Asianet News MalayalamAsianet News Malayalam

കഥകളുറങ്ങുന്ന ഒരു കോട്ടയും, പുലയരാജാവും!

പണ്ടു പണ്ടവിടൊരു പുലയരാജാവുണ്ടായിരുന്നു. അയാള്‍ക്കൊരു കോട്ടയുണ്ടായിരുന്നു. കൊട്ടാരവും കൊത്തളങ്ങളും ഉശിരന്‍ സൈന്യവുമുണ്ടായിരുന്നു. ഉള്ളിലിരുന്നാരോ കഥപറഞ്ഞു തുടങ്ങി. സവര്‍ണ രാജാപദാനങ്ങള്‍ മാത്രം കേട്ടു ശീലിച്ച മണ്ണില്‍ നിന്ന് ആദ്യമായി കേള്‍ക്കുന്ന വേറിട്ടൊരു കഥ...

pulayarajav
Author
Thiruvananthapuram, First Published Aug 2, 2018, 5:14 AM IST

കിഴക്കേക്കോട്ടയിലെ നീളന്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെറുതെ നില്‍ക്കുന്ന നേരം. പരിചയമില്ലാത്ത ദേശനാമങ്ങളറിയാന്‍ ഇങ്ങനൊരു ഇരിപ്പ് പതിവാണ്. അങ്ങനിരിക്കെയാണ് ഒരുദിവസം നെഞ്ചുനിറയെ കഥകളുണ്ടെന്ന് തോന്നിപ്പിക്കുന്ന ദേശപ്പേരും നെറ്റിയില്‍ തൂക്കി നീലച്ചായം പൂശിയ ഒരു സ്വകാര്യ ബസ് ഇരമ്പിയെത്തുന്നത്.

പുലയനാര്‍കോട്ട..

ഒറ്റനോട്ടത്തില്‍ ആ സ്ഥലനാമം ഉള്ളിലുടക്കി. പണ്ടു പണ്ടവിടൊരു പുലയരാജാവുണ്ടായിരുന്നു. അയാള്‍ക്കൊരു കോട്ടയുണ്ടായിരുന്നു. കൊട്ടാരവും കൊത്തളങ്ങളും ഉശിരന്‍ സൈന്യവുമുണ്ടായിരുന്നു. ഉള്ളിലിരുന്നാരോ കഥപറഞ്ഞു തുടങ്ങി. സവര്‍ണ രാജാപദാനങ്ങള്‍ മാത്രം കേട്ടു ശീലിച്ച മണ്ണില്‍ നിന്ന് ആദ്യമായി കേള്‍ക്കുന്ന വേറിട്ടൊരു കഥ. കൗതുകം തോന്നി. മുഖ്യധാരയില്‍ അധികം കേട്ടിട്ടില്ല. ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. വെറും മിത്തുകളായിരിക്കും. സംശയം മുളച്ചു.

അപ്പോള്‍ എന്താണ് ചരിത്രമെന്ന് ഉള്ളിലിരുന്നാരോ ചോദിച്ചു. സവര്‍ണമിത്തുകളൊക്കെ ചരിത്രവും ശാസ്‍ത്രവുമൊക്കെയാകുന്ന സമാകാലിക വാര്‍ത്തകളോര്‍ത്തു. ആരെഴുതുന്നതാണ് ചരിത്രമെന്നാരോ പിറുപിറുത്തു. പിന്നില്‍, നിധികുംഭത്തിനു മുകളിലെ ചെരിഞ്ഞ കിടപ്പില്‍ നിന്നൊരു ചിരികേട്ടു. പിന്നെ ഒട്ടുമാലോചിച്ചില്ല, മുന്നോട്ടെടുക്കാനൊരുങ്ങുന്ന ബസിന്റെ പടവുകളിലേക്ക് തുള്ളിപ്പിടിച്ചു.

കണ്ണമ്മൂലയും കുമാരപുരവും മെഡിക്കല്‍ കോളേജും പിന്നിട്ട്, അരമണിക്കൂറിനകം ബസ് കോട്ടമുക്കെത്തി. ചെറിയൊരു ജംഗ്ഷന്‍. അവിടെ നിന്ന് ഇടതുതിരഞ്ഞ് കുത്തനെയുള്ള കയറ്റം കയറിത്തുടങ്ങി. പഴമയുടെ ചൂരടിച്ചു. ചരിത്രാതീകാലത്തേക്കാണ് മലകയറ്റമെന്ന് തോന്നി. ചുറ്റിലും കുറ്റിക്കാടുകളും കൊടുംവളവുകളും. ഒരു ചുരം കയറുന്ന ഫീല്‍. തലസ്ഥാനനഗരിക്ക് മൂക്കിനുകീഴെ ഇങ്ങനൊരു സ്ഥലമോ എന്നോര്‍ത്ത് അമ്പരന്നു. റോഡിനു വലതുവശത്ത് വിശാലമായ താഴ്വാരം. ഇടതുവശത്ത് കൊടുങ്കാടിനെ അനുസ്‍മരിപ്പിച്ച് മരക്കൂട്ടങ്ങള്‍. വള്ളിപ്പടര്‍പ്പുകള്‍. കമ്പിവേലികള്‍. അവ എന്തൊക്കെയോ രഹസ്യം അടക്കിപ്പിടിക്കുന്നുണ്ടെന്നു തോന്നി.

അതിനകത്തേക്കാണ് ബസ് കയറിക്കയറിപ്പോകുന്നത്. കൗതുകം ഇരട്ടിച്ചു. ഒരു വളവും കൂടി തിരിഞ്ഞ് ബസ് നിന്നു. പുലയനാര്‍കോട്ടയെന്ന വിളിമുഴങ്ങി. പുലയരാജാവിന്റെ കോട്ടയുടെ അകത്തെത്തിയിരിക്കുന്നു. സന്തോഷത്തോടെ ചാടിപ്പുറത്തിറങ്ങി. ചുറ്റും നോക്കി. കോട്ടയോ കൊട്ടാരാവശിഷ്‍ടങ്ങളോ കാണാനില്ല. മരക്കൂട്ടങ്ങള്‍. പിന്നെ നീളന്‍ കെട്ടിടക്കൂട്ടങ്ങള്‍. വരാന്തകളിലും മുറ്റത്തും ചിതറിത്തെറിച്ച ആള്‍ക്കൂട്ടം. പ്രധാന കെട്ടിടത്തിനു മുകളിലെ ബോര്‍ഡ് കണ്ണിലുടക്കി.

നെഞ്ചുരോഗാശുപത്രി..

