Asianet News MalayalamAsianet News Malayalam

മിസ്റ്റര്‍ മോന്‍സനോട് എനിക്ക് വലിയ മതിപ്പാണ്, സി പി സുരേന്ദ്രന്‍ അഭിമുഖം

സാഹിത്യം, മാധ്യമ പ്രവര്‍ത്തനം, ജീവിതം, വേരുകള്‍. ഈയിടെ പുറത്തിറങ്ങിയ 'വണ്‍ ലവ് ആന്‍ഡ് ദി മെനി ലൈവ്സ് ഓഫ് ഒസിപ്പ് ബി' എന്ന ഏറ്റവും പുതിയ നോവലിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഇംഗ്‌ളീഷിലെ മുതിര്‍ന്ന കവിയും നോവലിസ്റ്റുമായ സി പി സുരേന്ദ്രന്‍ കെ എ ഷാജിയോട് സംസാരിക്കുന്നു.  

Interview with writer journalist CP Surendran by KA Shaji
Author
Thiruvananthapuram, First Published Oct 5, 2021, 7:58 PM IST

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഇംഗ്‌ളീഷിലെ മുതിര്‍ന്ന കവിയും നോവലിസ്റ്റുമായ സി പി സുരേന്ദ്രന്‍ ജനിച്ചതും വളര്‍ന്നതും സാഹിത്യവും സ്വതന്ത്ര ചിന്തയും യുക്തിവാദവും കമ്യൂണിസവും മാനവികതയുമെല്ലാം വലിയ സംവാദങ്ങള്‍ക്ക് വിധേയമാക്കിയ കുടുംബാന്തരീക്ഷത്തിലാണ്. പവനന്റെയും പാര്‍വതീ പവനന്റെയും മകന്‍. ഇന്ത്യന്‍ മാധ്യമ രംഗത്തെ കുലപതിയായിരുന്ന സി പി രാമചന്ദ്രന്‍ അമ്മാവന്‍. പ്രശസ്ത സാഹിത്യകാരന്‍ എം പി നാരായണ പിള്ള ഉറ്റബന്ധു. തൃശൂരിലും പറളിയിലുമായുള്ള കുട്ടിക്കാലം. കോളജ് അധ്യാപകനായി അല്പകാലം കേരളത്തില്‍ ജോലി നോക്കിയാ ശേഷം സുരേന്ദ്രന്‍ കേരളം വിട്ടു. മുബൈയിലും ഡല്‍ഹിയിലുമായി വലിയ മാധ്യമ പ്രവര്‍ത്തകനായി. കവിയും നോവലിസ്റ്റുമായി. സുരേന്ദ്രന്റെ ഏറ്റവും പുതിയ നോവല്‍ 'വണ്‍ ലവ് ആന്‍ഡ് ദി മെനി ലൈവ്സ് ഓഫ് ഒസിപ്പ് ബി' വ്യാപകമായ ആസ്വാദക ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരില്‍ ജനിച്ച ഒസിപ്പ് ബാലകൃഷ്ണനിലൂടെ ഒരു കാലഘട്ടത്തെയും ദേശത്തേയും ദേശാന്തരങ്ങളെയും സുരേന്ദ്രന്‍ ഈ നോവലില്‍ നോക്കിക്കാണുന്നു. ഒരുപാട് ആത്മകഥാംശം ഉള്ള ഈ നോവല്‍ സമകാലിക ലോകത്തിലേക്കുള്ള ഒരു വിമര്‍ശനപരമായ എത്തിനോട്ടം കൂടിയാണ്. 

പുതിയ നോവലിനെക്കുറിച്ചും തന്റെ സാഹിത്യം, മാധ്യമ പ്രവര്‍ത്തനം, ജീവിതം, വേരുകള്‍ എന്നിവയെക്കുറിച്ചും സുരേന്ദ്രന്‍ സംസാരിക്കുന്നു. 

 

Interview with writer journalist CP Surendran by KA Shaji

വണ്‍ ലവ് ആന്‍ഡ് ദി മെനി ലൈവ്സ് ഓഫ് ഒസിപ്പ് ബി'

 

താങ്കള്‍  നേരത്തെ മൂന്ന് നോവലുകള്‍ എഴുതിയിട്ടുണ്ടെങ്കിലും, 'വണ്‍ ലവ് ആന്‍ഡ് ദി മെനി ലൈവ്സ് ഓഫ് ഒസിപ്പ് ബി'' ഒരു വേറിട്ട രചനയായി നിലകൊള്ളുകയും വ്യാപകമായ നിരൂപക ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇവിടെ  ഒരു നോവലിസ്റ്റിന്റെ ഉദയവും ഒരു പത്രപ്രവര്‍ത്തകന്റെ അവസാനവും  കാണാന്‍ കഴിയുമോ?


താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. 'വണ്‍ ലവ് ആന്‍ഡ് ദി മെനി ലൈവ്സ് ഓഫ് ഒസിപ്പ് ബി' എന്റെ മുന്‍കാല നോവലുകളില്‍ (ആന്‍ അയണ്‍ ഹാര്‍വെസ്റ്റ്, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, ഹദാല്‍) നിന്നുള്ള ഒരു കൃത്യമായ വ്യതിയാനം ആണെന്ന് തന്നെ പറയാം. പ്രത്യേകിച്ച് അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ ഗൗരവത്തില്‍. സമീപ നാളുകളിലായി വേദനിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമായ ചില ആരോപണങ്ങളുടെ പേരില്‍ ഞാന്‍ സമൂഹത്തില്‍ വ്യാപകമായി അപമാനിക്കപ്പെട്ടിരുന്നു. ഈ എഴുത്ത് ഒരുതരത്തില്‍ അപ്പോള്‍ വെന്തുപോയ  ആത്മാവിനെ നരകത്തിലെ തീയില്‍ കൂടുതല്‍ ഉരുക്കി സ്ഫുടം ചെയ്യുന്നത് പോലെയാണ് എന്ന് പറയാം.

ഈ നോവല്‍ എല്ലാവരെയും ഉദ്ദേശിച്ചാണ് എഴുതപ്പെട്ടത്. സ്വത്വത്തിന്റെ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു പോകുന്ന നിരവധി മനുഷ്യരുണ്ട്. ഈ ഒരവസ്ഥയ്ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കും അവയില്‍  ചിന്തയുടെ ഭാരമില്ലാത്ത  എഴുത്തുകളിലൂടെ സംവദിക്കാന്‍ അവസരം ഒരുക്കുന്ന സാങ്കേതികവിദ്യക്കും ആണ് നന്ദി പറയേണ്ടത് എന്ന് തോന്നുന്നു. അവ നമ്മുടെ പെരുമാറ്റവും പരാതികളുടെ രീതിയും തന്നെ വികലമാക്കി. എല്ലാവരും സ്വയം ശരിയാണെന്ന് കരുതുന്നു. അതിനാല്‍ തന്നെ ഇരകള്‍ക്ക് അവരുടെ നീതിക്ക് വേണ്ടി സ്വയം വാദിക്കേണ്ടി വരുന്നു.

പതിനേഴു മുതല്‍ മുതല്‍ എഴുപത് വയസ്സുവരെയുള്ള  പ്രായപരിധിയില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന രണ്ട് പേരില്‍ ഒരാള്‍ നിഷേധിയാകുന്ന സാഹചര്യം സങ്കല്‍പ്പിച്ച് നോക്കുക.  അക്രമോത്സുകതയുടെ ജീന്‍ സാങ്കേതികവിദ്യ വഴി ഇതിനകം നമ്മില്‍ പരിവര്‍ത്തനം ഉണ്ടാക്കി തുടങ്ങി എന്ന് വേണം അനുമാനിക്കാന്‍.   ഒരു തിരിച്ചുപോക്ക് ഉണ്ടെങ്കില്‍ അത് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആയിരിക്കും സംഭവിക്കുക. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ നമ്മില്‍ നിന്ന് കവര്‍ന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന് വേണ്ടി വ്യക്തി വിലപിക്കുകയും യാചിക്കുകയും ചെയ്യുമ്പോള്‍ മാത്രം ആയിരിക്കും ഈ തിരിച്ച് പോക്ക് സംഭവിക്കുക . ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന ഏഴോ എട്ടോ കഥാപാത്രങ്ങളുടെ നാടകീയവും സങ്കീര്‍ണവുമായ ഒരു ഇടപഴകലാണ് ഈ നോവല്‍. യുവാവായ കഥാനായകന്‍ ഒസിപ് ബാലകൃഷ്ണന്‍ അവരില്‍ ഒരാളാണ്.

