ഫ്രഞ്ച് ഹൈ പെര്‍ണോന്‍സ് വാഹന നിര്‍മ്മാതാക്കളായ ബുഗാട്ടി നിലവില്‍ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൺ ഗ്രൂപ്പിന് കീഴിലാണ്. എന്നാൽ ഫോക്സ്‌വാഗൺ ബുഗാട്ടിയെ വിൽക്കാനൊരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജർമനിയിലെ മാനേജർ മാഗസിൻ റിപ്പോർട്ട് പ്രകാരം ക്രോയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് സ്പോർട്സ് കാർ നിർമ്മാതാക്കളായ റിമാക്ക് ആണ് ബുഗാട്ടിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. അതെസമയം, ഔദ്യോഗിമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. 

ഫോക്‌സ്‌വാഗൺ ഒരു പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ്. ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത് ഇലക്ട്രിക് വാഹനങ്ങളും, എന്നതിൽ ധാരാളം പുറത്തിറക്കാവുന്ന വാഹനങ്ങളുമാണ്. ഇതിന്റെ ഭാഗമായാണ് ബുഗാട്ടിയുടെ വില്പന.

ക്രോയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ 2009-ൽ ആണ് റിമാക്ക് സ്ഥാപിച്ചത്. റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ഫോക്സ്‍വാഗന്റെ ഉടമസ്ഥതയിലുള്ള ജർമൻ സ്പോർട്സ് കാർ ബ്രാൻഡ് പോർഷെയ്ക്ക് തന്നെ റിമാക്ക് ബ്രാൻഡിൽ 15.5 ശതമാനം നിക്ഷേപമുണ്ട്. ഇത് ഉടൻ 49 ശതമാനമായി ഉയർത്താനാണ് പ്ലാൻ. റിമാക്കിന് ഇതുവഴി ബുഗാട്ടിയെ സ്വന്തമാക്കാനുള്ള പണം സമാഹരിക്കാം. എന്നാൽ, ബുഗാട്ടി പൂർണമായും ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ കൈകളിൽ നിന്നും പോകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.