 

 

മാസ്‍ക് ധരിച്ചും അല്ലാതെയുമൊക്കെ ആളുകള്‍. രോഗികള്‍. കൂട്ടിരിപ്പുകാര്‍. ജീവനക്കാര്‍. പുലയരാജാവിന്റ കഥകള്‍ ആരോടുതിരക്കും? പഴയതും പുതിയതുമായി കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും വഴികള്‍. കുത്തനെയുള്ള ഒരു വഴിയിലൂടെ താഴേക്കു നടന്നു. ഇടിഞ്ഞുവീണ് കാടുകയറിയ പഴയ കെട്ടിടങ്ങള്‍. കശുമാവുകള്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍. അങ്ങകലെ പൊട്ടുപോലെ മെഡിക്കല്‍ കോളേജ് സമുച്ചയങ്ങള്‍. അംബരചുംബികളായ ഫ്ലാറ്റുകള്‍. ചിലയിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗങ്ങളാണത്. എവിടെയും പുലയരാജാവിന്റെ കോട്ടക്കൊത്തളങ്ങളുടെ ഒരു തിരുശേഷിപ്പും കണ്ടില്ല. കടുത്ത നിരാശ തോന്നി. തിരിച്ചു പോയേക്കാമെന്നു കരുതി.

പക്ഷേ ചുറ്റുമുള്ള പ്രകൃതിക്ക് എന്തൊക്കെയോ കഥകള്‍ പറയാനുണ്ടെന്നു തോന്നി. പുരാതനകാലത്തു നിന്നെപോലെ കാറ്റിന്റെ മൂളക്കം. ദലമര്‍മ്മരങ്ങള്‍ക്ക് യുഗയുഗാന്തരങ്ങളുടെ പ്രകമ്പനം. ആരോ അവിടെ പിടിച്ചു നിര്‍ത്തുമ്പോലെ. ഒരു കാട്ടുവഴിയിലാണിപ്പോള്‍. കിളികളുടെയും ചീവീടുകളുടെയും ശബ്‍ദം. ഒരുവശത്ത് നിരനിരയായി ഇടിഞ്ഞ് കാടുമൂടിക്കിടക്കുന്ന ഓടിട്ട കെട്ടിടങ്ങളുടെ അവശേഷിപ്പുകള്‍ പ്രേതസിനിമകളെ ഓര്‍മ്മിപ്പിച്ചു.

 

വഴിയുടെ മറുവശത്ത് എന്തെന്നറിയാന്‍ കാട്ടുപൊന്തകള്‍ വകഞ്ഞുമാറ്റി നോക്കി. ഞെട്ടിപ്പോയി. താഴെ വലിയൊരു കുഴി. അതിന്റെ വിളുമ്പിലാണ് നില്‍പ്പ്. അങ്ങുതാഴെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാണാം. തകര്‍ന്ന കെട്ടിടങ്ങളുടെ പിന്‍വശത്തു കൂടി, വഴിയുടെ മറുവശത്തേക്ക് നോക്കി. ഇത്രയും ഉയരമില്ലെങ്കിലും അവിടെയും മണ്‍തട്ടാണ്. അതിനപ്പുറം വീണ്ടും മണ്‍തട്ട്. ആകെപ്പാടെ കുറെ കിടങ്ങുകള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന ഒരു പ്രതീതി.

ഈ മണ്ണും മരങ്ങളും പലതും പറയുന്നുണ്ട്. പക്ഷേ അതു ഗ്രഹിക്കാനുള്ള കഴിവ് സഞ്ചാരിക്ക് ഇല്ലെന്നു തോന്നി. മടക്കച്ചുവടുവച്ചു. ക്ഷയരോഗികളായ ജയില്‍പ്പുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രത്യേക വാര്‍ഡ് കഴിഞ്ഞു. കാക്കിയൂണിഫോമിന്റെ മിന്നായം കണ്ടു. ഇരുമ്പഴികള്‍ക്കപ്പുറം രോഗക്കിടക്കകള്‍. ആരുടെയോ നെഞ്ചുപിടയുന്ന ശബ്‍ദം. കഫം കുറുകുന്ന ഞെരുക്കം. വലിയൊരു ആല്‍മരം കണ്ടു. ചെറിയൊരു വാഴത്തോട്ടം കണ്ടു. മഞ്ഞനിറമുള്ള മെലിഞ്ഞ വാഴകള്‍ ദുര്‍ബലമനുഷ്യശരീരങ്ങളെ ഓര്‍മ്മിപ്പിച്ചു.

 

കാന്റീനും കടന്ന് കറങ്ങിത്തിരിഞ്ഞ് നടന്നു. എത്തിയത് വീണ്ടുമൊരു കാട്ടുപൊന്തയ്‍ക്കരികെ. എല്ലാ വഴികളും അവസാനിക്കുന്നത് ഒറ്റഒരിടത്താണെന്നു തോന്നി. പോകരുതെന്നു മണ്ണും മരങ്ങളും വീണ്ടും പതം പറഞ്ഞു. കാട്ടുപൊന്തകളില്‍ കാറ്റുപിടിച്ചു. ഏതോ ചെടിയുടെ വിത്തുപൊട്ടി. ഒരപ്പൂപ്പന്‍താടി പറന്നുവന്നു. പിന്നതൊരു കൂട്ടമായി. അപ്പോള്‍ കഥകളുടെ ഭാണ്ഡവുംപേറി രണ്ടുവയോധികര്‍ കോട്ടക്കുന്നുകയറി. മണിയും ചിത്രഭാനുവും.

മണി പറഞ്ഞ കഥ

എഡി ഏഴാംനൂറ്റാണ്ടു മുതല്‍ ഒമ്പതാംനൂറ്റാണ്ടു വരെയുള്ള കാലം. വള്ളുവരാജാക്കന്മാരായിരുന്നു അന്ന് ഈ കോട്ടയുടെ അധിപന്മാര്‍. അങ്ങനെയിരിക്കെ അവസാനത്തെ വള്ളുവരാജാവ് കൊല്ലപ്പെട്ടു..തുടര്‍ന്ന് അധികാരത്തിലെത്തിയത് ഒരു പുലയന്‍... പെരുമാട്ടി എന്ന പുലയവനിതയുടെ സന്തതി പരമ്പരയില്‍പ്പെട്ട ഒരാള്‍.. അയാളുടെ പേര് 'അയ്യന്‍കോതന്‍'...

 

കുന്നുകുഴി എസ് മണി എന്ന പ്രാദേശികചരിത്രകാരന്റെ വാക്കുകള്‍ക്ക് ഒരു നാടോടിക്കഥാരന്റെ ഈണവും താളവും. അയ്യന്‍കോതന് രണ്ട് സഹോദരിമാര്‍. മൂത്തവള്‍ കണ്ണമാല. ഇളയവള്‍ കോത. കണ്ണമാല താമസിച്ചിരുന്ന ഇടം ഇന്നത്തെ കണ്ണമ്മൂല. കൊക്കോതമംഗലത്തെ നാട്ടുറാണിയായിരുന്നു കോത. പുലയനാരെന്നായിരുന്നു അയ്യന്‍കോതന്റെ വിളിപ്പേര്. ബഹുമാന്യനായ പുലയനെന്നര്‍ത്ഥം. കരുത്തുറ്റതായിരുന്നു പുലയനാരുടെ കോട്ട. ബീമാപള്ളി മേത്തരായിരുന്നു സേനാനയകന്‍.

