നിങ്ങള്‍ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന മേഖല ആവശ്യപ്പെടുന്ന സ്കില്ലുകള്‍ നിങ്ങള്‍ക്കുണ്ടോ? മാറുന്ന സ്കില്ലുകളെക്കുറിച്ച് നിങ്ങള്‍ അറിയാതെ പോകുന്നുണ്ടോ? തുടര്‍ച്ചയായി അഭിമുഖങ്ങളിൽ പരാജയപ്പെടുന്നുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ നിരാശയല്ല, നൈപുണ്യ വികസനമാണ് നിങ്ങള്‍ക്കാവശ്യം.

ഉന്നതവിദ്യാഭ്യാസമുണ്ടെങ്കിലും ഒരു നല്ല ജോലി ഉറപ്പിക്കാന്‍ സ്കില്ലുകള്‍ കൂടിയെ തീരൂ. അതിവേഗം മാറുകയാണ് തൊഴിൽ മേഖലകള്‍. സാങ്കേതികവിദ്യയിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് തയാറെടുപ്പ് നടത്തിയാലേ ഇനി തൊഴിലിടങ്ങളിൽ മികച്ച പ്രകടനത്തിന് സാധ്യതയുള്ളൂ. മാത്രമല്ല, ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതിവേഗം തൊഴിലുകള്‍ അനുകരിക്കുമ്പോള്‍ പല അടിസ്ഥാന തൊഴിലുകളും മനുഷ്യരില്ലാതെ ചെയ്യാം എന്നുമാകും.

നിങ്ങള്‍ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന മേഖല ആവശ്യപ്പെടുന്ന സ്കില്ലുകള്‍ നിങ്ങള്‍ക്കുണ്ടോ? മാറുന്ന സ്കില്ലുകളെക്കുറിച്ച് നിങ്ങള്‍ അറിയാതെ പോകുന്നുണ്ടോ? തുടര്‍ച്ചയായി അഭിമുഖങ്ങളിൽ പരാജയപ്പെടുന്നുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ നിരാശയല്ല, നൈപുണ്യ വികസനമാണ് നിങ്ങള്‍ക്കാവശ്യം.

തൊഴിലിന് ആവശ്യമായ നൈപുണി ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനമാണ് കേരള സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷൻ (KKEM). ഇതിലൂടെ 450-ന് മുകളിൽ സ്കിൽ കോഴ്സുകള്‍ പഠിക്കാം. യോഗ്യതയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പ് നേടാം. ഇൻഡസ്ട്രിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം തൊഴിലിടത്ത് നിങ്ങള്‍ക്ക് ആവശ്യമായ നൈപുണി വികസിപ്പിക്കാന്‍ KKEM സഹായിക്കും.

എന്താണ് നൈപുണി?

വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പുറമെ തൊഴിലുകളിൽ ആവശ്യമായ വൈദഗ്ധ്യമാണ് നൈപുണി (skills). ഇത് പുതിയ തൊഴിൽ സംസ്കാരത്തിനൊപ്പം പിടിച്ചു നിൽക്കാനും തൊഴിൽ വിപണിയിൽ മുന്നേറാനും നിങ്ങളെ സഹായിക്കും.

ഒരുദാഹരണം പരിശോധിക്കാം: നൂതനമായ നിരവധി മാറ്റങ്ങള്‍ ദിനംപ്രതിയെന്നോണം വരുന്ന മേഖലയാണ് ഐ.ടി. എൻജിനീയറിങ് പഠിച്ച ഒരാള്‍ക്ക് എളുപ്പത്തിൽ ജോലി നേടുക ഇനി സാധ്യമല്ല. കാരണം അയാള്‍ പഠിച്ച കോഴ്സുകള്‍ കൊണ്ടുമാത്രം നവീനമായ ഒരു തൊഴിൽ വിപണിയിൽ ശ്രദ്ധിക്കപ്പെടാനാകില്ല. അതിന് അധികമായി നൈപുണികള്‍ ആര്‍ജ്ജിക്കേണ്ടി വരും. നൈപുണിയിലെ വിടവ്, തൊഴിൽ തേടുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ്.

തൊഴിൽ മേഖലയിലെ നൈപുണികള്‍ ഏതൊക്കെ?

