും കൃത്യമായ മൂന്നു പെട്ടികളായി വേർതിരിച്ച ഡിസൈനിലുള്ള കാറുകളെയാണ് സെഡാൻ അഥവാ 3 ബോക്സ് കോൺഫിഗറേഷൻ കാറുകൾ എന്ന് വിളിക്കുന്നത്. 1989 -ൽ മാരുതി 1000 തൊട്ടിങ്ങോട്ട് നിരവധി സെഡാൻ കാറുകൾ ഇന്ത്യൻ വിപണിയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്. ഹോണ്ട സിറ്റി പോലെ ചിലത് ഇന്നും മത്സരങ്ങളെ അതിജീവിച്ച് പുത്തൻ മോഡലുകളുമായി വിപണിയിൽ തുടരുമ്പോൾ, പല കാറുകൾക്കും ആ യോഗമുണ്ടായില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ, പുത്തൻമോഡലുകളുമായുള്ള വില്പനപ്പോരാട്ടത്തിൽ അടിപതറി വീണുപോയ, കാലാന്തരത്തിൽ വിസ്മൃതമായ ചില ഇന്ത്യൻ സെഡാൻ കറുകളുണ്ട്. അവയിൽ പലതും ഇന്ത്യൻ കാർ പ്രേമികളുടെ മനസ്സിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നത്, ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അങ്ങനെയുള്ള ആറു സെഡാൻ കാറുകളെക്കുറിച്ചാണ് ഇനി. 

മാരുതി 1000/ എസ്റ്റീം 

1989 -ലാണ് മാരുതി 1000 എന്ന 5 സീറ്റർ പാസഞ്ചർ കാർ വിപണിയിലെത്തുന്നത്.  തുടക്കത്തിൽ പാർട്സുകൾ പലതും ഇറക്കുമതി ചെയ്തിരുന്നു എങ്കിൽ, 1991 ആയപ്പോഴേക്കും മുക്കാൽ ഭാഗം പാർട്സും ഇന്ത്യയിൽ തന്നെ നിർമിക്കാൻ തുടങ്ങി. 1994 -ലാണ് ഇതിനെ 993 സിസിയിൽ നിന്ന് പരിഷ്കരിച്ച് 1298 സിസി ശക്തിയുള്ള  മാരുതി 'എസ്റ്റീം' പുറത്തിറങ്ങുന്നത്. സുസുക്കി കൾട്ടസ് എന്ന വിദേശങ്ങളിൽ പരീക്ഷിച്ച് വിജയം കണ്ട മോഡലിന്റെ പരിഷ്കരിച്ച പതിപ്പായിരുന്ന ഈ സെഡാൻ ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. 

 

 

 

ഫിയറ്റ് പ്രീമിയർ 118 NE

ആദ്യത്തെ ബമ്പർ ഹിറ്റ് കാറായ പ്രീമിയർ പദ്മിനിക്ക് ശേഷം ഫിയറ്റ് പുറത്തിറക്കിയ പാസഞ്ചർ കാറാണ് പ്രീമിയർ 118 NE. പ്രീമിയർ പദ്മിനി ജനഹൃദയങ്ങളെ കീഴടക്കുന്നതിൽ വിജയിച്ചു എങ്കിൽ,  118 NE ക്ക് അതേ വിജയം ആർജിക്കാനായില്ല. പ്രീമിയർ മോട്ടോഴ്സിന്റെ ദില്ലിയിലെ പ്ലാന്റിൽ നിന്ന് 1985 ലാണ് ഒരു പ്രീമിയർ  118 NE നിർമിച്ച് പുറത്തിറക്കുന്നത്.  1966 ഫിയറ്റ് 124 എന്ന ജനപ്രിയ കാറിന്റെ ഇന്ത്യൻ അവതാരമായിരുന്നു പ്രീമിയർ  118 NE. ഫിയറ്റ് 124 -ൽ നിന്ന് പ്രീമിയർ 118 NE -യിലേക്ക് എത്തിയപ്പോൾ സംഭവിച്ച കാതലായ ഒരു മാറ്റം, അതിലെ ഒറിജിനൽ ഫിയറ്റ് എഞ്ചിന് പകരം നിസ്സാന്റെ A12 എന്ന നിസ്സാന്റെ 1.2 ലിറ്റർ പുഷ് റോഡ്  എഞ്ചിനാക്കിയിരുന്നു എന്നതാണ്. കാറിന്റെ മുൻഭാഗത്ത് പല പരിഷ്കാരങ്ങളും വരുത്തി. ഒപ്പം ഗിയർബോക്‌സും ഫിയറ്റിന്റേതിന് പകരം നിസ്സാന്റെ തന്നെ മാനുവൽ ആക്കി. 1996 -ൽ പുറത്തിറങ്ങിയ 1.38 ലിറ്റർ കപ്പാസിറ്റിയുള്ള ഡീസൽ എഞ്ചിനോടുകൂടിയ വേർഷൻ, പ്യൂഷോയുമായി സഹകരിച്ച് പുറത്തിറക്കിയ 'വൈസ്രോയി' എന്നിവയാണ് പ്രീമിയർ 118 NE -യുടെ പിന്നീടുണ്ടായ മോഡലുകൾ. 1300 കിലോ ഭാരമുണ്ടായിരുന്ന കാറിന്റെ പരമാവധി വേഗം 135 kmph ആയിരുന്നു. 

