Asianet News MalayalamAsianet News Malayalam

ലാഭം കോച്ചിംഗ് സെന്‍ററുകൾക്ക് മാത്രം, ഇനിയും ഇത്തരം പരീക്ഷ വേണോ? കാര്യ കാരണ സഹിതം വിവരിച്ച് മുരളി തുമ്മാരുകുടി

എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ നിർത്തേണ്ട സമയമായെന്നും മുരളി തുമ്മാരുകുടി ചൂണ്ടികാട്ടി

muralee thummarukudy fb post against engineering entrance exam asd
Author
First Published Jun 8, 2023, 11:07 PM IST

എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ എന്ന ചോദ്യവുമായി മുരളി തുമ്മാരുകുടി രംഗത്ത്. ഓരോ വർഷവും റാങ്ക് നന്നാക്കാനായി പതിനായിരങ്ങൾ ആണ് റിപ്പീറ്റ് ചെയ്യുന്നതെന്ന് ചൂണ്ടികാട്ടിയ മുരളി തുമ്മാരുകുടി പതിനായിരം മനുഷ്യ വർഷങ്ങൾ ആണ് സമൂഹത്തിന് നഷ്ടമാകുന്നതെന്നും അഭിപ്രായപ്പെട്ടു. ലാഭം കിട്ടുന്നത് കോച്ചിംഗ് സെന്‍റുകൾക്ക് മാത്രമാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ നിർത്തേണ്ട സമയമായെന്നും ചൂണ്ടികാട്ടി.

ചാലിയാറിലടക്കം സ്വർണം തേടുന്നവരെ, അറിയുക, അധികം ആയുസുണ്ടാകില്ല! കാര്യ കാരണ സഹിതം വിവരിച്ച് മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് പൂ‍ർണരൂപത്തിൽ

എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ?
എൻട്രൻസ് പരീക്ഷയില്ലാതെ എൻട്രൻസ് അഡ്മിഷൻ നേടിയ അവസാനത്തെ ബാച്ചിലെ വിദ്യാർത്ഥിയാണ് ഞാൻ (1981-86).
പ്രി ഡിഗ്രിയുടെ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, എന്നീ വിഷയങ്ങളുടെ മാർക്ക് മാത്രം പരിഗണിച്ചായിരുന്നു അന്ന് എൻജിനീയറിങ്ങിന് അഡ്മിഷൻ തീരുമാനിച്ചിരുന്നത്.
ഈ വിഷയങ്ങൾ കൂടാതെ ഇംഗ്ലീഷും രണ്ടാമത്തെ ഒരു ഭാഷയും പ്രി ഡിഗ്രിയുടെ വിഷയങ്ങൾ ആയിരുന്നു (ഞാൻ ഹിന്ദിയാണ് എടുത്തത്). ഈ വിഷയങ്ങൾക്ക് പാസാകണം എന്നേ ഉള്ളൂ. എഞ്ചിനീയറിങ്ങ് അഡ്മിഷന് അത് കണക്കാക്കില്ല.
ഈ ഒരു നിബന്ധന (ഇംഗ്ളീഷും ഹിന്ദിയും എഞ്ചിനീയറിങ്ങ് അഡ്മിഷന് കണക്കാക്കില്ല) എന്നതാണ് ഞങ്ങളുടെ പ്രി ഡിഗ്രി കാലം മനോഹരമാക്കിയത്.
ഇംഗ്ളീഷിന്റെയും ഹിന്ദിയുടെയും ക്‌ളാസ്സുകൾ വരുമ്പോൾ ഞങ്ങൾ ഹാജർ വച്ചതിന് ശേഷം കാന്റീനിലോ കശുമാവിന്റെ ചുവട്ടിലോ പോയിരിക്കും.
അതൊരു കാലം. യൂണിഫോമും ഇട്ട് പ്ലസ് റ്റു പഠിക്കുന്ന ഇന്നത്തെ വിദ്യാർത്ഥികൾക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന ഒന്ന്.
കാലാകാലമായി അങ്ങനെയാണ് കാര്യങ്ങൾ നടന്നിരുന്നത്.
അതുകൊണ്ടുണ്ടായ എൻജിനീയർമാർ ഏതെങ്കിലും തരത്തിൽ കുറഞ്ഞവരാണെന്നോ എഞ്ചിനീയറിങ്ങിന് അഭിരുചി ഇല്ലത്തവർ എഞ്ചിനീയറിങ്ങ് പഠനത്തിന് എത്തുന്നു എന്ന് കണ്ടതുകൊണ്ടോ ഒന്നുമല്ല ആ രീതി മാറി എൻട്രൻസ് വന്നത്.
കേരള യൂണിവേഴ്സിറ്റിയിൽ ഒരു മാർക്ക് തട്ടിപ്പ് സിൻഡിക്കേറ്റ് അന്ന് ഉണ്ടായിരുന്നു. കാശും ബന്ധങ്ങളും ഒക്കെയുള്ള ചിലർക്ക് വ്യാജ മാർക്ക് ലിസ്റ്റ് ലഭിച്ചു. അവർ എഞ്ചിനീയറിങ്ങിനും മെഡിസിനും അഡ്മിഷൻ നേടി.
ഏറെ നാൾ ഇതാരും അറിഞ്ഞില്ല.
അങ്ങനെ വന്നപ്പോൾ തട്ടിപ്പുകാരുടെ ആവേശം കൂടി.
കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നീ മൂന്നു വിഷയങ്ങൾക്ക് 150 മാർക്ക് വച്ചാണ് അന്ന് ഉണ്ടായിരുന്നത്. മെഡിസിന് അഡ്മിഷൻ കിട്ടണമെങ്കിൽ ഇതിൽ നാനൂറ്റി ഇരുപതോ അതിന് മുകളിലോ ഒക്കെ വേണം.
1981 ൽ  മൂന്നു വിഷയത്തിനും കൂടി രണ്ടു മാർക്ക് കിട്ടിയ ഒരു വിദ്വാൻ അന്ന് വ്യാജമാർക്ക് ലിസിറ്റുമായി മെഡിസിന് അഡ്മിഷൻ നേടി.
അങ്ങനെയാണ് പ്രശസ്തമായ 0 + 0 + 2 = 442 എന്ന ഇക്വേഷൻ ഉണ്ടായത്.
അത് പുറത്തായത് കേരളത്തെ ഞെട്ടിച്ചു. മെഡിസിൻ ലിസ്റ്റ് കാൻസൽ ആയി.
ഉടൻ എൻട്രൻസ് നടത്താൻ തീരുമാനിച്ചു.
എഞ്ചിനീയറിങ്ങ് ഈ വിഷയത്തിൽ കൊളാറ്ററൽ ഡാമേജ് ആയി. അടുത്ത വർഷം എഞ്ചിനീറിങ്ങിനും അഡ്മിഷൻ വന്നു.
കൂടുതൽ അർഹത ഉള്ളവർക്ക് അഡ്മിഷൻ കിട്ടിയോ ? എൻട്രൻസ് ലിസ്റ്റിൽ  എന്നെങ്കിലും  തട്ടിപ്പ് കണ്ടു പിടിക്കുന്നത് വരെ അത് വിശ്വസിക്കാം.
കൂടുതൽ അഭിരുചി ഉള്ള എൻജിനീയർ ഉണ്ടായോ ? . 
ഒരു തെളിവുമില്ല.
പക്ഷെ ഒരു കാര്യം ഉണ്ടായി 
കേരളത്തിൽ പുതിയൊരു വ്യവസായം ഉണ്ടായി. എൻട്രൻസ് വ്യവസായം.
ഞാൻ ഇന്നലെ പറഞ്ഞ ജയിലുകൾ ഉൾപ്പടെ
പ്രി ഡിഗ്രി പഠിക്കുന്നത് കൂടാതെ, ഒരു പക്ഷെ അതിനും ഉപരിയായി എൻട്രൻസിന് പഠിക്കേണ്ട ആവശ്യം പാവം കുട്ടികൾക്ക് ഉണ്ടായി.
കടുത്ത മത്സരമാണ്. 
അന്ന് കേരളത്തിൽ ആറ് എഞ്ചിനീയറിങ്ങ് കോളേജ് ആണുള്ളത്. എല്ലാത്തിലും കൂടി  ഒരു വർഷം എഞ്ചിനീയറിങ്ങിന് രണ്ടായിരം സീറ്റ് ആണുള്ളത്. പതിനായിരങ്ങൾ മത്സരിക്കുന്നു.
ഇന്നിപ്പോൾ കോളേജുകളുടെ എണ്ണം നൂറു കടന്നു (150 അടുത്ത്) 
ഓരോ വർഷവും വെറുതെ കിടക്കുന്ന സീറ്റുകളുടെ എണ്ണം തന്നെ പതിനായിരത്തിന് മുകളിലാണ്.
ഇനി എന്തിനാണ് ഈ എൻട്രൻസ് പരീക്ഷ നില നിർത്തുന്നത്?
പ്ലസ് ടുവിന്റെ മാർക്ക് വച്ച് തന്നെ അഡ്മിഷൻ നടത്തിയാൽ ആർക്കാണ് നഷ്ടം പറ്റുന്നത്?. വിവിധ സംവിധാനങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു നോർമലൈസേഷൻ സംവിധാനം ഉണ്ടാക്കിയാൽ മതിയല്ലോ (ഇതൊക്കെ ഇപ്പോൾ തന്നെ ഉണ്ട്). 
നഷ്ടം എൻട്രൻസ് കോച്ചിങ്ങ് സെന്ററുകൾക്ക് മാത്രം.
കുട്ടികൾ പഠിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഇപ്പോൾ എൻട്രൻസിൽ മാർക്ക് വാങ്ങാനുള്ള പഠന രീതിയാണ്.
ഓരോ വർഷവും റാങ്ക് നന്നാക്കാനായി പതിനായിരങ്ങൾ ആണ് റിപ്പീറ്റ് ചെയ്യുന്നത്. പതിനായിരം മനുഷ്യ വർഷങ്ങൾ ആണ് സമൂഹത്തിന് നഷ്ടമാകുന്നത്.
ലാഭം കിട്ടുന്നത് കോച്ചിങ്ങ് സെന്ററുകൾക്ക് മാത്രം.
ഇതൊക്കെ നിർത്തേണ്ട സമയമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios