ദില്ലി: കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക്. ഹരിയാനയിലെ ഫരീദാബാദിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഡിജിറ്റൽ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  ഈ സ്കൂളുകൾ വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യവും അച്ചടക്കവും പകർന്നു നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ നാല് കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനം ഒരേ ദിവസം ഒരേ സമയത്ത് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇവയിൽ രണ്ടെണ്ണം ഒഡിഷയിലും ഒന്ന് രാജസ്ഥാനിലും മറ്റൊന്ന് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലുമാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫരീദാബാദിലെ ജനങ്ങൾക്കായിട്ടാണ് ഈ സ്കൂൾ സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2003-04 വർഷം മുതൽ ഈ സ്കൂളിനായുള്ള ആവശ്യം ഉയർന്നു വരുന്നുണ്ടായിരുന്നു.