വേളിക്കായലിന് അഭിമുഖമായി മലമുകളിലെ നിരന്ന പ്രദേശം. 336 ഏക്കര്‍ വിസ്‍തൃതി.  കോട്ടയുടെ കിഴക്കും പടിഞ്ഞാറും 60 - 70 അടി താഴ്ചയുള്ള അഗാധഗര്‍ത്തങ്ങള്‍. ഈ കിടങ്ങുകള്‍ക്കു ചുറ്റും തുരങ്കപാത. കോട്ടക്കകത്ത് ഒരു ഭീമന്‍ കിണര്‍. ഇതില്‍ നിന്ന് തുടങ്ങുന്ന നിരവധി ഗൂഢമാര്‍ഗങ്ങള്‍. ഇതിലൊരെണ്ണം അവസാനിക്കുന്നത് ഇന്നത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. കാരണം പുലയരുടെ കുലദൈവം പെരുമാട്ടുകാളിയുടെ ചാമിക്കലായിരുന്നു അന്നത്തെ ക്ഷേത്രം. കോട്ടയില്‍ നിന്നുള്ള നിഗൂഢ തുരങ്കങ്ങളെക്കുറിച്ച് ഫാ സാമുവല്‍ മേറ്റിയറുടെ നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

അറബിക്കടലിലൂടെപ്പോകുന്ന കപ്പലുകള്‍ക്ക് ദിശയറിയാന്‍ കോട്ടക്കുന്നില്‍ വലിയൊരു വിളക്കുമരം. കോട്ടയിലേക്കു പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനു ഒറ്റവഴി മാത്രം. അതാണ് ഇന്നത്തെ ഒറ്റവാതില്‍ കോട്ട. രാജാവിന്റെ ആനത്താവളമുണ്ടായിരുന്ന ഇടം ആനയറ. കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴുമരം ഉണ്ടായിരുന്ന ഇടം കഴുകിന്‍മൂട്. അതിനുപടിഞ്ഞാറ് നികുതി പിരിക്കുന്ന ചാവടി. പേട്ട സ്വദേശിയായ ഒരു ഈഴവ പ്രമാണിയായിരുന്നു മന്ത്രി. കാര്യസ്ഥര്‍, ഒരു നായര്‍ കുടുംബവും.

അയ്യന്‍ കോതന് രണ്ടുമക്കള്‍. ഒരു മകനും മകളും. മകള്‍ ചിത്തിരറാണി. അതീവ സുന്ദരി. കരുത്തും സൗന്ദര്യവും ഒത്തിണങ്ങിയവള്‍. അവളുടെ ശരീരവടിവുകള്‍ ചാരന്മാര്‍ വഴി ചേരവംശജനായ വേണാട്ടരചനറിഞ്ഞു. അതോടെ മറ്റേതൊരു കഥയിലുമെന്നപോല അയ്യന്‍കോതന്റെയും കഷ്‍ടകാലം തുടങ്ങി. ചിത്തിരറാണിയെ വിവാഹം കഴിക്കണമെന്ന് വേണാട്ടരചന് പൂതിയുദിച്ചു. അയ്യന്‍കോതന്‍ വിസമ്മതിച്ചു.

 

ചോദിച്ചിട്ടു കിട്ടാത്തത്, പെണ്ണാണെങ്കില്‍ക്കൂടി ചതിച്ചുസ്വന്തമാക്കുക എന്നത് സവര്‍ണന്‍റെ രാജതന്ത്രം. അങ്ങനെ റാണിയെ തട്ടിക്കൊണ്ടു പോകാന്‍ വേണാട്ടരചന്‍ ശ്രമിച്ചു. പുലയസൈന്യവും ചേരസൈന്യവും ഏറ്റുമുട്ടി. ആദ്യജയം പുലയര്‍ക്ക്. പക്ഷേ ചേരന്മാര്‍ മറവപ്പടയെ കൂട്ടുപിടിച്ച് തിരിച്ചടിച്ചു. രൂക്ഷമായ പോരാട്ടത്തില്‍ അയ്യന്‍ കോതന്‍ പരാജയപ്പെട്ടു. സേനാനായകനായ ബീമാപള്ളി മേത്തരെ ഉറക്കപ്പായില്‍ വീടുവളഞ്ഞ് വെട്ടിക്കൊന്നു. അയ്യന്‍ കോതനെയും പുത്രനെയും കിടങ്ങിലെറിഞ്ഞു. മുള്‍മുരിക്കുകള്‍ കൊണ്ടുമൂടി. കുടുംബാംഗങ്ങളില്‍ ചിലരെ കെട്ടിത്തൂക്കി. മറ്റുചിലരെ നാടുകടത്തി. കോട്ടയ്‍ക്കും കൊട്ടാരത്തിനും തീയിട്ടു. ധീരയായ ചിത്തിര റാണിയെ കത്തിയെറിഞ്ഞ് മുറിവേല്‍പ്പിച്ച് കീഴ്‍പ്പെടുത്തി. തടവുകാരിയാക്കി. അതോടെ പുലയരാജവശം അസ്‍തമിച്ചു. ഇതൊരു കഥ.

മറ്റൊരു കഥയില്‍ ഈ അയ്യന്‍കോതന്റെ പേര് കാളിപ്പുലയന്‍ എന്നാണ്. അപാരമായ മാന്ത്രികസിദ്ധിയുള്ളവരും ഒടിവിദ്യ വശമുള്ളവരുമായിരുന്നു കാളിപ്പുലയനും ഭാര്യയും. ഉണ്ണിത്തൈലം എന്നൊരു മന്ത്രലേപം കാളിപ്പുലയന്റെ കരുത്തുകൂട്ടി. സ്വയം അദൃശ്യനാവാനും മറ്റുള്ളവരെ അപ്രത്യക്ഷരാക്കാനും ഈ തൈലത്തിനു കഴിയുമായിരുന്നു. ജാതിവ്യവസ്ഥിതി കൊടികുത്തിവാണ കാലത്ത്  ഉണ്ണിത്തെലം ഉപയോഗിച്ച് കാളിപ്പുലയന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ വെള്ളംകുടിപ്പിച്ച നിരവധി കഥകള്‍ ഇന്നും പഴമക്കാരുടെ നാവിലുണ്ട്. ഒരിക്കല്‍ അദൃശ്യനായി അയാള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കടന്ന് ദര്‍ശനം നടത്തി. മറ്റൊരിക്കല്‍ ഊട്ടുപുരയില്‍ കയറിപ്പറ്റി മഹാരാജാവിന്റെ പാത്രത്തില്‍ നിന്ന് കഞ്ഞി കട്ടുകുടിച്ചു.

