കഴിഞ്ഞ 50 വര്‍ഷമായി കേരളത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും കേരളത്തെ കുറിച്ച് വിശദമായി, സമഗ്രമായി എഴുതുകയും ചെയ്യുന്ന ഒരു കനേഡിയന്‍ സ്വദേശിയാണ് മലയാളികള്‍ക്ക് ഏറെപ്പേര്‍ക്ക് പരിചിതനായ പ്രൊഫ. റോബിന്‍ ജെഫ്രി. അദ്ദേഹം കാനഡയിലാണ് ജനിച്ചതെങ്കിലും ഇന്ന് ഓസ്ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാലയുടെയും ഓസ്ട്രേലിയയിലെ മറ്റു പല സര്‍വകലാശാലകളുടെയും ഒക്കെ എമിററ്റസ് പ്രൊഫസര്‍, സിംഗപ്പൂരിലെയും മറ്റും സര്‍വകലാശാലകളിലെ പ്രൊഫസര്‍ ഒക്കെയാണ്. പ്രൊഫ. റോബിന്‍ ജെഫ്രിയുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്‍ണന്‍ നടത്തിയ അഭിമുഖം.

മലയാളികളേറെപ്പേരെക്കാളും കേരളത്തെ അറിയുന്ന ആളാണ് കാനഡക്കാരനായ താങ്കള്‍?

പല മലയാളികളേക്കാളും ഇവിടുത്തെ പുരാരേഖാകേന്ദ്രങ്ങളില്‍ സമയം ചെലവഴിച്ച ആളായതുകൊണ്ടാണത്. 

കേരളവുമായുള്ള താങ്കളുടെ ബന്ധം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് ആകുന്നു. എങ്ങനെയാണ് ഈ പ്രണയബന്ധത്തിന്‍റെ തുടക്കം?

1967 -ലാണ് ഞാന്‍ ആദ്യം കേരളത്തിലെത്തിയത്. മംഗലാപുരത്തെ വിരാജ്പേട്ടയില്‍ നിന്ന് പശ്ചിമഘട്ടത്തിലൂടെ കണ്ണൂരിലാണ് എത്തിയത്. സി പി എം നേതൃത്വത്തിലുള്ള ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റ സമയം. എല്ലായിടത്തും ചെങ്കൊടികള്‍ പാറുന്നുണ്ടായിരുന്നു. നീലത്തട്ടമിട്ട പെണ്‍കുട്ടികള്‍ സ്കൂള്‍ വിട്ട് വീടുകളിലേക്ക് പോകുന്നത് കണ്ടു. മാപ്പിളക്കുട്ടികളാണെന്ന് ആരോ പറഞ്ഞു. നീലയും ചുവപ്പും തമ്മിലുള്ള വ്യത്യസ്തതയുടെ ഭംഗി. കണ്ണൂര്‍ ഒരു രസമുള്ള ഇടമാണല്ലോ എന്ന് എനിക്ക് തോന്നി. കമ്മ്യൂണിസ്റ്റുകളായിരുന്നു ഏറെയും. കാനഡയില്‍ വളര്‍ന്ന എന്‍റെ അന്നത്തെ ധാരണ കമ്മ്യൂണിസ്റ്റുകാര്‍ മഹാ ദുഷ്ടന്മാരാണെന്നായിരുന്നു. എന്തായാലും കണ്ണൂരെ ഒന്നുരണ്ട് ദിവസങ്ങള്‍ നന്നായി ആസ്വദിച്ചു. വീണ്ടും രണ്ടുമൂന്നു തവണ കൂടി ഞാന്‍ കണ്ണൂരില്‍ പോയി. 

താങ്കള്‍ ഏറെക്കാലമായി കേരളത്തെ നിരീക്ഷിക്കുന്നു. കേരളത്തിനുള്ളിലുള്ള ഞങ്ങളേക്കാള്‍ വസ്‍തുനിഷ്ഠമാകും ഒരേസമയം അകത്തും പുറത്തും നിന്ന് കാണുന്ന താങ്കളുടേത്. കേരളം എന്തുകൊണ്ട് വ്യത്യസ്തമായി തോന്നി? താങ്കള്‍ കണ്ടുതുടങ്ങിയ കാലത്ത് നിന്ന് ഇന്നത്തെ കേരളം എങ്ങനെയൊക്കെ മാറി? 

