Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാന്‍ ചൈനീസ് ഭീമന്‍

വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുവരികയാണ് വാവെയ്. ഇന്‍-കാര്‍ സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍, വാഹനങ്ങള്‍ക്കുവേണ്ട സെന്‍സറുകള്‍, 5ജി കമ്യൂണിക്കേഷന്‍സ് ഹാര്‍ഡ്വെയര്‍ എന്നിവയാണ് വികസിപ്പിക്കുന്നത്.
 

Huawei to produce electric car, report
Author
Beijing, First Published Feb 28, 2021, 7:20 PM IST

ദില്ലി: ചൈനീസ് ടെക് ഭീമന്‍ വാവെയ് സ്വന്തം ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചില കാര്‍ മോഡലുകള്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചങ്കന്‍ ഓട്ടോ മൊബീലുമായും മറ്റ് വാഹന നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ് വാവെയ് ടെക്നോളജീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ബിഎഐസി ഗ്രൂപ്പിന് കീഴിലെ ബ്ലൂപാര്‍ക്ക് ന്യൂ എനര്‍ജി ടെക്നോളജി എന്ന കമ്പനിയുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ് വാവെയ്. ഈ കമ്പനികളുടെ കാര്‍ പ്ലാന്റുകള്‍ സ്വന്തം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കാനാണ് വാവെയ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചങ്കന്‍ ഓട്ടോമൊബീലുമായും ഇവി ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്ലുമായും ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ വാവെയ് ഒരു സ്മാര്‍ട്ട് വാഹന കമ്പനി രൂപീകരിച്ചിരുന്നു. എന്നാല്‍ പുതിയ ബിസിനസിന് ഇതുമായി ബന്ധമുണ്ടായിരിക്കില്ല. ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ വാവെയ് ആരംഭിച്ചിരുന്നു. ഇവി പ്രോജക്റ്റ് ഈ വര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ വിവിധ സപ്ലൈ കമ്പനികളെ സമീപിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളിലൊന്നായി വാവെയ് ടെക്നോളജീസിനെ വളര്‍ത്തിയതും നിലവില്‍ വാവെയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് മേധാവിയുമായ റിച്ചാര്‍ഡ് യു ഇനിമുതല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാസ് മാര്‍ക്കറ്റ് സെഗ്മെന്റിലായിരിക്കും വാവെയ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുവരികയാണ് വാവെയ്. ഇന്‍-കാര്‍ സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍, വാഹനങ്ങള്‍ക്കുവേണ്ട സെന്‍സറുകള്‍, 5ജി കമ്യൂണിക്കേഷന്‍സ് ഹാര്‍ഡ്വെയര്‍ എന്നിവയാണ് വികസിപ്പിക്കുന്നത്. സംയുക്തമായി സ്മാര്‍ട്ട് ഓട്ടോ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഡൈംമ്ലര്‍, ജനറല്‍ മോട്ടോഴ്സ്, സായിക് മോട്ടോര്‍ എന്നീ വാഹന നിര്‍മാതാക്കളുമായും വാവെയ് പങ്കാളിത്തം സ്ഥാപിച്ചിരുന്നു. 2018 നുശേഷം വാഹന അനുബന്ധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിന്റെ വേഗത വാവെയ് വര്‍ധിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ച ഏറ്റവും കുറഞ്ഞത് നാല് പാറ്റന്റുകളാണ് വാവെയ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുത വാഹനങ്ങള്‍ തമ്മില്‍ ചാര്‍ജ് ചെയ്യുന്നതിനും ബാറ്ററിയുടെ ചാര്‍ജ് നില പരിശോധിക്കുന്നതിനും മറ്റുമാണ് ചൈനീസ് സര്‍ക്കാരില്‍നിന്ന് പാറ്റന്റ് ലഭിച്ചത്.

അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സ്വന്തം ബ്രാന്‍ഡില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പദ്ധതിയില്ലെന്ന് വാവെയ് വക്താവ് പ്രതികരിച്ചു. വാവെയ് കാര്‍ നിര്‍മാതാക്കളല്ലെന്നും എങ്കിലും തങ്ങളുടെ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്നോളജി) വഴി കാറുകള്‍ക്കായി ഡിജിറ്റല്‍ ഘടകങ്ങളുടെ ദാതാക്കളായി മാറുക ലക്ഷ്യമാണെന്നും വക്താവ് വിശദീകരിച്ചു. ഇതിലൂടെ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്നത്തേക്കാള്‍ മികച്ച കാറുകള്‍ നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുമായി കാറുകള്‍ നിര്‍മിക്കുന്ന ചങ്കന്‍ ഓട്ടോമൊബീലോ ബ്ലൂപാര്‍ക്കോ പുതിയ സംഭവത്തില്‍ പ്രതികരിച്ചില്ല.
 

Follow Us:
Download App:
  • android
  • ios