 

എന്നാല്‍ ഈ കഞ്ഞികുടി പതിവായതോടെ രാജാവിന്റെ കാര്യം കഷ്‍ടത്തിലായി. കുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ കഞ്ഞി തന്റെ പാത്രത്തില്‍നിന്ന് കുറയുന്നുവെന്ന് ബോധ്യമായ രാജാവ് അമ്പരന്നു. ആരോ ഒരാള്‍ അദൃശ്യനായി രാജാവിന്റെ ഭക്ഷണം പങ്കിടുന്നതായി ഒടുവില്‍ കൊട്ടാരം ജോത്സ്യന്‍ കണ്ടെത്തി. അടുത്തദിവസം രാജാവിന് വിളമ്പിയത് ചൂടേറിയ കഞ്ഞി. ജോത്സ്യന്റെ സൂത്രമായിരുന്നു അത്.  അദൃശ്യനായിരുന്ന കാളിപ്പുലയന്‍ കഞ്ഞിയുടെ ചൂടില്‍ വിയര്‍ത്തു. വിയര്‍പ്പില്‍ കുളിച്ചപ്പോള്‍ അറിയാതെ തോര്‍ത്തെടുത്തയാള്‍ മുഖം തുടച്ചു. അതോടെ മുഖത്ത് തേച്ചിരുന്ന ഉണ്ണിത്തൈലം മാഞ്ഞുപോയി. കഞ്ഞികുടിമുട്ടിച്ച പുലയനെ മഹാരാജാവും കൊട്ടാരവും പകല്‍വെളിച്ചത്തില്‍ കണ്ടു. അധകൃതന്‍ അറിയാതെയെങ്ങാന്‍ മുന്നില്‍പ്പെട്ടാല്‍ തലപോകുന്ന കാലം. കഴുമരത്തിന് വിരുന്നൊരുക്കാന്‍ ജനാധിപത്യത്തിന്റെ കടമ്പകളില്ലാത്ത കാലം. പിന്നെ നടന്നതൊക്കെ പതിവുകഥ.

പക്ഷേ കഴുമരത്തില്‍ പിടഞ്ഞുതീര്‍ന്നിട്ടും കാളിപ്പുലയന്‍ രാജാവിനോടുള്ള കളി മതിയാക്കിയില്ല. പരലോകത്തിരുന്നയാള്‍ രാജാവിന്റെ ഉറക്കം കെടുത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കുമുള്ള ഓട്ടുപാത്രങ്ങള്‍ നിര്‍മിക്കുന്നവരെയും ഈ ആത്മാവ് ശല്യപ്പെടുത്തി. തുടര്‍ന്ന് വിശ്വകര്‍മ്മസമുദായക്കാര്‍ പൂജകള്‍ നടത്തിയെന്നും അട്ടക്കുളങ്ങര ധര്‍മശാസ്‍താക്ഷേത്രത്തില്‍ കാളിപ്പുലയനെ കുടിയിരുത്തിയെന്നും കഥകള്‍.

 

കഴിഞ്ഞില്ല. പുലയരാജാവിന്റെ സഹോദരി കോതറാണിയും കഥകളുടെ സാഗരമാണ്. ഇന്നത്തെ നെടുമങ്ങാടിനു സമീപത്തെ കൊക്കോതമംഗലത്തെ റാണിയായിരുന്നു അവര്‍. ഉമയമ്മ റാണിയുടെ ആത്മമിത്രം. കിടങ്ങുകളും മുതലക്കുളങ്ങളും നിറഞ്ഞതായിരുന്നു കൊക്കോതമംഗലം കൊട്ടാരം. പുലയനാര്‍ കോട്ടയിലെ കിണറില്‍ നിന്ന് കൊക്കോതമംഗലത്തേക്കും തുരങ്കപാതയുണ്ടായിരുന്നു. കേട്ടുകൊണ്ടിരുന്നപ്പോള്‍ അടുത്തയാത്ര അങ്ങോട്ടേക്കാവണമെന്ന് ഉറപ്പിച്ചു.

സവര്‍ണരുടെ പേടിസ്വപ്‍നമായിരുന്നു കരുത്തയായ കോതറാണി. അവരെ ഒതുക്കാന്‍ സവര്‍ണപ്രമാണിമാര്‍ രഹസ്യമായി ശ്രമിച്ചു. എന്നാല്‍ ഉമയമ്മയുടെ സൗഹൃദം ഇതിനു വിലങ്ങുതടിയായി. 1916ല്‍ ജസ്റ്റിസ് പി രാമന്‍ തമ്പി തയാറാക്കി സമര്‍പ്പിച്ച കുടിയാന്‍ റിപ്പോര്‍ട്ടില്‍ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടു കല്യാണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതായി മണി പറയുന്നു.

രാജകുമാരിയുടെ തെരണ്ടു കല്യാണത്തില്‍ വേണ്ടവിധം സഹകരിക്കാത്തവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യും..

ഇതായിരുന്നു രാജശാസനം. പുലയനാര്‍ കോട്ടയുടേതു പോലെ കൊക്കോതമംഗലത്തിന്റെ നാശവും റാണിയുടെ മകളെച്ചൊല്ലിയാണെന്നതാണ് കൗതുകം. ഒരിക്കല്‍ മണ്‍പാത്രവില്‍പ്പനക്കാരായ കുറേ കുശാനന്മാര്‍ ആറ്റിങ്ങല്‍ നിന്ന് കൊക്കോതമംഗലം കൊട്ടാരത്തിലെത്തി. കുശവരില്‍നിന്ന് പാത്രങ്ങള്‍ വാങ്ങിയതും പകരം നെല്ലളന്നു നല്‍കിയതും കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിരകുമാരി. തിരികെ ആറ്റിങ്ങലെത്തിയ കുശാനന്മാര്‍ നെല്ലളന്നപ്പോള്‍ ആറടിയോളം നീളമുള്ള ഒരു മുടിയിഴ കണ്ണിലുടക്കി.  ഈ വിവരം ആറ്റിങ്ങല്‍ കൊട്ടാരത്തിലുമെത്തി.  മുടികണ്ട തമ്പുരാന്‍ അത് കുമാരിയുടേതന്ന് ഉറപ്പിച്ചു. അനുരാഗമുദിച്ച തമ്പുരാന്‍ ആ മുടിയിഴ സ്വര്‍ണച്ചെപ്പിലടച്ചു സൂക്ഷിച്ചു. കുമാരിയെ കെട്ടാനാശമൂത്തപ്പോള്‍ ആഗ്രഹമറിയിച്ച് കോതറാണിക്ക് ചാര്‍ത്ത് കൊടുത്തു. പക്ഷേ ബന്ധത്തിനു താല്‍പ്പര്യമില്ലെന്നായിരുന്നു മറുപടി.

