ദില്ലി: കൊവിഡ്-19 പടർന്നുപിടിച്ചതിനെ തുടർന്ന് ആഗോളതലത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ എയർ ഇന്ത്യ ലേലത്തിന് ബിഡ് സമർപ്പിക്കാനുളള സമയപരിധി ഓഗസ്റ്റ് 31 വരെ സർക്കാർ വീണ്ടും നീട്ടി.

ഇത് മൂന്നാം തവണയാണ് സമയപരിധി കേന്ദ്ര സർക്കാർ നീട്ടുന്നത്. ദേശീയ വിമാനക്കമ്പനിയുടെ ലേലം സംബന്ധിച്ച പ്രക്രിയ ജനുവരി 27 ന് സർക്കാർ ആരംഭിച്ചിരുന്നു.

ജനുവരിയിൽ ഇഒഐ (Expression of Interest) ഇഷ്യു ചെയ്യുമ്പോൾ, ബിഡ്ഡുകളുടെ അവസാന തീയതി മാർച്ച് 17 ആയിരുന്നു, പിന്നീട് ഇത് ഏപ്രിൽ 30 വരെ നീട്ടി. അതിന് ശേഷം ജൂൺ 30 വരെയും ഇപ്പോൾ ഓഗസ്റ്റ് 31 വരെയും നീട്ടി.

“പ്രധാനപ്പെട്ട തീയതികളുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ താൽപ്പര്യമുള്ള ലേലക്കാരെ അറിയിക്കും,” പൊതുമേഖല ഓഹരി വിൽപ്പന സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) അറിയിച്ചു.