ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കാളായ വോക്സ് വാഗണോട് വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ പിഴ അടക്കണമെന്ന് ദേശീയ ഹരിത  ട്രിബ്യൂണൽ ഉത്തരവിട്ടു. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാണ് നടപടി. 100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണം. ഇല്ലെങ്കില്‍ കമ്പനിയുടെ  ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്. കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണൽ മുന്നറിയിപ്പ് നല്‍കി. 

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കൂട്ടാൻ വോക്സ് വാഗണ്‍ കാറുകൾ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) കണ്ടെത്തിയത്. 2016ലെ കണക്കുകൾ പ്രകാരം 48 ടണ്ണിലധികം വിഷവാതകമാണ് വോക്സ് വാഗണ്‍ കാറുകൾ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന്  കമ്പനിയോട് 171 കോടി രൂപ പിഴ അടക്കാൻ കഴിഞ്ഞ ദിവസം ഹരിത  ട്രിബ്യൂണൽ  ഉത്തരവിട്ടിരുന്നു. ഇതിൽ 100 കോടി രൂപ 48 മണിക്കൂറിനകം കെട്ടിവെക്കാനുള്ള ഉത്തരവാണ് ഹരിത  ട്രിബ്യൂണൽ ഇന്ന് പുറപ്പെടുവിച്ചത്.