നോയിഡ:  മൂത്രമൊഴിക്കാനായി ബിഎംഡബ്ല്യു കാര്‍ റോഡരികില്‍ നിര്‍ത്തിയ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി മോഷ്ടാവ് കടന്നു കളഞ്ഞതായി പരാതി. നോയിഡയിലാണ് സംഭവം. റിഷഭ് അറോറ എന്ന സ്റ്റോക്ക് ബ്രോക്കര്‍ ഓടിച്ച കാറാണ് നഷ്ടപ്പെട്ടത്. ഇയാള്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ഇയാളുടെ ഭാര്യ സഹോദരന്‍റേതാണ് ആഡംബര കാര്‍. കാറിന് 40 ലക്ഷം രൂപ വായ്പയുണ്ടെന്ന് ഇയാള്‍ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

മൂത്രമൊഴിക്കാനായി ഇയാള്‍ റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങി. മൂത്രമൊഴിക്കുന്നതിനിടെ ഒരാള്‍ ബൈക്കിലെത്തി തന്‍റെ പിന്നില്‍ തോക്ക് അമര്‍ത്തി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.  ഇയാളെ നേരിട്ടറിയുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. മോഷണത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാര്‍ കണ്ടെടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.  കഴിഞ്ഞ ഒരാഴ്ചയായി ഭാര്യ സഹോദരന്‍റെ ആഡംബര കാര്‍ ഇയാളാണ് ഉപയോഗിക്കുന്നത്.