Asianet News MalayalamAsianet News Malayalam

എന്തൊക്കെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍? ആരൊക്കെ കുടുങ്ങും? സഞ്ജയ് കുമാർ ഐപിഎസ് സംസാരിക്കുന്നു

ഓൺലൈനിലൂടെ ഒരു കുറ്റകൃത്യം നടത്തിയ പ്രതി രക്ഷപ്പെടുമെന്ന് പറയുന്നത് ഒട്ടും ശരിയല്ല. മറ്റു കുറ്റങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓൺലൈനിലൂടെ ചെയ്യുന്ന കാര്യങ്ങൾക്ക് ഡിജിറ്റൽ തെളിവ് അവശേഷിക്കും. അത് തെളിവായി കണക്കാക്കപ്പെടുന്നതുമാണ്. 

cyber crime and law  conversation btw sanjay kumar ips, lekshmy rajeev
Author
Thiruvananthapuram, First Published Oct 6, 2020, 3:21 PM IST

പുരുഷമേൽക്കോയ്‍മ ഭരണം നടത്തുന്ന സമൂഹത്തിലാണ് നാം  ജീവിക്കുന്നത്. മാധ്യമരംഗത്തുൾപ്പടെ പ്രവർത്തിക്കുന്ന സ്ത്രീകൾ ഇന്ന് സാമൂഹികമാധ്യങ്ങളിൽ ഇടപെടുന്നതുപോലും ഏറെ ഭയന്നിട്ടാണ്. അഭിപ്രായപ്രകടനം നടത്തിയെന്ന കാരണത്താൽ നിരന്തരം സൈബർ റേപ്പിനിരയാകുന്ന, അശ്ലീല വീഡിയോകളായി മാറുന്ന സ്ത്രീകളുടെ അനുഭവങ്ങൾക്ക് ഉദാഹരണങ്ങൾ ഏറെയാണ്. പലപ്പോഴും കടുത്ത മനുഷ്യാവകാശലംഘനത്തിന്‍റെ പരിധിയിൽ വരുന്ന ആക്രമണങ്ങളാണ് അവർ നേരിട്ടിരുന്നത്. കേരളം എന്ന സമ്പൂർണ സാക്ഷരസംസ്ഥാനത്തും സ്ത്രീകളെ തളയ്ക്കുന്ന അലിഖിത നിയമങ്ങൾ അനവധിയാണ്. വസ്ത്രധാരണത്തിലും, സംസാരത്തിലും, നടപ്പിലുമെല്ലാം അതവരെ നിയന്ത്രിക്കുന്നുമുണ്ട്. അത്തരം കരിനിയമങ്ങളെ വെല്ലുവിളിച്ച് നിലപാടെടുത്ത സ്ത്രീകളെ പലരേയും ഈ സമൂഹം അപമാനിച്ചും, ബലം പ്രയോഗിച്ചും കീഴ്പ്പെടുത്തുകയായിരുന്നു. ഈ അരാജകത്വത്തിനുമേലാണ് 2020 സപ്‍തംബർ 26 -ന് മുഖമടച്ച് ഒരടി വീണത്.

മലയാള സിനിമയിലെ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്‍മിയും, ശ്രീലക്ഷ്‍മി അറയ്ക്കൽ, ദിയ സന എന്നീ രണ്ടു യുവതികളും ചേർന്നാണ് യൂട്യൂബിലൂടെ സ്ത്രീകളെ പരാമർശിച്ച് അശ്ലീല വീഡിയോകൾ ചെയ്‍തിരുന്ന വിജയ് പി. നായർ എന്നയാളെ മഷിയൊഴിച്ചശേഷം കയ്യേറ്റം ചെയ്‍തത്. കേരളത്തിലെ ആദ്യത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയെ അടക്കം അശ്ലീലമായി പരാമര്‍ശിച്ച് അപമാനിക്കുന്ന തരത്തിലായിരുന്നു വിജയ് പി. നായരുടെ അവതരണങ്ങൾ.

ലോകം മുഴുവൻ സൈബർ ഇടത്തിലേക്ക് വന്നുചേരുന്ന കാലമാണിത്. സ്വന്തമായി നിലപാടുകളുള്ള സ്ത്രീകളെ വിധിക്കുന്നതിൽ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുരോഗമനവാദികൾവരെ മനുസ്‍മൃതിയെ കൂട്ടുപിടിക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീവിരുദ്ധത പതിവാകുന്നു. 'കുലസ്ത്രീയും വേശ്യയും' എന്ന് സ്ത്രീകളെ വിധിക്കുന്നു. വ്യാജവും അശ്ലീലവുമായ വീഡിയോകളും സ്ത്രീകളുടെ മോർഫ് ചെയ്‍ത ഫോട്ടോകളുംകൊണ്ട് അവർ സൈബർ സ്പേസ് നിറയ്ക്കുന്നു. അത്തരം സൈബർ പിംമ്പിംഗിന്റെ മുഖത്താണ് ഭാഗ്യലക്ഷ്‍മി ആഞ്ഞടിച്ച് മുന്നറിയിപ്പു നൽകുന്നത്.

സൈബർ കുറ്റവാളികളെന്നാൽ സമൂഹത്തിൽ അത്രയും അധഃപ്പതിച്ചവരാണ്. ഒരു ഭരണഘടനകൊണ്ടും അവരുടെ പ്രവൃത്തികളെ ന്യായീകരിക്കാനാകില്ല. ഏതുവഴിയിലൂടെയും ഓൺലൈനിൽ പണം സമ്പാദിക്കുക എന്നതു മാത്രമാണിവരുടെ ലക്ഷ്യം. ഇത്തരം ദുർസ്ഥിതികളെ നേരിടാൻ സ്ത്രീകൾക്ക് ആത്മവിശ്വാസമാണ് ആവശ്യം. അത് നൂറുശതമാനം നഷ്ടപ്പെട്ട അവസ്ഥയാണിന്ന്. തനിക്ക് സുരക്ഷ ലഭിക്കുമെന്ന വിശ്വാസം സ്ത്രീക്ക് ഇന്ന് നമ്മുടെ സമൂഹത്തിലില്ല. നേരിട്ട് സ്ത്രീകളെ അക്രമിച്ചവൻ ദുർബലനാണ് അവനെ തള്ളിമാറ്റാം, എന്നാലും ഇന്ന് അടി കിട്ടേണ്ട വൻതോക്കുകൾ പലരും രക്ഷപ്പെടുകയാണ് എന്ന് പറയേണ്ടിവരും.

വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി അറയ്ക്കൽ എന്നിവർക്കെതിരെ പൊലീസ് കേസ് ചുമത്തിക്കഴിഞ്ഞു. ഗൂഢാലോചന, നിയമപ്രകാരമല്ലാത്ത സമ്മേളനം, വീട്ടിൽ അതിക്രമിച്ചു കടക്കൽ, കൊലപാതകശ്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഇന്നത്തെ സൈബർ ലോകത്തെക്കുറിച്ചും, വിവാദമായ കേസിനെക്കുറിച്ചും വിശദീകരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥനും സൈബർ  ക്രൈം സ്പെഷ്യലിസ്റ്റുമായ സഞ്ജയ് കുമാർ ഐപിഎസ്, ഈ വിഷയത്തിൽ മികച്ച ചില പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 

ഭാഗ്യലക്ഷ്മിയും കൂട്ടരും തങ്ങളെയും സ്ത്രീകളെയും മൊത്തം അപമാനിച്ച ഒരാളെ അടിച്ചു. ഈ സംഭവത്തെക്കുറിച്ച് എന്തു പറയുന്നു? സ്ത്രീകളെ അപമാനിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ?

ആദ്യമേ പറയട്ടെ എല്ലാ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും കേരളാ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നടപടിയെടുക്കാൻ കേരളാ പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കുന്നതല്ല. ഈ സംഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ സപ്‍തംബര്‍ 26 -ന് രാവിലെ ഇര പരാതി നൽകി. അതേദിവസം തന്നെ ഉചിതമായ നടപടി സ്വീകരിച്ചിരുന്നു. ഐടി ആക്റ്റ്, ഐപിസി എന്നിവ പ്രകാരം നിയമത്തിന്റെ ഉചിതമായ വകുപ്പുകൾ പ്രകാരം, കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് കാലതാമസമോ നിഷ്‌ക്രിയത്വമോ ഉണ്ടായിട്ടില്ല. മറ്റൊരു കാര്യം ഒരുമാസമായി വീഡിയോ സംപ്രേഷണം ചെയ്യുന്നതായി പറയുന്നെങ്കിലും പരാതി ലഭിക്കുന്നത് സപ്‍തംബർ 25 -ന് രാത്രി 7.15 -നാണ്.

ഹൈടെക് സെല്ലിലേക്ക് ഒരു അഭിഭാഷകയാണ് ഇക്കാര്യം പരാമർശിച്ച് മെയിൽ അയച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നടപടിയെടുക്കുന്നതിനായി ഇമെയിൽ സിറ്റി പൊലീസിന് കൈമാറി, ആ വസ്തുത പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. അന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് നടപടിയെടുത്തു. അതിന് കാത്തിരിക്കാതെ നിയമവിരുദ്ധമായി പെരുമാറിയത് ന്യായീകരിക്കാനാകില്ല. ഇരകൾ നിയമവിരുദ്ധമായി പെരുമാറിയത് ഒരു തരത്തിലും സ്വീകാര്യമല്ല. പൊലീസ് നടപടിയെടുക്കാത്തതിനാലാണ് സ്ത്രീകൾ ഈ പ്രവൃത്തി ചെയ്തതെന്ന് പറയുന്നത് വാസ്തവമല്ല.

എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനാലാണ് സൈബർ കുറ്റവാളികളെ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും പൊതുവെ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ടല്ലോ?

ഓൺലൈനിലൂടെ ഒരു കുറ്റകൃത്യം നടത്തിയ പ്രതി രക്ഷപ്പെടുമെന്ന് പറയുന്നത് ഒട്ടും ശരിയല്ല. മറ്റു കുറ്റങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓൺലൈനിലൂടെ ചെയ്യുന്ന കാര്യങ്ങൾക്ക് ഡിജിറ്റൽ തെളിവ് അവശേഷിക്കും. അത് തെളിവായി കണക്കാക്കപ്പെടുന്നതുമാണ്. നിരവധി സൈബർ കുറ്റകൃത്യങ്ങളിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ചില കേസുകളിൽ വിശദവിവരങ്ങൾ ലഭ്യമാക്കിയശേഷമേ നടപടികളിലേക്ക് കടക്കുകയുള്ളൂ. അത് പരാതിക്കാരനിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. നിലവിലെ ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നൽകിയ പരാതിയിൽ മതിയായ കാരണങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാലാണ് കാലതാമസം നേരിടേണ്ടി വരുന്നത്.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്ക് നേരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം ഏറെ മുന്നിലാണ്, സൈബർ സ്പേസ് ഉപഭോക്താക്കളുടെ  സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ  ഈ സാഹചര്യം താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? ഈ വിഷയത്തിൽ നിലനിൽക്കുന്ന സാധ്യതകൾ, പ്രധാന  വെല്ലുവിളികൾ, മറ്റു പരിമിതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

ഇന്ന് ഇന്റർനെറ്റിന്റെ സുലഭമായ ലഭ്യതയും, സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗവും തെറ്റായ പ്രവണതകൾക്ക് കൂടുതൽ  സാധ്യത നൽകുന്നുണ്ട്. വ്യക്തിഹത്യ നടത്തുന്നതിനും, സ്ത്രീകളെ അപമാനിക്കുന്നതിനും ആളുകള്‍ ഈ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുന്നു. കേരളത്തിൽ മാത്രമല്ല ഇത് പ്രകടമാകുന്നത് എന്നോർക്കണം. അപകടകരമായ സാമൂഹ്യപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ആഗോളപ്രശ്നമാണിത്. ഇക്കാര്യത്തിൽ നിയമപാലകർക്കും ആശങ്കയുണ്ട്. കൃത്യമായി അന്വേഷണം നടത്തിയാൽ  കുറ്റവാളികളെ അതിവേഗം പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ കഴിയും. എന്നാൽ പലപ്പോഴും സേവനദാതാക്കളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ സ്വീകരിക്കാൻ കാലതാമസം നേരിടുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കാറുണ്ട്.

തട്ടിപ്പുകാരെയും, സൈബർ കുറ്റവാളികളേയും പിടികൂടുന്നതിൽ പൊലീസിന്റെ റെക്കോർഡ് നിരാശപ്പെടുത്തുന്നതാണ്‌, ഇത്തരം സ്മാർട്ട് ക്രിമിനൽസ് നിയമത്തെ മറികടക്കാൻ മാത്രം മിടുക്കരാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

മുൻപ് ചോദിച്ച ചോദ്യത്തിൽ തന്നെ ഇതിനുള്ള മറുപടിയുണ്ട്. അതോടൊപ്പം ചിലത് കൂട്ടിച്ചേർക്കാം. അതായത് നമുക്ക് ലഭിക്കുന്ന പരാതിയുടെ ഉള്ളടക്കത്തിൽ കുറ്റകൃത്യത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ടോ എന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, 

പരാതിക്കാരന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുക എന്നത്. അതായത് ഒരു വ്യാജ പ്രൊഫൈൽ സൃഷ്ടിക്കാൻ ഫോട്ടോ ഉപയോഗിക്കുന്നുവെങ്കിൽ അത്  ഒരു കുറ്റകൃത്യമാണ്.

ചിത്രം ഒരു കാർട്ടൂണിലേക്ക് രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കിൽ ട്രോൾ സൃഷ്ടിക്കുന്നതിനോ ഒരു അഭിപ്രായം നൽകുന്നതിനോ ഉപയോഗിക്കുന്നു. അതിൽ ലൈംഗികതയില്ല, അധിക്ഷേപിക്കുന്ന തരത്തിലൊന്നുമില്ല, ഭീഷണിപ്പെടുത്തുന്നില്ല എങ്കിൽ അത് കുറ്റകൃത്യമായി കണക്കാക്കാനാകില്ല. എന്നാൽ, പരാതിക്കാരന്റെ ഇഷ്ടത്തിനല്ല അത് ചെയ്തതെങ്കിലോ, അവളെ / അവനെ ശല്യപ്പെടുത്തുന്ന തരത്തിലാണതെങ്കിലോ നിയമനടപടി സ്വീകരിക്കാം.
 
അശ്ലീലമായ ഒരു ഇമേജ് നിർമ്മിക്കാൻ ഫോട്ടോ മോർഫ് ചെയ്താൽ  കുറ്റകൃത്യമായി കണക്കാക്കും. ലൈംഗിക അശ്ലീല ഉള്ളടക്കം, അധിക്ഷേപകരമായ ഭാഷ മുതലായവയ്‌ക്കൊപ്പം ഫോട്ടോ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കുറ്റകരമാണ്.

തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വ്യാജവാർത്തകളെ അടിസ്ഥാനമാക്കി പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന ട്രോളിംഗ് ഐടി നിയമപ്രകാരം കുറ്റകരമല്ല. പക്ഷേ, പരാതിക്കാരന് മാനനഷ്ടവുമായി ബന്ധപ്പെട്ട വിവിധ ഐപിസി വകുപ്പുകൾ പ്രകാരം നിയമപരമായി മുന്നോട്ട് പോകാം.

അതുപോലെ തന്നെ, സൈബർ ഭീഷണി, ട്രോളിംഗ്, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ മറ്റേതെങ്കിലും പരാതികൾ എന്നിവ ഓരോ കേസ് അടിസ്ഥാനത്തിൽ കാണുകയും വിശകലനം ചെയ്യുകയും വേണം. പോസ്റ്റിന്റെയോ അഭിപ്രായത്തിന്‍റെയോ ഉള്ളടക്കത്തെ ആശ്രയിച്ച്, ഐടി നിയമപ്രകാരം ഇത് ഒരു കുറ്റകൃത്യമാണോ അല്ലയോ എന്ന് തീരുമാനിക്കുകയാണ് ചെയ്യുന്നത്.

സൈബർ ഇടത്തിൽ നേരിടേണ്ടിവരുന്ന ആക്രമണങ്ങളെയും ഭീഷണികളേയും കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അത് മറികടക്കാൻ നിങ്ങൾ  എന്തുമാറ്റമാണ് വരുത്തുക? എന്തെല്ലാം ഉൾപ്പെടുത്തിയാകും പുതിയ നിയമനിർമാണം കൊണ്ടുവരിക?

തീർച്ചയായും. സ്ത്രീകളെ മാത്രം നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട്. അവയിൽ പലതും വിവരസാങ്കേതിക നിയമത്തിൽ പരാമർശിക്കപ്പെടുന്നില്ല. കമ്പ്യൂട്ടർ സംബന്ധമായ കുറ്റകൃത്യങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു അധ്യായം ഐടി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രധാനമായും സാമ്പത്തികമായ പ്രശ്നങ്ങളാണ് പ്രതിപാദിക്കുന്നത്. സൈബർ ആക്രമണങ്ങൾ, ഭീഷണി, ട്രോളിംഗ്, മോർഫിങ്ങ് തുടങ്ങിയവയെക്കുറിച്ച് കാര്യമായ വ്യവസ്ഥകളില്ല. അതുകൊണ്ടുതന്നെ പല കുറ്റകൃത്യങ്ങളിലും കാര്യമായ നടപടി സാധ്യമല്ല. പലപ്പോഴും ഐപിസി വ്യവസ്ഥകളുപയോഗിച്ചാണ് കുറ്റവാളികളെ ശിക്ഷിക്കുന്നത്.

സ്ത്രീകൾക്ക് നിയമപരമായ പരിഹാരങ്ങൾ നൽകുന്നതിനുള്ള ആദ്യപടി, സൈബറിടത്തിൽ സ്ത്രീകൾക്കെതിരായ ഉപദ്രവിക്കൽ / ഭീഷണി/ വിരട്ടൽ/ അക്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ കുറ്റകൃത്യത്തിന്റെ സ്വഭാവം ഉൾപ്പടെ വ്യാഖ്യാനിച്ച് വിശദീകരിച്ച്  ലിഖിത നിയമത്തിൽ ഭേദഗതികളിലൂടെ വ്യവസ്ഥകൾ ചെയ്യേണ്ടതാണ്.

രണ്ടാമതായി, സേവന ദാതാക്കൾക്ക് വിവാദപോസ്റ്റുകൾ  നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം നിശ്ചയിക്കുക എന്നതാണ്. അതോടൊപ്പം അന്വേഷണത്തിന് അവശ്യമായ എല്ലാ വിശദാംശങ്ങളും അവർ നൽകുകയും ചെയ്യുന്നു എന്നും ഉറപ്പാക്കേണ്ടതുണ്ട്.

ഇതിനെല്ലാം പുറമേ സൈബർ കുറ്റകൃത്യങ്ങൾ, നിയമവശങ്ങൾ, ശിക്ഷാനടപടികൾ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം നൽകുകകൂടി ചെയ്യേണ്ടതുണ്ട്.

ഇത്തരം സൈബർ കേസുകളിൽ ഇരകളാകുന്ന സ്ത്രീകളോട് പൊലീസ് സേനയുടെ പെരുമാറ്റത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇപ്പോൾ നടന്ന സംഭവത്തിലും പൊലീസിന്റെ നിഷ്ക്രിയത്വം ആരോപിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങളും, അന്വേഷണത്തിലെ കാലതാമസവുമെല്ലാം പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നത്?

ഇത്തരം കുറ്റകൃത്യങ്ങളോട് പൊലീസ് നിസ്സംഗത പുലർത്തുന്നുവെന്നത് ഒട്ടും ശരിയല്ല. മുൻപ് പറഞ്ഞതുപോലെ വ്യക്തികളെ ബാധിക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ ഐടി നിയമത്തിൽ കാര്യമായി പ്രതിപാദിക്കുന്നില്ല. ഗുരുതരമായ പല കാര്യങ്ങളും കുറ്റകൃത്യമായിപ്പോലും പരിഗണിക്കുന്നില്ല. അത്തരം സാഹചര്യത്തിൽ പൊലീസിന് പരിമിതിയുണ്ട്. നിയമപരമായി വികലാംഗരാണെന്നു പറയുന്ന അവസ്ഥയാണത്. ഈ സാഹചര്യത്തിൽ പൊലീസ് നിഷ്ക്രിയരാണെന്ന് തോന്നിപ്പിച്ചാൽ അത് കുറ്റവാളികൾക്ക് പ്രോത്സാഹനമാകും. നിരവധി കേസുകളിൽ ഐപിഎസ് വ്യവസ്ഥകൾ കണ്ടെത്തി നടപടിയെടുക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നത്.

സ്ത്രീകളും കുട്ടികളും നേരിടുന്ന സൈബർ ഭീഷണിയും, ആക്രമണങ്ങളും എത്രത്തോളമെന്ന് താങ്കൾക്കറിയാവുന്നതാണെന്ന് വിശ്വസിക്കുന്നു. എന്നിട്ടും ഈ കുറ്റവാളികളെ നിയമത്തിന്റെ മൂക്കിനുതാഴെ വിലസാൻ അനുവദിക്കുകയല്ലേ?

സൈബർ ഇടത്തിൽ മാത്രമല്ല, എല്ലാത്തരം കുറ്റകൃത്യങ്ങളും തടയാനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും ഞങ്ങൾ ബാധ്യസ്ഥരാണ്. ആ കടമ ആത്മാർത്ഥതയോടെ ചെയ്യുന്നുമുണ്ട്. ഇവിടെ ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും അപകീർത്തികരമെന്ന് തോന്നുന്ന പോസ്റ്റുകൾ, അഭിപ്രായങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരാമർശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇവയൊന്നും ഐടി നിയമപ്രകാരം ഒരു കുറ്റകൃത്യമായി കണക്കാക്കുന്നില്ല. ഈ സാഹചര്യത്തിൽ  നിലവിലുള്ള മറ്റേതെങ്കിലും നിയമവ്യവസ്ഥപ്രകാരം കേസന്വേഷിക്കുകയാണ് ചെയ്യുന്നത്. അതേസമയം പരാതിയിൽ കുറ്റവാളിയെ സ്ഥിരീകരിക്കാനാവശ്യമായ നിയമപരമായ വ്യവസ്ഥകളൊന്നും ഇല്ലെങ്കിൽ,  ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ല. ഈ സാഹചര്യം നിലനിൽക്കേ സൈബർ കുറ്റവാളികളെ വളരാൻ പൊലീസ് അനുവദിക്കുന്നു എന്നു പറയുന്നതിൽ അർത്ഥമില്ല.

നിങ്ങൾ എപ്പോഴെങ്കിലും ഒരു സൈബർ കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ?
 
തീർച്ചയായും. ഞങ്ങൾ ദിവസംതോറും ധാരാളം സൈബർ കുറ്റവാളികളെ  അറസ്റ്റ് ചെയ്യുന്നുണ്ട്.

കേരളത്തിലെ സൈബർ സുരക്ഷയുടെ തലവനെന്ന നിലയിൽ  സൈബർ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാനത്ത് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ  കേരളാ പൊലീസിന്റെ നേതൃത്വത്തിൽ നിരവധി നടപടികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി,
ഓരോ ജില്ലയിലും  സൈബർ സെല്ലുകൾ
നാല് സൈബർ പൊലീസ് സ്റ്റേഷനുകൾ
സൈബർ സെല്ലുകളിലും സ്റ്റേഷനുകളിലും ജോലിചെയ്യുന്ന പൊലീസുകാർക്ക് പ്രത്യേക പരിശീലനം. അത്തരം കേസുകൾ വളരെ രഹസ്യമായും തൊഴിൽപരമായും കൈകാര്യം ചെയ്യുന്നതിലും  സമർഥരാണവർ.
പരാതികളും ഇമെയിൽ വിലാസവും രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടലുകൾ
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി നിരവധി പരിപാടികളും സെഷനുകളും കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

പല സാമൂഹികമാധ്യമ സൈറ്റുകളും ആവശ്യമായ ഉത്തരവാദിത്തത്തോടെയല്ലാ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?

ഇടനിലക്കാർ അഥവാ സേവനദാതാക്കളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. വ്യക്തികൾ നടത്തുന്ന പ്രതികരണങ്ങളിൽ അവർ ഉത്തരവാദിത്വം ഏൽക്കുകയില്ല. സൈറ്റിലെ വ്യവസ്ഥകൾ പ്രകാരം അത്തരം പോസ്റ്റുകൾ ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യും. സൈബർ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും കാലതാമസമില്ലാതെ ലഭ്യമാക്കാൻ സേവനദാതാക്കളെ നിർബ്ബന്ധിതരാക്കേണ്ടതുണ്ട്. ഇതിനായി നിയമനിർമ്മാണം നടത്തിവരുന്നു.

എല്ലാ സൈബർ കുറ്റവാളികളേയും ട്രാക്കു ചെയ്യുകയെന്നത് അസാധ്യമാണെന്ന് നിങ്ങൾ തന്നെ പറയുന്നു. അത് പരിഹരിക്കുന്നതിൽ സിസ്റ്റം പരാജയപ്പെടുകയാണോ?

ഒരിക്കലുമില്ല. സൈബർ കുറ്റവാളികളെ ട്രാക്കു ചെയ്യാൻ സാധിക്കും. എന്നാൽ, ആഗോളതലത്തിൽ തന്നെ വിവിധ സ്രോതസുകളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുന്നു. സൈബർ കുറ്റവാളികൾക്ക് ആൾമാറാട്ടം നടത്താനും, അജ്ഞാതരായിരിക്കാനും കഴിയും. എങ്കിലും ഇവരെ കണ്ടെത്തുക എന്നത് അസാധ്യമല്ല. എന്നാൽ, അതിന് സമയവും പരിശ്രമവും ആവശ്യമാണെന്നു മാത്രം. 

Follow Us:
Download App:
  • android
  • ios