കൈ കാലുകൾ മരവിക്കുക,നാവു വരണ്ടു തൊണ്ടയിലേക്കിറങ്ങി പോവുക, കഴുത്തിൽ പിടിച്ചു ഞെക്കാതെ തന്നെ കണ്ണ് തള്ളി വരിക എന്നീ കാര്യങ്ങളൊക്കെ അക്ഷരാർത്ഥത്തിൽ ഒരു മനുഷ്യന് സംഭവിക്കും എന്ന് അതേ സമയം ഞാൻ മനസിലാക്കിയ ഉപപാഠങ്ങളായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം എന്ത് ക്രൂരതയാണ് അവിടെച്ചെന്നു കാട്ടിയതെന്നല്ലേ നിങ്ങളുടെ മനസിലുയരുന്ന ചോദ്യം? അതിലേക്കാണ് വരുന്നത്.

കണ്ണൂർ ജില്ലയിൽ കട്ടക്ക് കട്ട കൊലപാതകങ്ങൾ സ്കോർബോർഡ് തിരുത്തി മുന്നേറിക്കൊണ്ടിന്ന ഒരുഹർത്താൽ ദിന തലേന്നാണ് സംഗതികളുടെ തുടക്കം. പിറ്റേന്ന് രാവിലെ ആറ്  മണി മുതൽ ഹർത്താൽ പ്രഖ്യാപിച്ചതിനാൽ ഏറെക്കാലമായി പ്ലാൻ ചെയ്തു വച്ചിരുന്ന "മധുര മീനാക്ഷി യാത്ര" ഇത്തിരി നേരത്തെ ആരംഭിക്കാമെന്നു തീരുമാനിച്ചു. രാവിലെ ആറ്  മണിക്കിറങ്ങാമെന്നത് പുലർച്ചെ രണ്ടു മണിയെന്നാക്കി.അത് പറ്റിയില്ലെങ്കിലും രണ്ടേ നാല്പതിന് എറണാകുളത്തു നിന്നും സ്റ്റാർട്ട് ചെയ്തു.

ഹും ! ആറ് മണിക്ക് മുന്നേ ഞങ്ങൾ അതിർത്തി കടന്നിരിക്കും ..ഹല്ലാ പിന്നെ!!
 
റോഡിൽ കണ്ടയ്നറുകൾ മാത്രം. കേരളം അതിർത്തി കടക്കുമ്പോഴേക്കും ആകാശത്ത് ഉദയത്തിൻറെ ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. (തലേ ദിവസം ന്യൂസ് കണ്ടുറങ്ങിയതിന്റെ ഹാങ്ങോവര്‍). കോയമ്പത്തൂർ പൊള്ളാച്ചി റോഡിൽ ടോൾ കൊടുത്ത്‌ മുന്നോട്ടു നീങ്ങി .നീണ്ടു നിവർന്നു കിടക്കുന്ന നല്ല കുട്ടപ്പൻ റോഡ്. ടോള്‍ കൊടുത്തത് വെറുതെയായില്ല എന്ന തോന്നൽ.

അല്ലെങ്കിലും എറണാകുളത്തുകാർക്ക് നല്ല റോഡ് എവിടെ കണ്ടാലും ഉള്ളിൽ എന്തിനെന്നറിയാതെ ഒരു ദീർഘ നിശ്വാസം ഉയരും!

 

ഞഹാ!! യാത്രയിലേക്കു തന്നെ വരാം. വിജനമായ വീഥി . ഇരുവശത്തും പടർന്നു പന്തലിച്ച തണൽ മരങ്ങൾ. പച്ച പുതച്ചു നിൽക്കുന്ന
പാടങ്ങൾ,തെങ്ങിൻ തോപ്പുകൾ, പ്രകൃതിയുടെ സന്തുലനം നഷ്ടപ്പെടാതെ എങ്ങനെ വികസനം ആകാം എന്നതിന്റെ ആദ്യ പാഠങ്ങൾ തമിഴൻ പഠിച്ചു. പിന്നോട്ടോടിപ്പോകുന്ന സൈൻ ബോർഡുകളിൽ നോക്കി ഓരോ ഗ്രാമത്തിന്റെയും പേര് തപ്പിത്തടഞ്ഞു വായിച്ചുകൊണ്ടാണ് യാത്ര.
മിക്കവാറും എല്ലാ പേരുകളും അവസാനിക്കുന്നത് "പട്ടി"യിലാണ്.പട്ടി എന്നാൽ ഗ്രാമം.

പന്ന പട്ടി എന്ന് ഉറക്കെ വായിച്ചപ്പോൾ ഡ്രൈവർ ജയകുമാർ തിരിഞ്ഞു നോക്കി. ദേ അടുത്ത വരുന്നു. "അച്ചമ്പട്ടി ". വീണ്ടും നോട്ടം.ഒടുവിൽ "ജയ് പട്ടി"എന്ന ബോർഡിനു ശേഷം വണ്ടിയുടെ സ്പീഡ് കൂടി. കണ്ണടച്ചിരിക്കുന്നതാണ് ഇനി ബുദ്ധി.

കണ്ണ് തുറന്നപ്പോൾ വണ്ടി കാറ്റാടി പാടങ്ങളുടെ ഇടയിലൂടെയുള്ള യാത്രയിലാണ്. നിരനിരയായി തലയുയർത്തി നിൽക്കുന്ന കൂറ്റൻ കാറ്റാടി മരങ്ങൾ ,അഥവാ വിൻഡ് മില്ലുകൾ. പാരമ്പര്യേതര ഊർജസ്രോതസ്സുകളെ മറന്ന് മുന്നോട്ടു പോകാനാകില്ലെന്നു തമിഴൻ മനസിലാക്കിയതിന്റെ സാക്ഷ്യം. പക്ഷെ നമുക്കിപ്പോഴും "സോളാർ"എന്നത് മറ്റെന്തൊക്കെയോ "എനർജി"ആണല്ലോ.

ജനപഥങ്ങൾ ഉണർന്നു വരുന്നു. പല വീടുകളിലും വെളിച്ചം കണ്ടു തുടങ്ങി. മുറ്റത്തു അക്ഷമരായി നിൽക്കുന്ന പശുക്കൾ .മോപ്പഡിൽ തന്നെക്കാൾ ഉയരത്തിൽ പാൽപ്പാത്രവും ഏറ്റി പറക്കുന്നവർ. സമോവറിനു ചുറ്റും നിന്നും,ഇരുന്നും, ചായ കുടിച്ച്‌ വിശേഷം പറയുന്നവർ. അങ്ങനെ ഓരോ തരത്തിൽ ദിവസം ആരംഭിക്കുന്ന ജനങ്ങൾ.

പ്രഭാത ഭക്ഷണവും കഴിച്ചു ഉറക്ക ക്ഷീണവും തീർത്ത് മധുര മീനാക്ഷിയെ കാണാൻ പോകുമ്പോൾ റോഡിൽ നല്ല തിരക്ക്.റോഡിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾ. ദൂരെ നിന്ന് തന്നെ കാണാവുന്ന കോവിലിന്റെ സ്വർണം പൂശിയ "വിമാനം"ഉള്ള ഗോപുരം. വൈഗാ നദീ തീരത്ത് മധുരയിലെ ജനങ്ങളുടെ ജീവിതത്തോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന മീനാക്ഷിയും സുന്ദരേശ്വനും എന്ന പാർവതീ പരമേശ്വരന്മാർ. തലയുയർത്തി നിൽക്കുന്ന നാല് ഗോപുരങ്ങളും ഗാംഭീര്യത്തിന്റെ പര്യായങ്ങൾ .

ആറാം നൂറ്റാണ്ടിൽ നിർമിച്ചു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിൽ അലാവുദീൻ ഖില്‍ജിയുടെ സർവ്വസൈന്യാധിപൻ മാലിക് കാഫൂർ കൊള്ളയടിച്ചു നശിപ്പിച്ചു എന്നും പിന്നീട് പതിനാറാം നൂറ്റാണ്ടിൽ നായക് രാജാവായ വിശ്വനാഥ നായകർ പുനർ നിർമാണം നടത്തി എന്നും വിശ്വസിക്കപ്പെടുന്നു.

കൊത്തുപണികളാൽ അലംകൃതമായ വിശാലമായ ഹാളുകളും മച്ചുകളിലെ ചിത്രപ്പണികളും വിചിത്ര ഭാവത്തിൽ നമ്മെ നോക്കുന്ന യാളികളും (സിംഹത്തിന്റെ ശരീരവും ആനയുടെ ശിരസ്സും ഉള്ള സാങ്കല്പിക രൂപം) കൂറ്റൻ കരിങ്കൽ തൂണുകളും നടരാജന്റെ പല ഭാവങ്ങളിൽ ഉള്ള വലിയ വിഗ്രഹങ്ങളും ഭക്തരുടെ നാമജപത്താൽ മുഖരിതമായ അന്തരീക്ഷവും ഒക്കെ മറ്റേതോ ലോകത്തേക്ക്നയിക്കും. ശുചീന്ദ്രത്തേതു പോലെ പണം പിടുങ്ങുന്ന പൂജാരികളോ സ്പെഷ്യൽ ദർശനം നടത്താൻ നിർബന്ധിക്കുന്ന പരാന്ന ഭോജികളോ ഒന്നും ഇവിടെയില്ല. അത്രയും ആശ്വാസം!

ദർശനത്തിന് ശേഷം വിട്ടത് മധുരയുടെ ഉള്ളിലേക്കുള്ള ചില ഗ്രാമാന്തരീക്ഷങ്ങളുടെ കാഴ്ചയിലേക്കായിരുന്നു. "തൊലൈപ്പേശി" വഴി ഉണ്ടാക്കിയെടുത്ത ഒരു പരിചയം ഗ്രാമത്തിലേക്കുള്ള യാത്ര എളുപ്പമാക്കി. നഗരത്തിന്റെ ശ്വാസം മുട്ടലില്ലാതെ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ഗ്രാമജീവിതങ്ങൾ. ഓരോ മുക്കിലും മൂലയിലും ഗ്രാമത്തിന്റെ കാവലാളായ കൂറ്റൻ ദൈവ ശിൽപ്പങ്ങൾ ,കോവിലുകൾ.  പ്രായം ചെന്നവർ ഇരുന്നും കിടന്നും വിശ്രമിക്കുന്ന മണ്ഡപങ്ങൾ.

വീതി കുറഞ്ഞ നടവഴികളിൽ നടക്കുമ്പോൾ വൃത്തിയെ കുറിച്ചുള്ള കേരളീയ ബോധം മനഃപൂർവം മറന്നു. പോരാത്തതിന് വഴിയരുകിലിരുന്നു "സിരണി"(ജിലേബിയുടെ ഒരകന്ന കസിൻ ) ഉണ്ടാക്കുന്ന അമ്മൂമ്മ അത് സ്നേഹത്തോടെ വച്ച് നീട്ടിയപ്പോൾ രണ്ടു കയ്യും ചേർത്ത വാങ്ങി വായിലേക്കിട്ടു. ശർക്കര പാനിയിലും  എണ്ണയിലും മൂളിപ്പറക്കുന്ന ഈച്ചയെ കണ്ടില്ലെന്നു നടിച്ചു.  

തൊട്ടുതൊട്ടുള്ള വീടുകൾ താമസിക്കാൻ ഉദ്ദേശിച്ചുള്ളത് തന്നെയാണ് അല്ലാതെ കേരളീയനെ പോലെ പ്രദർശ്ശിപ്പിക്കാനല്ല എന്ന് വിളിച്ചോതി. കൂറ്റൻ മതിലുകളും എവിടെയും കണ്ടില്ല. ഗ്രാമത്തിൽ കോവിൽ,കുളം,മണ്ഡപം,ഗ്രാമ ചന്ത ,കുട്ടികളുടെ കളിസ്ഥലം ,എന്നിങ്ങനെ പൊതു ഇടങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നതായി മനസിലാകും. വീടിനോട് ചേർന്ന് എന്തേ  സ്ഥലം ഇല്ലാത്തത്‌  എന്ന് ചോദിച്ചപ്പോൾ കൃഷിസ്ഥലങ്ങൾ  ഗ്രാമത്തിനു വെളിയിൽ ആണെന്നാണ് മറുപടി കിട്ടിയത്. എന്തായാലും എല്ലു മുറിയെ പണിയെടുക്കുന്ന ഒരു ജനത.!

 

ഒരു പകൽ മുഴുവൻ അങ്ങനെ അലഞ്ഞു തിരിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങാമെന്നുള്ള തീരുമാനത്തിലെത്തി.ഒരു ചെറിയ ചായക്കടയിലിരുന്നു അപ്പോൾ വറുത്തു കോരിയ മൊരിഞ്ഞ വടയും,തേങ്ങാ ചമ്മന്തിയും സാപ്പിട്ട് ചൂടുള്ള ചായ ഊതികുടിക്കുമ്പോഴാണ് ചില ശബ്ദങ്ങൾ ശ്രദ്ധ പിടിച്ചെടുത്തത്.

ബാൻഡ് വാദ്യങ്ങളും തോൾ ചെണ്ടകളും ചീനിക്കുഴലുകളും തീർക്കുന്ന ചെകിടടിപ്പിക്കുന്ന വാദ്യഘോഷം. അതിനെയും മറികടക്കുന്ന പടക്കങ്ങൾ അന്തരീക്ഷത്തിലേക്ക് പൊട്ടിച്ചിതറുന്നു. വഴിനീളെ പുഷപവൃഷ്ടി. സംഗതി മനസിലാകാതെ അന്തം വിട്ടു നിന്നപ്പോൾ  ചായക്കടയിലിരുന്ന ആരോ പറഞ്ഞറിഞ്ഞു.ഇതാണ് ശവഘോഷയാത്ര.! കേട്ടിട്ടേയുള്ളൂ. ഇതുവരെ നേരിൽ കാണാനുള്ള യോഗമുണ്ടായിട്ടില്ല.നമ്മുടെ നാട്ടിലെ ചെറിയ താലപ്പൊലിക്കുള്ള ആൾക്കൂട്ടം എന്തായാലും ഉണ്ട്.

ഏറ്റവും മുന്നിൽ ഡാൻസ് കളിച്ചു നീങ്ങുന്ന ഒരു സംഘം .അതിനു പിന്നിൽ മുണ്ടു മാത്രം ധരിച്ചു കഴുത്തിൽ മാല ചാർത്തി പതിയെ നീങ്ങുന്ന അഞ്ചാറു പേര്.അതിനും പിന്നിൽ ഒരു പ്രത്യേക വണ്ടിയിലാണ് പരേതൻ.! പൂക്കൾ കൊണ്ട് അലങ്കരിച്ചതാണ് വണ്ടി .അതിനു പുറകെ നീങ്ങുന്ന പുരുഷാരം.കൊല്ലം,സംഗതി കസറിയിട്ടുണ്ട്.ചായക്കടയിൽ നിന്നിറങ്ങി ഘോഷയാത്രക്ക് സമീപം എത്തി.കൂട്ടത്തിൽ പ്രമുഖൻ എന്ന് തോന്നിക്കുന്ന ആളോട് പതിയെ ചോദിച്ചു.

"അണ്ണാച്ചീ,പടം എടുത്തോട്ടെ"?

"ധാരാളമാ എടുത്തിടുങ്കെ " മറുപടിയും വന്നു

ആൾക്കൂട്ടവും ജാഥയും പരേതനും - എല്ലാം ക്യാമറ ഒപ്പിയെടുത്തു ഡാൻസു കളിക്കുന്ന ഒരുത്തൻ ആവേശത്തോടെ വന്നു എല്ലാ ആംഗിളുകളിലും പടമെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. പലരീതിയിലുള്ള പോസുകൾ...അന്തരീക്ഷത്തിൽ ക്ലിക് ക്ലിക് ശബ്ദം.!!
ശവഘോഷയാത്ര മുന്നോട്ട് നീങ്ങി.അപൂർവ ഫോട്ടോകൾ സ്വന്തമാക്കിയ സംതൃപ്തിയിൽ തിരിച്ചു നടന്നു.അപ്പോൾ വഴി തടഞ്ഞ് ഒരു ബൈക്ക് വന്നു നിന്നു .അതിൽ മൂന്നു പേർ .ഒരു യുവാവും രണ്ടു കിളവന്മാരും.

