ദില്ലി: എയർടെല്ലിന്റെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താവിന് ദിവസം  50 പൈസ മുതൽ 2.85 രൂപ വരെ അധികം ചിലവാകും. നാളെ മുതലാണ് പുതിയ താരിഫ് നിലവിൽ വരുന്നത്. 47 ശതമാനം വരെ വർധനവാണ് ഭാരതി എയർടെൽ താരിഫുകളിൽ ഉണ്ടായിരിക്കുന്നത്. 19 രൂപയുടെ റീച്ചാർജിന് മാത്രമാണ് മാറ്റമില്ലാത്തത്. മറ്റെല്ലാ പ്ലാനുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ റീച്ചാർജ് 35 ൽ നിന്ന് 49 രൂപയാക്കി ഉയർത്തി.

148 രൂപയുടെ പ്ലാൻ

നേരത്തെ 129 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന പ്ലാനാണ് 148 രൂപയാക്കിയത്. അൺലിമിറ്റഡ് കോളിംഗ് സേവനത്തിന് പുറമെ, 300 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കും. ഇതിന് പുറമെ രണ്ട് ജിബി ഡാറ്റയും എയർടെൽ എക്സ് സ്ട്രീം, വിങ്ക്, ഹെലോ ട്യൂൺസ് തുടങ്ങിയ സേവനങ്ങളും കിട്ടും. 19 രൂപയുടെ വർധനവാണ് പ്ലാനിൽ ഉണ്ടായിരിക്കുന്നത്.

248 രൂപയുടെ പ്ലാൻ

169 രൂപയുടെയും 199 രൂപയുടെയും പ്ലാനുകൾ പിൻവലിച്ചാണ് 248 രൂപയുടെ പുതിയ പ്ലാൻ ഇറക്കിയിരിക്കുന്നത്. അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് ലഭിക്കും. എയർടെൽ എക്സ് സ്ട്രീം പ്രീമിയം കണ്ടന്റ്, വിങ്ക് മ്യൂസിക്, ഹെലോ ട്യൂൺസ് എന്നിവയും ആന്റിവൈറസ് മൊബൈൽ സുരക്ഷയും ലഭിക്കും. 49 മുതൽ 79 രൂപ വരെയാണ് പ്ലാനിൽ
വർധനവുണ്ടായത്.

298 പ്ലാൻ

അൺലിമിറ്റഡ് കോളിന് പുറമെ 100 എസ്എംഎസും 2 ജിബി ഡാറ്റയും ദിവസവും ലഭിക്കും. നേരത്തെ 249 രൂപയായിരുന്നു ഈ പ്ലാനിന്റെ വില. 28 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും ഉയർന്ന നിരക്കുള്ളതും ഈ പ്ലാനിനാണ്. 49 രൂപയുടെ വർധനവ് പ്ലാനിൽ ഉണ്ടായിട്ടുണ്ട്.

എയർടെല്ലിന്റെ 84 ദിവസത്തേക്കുള്ള 4ജി പ്ലാനുകൾ

84 ദിവസം കാലാവധി ഉണ്ടായിരുന്ന 448 രൂപയുടെയും 499 രൂപയുടെയും പ്ലാനുകൾ ഇനി 598 രൂപയ്ക്കും 698 രൂപയ്ക്കുമാണ് ലഭിക്കുക. 598 രൂപയുടെ പ്ലാനിൽ ദിവസം 1.5 ജിബി ഡാറ്റയും 698 രൂപയുടെ പ്ലാനിൽ ദിവസം രണ്ട് ജിബി ഡാറ്റയും ലഭിക്കും. ഇരു പ്ലാനുകളിലും അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസ് സേവനവും ലഭ്യമാകും.