പ്രധാനമായും മൂന്നു വിഭാഗത്തിൽ നമുക്ക് നൈപുണികളെ തരംതിരിക്കാം.

1. സോഫ്റ്റ് സ്കിൽസ്

ഒരു സ്ഥാപനത്തിന്‍റെ ജീവനക്കാരനെന്നിരിക്കെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാനും മറ്റുള്ളവരുമായി ഇടപഴകുവാനും ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളാണിവ. തൊഴിലന്വേഷക൯ ഒരു ജോലിയുടെ ഇന്‍റര്‍വ്യൂവിന്‌ പോകുമ്പോള്‍ തൊഴിൽ ദാതാവ്‌ ഉദ്യോഗാര്‍ത്ഥിക്ക് സോഫ്റ്റ്‌ സ്കില്ലുകള്‍ ഉണ്ടോയെന്ന്‌ നോക്കും. അവ കൂടുതലും പ്രകടമാകുന്നത്‌ അവര്‍ സമര്‍പ്പിക്കുന്ന ബയോ ഡാറ്റായിലും അവരുടെ ആശയവിനിമയത്തിലുമാണ്.

സോഫ്റ്റ് സ്‌കില്ലുകള്‍ക്ക്‌ ഉദാഹരണം:

- നേത്യത്വ പാടവം
- ആശയവിനിമയം
- പ്രശ്നം പരിഹരിക്കൽ
- വിമര്‍ശനാത്മക ചിന്ത

ഡിജിറ്റൽ സ്കിൽസ്

സാങ്കേതിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായ ഡിജിറ്റല്‍ സ്‌കില്ലുകള്‍ അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റൽ ഉപകരണങ്ങള്‍, ആശയ വിനിമയ ആപ്ലിക്കേഷനുകള്‍, നെറ്റ് വര്‍ക്കുകള്‍ എന്നിവ ഉപയോഗിക്കാനുമുള്ള കഴിവുകളെയുമാണ്‌ ഡിജിറ്റല്‍ സ്കിൽസ് എന്ന് പറയുന്നത്.

ഡിജിറ്റൽ സ്കില്ലുകള്‍ക്ക്‌ ഉദാഹരണം:

- ഡിജിറ്റൽ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള പ്രാപ്തി
- ആപ്ലിക്കേഷ൯, സോഫ്റ്റ്‌ വെയര്‍ എന്നിവ ഉപയോഗിക്കാനുള്ള കഴിവ്‌
- വിവരങ്ങള്‍ ഉചിതമായി കണ്ടെത്തി വിശകലനം ചെയ്യാനുള്ള കഴിവ്‌

ഡൊമൈൻ സ്കിൽസ്

ഒരു പ്രത്യേക വ്യവസായത്തിനോ ജോലിക്കോ മാത്രം ആവശ്യമായ കഴിവുകളെയാണ്‌ അവ സൂചിപ്പിക്കുന്നത്‌. ഡൊമൈ൯ സ്‌കില്ലുകള്‍ ഓരോ മേഖലക്കും വ്യത്യസ്തങ്ങളായിരിക്കാം. ഇവ തൊഴില്‍-നിര്‍ദ്ദിഷ്ടമായതിനാല്‍ തൊഴിലന്വേഷകന്‌ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനം ആര്‍ജ്ജിച്ചെടുക്കേണ്ടതായിട്ടുണ്ട്‌.

ഡൊമൈന്‍ സ്കില്ലുകള്‍ക്ക്‌ ഉദാഹരണം:

- മാര്‍ക്കറ്റിംഗ്‌
- പ്രോഗ്രാമിംഗ്‌
- ഡാറ്റാ മാനേജ്മെന്റ്‌
- കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌
- അക്കൗണ്ടിംഗ്‌ സോഫ്റ്റ്‌ വെയര്‍

നിങ്ങള്‍ക്ക് ഈ സ്കില്ലുകള്‍ ഉണ്ടോ?

