Asianet News MalayalamAsianet News Malayalam

അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്! ഇങ്ങനെ പഠിച്ചാൽ മതി, ജോലി ഉറപ്പാണെന്ന് ബിന്ദുവും വിവേകും

മലപ്പുറം ജില്ല എൽജിഎസ് റാങ്ക് ലിസ്റ്റില്‍ 92മതാണ് ബിന്ദു. വിവേക് എൽഡിസി റാങ്ക് ലിസ്റ്റിൽ 38ാമതും. 11 വർഷമായി മലപ്പുറം ജില്ലയിലെ അരീക്കോട് മാതക്കോട് അം​ഗനവാടി അധ്യാപികയാണ് ബിന്ദു. 
 

success story of mother and son in PSC Rank list
Author
Trivandrum, First Published Aug 12, 2022, 5:34 PM IST

''ണ്ടുമുതലേ വായന എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള വായനശാലയിലെ ഒട്ടുമിക്ക പുസ്തകങ്ങളും ഞാൻ ഏഴാം ക്ലാസിൽ എത്തുന്ന സമയത്തേ വായിച്ചു തീർത്തിരുന്നു.'' പറയുന്നത് അം​ഗനവാടി അധ്യാപികയായ ബിന്ദു. കഴിഞ്ഞ ദിവസങ്ങളിൽ ബിന്ദുവും മകൻ വിവേകുമായിരുന്നു മാധ്യമവാർത്തകളിലെ ശ്രദ്ധാകേന്ദ്രം. ആ വാർത്തകളുടെ ഉളളടക്കം ഇങ്ങനെയാണ്, ''പി എസ് സി പരീക്ഷയിൽ മികച്ച വിജയം നേടി, അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്!'' വെറുമൊരു വാർത്തക്കപ്പുറം, കഠിനാധ്വാനത്തിന്റെ അങ്ങേയറ്റത്ത് വിജയമാണുള്ളതെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് ബിന്ദു എന്ന നാൽപത്തിരണ്ടു വയസ്സുള്ള അം​ഗനവാടി അധ്യാപികയും മകന്‍ വിവേകും. ബിന്ദുവിനൊപ്പം മകൻ വിവേകും സർക്കാർ സർവ്വീസിലേക്ക് പ്രവേശനം നേടാനൊരുങ്ങുകയാണ്.  മലപ്പുറം ജില്ല എൽജിഎസ് റാങ്ക്ലിസ്റ്റിൽ 92മതാണ് ബിന്ദു. വിവേക് എൽഡിസി റാങ്ക് ലിസ്റ്റിൽ 38ാമതും. 11 വർഷമായി മലപ്പുറം ജില്ലയിലെ അരീക്കോട് മാതക്കോട് അം​ഗനവാടി അധ്യാപികയാണ് ബിന്ദു. 

 മറ്റൊരു ജോലി വേണമെന്ന് തോന്നി

''പത്താം ക്ലാസ് വി​ദ്യാഭ്യാസ യോ​ഗ്യതയുള്ള എനിക്ക് സർക്കാർ ജോലി നേടാൻ സാധിക്കുമെങ്കിൽ എന്നേക്കാൾ വിദ്യാഭ്യാസവും ലോകപരിചയവുമുള്ള നിങ്ങൾക്കെന്തുകൊണ്ട് സാധിക്കില്ല?'' പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവരോട് സ്വന്തം നേട്ടത്തെ ചൂണ്ടിക്കാണിച്ചാണ് ബിന്ദുവിന്റെ ഈ ചോദ്യം. ചിലരെയെങ്കിലും സംബന്ധിച്ച് 'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്!' ബിന്ദുവിനും അതങ്ങനെയായിരുന്നു. ''അം​ഗനവാടി ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് ഒരു സുഹൃത്ത് എന്റെ ശമ്പളത്തെക്കുറിച്ച് ചോദിച്ചു. 1500 രൂപയായിരുന്നു ആദ്യം ഞങ്ങളുടെ ശമ്പളം. പിന്നീടാണ് അത് 5000 ആക്കിയത്.  എന്റെ ശമ്പളത്തെക്കുറിച്ച് അഭിമാനത്തോടെ ഞാൻ പറഞ്ഞു. '5000 രൂപയുണ്ട്'. അവരെന്നോട് ചോദിച്ചത് '5000 രൂപ കൊണ്ട് എന്താകാനാ' എന്നായിരുന്നു. 'പിന്നെ അം​ഗനവാടിയിൽ നിന്നുള്ള അരിയും പയറും ഒക്കെ ഉള്ളതു കൊണ്ട് പ്രശ്നമില്ലല്ലോ' എന്ന്. ആ ചോ​ദ്യവും പറച്ചിലും, എനിക്കതൊരു വലിയ സങ്കടമായിപ്പോയി. മറ്റൊരു  ജോലി വേണമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് അന്നു മുതലാണ്.'' അന്നത്തെ ആ വാക്കുകളാണ് തന്നെ ഇന്നത്തെ നേട്ടത്തിൽ എത്തിച്ചതെന്ന് ബിന്ദു പറയുന്നു.