 

മോഹഭംഗം വന്ന തമ്പുരാന് കലികയറി. പടയൊരുക്കി കൊക്കോതമംഗലത്തെത്തി. കോതറാണി കരുത്തോടെ തിരിച്ചടിച്ചു. ആതിരറാണിയും സൈന്യത്തിന് നേതൃത്വം നല്‍കി. ദിവസങ്ങളോളം നീണ്ട പോരാട്ടം. ഇരുപക്ഷത്തും കനത്ത ആള്‍നാശം. കൊക്കോതമംഗലം ജയത്തോടടുത്തു. പക്ഷേ കരപ്രമാണിമാര്‍ ചതിച്ചു. റാണി ഒറ്റപ്പെട്ടു. തന്ത്രപ്രധാന ഭാഗങ്ങള്‍ ആറ്റിങ്ങല്‍പ്പടയുടെ കൈയ്യിലായി. വിവരമറിഞ്ഞ് നേരാങ്ങള അയ്യന്‍കോതനും സൈന്യവും നിഗൂഢമാര്‍ഗത്തിലൂടെ കൊക്കോതമംഗലത്തെത്തി. ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടി. ആറ്റിങ്ങല്‍ കൊട്ടാരത്തിനു തീവച്ചു. തോല്‍വി ഉറപ്പിച്ച മറവപ്പട വീണ്ടും ചതിച്ചു. അവര്‍ ഇരുളിന്‍മറവില്‍ തുടരെത്തുടരെ വന്‍മരങ്ങള്‍ വെട്ടിവീഴ്‍ത്തി. നെടുമങ്ങാട് പഴകുറ്റിക്ക് സമീപം മരം വീണ് റാണിയും കുതിരയും ചതഞ്ഞുമരിച്ചു.

ഇതറിഞ്ഞ ആതിരറാണി കൊറ്റമലക്കാട്ടിലൂടെ കുതിരപ്പുറത്ത് പുലയനാര്‍ കോട്ടയിലെത്തി. അതറിഞ്ഞ ആറ്റിങ്ങല്‍ സൈന്യം പിന്നാലെയെത്തി. രാജകുമാരിയെ ജീവനോടെ വേണന്നായിരുന്നു തമ്പുരാന്റെ കല്‍പ്പന. ഇനിയുള്ള ജീവിതം വെപ്പാട്ടിയുടേതല്ലോയെന്നോര്‍ത്ത് കുമാരിയുടെ നെഞ്ചുകലങ്ങി. അകം പിടഞ്ഞു. മൃത്യുവല്ലോ സുഖംപ്രദം എന്നുറപ്പിച്ചു. കുതിരയോടൊപ്പം കോട്ടവളപ്പിലെ ആ വന്‍കിണറിലേക്ക് അവള്‍ പറന്നിറങ്ങി. മണിയുടെ ശബ്‍ദത്തില്‍ നൊമ്പരം കലര്‍ന്നു.

ഇക്കഥകളൊക്കെ കേട്ടുകൊണ്ടിരിക്കുന്ന നേരത്ത് പ്രകൃതി പൂര്‍ണനിശബ്‍ദയായിരുന്നുവെന്നു തോന്നി. കാറ്റിന്റെ മൂളക്കമില്ല. ചീവീടിന്റെ ശബ്‍ദമില്ല. ചുറ്റുമുള്ളഹരിതച്ഛായക്ക് കൂടുതല്‍ ഇരുളിമ വന്നതുപോലെ. ഏതോ രോഗിയുടെ നെഞ്ചുപിടയുന്ന ചുമയൊച്ച മാത്രം കാതിലുടക്കി. ആത്മഹത്യ ചെയ്‍ത രാജകുമാരിയുടെയും കിടങ്ങിലെറിഞ്ഞു കൊല്ലപ്പെട്ട രാജാവിന്റെയുമാക്കെ ആത്മാക്കള്‍ ഉറങ്ങിക്കിടക്കുന്ന പ്രദേശമെന്ന വിശ്വാസത്തില്‍ നൂറ്റാണ്ടുകളോളം ഇവിടം മനുഷ്യവാസമില്ലാതെ കിടന്നു. കാടുമൂടിയ വന്‍കിണറില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ മുഴങ്ങിയിരുന്ന ദീനതയാര്‍ന്ന നിലവിളിയും കുതിരക്കുളമ്പടിയൊച്ചയും പഴമക്കാരുടെ കഥകളിലുണ്ട്.

 

കൊട്ടാരക്കെട്ടുകളുടെയും കോട്ടമതിലിന്റെയും വന്‍ കിണറിന്റെയുമൊക്കെ അവശേഷിപ്പുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മണി ഇവിടെ നേരില്‍ കണ്ടിരുന്നു. 1980കളുടെ ആദ്യപകുതി വരെ അതൊക്കെ ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്ന് മണി ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല. കുന്നിന്‍മുകളില്‍ ആദ്യമുയര്‍ന്നത് ക്ഷയരോഗാശുപത്രിയാണ്. 1956ല്‍ പ്രഥമരാഷ്‍ട്രപതി രാജേന്ദ്രപ്രസാദ് തറക്കല്ലിട്ട ആശുപത്രി. ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം 1957ല്‍ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.

പിന്നെയും ഏറെക്കാലം കോട്ടയുടെ ചില നാശാവശിഷ്‍ടങ്ങള്‍ അവിടിവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. പിന്നീട് ദക്ഷിണ മേഖല എയര്‍ കമാന്റ്, ക്വാട്ടേഴ്‌സ്, ഹൗസിംഗ് കോളനി, ഡയബറ്റിക്ക് സെന്റര്‍, വൃദ്ധസദനം, ഐക്കോണ്‍സ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുന്നുകയറി  വന്നു. അതോടെ ബാക്കിയുള്ള അവശിഷ്ടങ്ങളും അപ്രത്യക്ഷമായി. ഇന്നത്തെ വൃദ്ധസദനത്തിന്റെ സ്ഥാനത്തായിരുന്നു പുലയരാജാവിന്റെ കൊട്ടാരമുണ്ടായിരുന്നത്. വേളിക്കായലിന്റെ നടുക്ക് ഒരു മണ്ഡപത്തിന്റെ അവശിഷ്‍ടങ്ങള്‍ ഇപ്പോഴുമുണ്ടത്രെ.

 

രോഗികളും ആശുപത്രി ജീവനക്കാരും സൈനികോദ്യോഗസ്ഥരുമല്ലാത്ത പ്രദേശവാസികളെക്കുറിച്ചുള്ള അന്വേഷണമാണ് കെ പി ചിത്രഭാനു എന്ന വയോധികനിലെത്തി നിന്നത്. കുന്നുകുഴി മണിയുടെ വാക്കുകളെ പൂരിപ്പിക്കുന്ന, മിത്തെന്നോ ഐതിഹ്യമെന്നോ തിരിച്ചറിയാനാവാത്ത കുറേ കഥകളായിരുന്നു അയാളുടെ ഭാണ്ഡത്തിലും. മണ്ണില്‍ പുതഞ്ഞൊരു ക്ഷേത്രത്തിന്റെയും പണ്ടൊരു പുലര്‍കാലത്ത് ആശുപത്രി സൂപ്രണ്ടിനും പിന്നൊരു പാതിരാക്കലത്ത് ചിത്രഭാനുവിനു തന്നെ നേരിട്ടുമുണ്ടായ വിചിത്രാനുഭവങ്ങളുമൊക്കെ കോര്‍ത്തിണക്കിയ കഥകള്‍.

ചിത്രഭാനുവിന്‍റെ ചിത്രകഥകള്‍

ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം. ഒരുദിവസം ആ വന്‍കിണര്‍ മൂടപ്പെട്ടു. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്...

 

മണിയെ പൂരിപ്പിച്ച് കെ പി ചിത്രഭാനു സംസാരിച്ചു തുടങ്ങി. വീണ്ടും പ്രകൃതി നിശബ്‍ദയായി. അയാള്‍ പറയുന്നതും ചുറ്റിലുമിരുന്നാരൊക്കെയോ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. ഒരുപക്ഷേ വെറും തോന്നലാവാം. അല്ലെങ്കില്‍ മണ്ണും മരങ്ങളും മുള്‍പ്പടര്‍പ്പുകളുമാവാം. കാറ്റാവാം. ചിലപ്പോള്‍ കാലാകാലങ്ങളായി പുതഞ്ഞു കിടക്കുന്ന കരിയിലക്കൂട്ടമാവാം. ആരെന്നു മാത്രം മനസ്സിലായില്ല.

ആ വന്‍കിണറും അതില്‍ നിന്ന് ഏതൊക്കെയോ അജ്ഞാതകേന്ദ്രങ്ങളിലേക്കു പൊട്ടിപ്പുറപ്പെട്ടിരുന്ന ഗുഹാമാര്‍ഗ്ഗങ്ങളുമൊക്കെ തന്നെയായിരുന്നു ചിത്രഭാനുവിന്റെ കഥകളിലെയും കേന്ദ്രകഥാപാത്രങ്ങള്‍. ഒരു രാജാവിന്റെ കൊട്ടാരക്കെട്ടിലെ ഒരു വന്‍കിണര്‍ മറ്റൊരു രാജാവിന്റെ ദിവാന്‍ മൂടണമെങ്കില്‍ എന്തോ രഹസ്യങ്ങള്‍ അതിനകത്തുണ്ടായിരുന്നു എന്നത് വ്യക്തമല്ലേയെന്ന് ചിത്രഭാനു ചോദിക്കുന്നു. പാണ്ഡ്യചോള രാജാക്കന്മാരുടെ ആക്രമണ കാലത്ത് കോതന്‍ രാജാവിന്റെ നിധി സൂക്ഷിക്കുന്നതിനും കുലദൈവമായ പെരുമാട്ടുകാളിയുടെ ചാമിക്കല്‍ ദര്‍ശനം നടത്തുന്നതിനുമായിരുന്നു തുരങ്കപാതയെന്നു ചിത്രഭാനു. പെരുമാട്ടുകാളിയുടെ ചാമിക്കല്‍ എങ്ങനെ ശ്രീപദ്മനാഭസ്വാമിയുടെ ക്ഷേത്രമായി എന്ന് ചോദിച്ചു. അതിനും ഒരു കഥയായിരുന്നു മറുപടി.

പണ്ട്, വേണാട് - തിരുവിതാംകോട് - തിരുവിതാംകൂര്‍ രാജവംശങ്ങള്‍ക്കൊക്കെ മുമ്പ് ആയ് രാജാക്കന്മാരുടെ കാലം.. ഇന്നത്തെ പദ്മനാഭനിരിക്കുന്ന ഇടം അന്ന് അനന്തന്‍കാടായിരുന്നു...

ഈ അനന്തന്‍കാട്ടില്‍ പെരുമാട്ടുകാളിയെന്ന പുലയ സ്‍ത്രീ കുടിയിരുത്തി ആരാധിച്ചിരുന്ന ഒരു ബിംബമുണ്ടായിരുന്നു. 'ചാമിക്കല്‍' എന്നായിരുന്നു പുലയര്‍ ആ കല്ലിനെ പേരുചൊല്ലി വിളിച്ചിരുന്നത്. ഈ ബിംബം ആയ് രാജാവ് മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ പെരുമാട്ടുകാളിയില്‍ നിന്ന് വാങ്ങി. തുടര്‍ന്നവിടെ ഒരുക്ഷേത്രം പണിതു. അവിടെ പദ്മനാഭനെ പ്രതിഷ്ഠിച്ചു. ചാമിക്കല്ലും അനന്തന്‍കാടും വിട്ടുകൊടുത്തതിന് പ്രതിഫലമായി മഹേന്ദ്രവര്‍മ്മന്‍, കരമൊഴിവാക്കിയ 75 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ പെരുമാട്ടുകാളിക്കും കുടുംബത്തിനും പതിച്ചുനല്‍കി. ഇന്നത്തെ പുത്തരിക്കണ്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ളതായിരുന്നു ഈ കണ്ടങ്ങള്‍. ഒപ്പം ക്ഷേത്രത്തില്‍ നെല്ലുകുത്താനുള്ള അവകാശവും രാജാവ് പെരുമാട്ടുകളിക്കു നല്‍കി. ഇതെല്ലാം മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിരുന്നു. 

എ. ഡി. 1688 ല്‍ പദ്മനാഭസ്വാമി ക്ഷേത്രം അഗ്‍നിക്കിരയായി. വിഗ്രഹമുള്‍പ്പെടെ കത്തിപ്പോയി. പിന്നീട് ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മ 1733ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. അപ്പോള്‍ ലിഖിതങ്ങള്‍ കൊത്തിയ ഒരു സിമന്റ് പലക കൊണ്ട് പുലയനാര്‍ കോട്ടയില്‍ നിന്നുള്ള ഗുഹാമുഖം അടച്ചു. തുടര്‍ന്ന് പന്തീരായിരത്തെട്ട് സാളഗ്രാമങ്ങള്‍ കൊണ്ട് വിഗ്രഹം പുന:നിര്‍മ്മാണം നടത്തി പ്രതിഷ്‍ഠിച്ചു. അതാണ് ഇന്നത്തെ ക്ഷേത്രം.