യാരെ കേട്ടു ഫോട്ടോ എടുത്തത്?

ചെറുപ്പക്കാരൻ വായ തുറന്നപ്പോൾ ഉയർന്ന രൂക്ഷ ഗന്ധം , കടന്നു പോയ ശവാഘോഷ യാത്രയിലെ ഓരോ കുഞ്ഞിനും ഉണ്ടായിരുന്നു (ചില കാര്യങ്ങൾ തിരിച്ചറിയാൻ ഇത്തിരി വൈകും ) തപ്പി തപ്പി മറുപടി പറഞ്ഞെങ്കിലും അതൊന്നും ഏശിയതേയില്ല. മാല ചാർത്തി മുന്നിൽ നടന്നിരുന്ന ഏതോ ഒരുത്തനാണ് എല്ലാത്തിന്റെയും ചാർജ് .അവനോട് ചോദിച്ചില്ലത്രെ.! കിളവന്മാർ സൈക്കിളിൽ നിന്നിറങ്ങി പോര്  തുടങ്ങി.അവിടുന്നും ഇവിടുന്നുമായി ആൾക്കാർ അടുത്ത് തുടങ്ങി."പെട്ടു " എന്ന് ക്ലിയർ ആയി മനസിലായപ്പോൾ അതാ വരുന്നു അടുത്ത ബോംബ്.!!

"ക്യാമറയെ കഴറ്റ്"
ഭഗവാനെ! ക്യാമറ വേണം എന്ന് !

"ബാറ്ററിയെ ഊരി വാങ്കെടാ "

കിളവന്റെ വകയാണ്. വെള്ളമടിച്ചു ഫിറ്റായി നേരെ നില്ക്കാൻ വയ്യാത്ത ചെറുപ്പക്കാരൻ അതിനിടയിൽ എന്തോ ആലോചിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ മർമറിങ് കൂടി വരുന്നു.

വഴിയരുകിൽ മുളച്ച മരം പോലെയായി മനുഷ്യൻ .അനങ്ങാൻ പറ്റുന്നില്ല.കാലുകൾ ഉറച്ചു പോയിരിക്കുന്നു. അപ്പൊ ചെറുപ്പക്കാരന് ഓർമ്മ  വന്നു. മെമ്മറി കാർഡ് കഴറ്റി കൊട്. അവന്‍ പറഞ്ഞു.

മെമ്മറി കാർഡ് ഇല്ലെന്നൊക്കെ പറഞ്ഞു നോക്കി. കൂടെയുള്ള കിളവന്മാർ പിടിച്ചുകെട്ടുന്ന കാര്യവും ആളെകൂട്ടാനുള്ള ഐഡിയയും ഒക്കെ പറയാൻ തുടങ്ങിയപ്പോൾ മെമ്മറി കാർഡ് ഊരി കൊടുക്കുകയെ നിർവാഹമുണ്ടായിരുന്നുള്ളൂ. മെമ്മറി കാർഡും പോക്കറ്റിൽ ഇട്ട് അവർ ബൈക്കിൽ അകന്നു. ആൾക്കൂട്ടവും പതിയെ വലിഞ്ഞു.

