ദില്ലി: അവസാന വർഷ സർവകലാശാല പരീക്ഷകൾ റദ്ദാക്കാനാവില്ലെന്ന് യുജിസി. പകരം പരീക്ഷകൾ സെപ്തംബർ അവസാനം നടത്താൻ യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകി. ഓൺലൈനോ ഓഫ്ലൈനോ ആയി പരീക്ഷകൾ നടത്താം. ഏപ്രിലിൽ പുറത്തിറക്കിയ മാർഗ്ഗരേഖ റദ്ദാക്കി. ഇന്റർമീഡിയേറ്റ് സെമസ്റ്ററുകൾക്ക് പരീക്ഷകൾ നടത്തേണ്ട മുൻ നിർദ്ദേശം നിലനിൽക്കും. 

കഴിഞ്ഞ മേയിൽ പുറത്തിറക്കിയ മാർ‍ഗ്ഗനിർദ്ദേശപ്രകാരം പരീക്ഷ നടത്താമെന്നായിരുന്നു യുജിസി നിലപാട്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യം ഉയർന്നു. തുടർന്ന് മാർഗ്ഗനിർദ്ദേശം  പുനപരിശോധിക്കാൻ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവസാനവർഷ വിദ്യാർത്ഥികൾക്കും അർധ സെമസ്റ്ററുകൾക്കും  പരീക്ഷ നടത്താനും മറ്റ് സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകാനുമായിരുന്നു സമിതിയുടെ നിർദ്ദേശം.

എന്നാൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് പ്രയോഗികമല്ലെന്ന് കാട്ടിയാണ് കേന്ദ്രമന്ത്രി തീരുമാനം പുനപരിശോധിക്കാൻ നിർദ്ദേശം നൽകിയത്. പുതുക്കിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ യുജിസി ഉന്നതാധികാര സമിതിയെയും നിയോഗിച്ചിരുന്നു.