മരുമക്കത്തായത്തിന്‍റെ തകര്‍ച്ചയാണ് കേരളത്തെ വ്യത്യസ്തമാക്കിയത്. അത് അന്നുവരെ മേധാവിത്വം പുലര്‍ത്തിയ വര്‍ഗങ്ങളെ ഞെട്ടിച്ചു. കുടുംബബന്ധങ്ങളെ ഇളക്കിമറിച്ചു. അതോടെ ഒന്ന് രണ്ട് തലമുറകള്‍ പറിച്ചുനടപ്പെട്ടു. ഇങ്ങനെ സ്വന്തം സാമൂഹ്യ കുടുംബ ഇടങ്ങളില്‍ നിന്ന് ചിതറിത്തെറിച്ച ചെറുപ്പക്കാരാണ് ദേശീയ പ്രസ്ഥാനത്തിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശുചീകരണത്തിലേക്കും ഒക്കെ എത്തിയത്. ആദ്യം ഇവര്‍ ഗാന്ധിയില്‍ ആകൃഷ്ടരായി ദേശീയ പ്രസ്ഥാനത്തില്‍ വന്നു. അവിടെനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ ജയിലില്‍ എത്തിയപ്പോള്‍ ബംഗാളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റുകാരുമായൊക്കെ ഇവര്‍ കണ്ടുമുട്ടി. കണ്ണൂര്‍ ജയിലാണ് ഇവരെ മാര്‍ക്സിസം പഠിപ്പിച്ച സര്‍വകലാശാല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യ തലമുറയിലെ പ്രമുഖരെല്ലാം ഈ സര്‍വകലാശാലയിലൂടെ കമ്മ്യൂണിസ്റ്റായവരാണ്. മറുവശത്താകട്ടെ ഏറ്റവും ഹീനമായ അയിത്തസമ്പ്രദായം നിലവിലിരുന്ന നാടാണിത്. താണജാതിക്കാര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ള ഇടം... തിരുവിതാംകൂറില്‍ രാജകീയ സര്‍ക്കാരിലൂടെ നടപ്പില്‍ വരികയും മിഷണറിമാരിലൂടെ പ്രാവര്‍ത്തികവുമായ ആധുനികവിദ്യാഭ്യാസം ഈ ഹീനമായ സാമൂഹ്യവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ആരംഭിച്ചു. മിഷണറിമാരും കമ്മ്യൂണിസ്റ്റുകാരുമൊക്കെ ജാതിവ്യവസ്ഥയെ എതിര്‍ത്തവരാണ്. ക്രമേണ ഈ എതിര്‍പ്പ് രാഷ്ട്രീയവും സാമൂഹികവുമായ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു. മറ്റെവിടുത്തെക്കാളും വ്യാപകമായും വേഗത്തിലുമായിരുന്നു കേരളത്തില്‍ ജനങ്ങളുടെ സംഘടിതമുന്നേറ്റം. ഇവയ്ക്കൊക്കെ പുറമെ പുരാതനകാലം മുതല്‍ പുറംലോകവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധം കേരളീയ സമൂഹത്തിന്‍റെ വാതായനങ്ങള്‍ തുറന്നിട്ടു. 

ഈ അരനൂറ്റാണ്ടില്‍ കേരളം എങ്ങനെയൊക്കെയാണ് മാറിയത്? ഇക്കാലം കേരളത്തിന്‍റെ സാമൂഹ്യബന്ധങ്ങളിലും ബോധത്തിലും ഒക്കെ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തെ മാറ്റിപ്പണിത നവോത്ഥാന പ്രക്രിയക്ക് ഒട്ടേറെ കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ശബരിമല മൂവ്മെന്‍റ് ഈ കുഴപ്പങ്ങളെ പുറത്തുകൊണ്ടുവന്നിട്ടില്ലേ? 

ശബരിമല നല്ല രസകരമായ വിഷയമാണ്. കഴിഞ്ഞ വര്‍ഷം ആ സമരം നടന്നപ്പോള്‍ ഞാനിവിടെ ഉണ്ടായിരുന്നു. തിരിച്ചുപോയി ഇന്‍റര്‍നെറ്റില്‍ പരതിയപ്പോള്‍ 1950 -കളില്‍ ശബരിമലയിലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. അന്നൊക്കെ കുറച്ചുപേര്‍ മാത്രം പോയിരുന്ന ക്ഷേത്രമായിരുന്നു അത്. ഇന്ന് തെക്കെ ഇന്ത്യയിലെ തന്നെ വലിയ തീര്‍ത്ഥാടനകേന്ദ്രം. ഇക്കാലത്ത് ആശയവിനിമയത്തിന്‍റെ രീതികള്‍ ആകെ മാറി. മതപരമായ ആശയങ്ങള്‍ക്ക് പുരോഗമനാശയങ്ങളേക്കാള്‍ പ്രചാരമുണ്ട്. തീര്‍ത്ഥാടനങ്ങളൊക്കെ ഡിസ്‍നി ലാന്‍റിലേക്കുള്ള വിനോദയാത്ര പോലെയായി. ആത്മീയതയെക്കാള്‍ ഉപഭോഗപരതനിറയുന്ന തീര്‍ത്ഥാടനങ്ങള്‍. 

നവോത്ഥാനത്തിനും സാമൂഹ്യനവീകരണത്തിനും ഒക്കെ ശേഷവും കേരളസമൂഹത്തില്‍ ജാതിയും പുരുഷാധിപത്യവും പിന്നോക്ക ജാതിക്കാരുടെ ദുരിതവുമൊക്കെ നിലനില്‍ക്കുന്നു. അതിനര്‍ത്ഥം കേരളം പിന്നിട്ട വഴികളില്‍ തെറ്റുകളും ഉണ്ടായിരുന്നെന്നല്ലേ? 

കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തെ താങ്ങിനിര്‍ത്തുന്നത് ഗള്‍ഫിലെ പ്രവാസികള്‍ അയക്കുന്ന പണമാണ്. പക്ഷേ, ആ പണത്തോടൊപ്പം ഒട്ടേറെ വ്യത്യസ്തങ്ങളായ ആശയങ്ങളും കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട്. കേരളത്തിന് പരിചിതമല്ലാത്ത മത ആശയങ്ങള്‍. ഈ ആശയങ്ങള്‍ ഇവിടുത്തെ ഇസ്‍ലാമിനെയും ക്രിസ്‍തീയ മതത്തിലും മാത്രമല്ല ഹിന്ദു വിഭാഗത്തിലും വലിയ സ്വാധീനം ചെലുത്തി. ഈ മാറ്റങ്ങള്‍ കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. ഒരു കാര്യം പറയാം, കേരളത്തെ ഭിന്നതകളിലേക്കും വിഭാഗീയതകളിലേക്കും അത് എത്തിക്കാതെ നോക്കണം. വൈവിധ്യമാണ് ഇന്ത്യയുടേയും കേരളത്തിന്‍റേയും ശക്തി. 

താങ്കളുടെ പ്രിയപ്പെട്ട മറ്റൊരു പഠനവിഷയം മാധ്യമങ്ങളാണ്. ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമ വിപ്ലവത്തെപ്പറ്റി താങ്കള്‍ എഴുതി. ഈ 50 വര്‍ഷം കൊണ്ട് ഇവിടുത്തെ മാധ്യമങ്ങളില്‍ വന്ന മാറ്റം എന്തൊക്കെ? പ്രതീക്ഷിച്ച അത്ര നേട്ടങ്ങള്‍ അത് കൈവരിച്ചോ? 

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ അത്ര ശ്രദ്ധിച്ചിട്ടില്ല. പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വന്നതിന് ശേഷം. പ്രവാസികളേറെയുള്ള മലയാളി സമൂഹം സ്കൈപ്പും മറ്റും പോലെയുള്ള ഈ ആധുനിക മാധ്യമസംവിധാനങ്ങള്‍ ഏറെ ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം ആരുടെ ഏത് വിഡ്ഢിത്തവും ലോകമാകെ എത്തിക്കുന്ന ദോഷവും വരുത്തിവെച്ചു. വ്യാജവാര്‍ത്തകളും കിംവദന്തികളും വ്യാപിക്കുന്നു. കേരളത്തിന്‍റെ പ്രശസ്തമായ അച്ചടി മാധ്യമ പാരമ്പര്യം വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് മനോരമയുടേയും മംഗളത്തിന്‍റേയും ഒക്കെ വാരികകളുടെ പ്രചാരം 25 ലക്ഷം ആയിരുന്നു. ഇന്ന് എല്ലാ വാരികകള്‍ക്കും കൂടി 10 ലക്ഷം ഉണ്ടോ? 

ഉറൂബിന്‍റെയും എംടി വാസുദേവന്‍ നായരുടെയും ഒക്കെ പുതിയ കഥകള്‍ വാരികയില്‍നിന്നും നേരിട്ട് വായിച്ചിരുന്ന മനോഹരമായ കാലം പോയി. ഇന്ന് ടിവി സീരിയലും സാമൂഹ്യമാധ്യമങ്ങളും ഒക്കെ ആ ഇടം കൈക്കലാക്കി. 

സമൂഹ്യമാധ്യമങ്ങളുടെ നിഷ്കളങ്കത അവസാനിപ്പിച്ച കാലമാണല്ലോ ഇത്. വ്യാജവാര്‍ത്തകളും കിംവദന്തികളും പല രാജ്യങ്ങളിലും രാഷ്ട്രീയമാറ്റങ്ങള്‍ക്ക് വഴിവെക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ലോകത്തെ കൂടുതല്‍ അപകടകരമായ ഇടം ആക്കിയില്ലേ?

