തിരുവനന്തപുരം: തിരുവനന്തപുരം കരസേനാ റിക്രൂട്ടിങ് ഓഫിസ് നടത്തുന്ന റിക്രൂട്മെന്റ് റാലിയുടെ ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ 4 വരെ റജിസ്ട്രേഷന് അവസരമുണ്ട്. കേരളത്തിലെ ഏഴു തെക്കൻ ജില്ലകളിലെ യുവാക്കൾക്കായിട്ടാണ് ഈ അവസരം സംഘടിപ്പിച്ചിരിക്കുന്നത്. പാങ്ങോട് സൈനികകേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏഴു തെക്കൻ ജില്ലകളിലുള്ളവർക്കു പങ്കെടുക്കാം. 

സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂനിഷൻ എക്സാമിനർ), സോൾജിയർ ക്ലാർക്ക് / സ്‌റ്റോർകീപ്പർ/ ടെക്‌നിക്കൽ ഇൻവെന്ററി മാനേജ്മെന്റ്, സോൾജിയർ ടെക് നഴ്സിങ് അസി./ നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി, സോൾജിയർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത: സോൾജിയർ ജനറൽ ഡ്യൂട്ടി: മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്കും മൊത്തം 45 % മാർക്കും നേടിയിരിക്കണം. 

ഗ്രേഡ് അടിസ്ഥാനത്തിലുള്ളവർക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡി ഗ്രേഡും (33 % തത്തുല്യം) മൊത്തം സി 2 ഗ്രേഡും വേണം. സോൾജിയർ ടെക്‌നിക്കൽ: ഫിസിക്‌സ്, കെമിസ്‌ട്രി, കണക്ക്, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട സയൻസ് 10+2 അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ജയം. കുറഞ്ഞത് മൊത്തം 50% മാർക്ക്. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. സോൾജിയർ ടെക് നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി: കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്ക് നേടിയിരിക്കണം. 

സോൾജിയർ ക്ലാർക്ക്/ സ്‌റ്റോർകീപ്പർ ടെക്നിക്കൽ/ ഇൻവെന്ററി മാനേജ്മെന്റ്: കുറഞ്ഞതു മൊത്തം 60% മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം. പ്ലസ്‌ടുവിന് ഇംഗ്ലിഷ്, കണക്ക്/ അക്കൗണ്ട്‌സ് അല്ലെങ്കിൽ ബുക്ക് കീപ്പിങ് എന്നിവയ്ക്ക് കുറഞ്ഞത് 50% മാർക്ക് നിർബന്ധം.  സോൾജിയർ ട്രേഡ്സ്മെൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്ക് നേടിയിരിക്കണം. സോൾജിയർ ട്രേഡ്സ്മെൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം (സൈസ്, ഹൗസ് കീപ്പർ, മെസ് കീപ്പർ എന്നീ വിഭാഗത്തിലേയ്ക്ക്). ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്ക് നേടിയിരിക്കണം.  പ്രായം, ശാരീരിക അളവുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്.