Asianet News MalayalamAsianet News Malayalam

ധരിച്ചിരിക്കുന്നത് രണ്ട് കോടിയുടെ സ്വർണ്ണം; ഇങ്ങനെയൊരു പാൻഷോപ്പുകാരനെ നിങ്ങൾ കണ്ടുകാണില്ല

ഇത്രയധികം സ്വർണ്ണമൊക്കെ ധരിച്ചിട്ടാണ് ഇരിപ്പെങ്കിലും ജോലിയിൽ യാതൊരു അലംഭാവവും കടയുടമ കാണിക്കുന്നില്ല. തന്റെ കടയിൽ വരുന്നവർക്ക് ഫൂൽചന്ദ് പാൻ നൽകുന്നതും വീഡിയോയിൽ കാണാം. 

Bikaner paan seller Phoolchand says he wears two crore worth gold
Author
First Published Apr 26, 2024, 2:52 PM IST

ഇന്ത്യയിലെ പല ന​ഗരങ്ങളിലും അനേകക്കണക്കിന് പാൻ ഷോപ്പുകൾ കാണാം. പാൻ വിറ്റുമാത്രം തങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നവരും അനവധിയുണ്ടാകും. കഷ്ടപ്പെട്ട് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നവരും ഉണ്ടാകും. എന്നാൽ, ഈ പാൻ ഷോപ്പിന്റെ ഉടമ ഒരല്പം വെറൈറ്റിയും ആൾക്കാരിൽ അമ്പരപ്പുണ്ടാക്കുന്ന തരത്തിലുള്ളയാളുമാണ്. 

ഫൂൽചന്ദ് എന്നാണ് ഈ പാൻ ഷോപ്പിന്റെ ഉടമയുടെ പേര്. രാജസ്ഥാനിലെ ബിക്കാനീറിലെ സത്ത ബസാറിലാണ് ഫൂൽചന്ദിന്റെ ഈ കട. 'മുൽസ ഫുൽസ പാൻ ഷോപ്പ്' എന്നാണ് കടയുടെ പേര്. വളരെ പ്രശസ്തമാണ് ഈ പാൻ ഷോപ്പ്. എന്നാൽ, ഈ കട പ്രശസ്തമാവാൻ കാരണം അവിടുത്തെ പാൻ മാത്രമല്ല. 

കടയുടെ ഉടമ ഫൂൽചന്ദിനെ കണ്ടാൽ ആരായാലും ഒന്ന് അമ്പരന്ന് പോകും. രണ്ട് കോടിയുടെ സ്വർണ്ണവും ധരിച്ചാണ് ഫൂൽചന്ദ് കടയിലിരിക്കുന്നതത്രെ. അതിൽ, നിരവധിക്കണക്കിന് സ്വർണ്ണ മാലകൾ, മോതിരങ്ങൾ, ബ്രേസ്‍ലെറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. താൻ രണ്ട് കിലോയിൽ കൂടുതൽ സ്വർണ്ണം ധരിച്ചിട്ടുണ്ട് എന്നാണ് ഇയാൾ തന്നെ പറയുന്നത്.

ഇത്രയധികം സ്വർണ്ണമൊക്കെ ധരിച്ചിട്ടാണ് ഇരിപ്പെങ്കിലും ജോലിയിൽ യാതൊരു അലംഭാവവും കടയുടമ കാണിക്കുന്നില്ല. തന്റെ കടയിൽ വരുന്നവർക്ക് ഫൂൽചന്ദ് പാൻ നൽകുന്നതും വീഡിയോയിൽ കാണാം. 

burning_spices ഇൻസ്റ്റ​ഗ്രാമിൽ ഫൂൽചന്ദിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഫൂൽചന്ദ് തന്റെ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി എടുത്തു കാണിക്കുന്നത് കാണാം. മാലയും വളയും കമ്മലും ഒക്കെ അയാൾ തൊട്ടു കാണിക്കുന്നതും കാണാം. എപ്പോഴും ഈ വ്യത്യസ്തനായ കടയുടമയെ കാണാൻ വേണ്ടി നിരവധിപ്പേരാണ് ഈ കടയിൽ എത്തുന്നത്. 

പാൻ കച്ചവടക്കാരുടെ കുടുംബത്തിലാണ് ഫൂൽചന്ദ് ജനിച്ചത്. 93 വർഷം പഴക്കമുള്ളതാണ് ഈ കട. നേരത്തെ ഇത് നടത്തിയിരുന്നത് മൂൽചന്ദ്, ഫൂൽചന്ദ് എന്നീ സഹോദരന്മാരായിരുന്നെങ്കിൽ ഇപ്പോൾ അത് നടത്തുന്നത് ഫൂൽചന്ദും മൂൽചന്ദിൻ്റെ മകനും ചേർന്നാണ്. 

Follow Us:
Download App:
  • android
  • ios