മുംബൈ: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ നവി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡില്‍ (CCI) 95 ഒഴിവുകളുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2021 ജനുവരി 7 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ വിവരങ്ങള്‍ https://cotcorp.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

മാനേജ്‌മെന്റ് ട്രെയിനി (മാര്‍ക്കറ്റിങ്, ട്രെയിനി അക്കൗണ്ട്‌സ്)-11, ജൂനിയര്‍ കമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ്-50, ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍)- 20, ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)-14 എന്നിങ്ങനെ 95 ഒഴിവുകളുണ്ട്. മാനേജ്‌മെന്റ് ട്രെയിനി (മാര്‍ക്കറ്റിങ്) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അഗ്രിക്കള്‍ച്ചര്‍ മാനേജ്‌മെന്റില്‍ എം.ബി.എ ഉണ്ടായിരിക്കണം. സി.എ/സി.എം.എ/ എം.ബി.എ (ഫിനാന്‍സ്)/ എം.എം.എസ്/ എം.കോം/ കൊമേഴ്‌സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കില്‍ മാനേജ്‌മെന്റ് ട്രെയിനി (അക്കൗണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കാം. 

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ ആണ് ജൂനിയര്‍ കമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ പാസായിരിക്കണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബി.കോം പാസായവര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ജനറല്‍, ഇ.ഡബ്‌ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, എക്‌സ് സര്‍വീസ്‌മെന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 500 രൂപ അടച്ചാല്‍ മതിയാകും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.