ശവാഘോഷയാത്ര ക്യാമറയിൽ ഒപ്പിയെടുക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു. കാരണം ഊരിക്കൊടുത്ത 64 ജിബി കാർഡിൽ കഴിഞ്ഞ ആറുമാസത്തെ റിസേർച്ചും അധ്വാനവും യാത്രകളും ഒക്കെ നടത്തി സമ്പാദിച്ച വിഷ്വലുകളാണ് കാശു കൊടുത്താൽ കിട്ടുന്ന ഒന്നല്ല അത്.
കാലുകൾ പതിയെ അനങ്ങി. പൂക്കൾ വീണു കിടക്കുന്ന വഴിയിലൂടെ ആണ് നടക്കുന്നത് അര  കിലോമീറ്റർ  നടന്നപ്പോൾ ശ്മശാനം കണ്ടു. ആൾക്കൂട്ടവും.നിർത്തിയിട്ടിരിക്കുന്ന കുറെ വാഹനങ്ങൾ .അതിൽ ചാരി നിന്നും,അകത്തിരുന്നും മദ്യപിക്കുന്ന ആളുകൾ.കൂട്ടത്തിൽ അല്ലാത്ത ഒരാളെ കണ്ടപ്പോൾ പലരും തലകൾ ഉയർത്തി.അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു. കണ്ണുകൾ ആൾക്കൂട്ടത്തിൽ പരതിയപ്പോൾ നേരത്തെ ആക്രോശിച്ച കിളവനെ കണ്ടു. അയാൾ സമീപത്തേക്കു നടന്നു വന്നു. വീണ്ടും ആക്രോശം പ്രതീക്ഷിച്ചപ്പോൾ വളരെ സൗമ്യമായി കിളവൻ സംസാരിച്ചു.

"ഐ വിൽ ഗിവ് ദി കാർഡ്...ബട്ട് ദേ ആർ അക്‌സെപ്റ് സoതിങ്  "

കണ്ണുതള്ളി അന്തം വിട്ടു നിന്നപ്പോൾ കാത്തു നിൽക്കാൻ ആംഗ്യം കാണിച്ച്‌ കിളവൻ തിരികെ പോയി.ചുറ്റുമുള്ള നോട്ടങ്ങൾ കൂർത്തു വന്നപ്പോൾ തിരികെ റോഡരുകിലേക്കു ചെന്ന് നിന്നു.

അരമണിക്കൂർ കഴിഞ്ഞപ്പോൾ മെമ്മറി കാർഡ് വാങ്ങിയ ചെറുപ്പക്കാരൻ വേറൊരു ഓട്ടോയിൽ വന്നിറങ്ങി.കൂടെ വേറെ രണ്ടു ഗുണ്ടാ ലുക്ക് ഉള്ള പിള്ളേരും. ഡീൽ സംസാരിക്കലായി പിന്നെ. എത്രയായാലും കൊടുക്കാം. അത്രയ്ക്ക് വിലയുണ്ട് ആ കാർഡിന്. ഒടുവിൽ പറഞ്ഞ കാശു കൊടുത്തു കാർഡ് കയ്യിൽ വാങ്ങി കാർഡ് തരുമ്പോ അവര്‍ പറഞ്ഞു.

അന്ത ഫോട്ടോസ് ഡിലീറ്റ് പണ്ണിടുങ്കൈ.. ഏൻന്നാ ഇത് പാരമ്പരപരമ്പരയാ നടക്കിറ ആചാരം. നീങ്കള് വാട്സ് ആപ്പ് ,ഫേസ്ബുക്ക് , എല്ലാത്തിലും പോട്ടെന്നു വച്ചാ  തമിഴ് നാടോട  കലാചാരം എങ്കെ  പോയി നിക്കും? അത് അസിംഗം ! അതിനാല് ഡിലീറ്റ് പണ്ണിടുങ്കെ ..

എല്ലാം തലയാട്ടി സമ്മതിച്ചു. അവരുടെ കാഴ്ച്ചയിൽ നിന്ന് മാഞ്ഞപ്പോൾ വണ്ടിയിലേക്ക് ഓടിയാണ് കയറിയത്. അപ്പോഴേക്കും ഇരുട്ടു വീണിരുന്നു. കറുത്ത റോഡിൽ പാറി വീഴുന്ന വെളിച്ചം മാത്രം നോക്കിയിരുന്നു. അതിർത്തി കടക്കാൻ എത്ര സമയം എടുക്കുമെന്ന് അറിയാൻ ഇടക്കിടെ മൊബൈൽ എടുത്തു നോക്കി.