കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രധാന ചുവടുവെയ്‌പ്പാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ്. കേരളത്തില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവരില്‍ 35 ശതമാനവും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളാണെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ പ്രാദേശിക ഭാഷകളില്‍ വിനിമയം നടക്കാത്തതും, സുരക്ഷാ പ്രശ്‌നങ്ങളും ഉള്‍പ്പടെ ഒട്ടേറെ വെല്ലുവിളികളും ഈ മേഖല നേരിടുന്നുണ്ട്.

ഒരു ബാങ്ക് അക്കൗണ്ടും, ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണ്‍ അല്ലെങ്കില്‍ ഒരു കംപ്യൂട്ടര്‍, ഇവ ഉണ്ടെങ്കില്‍ എന്തു ബാങ്കിംഗ് സേവനവും നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ബില്‍ അടയ്‌ക്കാം, പണം നിക്ഷേപിക്കാം, പണം കൈമാറാം, പാസ് ബുക്ക് വിവരങ്ങള്‍ അറിയാം- അങ്ങനെ എന്തും. ചുരുക്കി പറഞ്ഞാല്‍ ബാങ്കിന്റെ പ്രതിരൂപം തന്നെ. അക്കൗണ്ടുള്ള ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ യൂസര്‍ നെയിമും പാസ്‌വേഡും ലഭിക്കും. പിന്നെ ഏതു സമയത്തും എവിടെയിരുന്നും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമായി. പ്രമുഖ ബാങ്കുകളെല്ലാം സ്‌മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്നുണ്ട്.

നല്ല രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സെറ്റ് ചെയ്‌ത കംപ്യൂട്ടറുകളാണെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പാസ്‌വേഡ് ചോരില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. പാസ്‌വേഡ് ചോരുന്നതുവഴി മാത്രമെ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ പണം നഷ്ടപ്പെടാന്‍ ഇടയാകുകയുള്ളു. ഡ്യുവല്‍ പാസ്‌വേഡ് ഓതന്റിക്കേഷന്‍, പികെഐ പാസ്‌വേഡ് തുടങ്ങി പല നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഇതിനെ സുരക്ഷിതമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ ശരാശരി 10 ശതമാനമാണ്. കേരളത്തില്‍ ഇത് 35 ശതമാനവും. ഇംഗ്ലീഷോ ഏറിവന്നാല്‍ ഹിന്ദിയോ മാത്രമാണ് വിനിമയ ഭാഷ. പ്രാദേശിക ഭാഷ സേവന പരിധിയില്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും ഇന്റര്‍നെറ്റ് ബാങ്കിംഗിന് ഉപയോഗിക്കുന്നില്ല. നോട്ട് ക്ഷാമം രൂക്ഷമായതോടെയും, വലിയ പണമിടപാടുകള്‍ക്ക് ബുദ്ധിമുട്ടായതോടെയും ഇന്റര്‍നെറ്റ് ബാങ്കിംഗിന് പ്രിയമേറി വരുന്നതായാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൂടുതല്‍ പേരെ നെറ്റ് ബാങ്കിംഗിലേക്ക് ആകര്‍ഷിക്കാന്‍, ഓരോ ജില്ലയിലും ലീഡ് ബാങ്കുകളുടെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് കേരളത്തില്‍ നടക്കുന്നത്.