തിരുവനന്തപുരം: ഏപ്രിൽ 14 വരെ പിഎസ്‍സി നടത്താനിരുന്ന അഭിമുഖവും പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അധികൃതർ അറിയിച്ചു. ഒഎംആർ, കായികക്ഷമതാ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റിവച്ചിട്ടുള്ളത്. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോ​ഗാം പുതുക്കി പ്രസിദ്ധീകരിക്കും. കൊവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ചേർന്ന കമീഷൻ ​‍യോ​ഗത്തിന്റെ പുതിയ തീരുമാനം. 31 വരെയുള്ള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ മാറ്റിവക്കും. ആരോ​ഗ്യവകുപ്പിലെ ലാബ് ടെക്നീഷ്യൻ തസ്തികയുടെയും വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ ഉടൻ പ്രസിദ്ധീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമനശുപാർശ നടത്താനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്.