ദില്ലി: ആ​ഗോള നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന രീതിയിലുള്ള ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന സാഹചര്യത്തിൽ വിദേശ ബിരുദങ്ങൾക്കായി പണം ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. ഖര​ഗ്പൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ‍ടെക്നോളജി സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ശക്തമായ വിദ്യാഭ്യാസ സമ്പ്രദായവും ​ഗുണനിലവാരമുള്ള ​ഗവേഷണ സൗകര്യങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പഠനത്തിനായി ഡോളറുകൾ ചെലവഴിച്ച് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളിൽ പ്രവേശനം നേടേണ്ട ആവശ്യമില്ല. നമുക്ക് എല്ലാ വിധത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രതിസന്ധികളെ പരിഹരിച്ചു. നമ്മുടെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ രാജ്യത്ത് താമസിച്ച് പഠിക്കാനുള്ള സാഹചര്യമുണ്ട്. രമേഷ് പൊഖ്റിയാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ സർവ്വകലാശാലകൾ സ്ഥാപിക്കാൻ പ്രധാനമന്ത്രി വിദേശ സർവകലാശാലകളെ ക്ഷണിച്ചിട്ടുണ്ടെന്നും വിദേശ കാമ്പസുകൾ സൃഷ്ടിക്കാൻ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നുണ്ടെന്നും രമേഷ് പൊഖ്റിയാൽ പറഞ്ഞു.