ലക്നൗ: ഡോക്ടറാകുക എന്ന സ്വപ്നം കുട്ടിക്കാലം മുതൽ കൂടെ കൊണ്ടുനടക്കുന്നവരുണ്ട്. ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഇവർ ഓരോ ക്ലാസും പഠിച്ചു മുന്നേറുന്നത്. എന്നാൽ  ഉത്തർപ്രദേശിലെ ഖുശിന​ഗർ സ്വദേശിയായ അരവിന്ദ് കുമാർ എന്ന 26കാരനെ സംബന്ധിച്ചിടത്തോളം നീറ്റ് പരീക്ഷയിലെ വിജയം ഒരു സ്വപ്ന സാക്ഷാത്കാരം മാത്രമായിരുന്നില്ല. മറിച്ച് കാലങ്ങളായി തന്റെ കുടുംബം നേരിട്ടു കൊണ്ടിരുന്ന അപമാനത്തിനും അവഹേളനത്തിനും കൊടുത്ത ഉചിതമായ മറുപടി കൂടിയായിരുന്നു അരവിന്ദിന്റെ നീറ്റ് വിജയം. അരവിന്ദിന്റെ പിതാവ് ഭിഖാരി ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ആളാണ്. അച്ഛന്റെ പേരിന്റെയും ജോലിയുടെയും പേരിൽ ​ഗ്രാമവാസികളിൽ നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അപമാനത്തിന് മറുപടി നൽകാൻ കൂടി വേണ്ടിയാണ് താൻ ഡോക്ടറാകാൻ തീരുമാനിച്ചതെന്ന് അരവിന്ദ് പറയുന്നു. 

എന്നാൽ വിജയത്തിലേക്കുള്ള വഴി അരവിന്ദിന് എളുപ്പമായിരുന്നില്ല. 2011 ലാണ് ആദ്യമായി അരവിന്ദ് ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ്- ഇപ്പോഴെത്തെ നീറ്റ് എക്സാം- എഴുതുന്നത്. ഒന്നും രണ്ടുമല്ല, ഒൻപത് തവണയാണ് അരവിന്ദ് സ്വപ്നം പൂർത്തിയാക്കാൻ വേണ്ടി പരിശ്രമിച്ചത്. ദേശീയതലത്തിൽ 11603ാമത്തെ റാങ്കാണ് അരവിന്ദ് നേടിയത്. പിന്നാക്കവിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പട്ടികയിൽ 4392ാം റാങ്കും അരവിന്ദ് സ്വന്തമാക്കി. യാതൊരു വിധത്തിലുളള നിരാശയും ഒരിക്കലും തോന്നിയിട്ടില്ലെന്ന് അരവിന്ദിന്റെ വാക്കുകൾ. നെ​ഗറ്റിവിറ്റിയെ പോസിറ്റീവായി സമീപിച്ച് അതിൽ നിന്ന് പ്രചോദനമുൾക്കൊള്ളുകയാണ് ഞാൻ ചെയ്തത്. ആത്മവിശ്വാസവും കഠിന പരിശ്രമവും തന്റെ കുടുംബവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അരവിന്ദ് വ്യക്തമാക്കി. 

അരവിന്ദിന്റെ അച്ഛൻ ഭിഖാരി അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അമ്മ ലളിത ദേവി സ്കൂളിൽ പോയിട്ടേയില്ല. അസാധാരണമായ പേര് കാരണം അച്ഛൻ അവഹേളിക്കപ്പെടുന്നത് കണ്ടാണ് അരവിന്ദ് വളർന്നത്. കുടുംബത്തെ നാട്ടിൽ വിട്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് ജംഷഡ്പൂരിലെ ടാറ്റാന​ഗറിലേക്ക് അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം തന്റെ മൂന്ന് മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി ഭിക്കാരി കുശിന​ഗറിലേക്ക് കുടുംബത്തെ മാറ്റി. 

48.6 ശതമാനം മാർക്കോടെയാണ് അരവിന്ദ് പത്താം ക്ലാസ് പരീക്ഷ പാസായത്. പന്ത്രണ്ടാം ക്ലാസിൽ 60 ശതമാനം മാർക്കുണ്ടായിരുന്നു അരവിന്ദിന്. മകൻ ഡോക്ടറാകുക എന്ന അച്ഛന്റെ ആ​ഗ്രഹം സാധിച്ചു കൊടുക്കാനുള്ള പരിശ്രമം അരവിന്ദ് ആരംഭിച്ചത് ഇവിടെ നിന്നാണ്. ഒൻപത് തവണയാണ് വിജയത്തിലേക്കെത്താൻ വേണ്ടി അരവിന്ദ് പരിശ്രമിച്ചത്. വിജയത്തിലെത്തിയില്ലെങ്കിലും ഓരോ തവണയും മാർക്കിലുണ്ടാകുന്ന പുരോ​ഗതി തനിക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകിയെന്ന് ഈ യുവാവ് പറയുന്നു.

മാർക്കിലുണ്ടാകുന്ന മികച്ച മാറ്റം കണ്ടപ്പോൾ പ്രത്യാശയുടെ കിരണങ്ങളായിട്ടാണ് അനുഭവപ്പെട്ടത്. ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചു. പരീക്ഷാഘടനയുടെ നീറ്റ് പരീക്ഷയിലേക്കുള്ള മാറ്റം തയ്യാറെടുപ്പിനെ ചെറിയ രീതിയിൽ തടസ്സപ്പെടുത്തി. പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞാൽ തന്റെ ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ആശങ്ക മൂലം അരവിന്ദ് 2018 ൽ കോട്ട ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിനായി മാറിതാമസിച്ചു. മകന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ചെലവിനായി  പിതാവ് 15 മണിക്കൂർ വരെ ജോലി ചെയ്തു സമ്പാദിച്ചു. 

ആറുമാസത്തിലൊരിക്കലാണ് അദ്ദേഹം ജോലി സ്ഥലത്ത് നിന്ന് കുടുംബത്തെ കാണാൻ ഖുശിന​ഗറിലെത്തിയിരുന്നത്. 'എന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് നിറവേറ്റുന്നതിനായി ഞാൻ ദിവസേന 12 മുതൽ  15 മണിക്കൂർ വരെ ജോലി ചെയ്തു. 900 കിലോമീറ്റർ അകലെയുള്ള കുടുംബത്തെ കാണാൻ ആറുമാസത്തിലൊരിക്കൽ മാത്രമാണ് എത്താൻ സാധിച്ചിരുന്നത്. എന്റെ മകൻ അവന്റെ ലക്ഷ്യത്തിലെത്തിച്ചേർന്നു. അവനെയോർത്ത് അഭിമാനിക്കുന്നു.' അരവിന്ദിന്റെ അച്ഛന്റെ വാക്കുകൾ. 

എല്ലാ ശ്രമങ്ങളിലും കൂടുതൽ മികച്ച് രീതിയിൽ പഠിക്കാൻ സഹോദരൻ അമിത് ആണ് തന്നെ പ്രേരിപ്പിച്ചതെന്ന് അരവിന്ദ് പറഞ്ഞു. 'കോട്ടയിലേക്ക് പോകാൻ ആദ്യം നിർദ്ദേശിച്ചതും അമിതാണ്.  1600 ലധികം ആളുകളുള്ള ഞങ്ങളുടെ ​ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ പോകുന്നതിൽ‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ കുടുംബം എന്നെയോർത്ത് അഭിമാനിക്കുന്നു.' ​ഗോരഖ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷയുള്ളതായി അരവിന്ദ് വ്യക്തമാക്കി. ഓർത്തോപീഡിക് സർജൻ ആകാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അരവിന്ദ് കൂട്ടിച്ചേർത്തു.