Asianet News MalayalamAsianet News Malayalam

'സ്ത്രീ പ്രാതിനിധ്യം: ഇടതുപക്ഷം നിരാശപ്പെടുത്തി, കോൺ​​ഗ്രസിനെക്കുറിച്ച് പ്രതീക്ഷയേയില്ല'- കെ ആർ മീര

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് എഴുത്തുക്കാരിയും മാധ്യമപ്രവർത്തകയുമായ കെ ആർ മീര.

interview with kr meera
Author
Trivandrum, First Published Apr 3, 2019, 4:01 PM IST

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്‍തതായി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ വനിതകൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തുന്നതിനെ എങ്ങനെ കാണുന്നു. ഇത് സമൂഹത്തിന് എങ്ങനെയാണ് ഗുണകരമാകുന്നത്?  

ബംഗാളില്‍ മമത ബാനര്‍ജി 42 ശതമാനവും ഒഡിഷയില്‍ ബിജു ജനതദള്‍ 33 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയതില്‍നിന്നു നാം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യത്തേത്. ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പഴയ ആണ്‍മേല്‍ക്കോയ്മയുടെ പൊളിഞ്ഞ ഉത്തരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അധിക കാലം സാധിക്കുകയില്ല എന്നതാണ്. നിലവിലുള്ള സമൂഹത്തില്‍, ഇച്ഛാശക്തിയും പുരോഗമന ചിന്താഗതിയുമുള്ള നേതൃത്വമുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അധികാരത്തിലെത്താന്‍ സാധിക്കൂ എന്നതാണ് രണ്ടാമത്തേത്.

മേല്‍പ്പറഞ്ഞ രണ്ട് സംസ്ഥാനങ്ങളില്‍ കുറേ സ്ത്രീകള്‍ അധികാരത്തിലെത്തിയതുകൊണ്ട് ഇന്ത്യയില്‍ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകാം. ശബരിമലയില്‍ കുറേ സ്ത്രീകള്‍ കയറിയതു കൊണ്ട് എന്തു മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന ചോദ്യം പോലെയാണ് അത്. ഇത് രണ്ടും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുല്‍പാദന ശേഷിയുള്ള സ്ത്രീയുടെ ശരീരം അശുദ്ധമാണ് എന്നതാണ് മല കയറാന്‍ അവള്‍ക്കുള്ള അയോഗ്യതയായി കല്‍പ്പിക്കപ്പെടുന്നത്. അതു വഴി അവള്‍ ദേവന്‍റെയും വിശ്വാസികളുടെയും ബ്രഹ്മചര്യം നഷ്ടപ്പെടുത്തുന്നു എന്നാണ് അതിന്‍റെ വ്യാഖ്യാനം. അതായത്, സ്ത്രീ നേരിടുന്ന എല്ലാ അതിക്രമങ്ങളുടെയും കാരണം അവളുടെ തന്നെ ശരീരമാണ് എന്ന് വ്യംഗ്യം.  

ക്രിസ്തുമതം സ്ത്രീകള്‍ക്കു കുര്‍ബാന അര്‍പ്പിക്കാനും ബിഷപ്പ് ആകാനും വിലക്ക് ഏര്‍പ്പെടുത്തുമ്പോഴും ഇസ്ലാം മതം ആരാധനാലയങ്ങളില്‍നിന്ന് തന്നെ സ്ത്രീകളെ അകറ്റി നിര്‍ത്തുമ്പോഴും ഒക്കെ ഈ മനോഭാവം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. ഈ മതങ്ങള്‍ ഉണ്ടായ കാലത്തെ സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ മാറി മറിഞ്ഞിട്ടും പല കാര്യങ്ങളിലും മതവിശ്വാസങ്ങള്‍ പാടെ മാറിയിട്ടും സ്ത്രീകളുടെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയ്ക്കും മതങ്ങള്‍ തയ്യാറാകുന്നില്ല.  

പൊതു ഇടങ്ങളില്‍ സ്ത്രീ നേരിടുന്ന എല്ലാത്തരം ആക്രമണങ്ങളുടെയും പിന്നില്‍ ഈ മനോഗതിയാണ്. ഇത് നമ്മുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നതു കൊണ്ട് സ്ത്രീ രണ്ടാം തരം പൗരനാണ് എന്നു സ്ത്രീകള്‍ പോലും ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീക്ക് ഒരിക്കലും ബൗദ്ധികമായി പുരുഷന് തുല്യയാകാന്‍ സാധിക്കുകയില്ല എന്ന വിശ്വാസം ഒരു ശാസ്ത്രീയ സത്യമാണെന്ന് വിശ്വസിക്കാന്‍ ആണും പെണ്ണും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും നിര്‍ബന്ധിതരാകുന്നു. അധികാരത്തില്‍നിന്നും ഭരണത്തില്‍നിന്നും സ്ത്രീയെ അകറ്റി നിര്‍ത്തുന്നത് ഈ മന:ശാസ്ത്രമാണ്.  

പക്ഷേ, ഈ വാദം എത്ര പൊള്ളയാണ് എന്ന് അറിയാന്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ അധികാരത്തില്‍ വന്നപ്പോള്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അല്ലെങ്കില്‍ പാര്‍ലമെന്‍റില്‍ സ്ത്രീകളായ എം പിമാരുടെ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ മതി. മഹാരാഷ്ട്രയിലെ നന്ദുബാറില്‍നിന്നുള്ള ഹീന വിജയകുമാര്‍ ഗാവിത് എന്ന എം പി ചോദിച്ച ചോദ്യങ്ങള്‍ 1099 ആണ്. അവര്‍ക്കു 31 വയസ്സേയുള്ളൂ. മഹാരാഷ്ട്രയിലെ ബാരാമതിയില്‍നിന്നുള്ള സുപ്രിയ സുലെ ചോദിച്ച ചോദ്യങ്ങള്‍ 1184 ആണ്. പാര്‍ലമെന്‍റില്‍ ചോദിച്ച ചോദ്യങ്ങളുടെ എണ്ണത്തില്‍ സുപ്രിയ ആണ് മുമ്പില്‍.

അതുകൊണ്ട്, സ്ത്രീകള്‍ക്ക് പാര്‍ലമെന്‍റില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഒരു വലിയ മുന്നേറ്റമാണ്. അധികാരത്തില്‍ എത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ സ്ത്രീയെ രണ്ടാം തരം പൗരനായി കാണാനുള്ള അബോധപൂര്‍വ്വമായ പ്രേരണ സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇല്ലാതാകും എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.

സിപിഎമ്മിന്റെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് സ്ത്രീകളാണുള്ളത്. അതിലൊരാൾ സിറ്റിങ് എംപിയും മറ്റൊരാൾ എംഎൽഎയുമാണ്. ലിംഗ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ ഈ നിലപാട് ഇരട്ടത്താപ്പല്ലേ? 

രണ്ടാം നവോത്ഥാനത്തിന്‍റെ ഭാഗമായി വനിതാമതില്‍ പണിതുയര്‍ത്തിയ ഇടതുപക്ഷം സ്ത്രീകള്‍ക്കു നല്‍കിയ പ്രാതിനിധ്യം നിരാശപ്പെടുത്തുന്നതാണ്. എല്‍ ഡി എഫ് ഇരുപത് സീറ്റില്‍ പത്തിലും സ്ത്രീകളെ മല്‍സരിപ്പിക്കേണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്.

കേരളത്തിൽ നിന്ന് എല്ലാക്കാലത്തും കോൺഗ്രസിന് വനിതാ എംപിമാർ കുറവായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

ശബരിമല വിധി വന്നപ്പോള്‍ ബിജെപിയോടും രാഹുല്‍ ഈശ്വറിനോടും ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതില്‍പ്പിന്നെ ആ പാര്‍ട്ടിയെക്കുറിച്ച് പരാതികളൊന്നുമില്ല. പ്രതീക്ഷയുണ്ടെങ്കിലല്ലേ പരാതിയുള്ളൂ? അവര്‍ രണ്ട് സീറ്റ് കൊടുത്തത് തന്നെ വലിയ കാര്യം. പ്രത്യേകിച്ചും ഷാനി മോള്‍ ഉസ്മാന് ആലപ്പുഴ സീറ്റ് തന്നെ കൊടുത്തത് പാര്‍ട്ടിയുടെ സമീപകാല പ്രകടനം വച്ച് നോക്കിയാല്‍ വലിയൊരു വിപ്ലവമാണ്. ബിന്ദു കൃഷ്ണയെ ആറ്റിങ്ങലില്‍ മല്‍സരിപ്പിക്കുന്നതിന് പകരം രമ്യ ഹരിദാസിനെ ആലത്തൂരില്‍ മല്‍സരിപ്പിച്ചതും വലിയ മുന്നേറ്റം തന്നെ. കെ കരുണാകരന്‍ പാര്‍ട്ടി നേതാവായിരുന്ന കാലത്ത് അദ്ദേഹം സാവിത്രി ലക്ഷ്മണനെ മുകുന്ദപുരം സീറ്റില്‍ മല്‍സരിപ്പിച്ചു. അവര്‍ 1989ലും 1991ലും വിജയിച്ചു. അതുപോലെ ഒരു സ്ത്രീയെ ഒരു ഷുവര്‍ സീറ്റില്‍ മല്‍സരിപ്പിക്കുന്ന ഒരു കാലമെത്തിയിട്ട് നമുക്കു കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചു സംസാരിച്ചാല്‍പ്പോരേ?

പക്ഷേ, ഒരു കാര്യത്തില്‍ വളരെ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കോണ്‍ഗ്രസ് മറ്റെല്ലാത്തിനെക്കാളും ഗൗരവമായി കാണുന്നുണ്ട്. രാജ്യത്തെ മറ്റെല്ലാ പ്രശ്നങ്ങളെയും അവഗണിച്ച് സി.പി.എം. ഓഫിസിലെ പീഡനത്തെ കുറിച്ചു കോണ്‍ഗ്രസ് നേതാക്കളും അണികളും ലീഗ് അനുയായികളും ഒക്കെ വ്യാകുലപ്പെടുന്നതു ശുഭസൂചകമാണ്.  രണ്ടാം നവോത്ഥാനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടതുകൊണ്ടാണോ എന്നറിയില്ല, സ്ത്രീപീഡന സംഭവങ്ങളില്‍ സ്ത്രീകളുടെ മൊഴികള്‍ വിശ്വസനീയമാണെന്ന് കോണ്‍ഗ്രസുകാര്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.  അതു മുന്‍കാല പ്രാബല്യത്തോടെയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.

 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് തോന്നുന്നുണ്ടോ?

രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു ജീവൻ മരണ പോരാട്ടമാണിത്.  ഈ തെരഞ്ഞെടുപ്പില്‍ ബുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള പ്രതിപക്ഷം ചെയ്യേണ്ടത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്ര നയങ്ങളുടെ ഇഴകീറി ജനസമക്ഷം കൊണ്ടുവരികയാണ്. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ എന്താണ്? ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിത്തീര്‍ന്നു? ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഗവേഷണം മാത്രം ഇനി നടത്തിയാല്‍ മതിയെന്ന കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ക്കുലറില്‍ പ്രതിഷേധിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍നിന്നു ഡോ. മീന ടി. പിള്ള രാജിവച്ചത് കഴിഞ്ഞ ദിവസമാണ്.  നമ്മുടെ തൊഴിലില്ലായ്മയുടെ തോത് എന്താണ്? പിന്നോക്കജാതിയില്‍പ്പെട്ടവര്‍, ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍ – ഇവരെയെല്ലാം എങ്ങനെയാണ് കേന്ദ്രനയങ്ങള്‍ ബാധിച്ചത്? നോട്ട് നിരോധനവും ജിഎസ്ടിയും സംബന്ധിച്ച് ഗവണ്‍മെന്‍റ് വിശദീകരണവും യാഥാര്‍ഥ്യവും എങ്ങനെയാണ്? പുല്‍വാമാ ആക്രമണത്തിന്‍റെ സത്യാവസ്ഥ എന്താണ്? ഏറ്റവും ഭീകരമായത് ജനങ്ങളുടെ സംശങ്ങൾ ചോദിക്കാനോ അത് വിശദീകരിക്കാനോ രാജ്യം ഭരിക്കുന്ന പാർട്ടിയും അതിന്റെ നേതാക്കളും തയ്യാറാകുന്നില്ല അന്നതാണ്. പക്ഷെ ഈ ചോദ്യങ്ങളിൽ ഒന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സോ പാര്‍ട്ടിക്കുള്ളില്‍ ഫെയ്സ്ബുക്ക് സമ്മര്‍ദ്ദഗ്രൂപ്പ് മാനേജ് ചെയ്യുന്ന യുവനേതാക്കളോ കേരളത്തിൽ പോലും ചോദിച്ച് കേൾക്കാറില്ല.

  
രാഷ്ട്രീയ നേതാക്കൾ പൊതുവിടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇടപ്പെട്ട രീതി ശരിയാണെന്ന അഭിപ്രായമുണ്ടോ?  

നേതാവ് എന്ന വാക്ക് ധ്വനിപ്പിക്കുന്ന അര്‍ത്ഥം എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ നേടുന്ന ഒരാള്‍ എന്നല്ല. പിന്നാലെ ജയ് വിളിക്കാന്‍ കുറേപ്പേരെ കാശു കൊടുത്ത് ഇറക്കിയ ഒരാള്‍ എന്നുമല്ല. ലോകം മുഴുവന്‍ എതിര്‍ത്താലും ജനജീവിതം മെച്ചപ്പെടുത്തുന്ന പുരോഗമനാശയങ്ങളെ ഒരിക്കലും കൈവിടാത്ത ഒരാള്‍ എന്നാണ്.  പൊതുവിടത്തില്‍ പ്രതികരിക്കുന്നവരെ ഒരു നല്ല നേതാവ് അധിക്ഷേപിക്കുകയില്ല. അവര്‍ അതിന് മറുപടി പറഞ്ഞാല്‍ തെറി വിളിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുകയില്ല. തെറ്റു മനസ്സിലായാല്‍ മാപ്പു ചോദിക്കാന്‍ മടിക്കുകയില്ല. അഭിപ്രായം പറയുന്ന സ്ത്രീകളുടെ വിശ്വാസ്യത തകര്‍ക്കുന്നതും അവരെ തെറി വിളിക്കുന്നതും ഇനിയുള്ള കാലത്ത് വിലപ്പോകുകയില്ല എന്നെങ്കിലും ഒരു നല്ല നേതാവ് തിരിച്ചറിയേണ്ടതുണ്ട്.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വച്ചു നടത്തിയ സ്ത്രീസംഗമത്തില്‍ വച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനോട് ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. നമ്മുടെ ജനപ്രതിനിധികള്‍ക്ക് തുല്യനീതി സംബന്ധിച്ച് ഒരു ഏകദേശ ധാരണയെങ്കിലും നല്‍കാന്‍ ക്ലാസുകളോ വര്‍ക്ക് ഷോപ്പുകളോ നടത്തുക എന്നതായിരുന്നു അത്. രാവണപ്രഭുക്കളെ ഉള്ളില്‍ പ്രതിഷ്ഠിച്ച ജനപ്രതിനിധികള്‍ അനവധിയുണ്ട്. കുറഞ്ഞപക്ഷം കമല ഭാസിന്‍, ഇന്ദിര ജെയ്സിങ്, നിവേദിത മേനോന്‍, ഡോ. രൂപ് രേഖ വര്‍മ്മ തുടങ്ങിയവരുമായി ഒരു സംവാദം നടത്താനെങ്കിലും അവര്‍ക്ക് അവസരം നല്‍കേണ്ടതാണ്. അവരില്‍ പലരും മനസ്സില്‍ കൊണ്ട് നടക്കുന്ന ആണ്‍– പെണ്‍ വാര്‍പ്പുമാതൃകകള്‍ ഉടച്ചു കളയാന്‍ അത് ഉപകരിക്കും. മറ്റൊരു ലോകവും മറ്റൊരു തരം രാഷ്ട്രീയവും സാധ്യമാണ് എന്ന് അവര്‍ തിരിച്ചറിയും. അവരില്‍ ചിലര്‍ക്കെങ്കിലും മാറ്റമുണ്ടായാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റം വരുത്തും.
 
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സിപിഎം വ്യാപകമായ സൈബർ ആക്രമണങ്ങളും വ്യാജപ്രചരണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളു‌മാണ് നടത്തുന്നത്. സിപിഎമ്മിന്റെ ഈ നിലപാട് ശരിയാണെന്ന് തോന്നുന്നുണ്ടോ? ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

രമ്യ ഹരിദാസ് എന്നല്ല, ഈ നാട്ടിലെ ഒരു പൗരന് എതിരേയും വ്യക്തിപരമായ അധിക്ഷേപവും വ്യാജപ്രചാരണങ്ങളും ഉണ്ടാകരുത്. രമ്യയെ വിലയിരുത്തേണ്ടത് തന്‍റെ പ്രവര്‍ത്തനമേഖലയില്‍ രമ്യ നടത്തിയ പദ്ധതികളും വികസനപരിപാടികളും അടിസ്ഥാനപ്പെടുത്തിയാണ്. വ്യക്ത്യധിക്ഷേപങ്ങളും കള്ളക്കഥകള്‍ പ്രചരിപ്പിക്കലും – പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ – സിപിഎം ചെയ്തുകൂടാ.  കാരണം, തുല്യനീതിയെ കുറിച്ച് സംസാരിക്കുന്നവരില്‍നിന്നു കൂടുതല്‍ ഉത്തരവാദിത്തം ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios