തീരദേശ ജനതയുടെ നിര്‍ണായക വോട്ടുകള്‍ ഏറെയുള്ള ഈ നിയമസഭാ മണ്ഡലങ്ങള്‍ ഒപ്പം നിന്നുവെന്നാണ് മൂന്നുമുന്നണികളും അവകാശപ്പെടുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരമേഖലയിലെ ഉയര്‍ന്ന പോളിംഗിൽ ആശങ്കയും പ്രതീക്ഷയുംപങ്കുവച്ച് മുന്നണികള്‍. ജയപരാജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പമെന്നാണ് മൂന്നുമുന്നണികളും അവകാശപ്പെടുന്നത്. ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമെന്നാണ് മുന്നണികളുടെ മനക്കണക്ക്. കഴിഞ്ഞ തവണത്തെ പോളിംഗിലേക്ക് മണ്ഡലം എത്തിയില്ല. പക്ഷേ ഉയര്‍ന്നാണ് പോളിംഗ് തീരമേഖലകളില്‍ രേഖപ്പെടുത്തിയത്. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം എഴുപത് ശതമാനത്തിന് മുകളിലെത്തി. തീരദേശ ജനതയുടെ നിര്‍ണായക വോട്ടുകള്‍ ഏറെയുള്ള ഈ നിയമസഭാ മണ്ഡലങ്ങള്‍ ഒപ്പം നിന്നുവെന്നാണ് മൂന്നുമുന്നണികളും അവകാശപ്പെടുന്നത്.

കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ! എൽഡിഎഫും യുഡിഎഫും പരാതി നൽകി

 മുന്‍ തിരഞ്ഞെടുപ്പുകളില്‍ ശശി തരൂരിന് വലിയ ഭൂരിപക്ഷം നല്‍കിയ ലത്തീന്‍ വോട്ടുകളും മുസ്ലിംവോട്ടുകളും ഇത്തവണയും കൂടെപ്പോന്നെന്നാണ് യുഡിഎഫ് കരുതുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ കാലിടറിയാലും ജയിക്കാനുള്ള വോട്ട് തീരമേഖല നല്‍കുമെന്നാണ് ആത്മവിശ്വാസം. 

ഏഴു നിയമസഭാ മണ്ഡലങ്ങളിലും കരുത്തുകാട്ടുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്‍റെ ഉറപ്പ്. ഇടതുപക്ഷത്തിന് വലിയ വേരോട്ടമുള്ള ജില്ലയുടെ തെക്കന്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നാണ് അവകാശം. 

തരൂരിന്‍റെ വോട്ടുബാങ്കുകളെ തുടക്കത്തിലെ രണ്ടായി പകുത്തെന്നാണ് എന്‍ഡിഎ അവകാശപ്പെട്ടത്. നേമം, വട്ടിയൂര്‍ക്കാവ്, മണ്ഡലങ്ങള്‍ വമ്പിച്ച ഭൂരിപക്ഷം നല്‍കുമെന്നും കഴക്കൂട്ടത്തും തിരുവനന്തപുരം സെന്‍ട്രലിലും മുന്നേറ്റമുണ്ടാകുമെന്നുമാണ് ബിജെപി കണക്ക്. തീരമേഖലയില്‍ സിറ്റിങ് എംപിയോടുള്ള എതിര്‍പ്പ് രാജീവ് ചന്ദ്രശേഖറിന് ഗുണംചെയ്യുമെന്നാണ് അവകാശവാദം. എത്ര കൂട്ടിയാലും കിഴിച്ചാലും ഇരുപതിനായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തിലൊരു ജയമെന്നാണ് മൂന്നുമുന്നണികളുടെയും തിരഞ്ഞെടുപ്പ് ക്യാമ്പുകളുടെ വിലയിരുത്തൽ. 

പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