Asianet News MalayalamAsianet News Malayalam

കള്ളനാണയങ്ങളെ ദൈവത്തിന് അറിയാം, പത്മജയുടെ പ്രാർത്ഥന വേണ്ടെന്ന് മുരളീധരൻ

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നെന്ന് മുരളീധരൻ

i dont want padmaja's prayers says k muraleedharan
Author
First Published Apr 26, 2024, 10:10 PM IST

തൃശൂര്‍: സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ലെന്ന സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി കെ മുരളീധരൻ. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാൻ കഴിയുമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരന്‍റെ മറുപടി.

പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാർത്ഥിക്കട്ടെ. തനിക്കുവേണ്ടി പ്രാർത്ഥിക്കേണ്ട. കള്ളനാണയങ്ങളെ ദൈവത്തിനറിയാം. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്റെ വിശ്വാസമെന്നും മുരളീധരന്‍ പ്രതികരിച്ചു. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താൻ. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും എന്നാണ് വിശ്വാസം. തന്റെ മാത്രം മിടുക്കല്ല അത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂടി ഗുണമാണ്. ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നെന്നും മുരളീധരൻ അവകാശപ്പെട്ടു.

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും മുരളീധരൻ പറഞ്ഞു. വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനര്‍ഥം നിലവിലുള്ള സര്‍ക്കാരിനെതിരായി സാധാരണക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട് എന്നാണ്. പാചക വാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണ്. അവര്‍ എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് നേരത്തെ പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്‍റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നും അല്ലല്ലോയെന്നും പത്മജ പറയുകയുണ്ടായി. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നും പറഞ്ഞത് മുരളീധരനാണെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥിക്കേണ്ട കാര്യമില്ലെന്നും പത്മജ വേണുഗോപാൽ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios