മുംബൈ:ഓഗസ്റ്റ് മാസത്തെ ആകെ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ ഇന്‍ഡിഗോ മുന്നില്‍. ആകെ ഉപഭോക്താക്കളില്‍ 47 ശതമാനം വിപണി വിഹിതത്തോടെ ഇന്‍ഡിഗോ ഓഗസ്റ്റ് മാസത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. 15.5 ശതമാനം വിപണി വിഹിതവുമായി സ്പൈസ് ജെറ്റ് രണ്ടാം സ്ഥാനവും 12.8 ശതമാനത്തോടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമുണ്ട്. 

സമയക്രമം പാലിക്കുന്നതില്‍ ഗോ എയറിനാണ്  ഒന്നാം സ്ഥാനം. കമ്പനിയുടെ 85.1 ശതമാനം ഫ്ലൈറ്റുകളുടെ കൃത്യമായ സമയക്രമം പാലിച്ചു. ക‍ൃത്യനിഷ്ഠയുടെ കാര്യത്തില്‍ എയര്‍ ഏഷ്യ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. എയര്‍ ഏഷ്യയുടെ 82.7 ശതമാനം ഫ്ലൈറ്റുകളുടെ സമയക്രമം പാലിച്ചു. 

സര്‍വീസുകളുടെ ശേഷി വിനിയോഗത്തില്‍ സ്പൈസ് ജെറ്റാണ് ഏറ്റവും മുന്നില്‍. ഓഗസ്റ്റ് മാസത്തില്‍ കമ്പനിയുടെ 92.4 ശതമാനം സീറ്റുകളും നിറഞ്ഞു. സീറ്റ് ഒക്കുപ്പന്‍സിയുടെ കാര്യത്തില്‍ 87.8 ശതമാനം വിനിയോഗത്തോടെ എയര്‍ ഏഷ്യ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ ഓഗസ്റ്റില്‍ 3.87 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വിമാനക്കമ്പനികള്‍ കൈവരിച്ചത്. ടിക്കറ്റ് നിരക്കുകളിലുണ്ടായ കുറവാണ് വര്‍ധനയ്ക്ക് പ്രധാന പങ്കുവഹിച്ചത്.