 

പുലയനാര്‍ കോട്ടയുടെ സമീപത്തുള്ള മലകളിലേയ്‍ക്കും തുരങ്കപാതകള്‍ പോകുന്നുണ്ട്. മുമ്പ് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് നഴ്‌സിംഗ് ക്വോര്‍ട്ടേഴ്‌സിനു വാനം കോരുമ്പോള്‍ ഒരു ഗുഹ കണ്ടെത്തിയിരുന്നു. ഒരാള്‍ക്ക് നിവര്‍ന്ന് നടക്കാന്‍ പാകത്തിലുള്ളതായിരുന്നു ഇത്. പിന്നീട് ഈ ഗുഹാമുഖം കോണ്‍ഗ്രീറ്റ് കൊണ്ട് അടച്ചിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  നെടുമങ്ങാട് കരുപ്പൂര്‍ കൊട്ടാരത്തിലേയ്‌ക്കോ, കൊക്കോതമംഗലത്തേക്കോ ഉള്ളതാവാം ഇത്. അടുത്തകാലത്ത് ചെട്ടിക്കുന്നില്‍ മലയിടിച്ചു നിരത്തുന്നതിനിടെയും ഒരു വന്‍ഗുഹാമുഖം കണ്ടെത്തിയിരുന്നുവെന്നും ചിത്രഭാനു പറയുന്നു.

ആശുപത്രിപരിസരത്തു കൂടി ചിത്രഭാനുവിനൊപ്പം ചുറ്റിനടന്നു. ആശുപത്രി ചുമരിലെ ശിലാഫലകം വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹമത് അനായാസേനെ വായിച്ചു തന്നു. പഴയലിപിയില്‍ നിര്‍മ്മാണ - പ്രവര്‍ത്തനോദ്ഘാടന വിവരങ്ങള്‍. അപ്പോഴദ്ദേഹം പ്രഥമപ്രസിഡന്റ് ഡോ രാജേന്ദ്രപ്രസാദിനെയും ഉദ്ഘാടന ദിവസം കണ്ട ആ അമ്പരപ്പിക്കുന്ന ആ കാഴ്‍ചയും ഓര്‍ത്തു. ഉദ്ഘാടനസമ്മേളനവും പ്രസിഡന്റിനെയുമൊക്കെ കുട്ടിയായ ചിത്രഭാനു നേരിട്ടു കണ്ടിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥനായിരുന്ന ബന്ധുവിന്റെ സഹായത്തോടെയായിരുന്നു അത്.

പ്രസംഗം കഴിഞ്ഞു പ്രസിഡന്റ് കസേരയിലേക്ക് തിരിഞ്ഞപ്പോഴാണ് ചിത്രഭാനു ആ കാഴ്‍ച കണ്ടത്. രാജേന്ദ്രപ്രസാദിന്‍റെ കുപ്പായത്തിന്റെ പിറകില്‍ നീളത്തില്‍ ഒരു തുന്നല്‍! അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. തുന്നിക്കൂട്ടിയ ഉടുപ്പിട്ട ഒരു ഇന്ത്യന്‍ രാഷ്‍ട്രപതി! കിണറില്‍ച്ചാടി മരിച്ച രാജകുമാരിയുടെ രൂപത്തെ ഒരര്‍ദ്ധരാത്രിയില്‍ നേരില്‍ക്കണ്ടെന്ന കഥയെക്കാളും പഴയ ആശുപത്രിസൂപ്രണ്ട് ആനയും അമ്പാരിയുമടങ്ങിയ ഒരു ഘോഷയാത്രയ്‍ക്ക് സാക്ഷിയായ കഥയെക്കാളുമൊക്കെ അവിശ്വസനീയമായിത്തോന്നി രാഷ്‍ട്രപതിയുടെ ഈ കുപ്പായക്കഥ. നമ്മള്‍ നേരിട്ടനുഭവിക്കാത്തതൊക്കെ വെറും കഥകളായിരിക്കുമെന്ന് ആരോ പറഞ്ഞതൊര്‍ത്തു.

അവിടെയെവിടെയോ ആയിരുന്നു ആ കിണര്‍...

നേരത്തെ, അപ്പൂപ്പന്‍താടികള്‍ കാറ്റിലൊഴുകിയെത്തിയ പൊന്തക്കാടിന്റെ ഭാഗത്തേക്കു വിരല്‍ചൂണ്ടി ചിത്രഭാനു പറഞ്ഞു. കുറ്റിച്ചെടികളും മുള്‍പ്പടര്‍പ്പുകളും. കാട്ടുപൂക്കളില്‍ ചെറിയ ചില ചിത്രശലഭങ്ങള്‍. മറ്റൊന്നും കണ്ടില്ല. നേര്‍ത്തൊരു തേങ്ങല്‍ കാതിലുടക്കി. കുതിരക്കുളമ്പടി നെഞ്ചിലുടക്കി. തോന്നലുകളെ അടക്കി, ആദ്യം കണ്ട തകര്‍ന്ന കെട്ടിടാവശിഷ്‍ടങ്ങളെക്കുറിച്ചു ചോദിച്ചു. പഴയ ആശുപത്രി ക്വാട്ടേഴ്‌സുകളായിരിക്കുമെന്ന് മറുപടി.

 

അവിടെ വച്ചാണത്രെ പണ്ടൊരു നട്ടപ്പാതിരയ്‍ക്ക് അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ കൊച്ചുരാമന്‍പിള്ള ഒരു ഘോഷയാത്രയ്‍ക്ക് സാക്ഷിയായത്. ഉറക്കംവരാത്തൊരു രാത്രിയില്‍ ക്വാട്ടേഴ്‍സിന്‍റെ വരാന്തയിലൂടെ വെറുതെ നടക്കുകയായിരുന്നു ഡോക്ടര്‍. അപ്പോഴതാ നിലാവില്‍ കുന്നുകയറി വരുന്നൊരു ഘോഷയാത്ര. ഡോക്ടറുടെ കണ്ണഞ്ചി. കാലുകളില്‍ വേരിറങ്ങി. ആനയും അമ്പാരിയും തേരുകളുമൊക്കെ കണ്‍മുന്നിലൂടെ കടന്നുപോയി. അതുവരെ നിന്നനില്‍പ്പിലായിരുന്നത്രെ ഡോക്ടര്‍.

ശാസ്തമംഗലം സ്വദേശിയായ ആ ഡോക്ടര്‍ മിടുക്കനായൊരു നെഞ്ചുരോഗവിദഗ്ധനായിരുന്നുവെന്ന് കേട്ടിരുന്നു. അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട് പുറത്തേക്കു നടക്കുമ്പോള്‍ എയര്‍കമാന്‍ഡിന്റെ ഗേറ്റിനരികിലൂടെ മുകളിലേക്കൊരു വഴി കണ്ടു. പ്രദേശത്തെ കുറച്ചുകൂടി ഉയരമുള്ള ഒരിടത്തേക്കുള്ള വഴിയാണത്. താഴെയുള്ള കിംസ് ആശുപത്രിയേക്കാള്‍ ഉയരമുള്ള ഒരു കുന്നവിടുണ്ടെന്നും അവിടെ നിന്നാല്‍ കായലും കടലുമൊക്കെ വ്യക്തമായി കാണാമെന്നും പ്രദേശവാസിയായ രാജു പറഞ്ഞതോര്‍ത്തു. പക്ഷേ അങ്ങോട്ടു കയറണമെങ്കില്‍ എയര്‍കമാന്‍ഡിന്റെ അനുമതി വേണ്ടിവരുമെന്നും രാജു സൂചിപ്പിച്ചിരുന്നു. ഗേറ്റില്‍ തോക്കുമായിരിക്കുന്ന സൈനികോദ്യോഗസ്ഥനെ കണ്ടപ്പോള്‍ ആ മോഹം ഉപേക്ഷിച്ചു.

 

കോതന്‍രാജാവിന്റെ ജലപാത കാട്ടിത്തരാമെന്നു ചിത്രഭാനു പറഞ്ഞു. റോഡിലേക്കിറങ്ങി. നടപ്പ് ആ കൊടുംവളവിലെത്തി. ഇതായിരുന്നു പൂവട്ടറച്ചാല്‍. നേരത്തെ, ബസില്‍ കുന്നുകയറുമ്പോള്‍ കണ്ട ചെങ്കുത്തായ താഴ്വരയിലേക്ക് ചിത്രഭാനു വിരല്‍ചൂണ്ടി. രാജാവിന്റെ ജലപാത. വൃദ്ധസദനത്തിന്റെ ഭാഗത്തു നിന്ന് തുടങ്ങി ആക്കുളം കായല്‍ വരെ നീളുന്ന വലിയൊരു ചെരിവ്. ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു; ഏതോ ഒരുകാലത്ത് ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു.

പൂവട്ടറച്ചാലിന്റെ ഒരരികില്‍ സ്വയംഭൂ ക്ഷേത്രം. ചെറിയൊരു തറ. മൂന്നു ശിലകള്‍. ഒരുമണിക്കിണര്‍. പുലയരാജാവിന്റെ പരദേവതാക്ഷേത്രം. അടുത്തകാലത്താണ് മണ്ണില്‍ പുതഞ്ഞനിലയില്‍ ഈ ശിലകള്‍ കണ്ടെത്തുന്നത്. ഇപ്പോള്‍ ശ്രീ കൈലാസനാഥ സ്വയംഭൂ ക്ഷേത്രം എറിയപ്പെടുന്ന ഇവിടം ചിത്രഭാനുവിന്റെ ഉടമസ്ഥതയിലാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് പ്രസിദ്ധനായിരുന്ന ഡോ ജിയോപാലിന്റെ പൂര്‍വ്വികര്‍ക്ക് രാജകുടുംബം ദാനം ചെയ്‍ത ഭൂമി 1961ല്‍ ചിത്രഭാനുവിന്റെ അച്‍ഛന്‍ എന്‍ പത്മനാഭന്‍ വിലയ്‍ക്കുവാങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് സ്‍ത്രീകള്‍ക്ക് സ്വയം പൂജചെയ്യാന്‍ അവസരം നല്‍കുന്ന ഏകക്ഷേത്രമാണിത്. സതേണ്‍ എയര്‍ കമാന്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യക്കാരായ വനിതകളാണ് ഇവിടുത്ത പതിവു സന്ദര്‍ശകര്‍.

പൂവട്ടറച്ചാലിന്റെ വക്കത്താണിപ്പോള്‍ നില്‍ക്കുന്നത്. കുറ്റിക്കാടുകള്‍ മൂടിയ പാറക്കഷ്ണങ്ങള്‍. മറുകരയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ചാലിനുള്ളില്‍ തന്നെ ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനമൊരുങ്ങുന്നുണ്ട്. പണ്ടിവിടൊരു ജലപാതയായിരുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നി. താഴക്കിറങ്ങിവന്ന വഴിയിലൂടെ മുകളിലേക്കു നോക്കി. വളവിനപ്പുറം ആകാശം തൊട്ട് കോട്ടക്കുന്ന്. പണ്ട് ഈ കുന്നുകള്‍ക്കൊക്കെ ഇതിലും ഉയരമുണ്ടായിരുന്നു. ചിത്രഭാനു പിറുപിറുക്കുന്നതു കേട്ടു. ആ വളവിന്റെ മുകള്‍ഭാഗത്തായിരുന്നിരിക്കണം ആ വന്‍കിണര്‍. അയാള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. ഇദ്ദേഹം, ഇതെന്തിനാണിങ്ങനെ ഇടയ്‍ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ഓര്‍ത്ത് അമ്പരന്നു.

അവിടെവച്ചാണ് അന്ന് രാത്രി ഞാന്‍ ഒരു മിന്നായം പോലെ ആ കുമാരിയെ കണ്ടത്...

ചിത്രഭാനു വീണ്ടും വളവിലേക്ക് വിരല്‍ചൂണ്ടി. തേങ്ങലും കുതിരക്കുളമ്പടിയൊച്ചയും വീണ്ടും കേട്ടുതുടങ്ങി. പക്ഷേ ആ ശബ്ദങ്ങളെയൊക്കെ മുറിച്ചുകൊണ്ട് പട്ടാളവണ്ടികളും സ്വകാര്യവണ്ടികളുമൊക്കെ തുടര്‍ച്ചയായി കുന്നുകയറി, കുന്നിറങ്ങി. ചുറ്റും അസ്‍തമനത്തിന്‍റെ നിഴല്‍പരന്നു. പുരാവസ്തുക്കളാകുന്ന കോട്ടകളെക്കുറിച്ചു പാടിയ കടമ്മനിട്ടയെ ഓര്‍ത്തു. കവിക്ക് പരിഹസിക്കാന്‍ ഇവിടെയൊരല്‍പ്പം തുരുമ്പു പോലും അവശേഷിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു. കണ്ണുകളില്‍ നേര്‍ത്തൊരു നനവ്.

സമയമായെന്ന് മണ്ണും മരങ്ങളും പറഞ്ഞുതുടങ്ങി. തിരിച്ചുകയറും മുമ്പ് പൂവട്ടറച്ചാലിലേക്ക് ഒരിക്കല്‍ക്കൂടി വെറുതെ എത്തിനോക്കി. പുതിയ കെട്ടിടത്തിന്റെ കരുത്തന്‍ അടിത്തറ. കോണ്‍ക്രീറ്റ് ബെല്‍റ്റുകളില്‍ നീണ്ടു നില്‍ക്കുന്ന ഉരുക്കു കമ്പികള്‍. ചിതറിക്കിടക്കുന്ന പാറക്കഷ്ണങ്ങള്‍. കുറ്റിച്ചെടികള്‍.  അവയ്‍ക്കിടയിലൂടെ ഊറിവരുന്ന ഒരു കുഞ്ഞുറവ. ഒഴുകിപ്പരക്കാനൊരുങ്ങുന്ന ചെറിയൊരു ജലപാത. 

Follow Us:
Download App:
  • android
  • ios