ദില്ലി: ലക്ഷ്മി വിലാസ് ബാങ്കിനെ സിം​ഗപ്പൂർ ആസ്ഥാനമായ ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ യൂണിറ്റുമായി ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ലക്ഷ്മി വിലാസ് ബാങ്കിന്റെ തകർച്ചയു‌ടെ ഉത്തരവാദികൾക്കെതിരെ നടപടിയെ‌ടുക്കാൻ റിസർവ് ബാങ്കിനോട് മന്ത്രിസഭ നിർദ്ദേശിക്കുകയും ചെയ്തു. 

20 ലക്ഷം പേരുടെ നിക്ഷേപമാണ് ലക്ഷ്മി വിലാസ് ബാങ്ക് കൈകാര്യം ചെയ്യുന്നത്. 4,000 പേരുടെ തൊഴിലും ബാങ്കിന്റെ തകർച്ചയിലൂടെ പ്രതിസന്ധിയിലായിരുന്നു. ഡിബിഎസ് ബാങ്കുമായുളള ലയനത്തിലൂടെ ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

പുതിയ തീരുമാനത്തിന് പിന്നാലെ പണം ബാങ്കിൽ നിന്ന് പിൻവലിക്കുന്നത് സംബന്ധിച്ച നിക്ഷേപകർക്ക് ഏർപ്പെ‌ടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ നീക്കി. "20 ലക്ഷം നിക്ഷേപകരും 20,000 കോടി നിക്ഷേപവും പൂർണ്ണമായും സുരക്ഷിതമാണ്. അവർ വിഷമിക്കേണ്ടതില്ല, തിരക്കുകൂട്ടേണ്ടതില്ല. നിക്ഷേപം സുസ്ഥിരമായ ഒരു ബാങ്കിലാണ്, ”കേന്ദ്രമന്ത്രി പ്രകാശ് ജവാദേക്കർ പറഞ്ഞു, വീഴ്ചയുടെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.