നൈപുണിയിലെ വിടവ് തൊഴിൽദാതാക്കള്‍ക്കും തൊഴിൽ തേടുന്നവര്‍ക്കും പ്രതിസന്ധിയാണ്. ഡിജിറ്റൈസേഷന് ഒപ്പം മികച്ച തൊഴിലാളികളെ ലഭിക്കുന്നില്ല എന്നത് തൊഴിൽദാതാക്കളെ ബാധിക്കുമ്പോള്‍, വേണ്ടത്ര തൊഴിൽ വൈദഗ്ധ്യം ഇല്ലാത്തത് തൊഴിൽ തേടുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. അവര്‍ക്ക് ജോലിയും ലഭിക്കാന്‍ തടസ്സം വരുന്നു. ഈ സാഹചര്യമാണ് പൊതുവെ സ്കിൽ ഗ്യാപ് (നൈപുണി വിടവ്) എന്ന് വിളിക്കുന്നത്.

നൈപുണി നേടാൻ നോളജ് ഇക്കോണമി മിഷന്‍ എങ്ങനെ സഹായിക്കും?

കേരളത്തിൽ നൈപുണി വിടവാണ് തൊഴിൽ അന്വേഷകരെ മികച്ച അവസരങ്ങളിൽ നിന്നും അകറ്റുന്നത്. ഇത് തിരിച്ചറിഞ്ഞ് നൈപുണ്യ വികസനത്തിന് അന്തരീക്ഷമൊരുക്കുകയാണ് കേരള നോളജ് ഇക്കോണമി മിഷൻ.

നോളജ് ഇക്കോണി മിഷന്‍റെ നൈപുണ്യ വികസന പരിപാടികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

സ്കിൽ കോഴ്സുകള്‍

തൊഴിൽ വിപണിയിൽ വൈദഗ്ധ്യം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം തൊഴില്‍ ആവശ്യകതയ്ക്ക് അനുയോജ്യമായ നൈപുണ്യ കോഴ്സുകള്‍ എടുക്കുക എന്നതാണ്. കേരള നോളജ്‌ ഇക്കോണമി മിഷന്‍, തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നൈപുണ്യ ആവശ്യകത പഠിച്ചതിന്‌ ശേഷം 450-ൽ അധികം നൈപുണ്യ കോഴ്‌സുകള്‍ അവരുടെ DWMS എന്ന പ്ലാറ്റ്‍ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള തൊഴിലന്വേഷകര്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്ടമുള്ള നൈപുണ്യ കോഴ്‌സുകളില്‍ ചേരാനും അതിനുതകുന്ന സര്‍ട്ടിഫിക്കേഷന്‍ നേടാനും സാധിക്കും.

ഇന്‍റേൺഷിപ്പ്, അപ്രന്‍റിസ്ഷിപ്പ്

കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്കും അവരുടെ സൈദ്ധാന്തിക പരിജ്ഞാനം പ്രായോഗിക അനുഭവങ്ങളിലേക്ക്‌ മാറ്റാനുള്ള അവസരങ്ങളാണ്‌ ഇന്‍റേൺഷിപ്പ്, അപ്രന്‍റിസ്ഷിപ്പ് പോലെയുള്ള പരിപാടികള്‍. ഇതിലൂടെ അവര്‍ക്ക്‌ വിവിധ വ്യവസായങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും നേരിട്ട്‌ അറിയാ൯ സാധിക്കുന്നു. DWMS വഴി വിവിധ കമ്പനികള്‍ നല്കുന്ന ഇന്‍റേൺഷിപ്പ് വിവരങ്ങള്‍ അറിയാനും യോഗ്യത അനുസരിച്ച്‌ അപേക്ഷിക്കാനും സാധിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സ്റ്റൈപ്പന്‍റോ സര്‍ട്ടിഫിക്കറ്റോ ഇത് രണ്ടുമോ ലഭിക്കും. ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കിയ വിവരം അവരുടെ റെസ്യുമെയിൽ ചേര്‍ക്കാവുന്നതുമാണ്‌.

സ്കിൽ സ്കോളര്‍ഷിപ്പ്

DWMS പ്ലാറ്റ്‍ഫോമിൽ ലഭ്യമായിട്ടുള്ള കോഴ്‌സുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവക്ക് സ്കോളര്‍ഷിപ്പ് സാകര്യം ലഭ്യമാണ്‌. ആറ്‌ വിഭാഗങ്ങള്‍ക്ക്‌ ആണ്‌ സ്‌കോളര്‍ഷിപ്പ് യോഗ്യതയുള്ളത്‌.

- പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകര്‍
- പട്ടിക വര്‍ഗം വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകര്‍
- മത്സ്യത്തൊഴിലാളി സമൂഹത്തിൽപ്പെട്ട തൊഴിലന്വേഷകര്‍
- ബിപിഎൽ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍
- മാതാവിന്‍റെയോ പിതാവിന്‍റെയോ സംരക്ഷണത്തിലുള്ള സ്ത്രീകള്‍
- ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷക൪

മൊത്തം ഫീസിന്‍റെ 70 ശതമാനമോ പരമാവധി 20,000 രുപയോ (ഏതാണോ കുറവ്‌) ആണ്‌ സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കുന്നത്‌. കോഴ്സുകളിൽ ചേരാ൯ വേണ്ടിയുള്ള വായ്പാ സാകര്യങ്ങളും നോളജ്‌ ഇക്കണോമി മിഷ൯ ഒരുക്കുന്നുണ്ട്‌.

ലേണിംഗ്‌ സര്‍ക്കിളുകള്‍

സമാന താത്പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, അവരുടെ പഠനാനുഭവങ്ങളും പഠന താല്‍പര്യങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കോളേജുകളില്‍ സൃഷ്ടിക്കുന്ന ചെറിയ ഗ്രൂപ്പുകളാണ് ലേണിംഗ്‌ സര്‍ക്കിളുകള്‍. പരമ്പരാഗത ക്ലാസ്സ്‌ റൂം പഠന രീതികളില്‍ നിന്നും വൃത്യസ്തമായി ലേണിംഗ്‌ സ൪ക്കിളുകള്‍ പഠിതാക്കളാൽ നയിക്കപ്പെടുകയും പഠിതാക്കള്‍ക്കിടയിലെ പഠന താല്പര്യത്തെയും അറിവുകളെയും പരസ്പര സഹകരണത്തോടുകൂടി അധിക നൈപുണ്യത്തിലുടെ കൂടുതൽ മെച്ചപ്പെടുത്തുവാ൯ സഹായിക്കുന്നു.

വര്‍ക് നിയര്‍ ഹോം

സാങ്കേതികവത്കരണം തൊഴിലവസരങ്ങള്‍ മാറ്റുന്നതിനൊപ്പം തന്നെ തൊഴിലിടങ്ങളിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഓഫീസില്‍ നേരിട്ട്‌ പോയി ജോലിയെടുക്കുന്നതിന്‌ പകരം ഇന്ന്‌ എവിടെ നിന്ന്‌ വേണമെങ്കിലും ജോലി ചെയ്യാ൯ പറ്റുന്ന അവസരമുണ്ട്. ഇവയെ റിമോട്ട്‌ ജോബ്സ്‌ എന്ന്‌ വിളിക്കുന്നു. അത്‌ പോലെ തന്നെ ഒരു തൊഴിൽ ദാതാവിന്‍റെ കീഴിൽ അല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യാന്‍ സാധിക്കുന്ന ഫ്രീലാൻസിങ് ജോലികള്‍ക്കും ഇന്ന് പ്രാധാന്യം ഏറിവരുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ വര്‍ക്ക്‌ നിയ൪ ഹോം എന്ന പദ്ധതി രൂപീകരിച്ചിരിക്കുന്നത്‌. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവയെ തൊഴിലിടങ്ങളാക്കി മാറ്റുകയും റിമോട്ട്‌ ജോലികളും ഫ്രീലാ൯സിങ്‌ ജോലികളും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി അവ തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

നൈപുണി വികസന പരിപാടികളിൽ എങ്ങനെ അപേക്ഷിക്കാം?

തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും നൈപുണ്യ പരിശീലന ഏജ൯സികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന്‌ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്‌ മുൻപ് സൂചിപ്പിച്ച ഡിജിറ്റൽ വര്‍ക്ക്ഫോഴ്‌സ്‌ മാനേജ്മെന്‍റ് സിസ്റ്റം (DWMS). ഇതിലൂടെ വളരെ എളുപ്പത്തിൽ നൈപുണി വികസന പരിപാടികളുടെ ഭാഗമാകാം.

