പട്ന:  കൊവിഡ് പ്രതിസന്ധി മൂലം ദരിദ്രരായ ജനങ്ങളാണ് ഏറെ കഷ്ടപ്പെടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനമാർ​ഗവുമെല്ലാം ഇരുളടഞ്ഞ അവസ്ഥയിലാണ്. പലരുടെയും കയ്യിൽ പണമില്ല. ആ അവസ്ഥയിൽ പഴയ ബാർട്ടർ സംവിധാനം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബീഹാറിലെ ​ഗ്രാമീണർ. എത്ര കഷ്ടപ്പാടിനിടയിലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് ഇവർ‌ ആ​ഗ്രഹിക്കുന്നു. ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാൻ ഇന്റർനെറ്റ് സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ട്യൂഷനാണ് കുട്ടികൾക്ക് നൽകുന്നത്. ട്യൂഷൻ‌ ഫീസായി ഇവർ അധ്യാപകർക്ക് നൽ‌കുന്നത് ​ഗോതമ്പാണ്.

ഒരു ദിവസം ഒരു മണിക്കൂർ ക്ലാസെടുക്കുന്നതിന് ഒരു മാസം ആയിരം രൂപയാണ് ഫീസ്. കയ്യിൽ പണമില്ലാത്തതിനാൽ ഫീസായി ​ഗോതമ്പ് നൽകും. ബീഹാറിലെ ബ​ഗുസരായി ​ജില്ലയിലെ നയാ​ഗാവിലാണ് ഈ ബാർട്ടർ സംവിധാനം നടക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ മിക്കവരും സ്വകാര്യ ട്യൂഷനുകളെയാണ് ആശ്രയിക്കുന്നത്. ക്ലാസുകൾ ദൂരദർശൻ വഴി ലഭ്യമാകുമെങ്കിലും ടെലിവിഷൻ ഉള്ള വീടുകളും ഈ ​ഗ്രാമത്തിൽ വിരളമാണ്. മാത്രമല്ല ക്ലാസുകൾ കൃത്യമായി അറ്റൻഡ് ചെയ്യാൻ കുട്ടികൾ തയ്യാറാകുന്നുമില്ല. അങ്ങനെയാണ് എല്ലാവരും സ്വകാര്യ ട്യൂഷനെ ആശ്രയിക്കാൻ തീരുമാനിക്കുന്നത്. 

​ഗ്രാമത്തിലെ ശിവജ്യോതി കുമാർ എന്ന കർഷകൻ തന്റെ കുട്ടികൾക്ക് ട്യൂഷൻ ഫീസായി കൊടുക്കുന്നത് ​ഗോതമ്പാണ്. ​ഗോതമ്പാണ് ഞങ്ങളുടെ പണം. മിക്കവരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഒരു ദിവസം ഒരു മണിക്കൂർ‌ പഠിപ്പിക്കുന്നതിന് ഒരു മാസം ആയിരം രൂപ നൽകണം. ശിവ്ജ്യോതി പറഞ്ഞു. സുബോധ് സിം​ഗ് എന്ന അധ്യാപകനാണ് ഇവിടെ ട്യൂഷനെടുക്കാൻ വരുന്നത്. നയാ​ഗാവിൽ ആകെയുള്ള ജനസംഖ്യയായ 3500 പേരിൽ ആയിരത്തിനടുത്ത് കുഞ്ഞുങ്ങൾ വിദ്യാർത്ഥികളായുണ്ട്. മിക്കവരും സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. പത്ത് ശതമാനം കുട്ടികൾ മാത്രമേ സ്വകാര്യ സ്കൂളിൽ പഠിക്കുന്നുള്ളൂ. അതുപോലെ ജനങ്ങൾ കൃഷിക്കാരാണ്. പ്രധാനമായും ​ഗോതമ്പും ചോളവുമാണ് ഇവിടുത്തെ കൃഷി. 

20ലധികം അധ്യാപകരാണ് ഇവിടെ ട്യൂഷൻ പഠിപ്പിക്കാൻ എത്തുന്നത്. 200 മുതൽ 1000 വരെയാണ് ഫീസ്. അമ്പതിലധികം വിദ്യാർത്ഥികളെ 10 ബാച്ചായി പഠിപ്പിക്കുന്ന അധ്യാപകരുണ്ട്. ഫീസായി ​ഗോതമ്പും മെയ്സും കിട്ടിയാലും അധ്യാപകർക്ക് പരാതിയൊന്നുമില്ല. കാരണം പണം ലഭിച്ചാലും അതുപയോ​ഗിച്ച് ഇവയൊക്കെയല്ലേ വാങ്ങുന്നതെന്നാണ് ഇവരുടെ ചോദ്യം. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചാണ്  പഠനം. സ്വയം പഠിച്ചാൽ ഒരു പരിധിയിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയില്ല. ഞങ്ങളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾ പ്രകടിപ്പിക്കുന്ന ശ്രദ്ധയിൽ വളരെയധികം സന്തോഷമുണ്ട്. ടീച്ചർ അടുത്തുണ്ടെങ്കിൽ മാത്രമേ നന്നായി പഠിക്കാൻ സാധിക്കൂ. ശിവ്ജ്യോതി കുമാറിന്റെ മകൾ നിഷു പറയുന്നു.