യോജിക്കുന്നു. വാര്‍ത്താവിനിമയത്തിലെ സാങ്കേതികവിദ്യ ഒരുപാട് സൗകര്യങ്ങള്‍ കൊണ്ടുവന്നു. പക്ഷേ, വലിയ അപകടങ്ങള്‍ക്കും അത് ഇടയാക്കുന്നു. ഈയിടെ ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂട്ടക്കൊല നടത്തിയ കൊലയാളി വെള്ളത്തൊലിക്കാരുടെ മേധാവിത്വത്തിന് വേണ്ടി ഇന്‍റര്‍നെറ്റില്‍ പ്രചാരം നടത്തുന്ന ആളായിരുന്നു. 

താങ്കള്‍ ഈയിടെയായി ഏറ്റവും ശ്രദ്ധിക്കുന്ന ഒരു വിഷയം മൊബൈല്‍ ഫോണുകളാണ്. ഇന്ത്യയില്‍ അത് കൊണ്ടുവന്ന വിപ്ലവത്തെപ്പറ്റി ഒരു ഗംഭീര പുസ്‍തകം രചിച്ചു.

അതെ. ആ പുസ്‍തകം ഞങ്ങളെഴുതിയത് 2ജി കാലത്താണ്. ഇന്ന് നാം 5ജി കാത്തിരിക്കുന്നു. മനുഷ്യജീവിതത്തെ വല്ലാതെ ഇളക്കിമറിച്ച ഉപകരണമാണ് സെല്‍ഫോണ്‍. 2007 -ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് സെല്‍ഫോണാണ്. 

താങ്കളുടെ അവസാന പുസ്തകം മാലിന്യപ്രശ്നത്തെ കുറിച്ചാണ്. ഇതിന്‍റെ വലിയ ഇരയാണ് കേരളം. നഗരമാലിന്യപ്രശ്നത്തിന് പോംവഴി കാണാനാകാത്ത മട്ടാണ്. 

ഏറ്റവും കൂടുതല്‍ ജനസാന്ദ്രത ഉള്ള പ്രദേശമാണ് കേരളം. മൂന്നരക്കോടി ജനങ്ങള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ അത്രയേ ഉള്ളൂ ജനം. ഇത്രയും ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളം ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നത് വലിയ ചോദ്യമാണ്. മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം വികേന്ദ്രീകൃതമായി നടത്തുക തന്നെ വേണം. യുക്തമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തണം. ഭൂമിയില്‍ മറവുചെയ്യുകയും ഇന്‍സിറേറ്ററുകളിലൂടെ കത്തിച്ചുകളയുന്നതുമൊക്കെ അത്യന്താധുനികമായ ശാസ്ത്രീയ രീതി അവലംബിച്ച് ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത് ന്യായമാണ്. സമീപസ്ഥരായ ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ഭൂമിയില്‍ മറവ് ചെയ്യുന്ന ലാന്‍റ് ഫില്‍ രീതി ഞാന്‍ വളര്‍ന്ന ബ്രിട്ടീഷ് കൊളംബിയയിലുണ്ട്. ജപ്പാനില്‍ ഇന്‍സിനേറ്ററുകള്‍ ഫലപ്രദമാണ്. സ്വീഡനില്‍ ഇന്‍സിനറേറ്ററുകള്‍ക്കായി മാലിന്യം ഇറക്കുമതി വരെ ചെയ്യുന്നുണ്ട്. ശീതരാജ്യമായ അവിടെ, അവയില്‍ നിന്നുള്ള താപോര്‍ജ്ജം വീടുകളിലും മറ്റും തണുപ്പകറ്റാന്‍ ഉപയോഗിക്കുന്നു. ഓരോ നാടിനും പറ്റിയ മാര്‍ഗ്ഗം ഇതുപോലെ കണ്ടെത്താനാകും. 

താങ്കള്‍ പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണല്ലോ? 

എന്‍റെ റിട്ടയര്‍മെന്‍റ് കാല പുസ്തകമാണത്. ഇരുപതാം നൂറ്റാണ്ടിന്‍റെ പാതി മുതല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യം വരെയുള്ള ഇന്ത്യയുടെ ചരിത്രം സവിശേഷമായ ചില വര്‍ഷങ്ങള്‍ തെരഞ്ഞെടുത്ത് മാറ്റങ്ങളെ പഠിക്കുന്ന രീതി. 12 വര്‍ഷം ഇടവിട്ടുള്ള കുംഭമേളാവര്‍ഷങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. തെക്കേ ഇന്ത്യയിലെ കഥ ശബരിമല സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങളാക്കിയാലോ എന്ന് കരുതുന്നു. 

അഭിമുഖം കാണാം: 

"