ടീച്ചറിന്  പി എസ് സിക്ക് അപേക്ഷിച്ചു കൂടെ?

പത്താം ക്ലാസിന് ശേഷം തുടർന്ന് പഠിക്കാൻ വീട്ടിലെ സാഹചര്യം അനുവദിക്കില്ലായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞു. അതിന് ശേഷമാണ് ബിന്ദുവിന് അംഗനവാടിയില്‍ താത്ക്കാലിക ജോലി ലഭിക്കുന്നതും അത് സ്ഥിരമാകുന്നതും പി എസ് സി പരീക്ഷ എഴുതുന്നതുമൊക്കെ. ബിന്ദുവിന്റെ ഭർത്താവ് ചന്ദ്രൻ കെഎസ് ആർടിസി ജീവനക്കാരനാണ്. പി എസ് സി എന്നാൽ എന്താണെന്ന് പോലും അറിയാതിരുന്ന ഒരാളാണ് താനെന്നും ബിന്ദു പറയുന്നു. ''പി എസ് സി പഠിച്ചാൽ ജോലി കിട്ടുമെന്നോ എങ്ങനെ പഠിക്കണമന്നോ ഒന്നും അറിയില്ല. അം​ഗനവാടിയിൽ താത്ക്കാലിക ജോലി നോക്കുന്ന  സമയത്ത് ഒരു കുഞ്ഞിന്റെ അമ്മയാണ് ഇങ്ങനെയൊരു സംഭവമുണ്ട്, ടീച്ചർക്ക് അപേക്ഷിക്കാൻ പറ്റുമല്ലോ എന്നെന്നോട് പറഞ്ഞത്. അന്ന് അപേക്ഷ ഫോം തന്നത്  അവരാണ്. വായന പണ്ടേ ഇഷ്ടമായിരുന്നത് കൊണ്ട് റാങ്ക് ഫയൽ മേടിച്ച് വായിക്കാൻ മടിയുണ്ടായില്ല. പക്ഷേ ലോകപരിചയമോ പൊതുവിജ്ഞാനമോ എനിക്ക് ഉണ്ടായിരുന്നില്ല. എങ്ങനെ പരീക്ഷ എഴുതണമെന്നും അറിയില്ല. അതുകൊണ്ട് അന്ന് എക്ലാം എഴുതിയെങ്കിലും കിട്ടിയില്ല.'' ആദ്യത്തെ പി എസ് സി പരീക്ഷയുടെ അനുഭവമിങ്ങനെയെന്ന് ബിന്ദു. ജോലി സ്ഥിരമായി കഴിഞ്ഞ് പി എസ് സി പഠനം നിര്‍ത്തി.

Read Also: Success Story : സമയം ക്രമീകരിച്ചു പഠിച്ചു; JEE മെയിൻ 100 ശതമാനം മാർക്കിന്റെ 'സൂത്രവാക്യങ്ങൾ' പങ്കുവെച്ച് ധീരജ്

മുടങ്ങിപ്പോയ പഠനം വീണ്ടും

പിന്നീട്  വിവേക് പത്താം ക്ലാസിലെത്തിയപ്പോഴാണ് പി എസ് സി പഠനം വീണ്ടും ബിന്ദു പൊടി തട്ടിയെടുത്തത്. വിവേക് പഠിക്കാനിരിക്കുന്പോള്‍ അമ്മയും കൂടെയിരുന്ന് വായിക്കാനായിരുന്നു ടീച്ചറിന്‌റെ നിര്‍ദ്ദേശം. അങ്ങനെ വിവേകിനൊപ്പമിരുന്ന്  പി എസ് സി പുസ്തകങ്ങള്‍ വായിച്ചു. പിന്നീട് എഴുതിയ പരീക്ഷകളിലെല്ലാം ഈ വായന ഗുണം ചെയ്തു. ആദ്യത്തെ രണ്ട് ലാസ്റ്റ് ​ഗ്രേഡ് പരീക്ഷകളിലും സർക്കാർ ജോലി ബിന്ദുവിന്റെ കയ്യകലത്തു നിന്ന് ഒരുപാട് ദൂരെയായിരുന്നു. ചോദ്യപേപ്പറിലെ ഭൂരിഭാ​ഗം ചോദ്യങ്ങൾക്കും ഉത്തരമറിയാമായിരുന്നിട്ടും എന്താണ് സംഭവിച്ചതെന്ന് ബിന്ദുവിന് പറയാൻ സാധിക്കുന്നില്ല. പക്ഷേ ഒരുകാര്യം ബിന്ദു ഉറപ്പിച്ച് പറയും, 'പരിശ്രമിച്ചു കൊണ്ടേയിരിക്കുക. നമ്മൾ കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം ലഭിക്കും. ഉറപ്പ്.' പിന്നീട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്ത സാഹചര്യവുമുണ്ടായി. ഈ പ്രതിസന്ധികളെല്ലാം ഇപ്പോഴത്തെ ഈ സുവർണ നേട്ടത്തിന് വേണ്ടിയുള്ളതായിരുന്നു എന്ന് ബിന്ദു ഇപ്പോൾ പറയുന്നു.

പി എസ് സി പഠനത്തിന് ചേര്‍ത്തത് അമ്മ 

2019 ൽ ബിരുദപഠനത്തിന് ശേഷമാണ് വിവേക് പി എസ് സി പഠനത്തിന് തയ്യാറെടുക്കുന്നത്. ''ബിഎസ് സി ജോ​ഗ്രഫിയാണ് പഠിച്ചത്. ആ സമയത്ത് എട്ടൊൻപത് മാസത്തോളം വെറുതെയിരുന്നു. സീരീസ് ആയിരുന്നു അന്നത്തെ വിനോദം. രാത്രി രണ്ടുമണി വരെയൊക്കെ ഇരുന്ന കാണും. പിന്നീട് പി എസ് സി പഠിക്കാൻ തുടങ്ങിയപ്പോൾ ഈ ശീലം ഒരനു​ഗ്രഹമായി എന്ന് പറയാം. അമ്മയാണ് പി എസ് സി കോച്ചിം​ഗ് ക്ലാസിൽ ചേര്‍ത്തത്. രാത്രി രണ്ട് മണി വരെയിരുന്ന് പഠിക്കും. ഡയറിയിൽ ചെറുകുറിപ്പുകൾ തയ്യാറാക്കിയായിരുന്നു പഠനം. ധാരാളം പഴയ ചോദ്യപേപ്പറുകൾ പരിശീലിച്ചു. അതുപോലെ പത്താം ക്ലാസ് അടിസ്ഥാനമാക്കിയുള്ള പരീക്ഷക്ക് എട്ടുമുതൽ പത്ത് വരെയുള്ള പാഠപുസ്തകങ്ങളെയാണ് ആശ്രയിച്ചത്. അത് ഒരുപാട് ​ഗുണം ചെയ്തു. കോച്ചിം​ഗ് സെന്ററിൽ നിന്ന് മെറ്റീരിയൽസ് തന്നിരുന്നു. നാലഞ്ച് മാസം ആത്മാർത്ഥമായി പരിശ്രമിച്ചാൽ കിട്ടാവുന്നതേയുള്ളൂ സർക്കാർ ജോലി. നേടിയെടുക്കണം എന്ന ലക്ഷ്യ ബോധമാണ് പ്രധാനം.'' 24ാമത്തെ വയസ്സിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചതിന്റെ പഠനവഴികളെക്കുറിച്ച് വിവേക് പറയുന്നു. 

Read Also: ജെഇഇ മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ 3ാം റാങ്ക്; എഞ്ചിനീയറിം​ഗ് അല്ല, ലക്ഷ്യം സിവിൽ സർവ്വീസെന്ന് പാർത്ഥ്

ഒരു ദിവസത്തെ ടൈം ടേബിളാക്കി പഠിച്ചു

അമ്മയും മകനും ഒന്നിച്ചാണ് ഞായറാഴ്ചകളിലെ പി എസ് സി കോച്ചിം​ഗ് ക്ലാസിൽ പങ്കെടുത്തത്. വിവേക് പഠനത്തിനായി സമയം മാറ്റിവെച്ചെങ്കിൽ  സമയം കണ്ടെത്തി പഠിക്കുക എന്നായിരുന്നു ബിന്ദുവിന്റെ സ്ട്രാറ്റജി. അതിനായി ഒരു ദിവസത്തിന്റെ ടൈംടേബിൾ തയ്യാറാക്കിയെന്ന് ബിന്ദു പറയുന്നു, ''രാവിലെ എഴുന്നേൽക്കുമ്പോൾ മുതലുള്ള കാര്യങ്ങളൊക്കെ എഴുതി തയ്യാറാക്കി. ഡു ലിസ്റ്റ് തയ്യാറാക്കുന്ന പോലെ. പഠിക്കാൻ പറ്റുന്ന സമയം കണ്ടെത്തി. രാവിലെ രണ്ട് മണിക്കൂർ പഠിക്കും. അം​ഗനവാടിയിലേക്കുള്ള യാത്രയുടെ സമയത്തും പഠിച്ചു. ജോലി വേണം എന്ന് ഓർമ്മിപ്പിക്കുന്ന കോ‍ഡു വാക്കുകൾ വരെ തയ്യാറാക്കിയായിരുന്നു പഠനം. പഠനത്തിനുള്ള ചെറുകുറിപ്പുകൾ എപ്പോഴും കയ്യിൽ കരുതി. അഞ്ച് മിനിറ്റ് പോലും കളയാതെ പഠിച്ചു എന്ന് വേണം പറയാൻ. കൂടാതെ കോച്ചിം​ഗ് സെന്ററിലെ അധ്യാപകർ നൽകിയ പിന്തുണയും സഹായവും പഠനത്തെ എളുപ്പമാക്കി.''  പെട്ടെന്ന് കയ്യിലെത്തിയ നേട്ടമല്ല ഇതെന്ന് ബിന്ദു പറഞ്ഞുവെക്കുന്നു. 

ജോലി കിട്ടിയേ തീരൂ എന്ന തീരുമാനം മാത്രമായിരുന്നു ഇവരുടെ പരിശ്രമത്തിന് പിന്നിൽ.  ഈ അമ്മയും മകനും ഒരേ സ്വരത്തിൽ പറയുന്നത്, സർക്കാർ ജോലി നൽകുന്ന തൊഴിൽ സുരക്ഷയെക്കുറിച്ചാണ്. അതുപോലെ പിഎസ്‍സി പഠനം ഒരു ബാലികേറാമലയാണെന്നും കരുതണ്ട. വിജയത്തിലേക്ക് എളുപ്പവഴികളൊന്നുമില്ല, കഠിനാധ്വാനമാണ് ഏകവഴിയെന്നും ഇവർ ഈ നേട്ടത്തെ കുറിച്ചിടുന്നു. പോളിടെക്നിക് വിദ്യാർത്ഥിയായ ഹൃദ്യയാണ് ബിന്ദുവിന്റെ മകൾ. ഭർത്താവ് ചന്ദ്രൻ കെഎസ് ആർടിസി ജീവനക്കാരനാണ്. 


 

Follow Us:
Download App:
  • android
  • ios