തൊഴിത മേഖലയിലേക്ക് ആവശ്യമായ മാനുഷിക വിഭവത്തിന്‍റെ ലഭ്യതയും വിതരണവും കൈകാര്യം ചെയ്യുന്ന ഒരു പ്ലാറ്റ്‍ഫോം ആയിട്ടാണ് DWMS പ്രവര്‍ത്തിക്കുന്നത്. തൊഴിലന്വേഷകര്‍ക്കും തൊഴിൽ ദാതാക്കള്‍ക്കും നൈപുണ്യപരിശീലന എജ൯സികള്‍ക്കും പ്ലാറ്റ്‍ഫോമിൽ രജിസ്റ്റര്‍ ചെയ്യാം.
തൊഴിലുടമകള്‍ക്ക്‌ അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി അനുയോജ്യമായ തൊഴിലന്വേഷകരെ കണ്ടെത്താനും തൊഴിലന്വേഷകര്‍ക്ക്‌ വിപണിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി സ്വയം മെച്ചപ്പെടുത്താനും നൈപുണ്യ പരിശീലനം നേടാനും ജോലികള്‍ക്ക്‌ അപേക്ഷിക്കാനുമുള്ള അവസരം ഈ പ്ലാറ്റ്‍ഫോമിലുണ്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും DWMS Connect ആപ്പ് ഡൗണ്‍ലോഡ്‌ ചെയ്തും സ്കില്‍ പ്രോഗ്രാംസില്‍ ആപ്ലിക്കേഷ൯ കൊടുക്കാവുന്നതാണ്‌.

എങ്ങനെ DWMS ഉപയോഗിക്കാം?

Step 1:
ബ്രൗസറിൽ https://knowledgemission.kerala.gov.in/ എന്ന യു.ആര്‍.എൽ ഉപയോഗിച്ച് DWMS പേജിൽ എത്താം. മുകളിൽ വലതുവശത്തായുള്ള LOGIN/REGISTER ബട്ടൺ ക്ലിക് ചെയ്യാം.

Step 2:
നിങ്ങളുടെ മെയിൽ ഐഡിയും പാസ്‍വേഡും നൽകി LOGIN ചെയ്യാം.

Step 3:
DWMS മെയിൻ പേജിൽ താഴേക്ക് സ്ക്രോള്‍ ചെയ്ത് Skill Enhancement Programmes എത്തുക.

Step 4:
Skill Enhancement Programmes കാണുന്ന PROCEED ബട്ടൺ ക്ലിക് ചെയ്യാം. ഏതൊക്കെ മേഖലയിലാണ് കോഴ്സ് നോക്കുന്നതെന്ന് തെരഞ്ഞെടുക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത മേഖലകളിലെ നൈപുണ്യ വികസന കോഴ്സുകള്‍ ദൃശ്യമാകും.

Step 5:
SEARCH ബട്ടൺ ഉപയോഗിച്ച് കോഴ്സുകള്‍ കണ്ടെത്താം. കോഴ്സുമായി ബന്ധപ്പെട്ട വാക്കുകള്‍ ടൈപ്പു ചെയ്തും താൽപര്യമുള്ള കോഴ്സുകള്‍ കണ്ടെത്താം. കൂടാതെ Course Partner ക്ലിക് ചെയ്ത് അനുയോജ്യമായ കോഴ്സ് ദാതാവിനെ തെരഞ്ഞെടുക്കാം. Mode of delivery ഉപയോഗിച്ച് നിങ്ങള്‍ ഓഫ്‍ലൈൻ, ഓൺലൈൻ ആയിട്ടാണോ കോഴ്സ് ചെയ്യുന്നത് എന്നും തെരഞ്ഞെടുക്കാം. Course Level എന്ന ഓപ്‍ഷൻ ഉപയോഗിച്ചാൽ കോഴ്സിന്‍റെ തുടക്കം മുതൽ പഠിക്കാനുള്ള അവസരം ലഭിക്കും. Job Role തെരഞ്ഞെടുത്താൽ ജോലി ചെയ്യാന്‍ താൽപര്യമുള്ള മേഖലയിൽ നൈപുണി വികസിപ്പിക്കാൻ സ്കിൽ കോഴ്സുകള്‍ തെരഞ്ഞെടുക്കാനാകും. ഇവിടെയുള്ള Know More ക്ലിക് ചെയ്ത് കോഴ്സ് വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയശേഷം Submit ക്ലിക് ചെയ്യാം.

