ലക്നൗ: അടുത്ത മാർച്ച് മാസത്തോടെ പൊതു-സ്വകാര്യ മേഖലകളിൽ  50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. 2021 മാർച്ചോടെ 50 ലക്ഷത്തിലധികം യുവാക്കൾക്ക് സ്വകാര്യ മേഖലകളിലും സർക്കാർ മേഖലകളിലും ജോലിക്ക് അപേക്ഷിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. 

എല്ലാ വകുപ്പുകളിലും ഹെൽപ് ഡെസ്ക് സൃഷ്ടിക്കുമെന്നും ഇത് സർക്കാർ വകുപ്പുകളിലെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ യുവാക്കളിലേക്ക് എത്താൻ സഹായിക്കുമെന്നും വക്താവ് പറഞ്ഞു. സംസ്ഥാനത്തെ തൊഴിലിനെക്കുറിച്ച് ഡേറ്റാ ബേസ് തയ്യാറാക്കും. ട്രെയിനിം​ഗ് ആന്റ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച ആപ്പും വെബ് പോർട്ടലും വികസിപ്പിക്കും. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ‍ഡേറ്റ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. 

ഐഐഡിസി വഴിയാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത തലയോ​ഗം പ്രവർത്തനങ്ങളെല്ലാ നിരീക്ഷിക്കും. അതുപോലെ തന്നെ എല്ലാ ജില്ലയിലും ഡിഎംന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച്, തൊഴിലിന് വേണ്ടിയുള്ള കർമ്മപദ്ധതി തയ്യാറാക്കും. സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.