 

 

ദേവൂ സീലോ

1995 ലാണ് ദേവൂ മോട്ടോർസ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് ആദ്യത്തെ കാറായ ദേവൂ സീലോ പുറത്തിറങ്ങുന്നത്. കോണ്ടസ്സയും അംബാസഡറും അരങ്ങുവാണിരുന്ന കാലത്താണ് സീലോ പുറത്തിറങ്ങുന്നത്. അന്നത്തെ കാറുകളിൽ ഒന്നും സാധാരണമല്ലാതിരുന്ന പുത്തൻ ഫീച്ചറുകളുമായി വന്ന ഈ കൊറിയൻ സെഡാൻ ഇന്ത്യയിൽ ഇൻസ്റ്റന്റ് ഹിറ്റായി മാറി. മൾട്ടി പോയന്റ് ഫ്യൂവൽ ഇൻജെക്ഷൻ(MPFI) എഞ്ചിൻ, ഡ്രൈവർ എയർ ബാഗ്, ടിൽറ്റ് സ്റ്റിയറിങ്, താരതമ്യേന താങ്ങാനാവുന്ന വിലയ്ക്കുള്ള ഓട്ടോമാറ്റിക് ഓപ്‌ഷൻ എന്നിവയായിരുന്നു ആ ഫീച്ചറുകൾ. ഫോർഡ് എസ്കോർട്ടിന് ശേഷം 16V DOHC പെട്രോൾ എഞ്ചിൻ സ്വീകരിച്ച പാസഞ്ചർ കാറുകളിൽ ഒന്ന് സീലോ ആയിരുന്നു. സീലോയും മാറ്റിസും ഒന്നും വിറ്റുകൊണ്ട് ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ പക്ഷെ ദേവൂ മോട്ടോഴ്സിന്റെ സാധിച്ചില്ല. 

 

 

ഫോർഡ് എസ്കോർട്ട്

ഇന്ത്യൻ വിപണിയിൽ ഫോർഡ് എന്ന അമേരിക്കൻ കമ്പനിയുടെ ലോഗോയുമായി ഓടിയ ആദ്യത്തെ കാറാണ് ഫോർഡ് എസ്കോർട്ട്. ഇന്ത്യൻ വിപണിയിൽ ആദ്യമായി പവേർഡ് ഔട്ടർ റിയർ വ്യൂ മിറർ(ORVM) അവതരിപ്പിക്കുന്നത് എസ്കോർട്ടിലൂടെ ഫോർഡ് ആണ്. 1.3-ലിറ്റർ പെട്രോൾ, 1.8-ലിറ്റർ ഡീസൽ വേരിയന്റുകളിൽ ഫോർഡ് എസ്കോർട്ട് ലഭ്യമായിരുന്നു. പവർ സ്റ്റിയറിങ്, മ്യൂസിക് സിസ്റ്റം, ഫ്രണ്ട് പവർ വിൻഡോസ്, നിശബ്ദമായ എയർ കണ്ടീഷനിംഗ് എന്നിവയും ഫോർഡ് എസ്കോർട്ട് കാറുകളെ ആകർഷകമാക്കി. 

 

 


 

ഇന്ത്യ ഏറെ സ്നേഹിച്ചിരുന്ന മാരുതി 800നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍!

ഒപെൽ ആസ്ട്ര

ജനറൽ മോട്ടോർസ് ഇന്ത്യൻ വിപണിയിലിറക്കുന്ന ആദ്യത്തെ സി സെഗ്മെന്റ് സെഡാൻ കാറാണ് ഒപെൽ ആസ്ട്ര. അന്നത്തെ കാറുകളെ വെച്ച് നോക്കുമ്പോൾ ഏറെ ഹൈ ഫീച്ചേഴ്സ് ഉള്ള ഒരു മോഡൽ ആയിരുന്നു ഇത്.  53  ലിറ്റർ കപ്പാസിറ്റിയുള്ള ഒരു പെട്രോൾ ടാങ്ക്, 1598 cc ശേഷിയുള്ള, 75.94 bhp-യിൽ 121 Nm ടോർക്ക് സമ്മാനിച്ചിരുന്നു അതിന് മാനുവൽ ട്രാൻസ്മിഷൻ എന്ന ഒരൊറ്റ ഓപ്‌ഷൻ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. നൂറു കിമിറ്റ് വേഗംർജിക്കാൻ 16 സെക്കൻഡ് നേരമാണ് എടുത്തിരുന്നത്. ടേണിങ് റെഡിയസ് 4.9 മീറ്റർ. എന്നാൽ ഹോണ്ടയ്ക്കോ മിത്സുബിഷിക്കോ കിട്ടിയ അത്ര ആരാധകരെ ഒപെൽ ആസ്ട്രക്ക് കിട്ടിയില്ല എന്നതാണ് ഈ മോഡൽ ഇന്ത്യയിൽ വേണ്ടത്ര വിജയം കൈവരിക്കാതെ പോയതിന്റെയും പതുക്കെ അപ്രത്യക്ഷമായതിന്റെയും പിന്നിലെ കാരണം. അതുമാത്രമല്ല, വേണ്ടത്ര സർവീസ് സെന്ററുകൾ ഇല്ലാതിരുന്നതും, സ്പെയർ പാർട്സുകൾ എല്ലായിടത്തും ലഭ്യമല്ലാതിരുന്നതും, ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സമാന ഫീച്ചേഴ്‌സുള്ള സെഡാനുകൾ വേറെ ലഭ്യമായിരുന്നതും ഒക്കെ ഒപെൽ ആസ്ട്രയുടെ വിൽപ്പനയെ ബാധിച്ചു. 

 

 

 

പ്യൂഷോ 309

1985 മുതൽ ഇംഗ്ലണ്ടിലും, സ്പെയിനിലും, ഫ്രാൻസിലുമെല്ലാം PSA Peugeot Citroën എന്ന കമ്പനി നിർമിച്ചുകൊണ്ടിരുന്ന ഫാമിലി കരായിരുന്നു പ്യൂഷോ 309. 1998 ലാണ് പ്രീമിയ ഓട്ടോമൊബൈൽസ് ഇന്ത്യയിൽ ഈ മോഡൽ നിർമിച്ചു തുടങ്ങുന്നത്. പെട്രോൾ എഞ്ചിനുള്ള GL മോഡൽ മാത്രമായിരുന്നു ആദ്യം നിർമിച്ചിരുന്നത്. 1527-ക്ക്, 57 hp TUD5 എഞ്ചിന്റെ ശക്തിയിൽ ആയിരുന്നു പ്യൂഷോ 309 ന്റെ  പാച്ചിൽ.   വേണ്ടത്ര സർവീസ് സെന്ററുകൾ ഇല്ലാതിരുന്നതും, സ്പെയർ പാർട്സുകൾ എല്ലായിടത്തും ലഭ്യമല്ലാതിരുന്നതും ഒക്കെത്തന്നെയായിരുന്നു ഈ കാറിനേയും ബാധിച്ചത്. ആയിരത്തിൽ ചോടെ മാത്രം കാറുകൾ നിർമിച്ച ശേഷം പ്യൂഷോ ഈ മോഡൽ വില്പന അവസാനിപ്പിച്ച് പിൻവാങ്ങുകയായിരുന്നു.