Step 6:
കോഴ്സുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ കാണാം. കോഴ്സ് അവലോകനം, കോഴ്സ് ദാതാവ്, കോഴ്സ് നിരക്ക്, കോഴ്സ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റിൽ കാണാം. കോഴ്സിൽ പങ്കെടുക്കാന്‍ Apply Now ക്ലിക് ചെയ്യാം.

Step 7:
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട KKEM പാര്‍ട്‍ണര്‍ ബന്ധപ്പെടുകയും നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്യും.

സ്കോളര്‍ഷിപ്പ് യോഗ്യത അറിയാന്‍

സ്കോളര്‍ഷിപ്പ് യോഗ്യതയുള്ള പ്രോഗ്രാമുകളെക്കുറിച്ച് അറിയാന്‍ സ്കീം കാറ്റലോഗ് എന്ന ലിങ്ക് ക്ലിക് ചെയ്യാം. സ്കോളര്‍ഷിപ്പ് വഴി എത്ര കോഴ്സ് ഫീസ് അടക്കണം എന്നത് ഈ സ്ക്രീനിൽ കാണാം.

ഇന്‍റേൺഷിപ്പ് വിവരങ്ങള്‍ അറിയാന്‍

Step 1: 
ഇന്‍റേൺഷിപ്സ് എന്നതിന് വലതുവശത്തുള്ള PROCEED ക്ലിക് ചെയ്യാം.

Step 2: 
സെര്‍ച്ച് ബാറിൽ ടൈപ്പ് ചെയ്തും താഴേക്ക് സ്ക്രോള്‍ ചെയ്തും ഇന്‍റേൺഷിപ്പ് തെരഞ്ഞെടുക്കാം. ഇതിലൂടെ തന്നെ കമ്പനികള്‍ ആവശ്യപ്പെടുന്ന സ്കില്ലുകളും നൽകുന്ന സ്റ്റൈപ്പൻഡും കാണാം.

Step 3: 
Details എന്നത് ക്ലിക് ചെയ്ത് ഇന്‍റേൺഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവൻ പ്രദര്‍ശിപ്പിക്കും. താഴേക്ക് സ്ക്രോള്‍ ചെയ്ത് നിങ്ങളുടെ ബയോഡേറ്റ അപ്‍ലോഡ് ചെയ്യാം.

Step 4: 
ബയോഡേറ്റ അപ്‍ലോഡ് ചെയ്ത് Apply Now ക്ലിക് ചെയ്യാം.

Step 5: 
പുതുതായി തുറന്നുവരുന്ന പേജിൽ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് കാണാം.

വെബ്സൈറ്റിലൂടെ തന്നെ ലേണിങ് സര്‍ക്കിളുകളിൽ ചേരാനും, പുതിയ ലേണിങ് സര്‍ക്കിള്‍ രൂപീകരിക്കാനും, വിദഗ്ധര്‍ പങ്കെടുക്കുന്ന വെബിനാറുകളിൽ പങ്കെടുക്കാനും കഴിയും. മറ്റൊരു സേവനമായ ട്രെയിനിങ് കലണ്ടര്‍ ഉപയോഗിച്ച് കോഴ്സുകള്‍ തുടങ്ങുന്ന തീയതി നേരത്തെ അറിയാനും കഴിയും.

കേരള നോളജ് ഇക്കോണമി മിഷനിലൂടെ 60-ൽ അധികം നൈപുണി പ്രൊവഡര്‍മാരും 450-ൽ അധികം കോഴ്സുകളും ലഭ്യമാണ്. 45,000-ത്തിന് മുകളിൽ ആളുകള്‍ ഇതിനോടകം ഈ സേവനം ഉപയോഗിക്കുന്നുണ്ട്. 15,000-ത്തിന് മുകളിൽ രജിസ്ട്രേഷനുകളും 800-ൽ അധികം ഇന്‍റേൺഷിപ്പുകളും ഉറപ്പാക്കിയ DWMS സുദൃഢമായ കരിയറിലേക്കുള്ള നിങ്ങളുടെ യാത്ര എളുപ്പമാക്കുകയാണ്.