ഇക്കാലത്തെ ഒരു പ്രധാന നഷ്ടം പത്രപ്രവര്‍ത്തനമാണ്, അതിന്റെ മൂല്യങ്ങളുടെ ശോഷണം ആണ്.  കാരണം, ഇപ്പോള്‍ നമ്മള്‍ കാണുന്ന എല്ലാവരും പത്രപ്രവര്‍ത്തകരാണ്.  നമ്മള്‍ ഒരു ആശുപത്രിയില്‍ പോയാല്‍ ഒരു കംപൗണ്ടറോ വാര്‍ഡ് ബോയോ ശസ്ത്രക്രിയ ചെയ്യട്ടെ എന്ന് പറയില്ല. ഒരു നല്ല ഡോക്ടറെ ആയിരിക്കും തേടുക. നന്നായി ജോലി ചെയ്യാന്‍ അറിയാവുന്ന ഒരു ശസ്ത്രക്രിയാ വിദഗ്ധനെ ആയിരിക്കും അന്വേഷിക്കുക.  പക്ഷേ, എത്ര ദുഷിച്ചതോ മോശമായതോ ആണെങ്കില്‍പ്പോലും, ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ കഴിയുമെങ്കില്‍ എല്ലാവരും പത്രപ്രവര്‍ത്തകരാകും എന്ന ആശയം എളുപ്പത്തില്‍ അംഗീകരിക്കപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ട സാഹചര്യമാണ്.

ഇന്ത്യയിലെ പത്രപ്രവര്‍ത്തനം ഒരുകാലത്തും ആരോഗ്യകരമായിരുന്നില്ല എന്ന് വേണം പറയാന്‍.  താരതമ്യേന ദുര്‍ബലവും വിമര്‍ശകരോട് കുറഞ്ഞ പ്രതികാര സ്വഭാവവും വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍, ലിബറല്‍ കാര്‍ഡ് ഇറക്കി ഹീറോ ആകുക എളുപ്പമായിരുന്നു. എന്നാല്‍  ഇപ്പോള്‍ അത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായി, അതിനാല്‍ തന്നെ വലുതും ചെറുതുമായ മാധ്യമ സ്ഥാപനങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു.

പത്രപ്രവര്‍ത്തനത്തിനുള്ള ഭീഷണി എല്ലായ്‌പ്പോഴും സര്‍ക്കാരില്‍ നിന്നല്ല.  കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള സ്ഥാപിത താല്‍പ്പര്യങ്ങളില്‍ നിന്നാണ് വരുന്നത്.  വാസ്തവത്തില്‍ നമുക്ക് ഒരിക്കലും ഒരു വലിയ പ്രസ് ഉണ്ടായിരുന്നില്ല. നിര്‍ഭയനായ പത്രപ്രവര്‍ത്തകനെന്ന ആശയം തന്നെ, മിക്കവാറും, ഒരു മിഥ്യയാണ്.  നിങ്ങളും നിങ്ങളുടെ കുടുംബവും ഒരു കോര്‍പ്പറേറ്റ് ജോലിയെയോ അതില്‍ നിന്നുളള വരുമാനത്തെയോ ആശ്രയിക്കുന്നു എങ്കില്‍, നിങ്ങള്‍ പറയുന്നതിന് മുമ്പുതന്നെ നിങ്ങളുടെ സ്വതന്ത്ര അഭിപ്രായപ്രകടനം സെന്‍സര്‍ ചെയ്യപ്പെടും, നിങ്ങളുടെ വായ അടയും, അല്ലെ?  ആ വീഴ്ചയില്‍  ഞാനും കുറ്റക്കാരനും ഉത്തരവാദിയുമാണ്. 

ഈ നോവല്‍ സ്വീകരിക്കപ്പെടുമ്പോഴും ഒടുവില്‍ എന്നിലെ പത്രപ്രവര്‍ത്തകന്‍ മരിച്ചോ എന്ന ചോദ്യം അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു.  ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ വ്യക്തിപരമായ പിന്മാറ്റം, ഈ രാജ്യത്ത് പൊതുവില്‍ സംഭവിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ മരണവുമായി ചേര്‍ന്ന് വരുന്നു എന്ന് മാത്രമേ എനിക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയൂ. ഇത് അപ്രതീക്ഷിതമായ ഒന്നല്ല എന്നതും കാണേണ്ടതുണ്ട്.

 

...........................................................

ഞാന്‍ പ്രാധാന്യമുള്ള നല്ല വാര്‍ത്തകള്‍ രഹസ്യമാക്കി വയ്ക്കുകയും നട്ട കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ചിലവുകള്‍ നടത്തേണ്ടത് കൊണ്ട് എനിക്ക് അത് ചെയ്യണമായിരുന്നു.  അതിനാല്‍ തന്നെ ഈ മൂല്യച്യുതിയെ വിധിക്കാന്‍ ഞാന്‍ അര്‍ഹനല്ല.

Interview with writer journalist CP Surendran by KA Shaji

സി പി സുരേന്ദ്രന്‍

 

നോവലിലൂടെ, താളം തെറ്റിയ ലോകത്തെ നിഷ്‌ക്രിയമായി തരണം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ അവതരിപ്പിക്കുന്നു. താങ്കളുടെ അഭിപ്രായത്തില്‍ അത് നമ്മുടെ ലോകമാണ്.  നമുക്ക് ചുറ്റുമുള്ള ലോകം താളം തെറ്റിയതാണെന്ന നിഗമനത്തില്‍ എത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?  ഇത് വ്യക്തിപരമായ നിഗമനമാണോ അതോ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി എത്തിച്ചേര്‍ന്ന നിഗമനം ആണോ?

ചുറ്റുമുള്ള ലോകം മോശമായി മാറിയെന്ന് ഞാന്‍ വിശ്വസിക്കുന്നതിന്റെ അടിസ്ഥാന കാരണം മൂല്യങ്ങളുടെ ക്രമം തകര്‍ന്നു എന്നതാണ്.  ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നെ ഒരു യാഥാസ്ഥിതികനായി മുദ്രകുത്തുകയും സംവാദത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം.  എന്നാല്‍ നമ്മുടെ ചുറ്റും ഒന്ന് നിരീക്ഷിക്കുക.  ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ഒരു പത്രം (ഞാന്‍ വളരെക്കാലം സീനിയര്‍ പദവിയില്‍ ജോലി ചെയ്തിരുന്ന സ്ഥാപനമാണത്)  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ തന്നെ നടപ്പിലാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ മറ്റു പത്രങ്ങള്‍ അനുകരിക്കുന്നത്. സാമൂഹിക ഇടപെടലുകള്‍ക്ക് അപ്പുറത്ത് വിധേയത്വം കൊണ്ടുവന്നു തരുന്ന സാദ്ധ്യതകള്‍ അവ അന്വേഷിക്കുന്നു.

മുന്‍പ് സൂചിപ്പിച്ചതുപോലെ, ഇപ്പോള്‍ എല്ലാവരും പത്രപ്രവര്‍ത്തകരാണ്.  എല്ലാവരും കവിയാണ്, പത്രാധിപരാണ്, സൈദ്ധാന്തികരാണ്. പണ്ഡിതരാണ്, ന്യായാധിപരാണ്.  എല്ലാവരും അവരുടെ ചെറിയ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, എല്ലാറ്റിന്റെയും കേന്ദ്രം അവരെ സംബന്ധിച്ച് അവര്‍ തന്നെയാണ്.  ഒരു പരിധിവരെ ഗൂഗിളിന്റെ ഉപയോഗം നമ്മുടെ അറിവിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പല വഴികളില്‍ നാം മുമ്പത്തേതിനേക്കാള്‍ അറിവുള്ളവരാണ്.  പക്ഷേ, അതുകൊണ്ട് മാത്രം മഹാന്മാരെ തകര്‍ക്കാന്‍ കഴിയുമെന്ന മിഥ്യാധാരണ ഉടലെടുത്തു എന്നതും നോക്കുക.  ഇപ്പോള്‍ നായക സങ്കല്പങ്ങള്‍ ഇല്ല.  ആ കാലം കഴിഞ്ഞു. ഇപ്പോള്‍ അബ്രഹാം ലിങ്കന്റെ പ്രതിമ തകര്‍ക്കുന്നു.  ഹെമിംഗ്വേയുടെ എഴുത്തുകള്‍ അവയുടെ 'വിഷലിപ്തമായ പൗരുഷം' കാരണം വായിക്കരുതെന്ന് അവര്‍ വിശ്വസിക്കുന്നു.  അവര്‍ ഗാന്ധിയെ ഒരു പീഡോഫൈലായി (ശിശുപീഡകന്‍) കണക്കാക്കുന്നു.  അവര്‍ ചര്‍ച്ചിലിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്നു. ഇത്തരം നിഗമനങ്ങളില്‍ സന്ദര്‍ഭം പരിഗണയില്‍ വരുന്നില്ല.  അറിവ് ഉണ്ടായിരുന്നിട്ടും ചരിത്രബോധമില്ല എന്ന അവസ്ഥ.  മുമ്പെങ്ങുമില്ലാത്തവിധം കഷ്ടപ്പാടുകള്‍ അറിയുന്നു എങ്കിലും ത്യാഗസന്നദ്ധത ഇല്ലാത്ത സാഹചര്യം. നിങ്ങള്‍ക്ക് ടോയ്ലറ്റില്‍ ഇരുന്നുകൊണ്ട് സമൂഹത്തെ രൂപപ്പെടുത്താനോ സ്വാധീനിക്കാനോ കഴിയുമെന്ന സാഹചര്യം. എല്ലാവരും നായകരാണ്. അതിനാല്‍ തന്നെ ഒരു പ്രത്യേക ഹീറോ ഇല്ല.

ജനാധിപത്യവല്‍ക്കരണത്തിന് ഒരു വിലയുണ്ട്.  അധികാര ശ്രേണി എന്ന ബോധത്തിന്റെ തകര്‍ച്ചയാണ് ആ വില.  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബൗദ്‌ലെയര്‍ പറഞ്ഞതുപോലെ, എല്ലാം അനുവദനീയമാണ്, എന്നാല്‍ ഒന്നും സത്യമല്ല.  നിങ്ങള്‍ക്ക് യഥാര്‍ത്ഥ പദ്ധതി അല്ലെങ്കില്‍ ക്രമം ഇല്ലെങ്കില്‍, അത് വടക്ക് നോക്കിയന്ത്രം ഇല്ലാതെ കടലില്‍ അകപ്പെട്ട നാവികനെ പോലെ ആയിരിക്കും, ദിക്ക് അറിയാന്‍ കഴിയാതെ ഉഴലും.  നിങ്ങള്‍ക്ക് ഒന്നും സഹിക്കേണ്ടതില്ല.  എല്ലായിടത്തും വ്യക്തികള്‍ അവരുടെ ലോകത്തിന്റെ കേന്ദ്രമാണ്.  രാഷ്ട്രീയവും വ്യക്തിപരവുമായ തലത്തില്‍ ഈ താളം തെറ്റല്‍ പ്രതിഫലിക്കും.  വാസ്തവത്തില്‍ വ്യക്തിപരവും രാഷ്ട്രീയവും എന്ന വേര്‍തിരിവ് പോലും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല, കാരണം രണ്ടും തമ്മിലുള്ള വെച്ചുമാറ്റം ഇപ്പോള്‍ വളരെ ലളിതമാണ്. ടോയ്ലറ്റ് വിപ്ലവകാരി എന്ന് പറയാവുന്ന തരത്തില്‍ ലളിതം.

 

കൗമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ എതിര്‍ ലിംഗത്തിലുള്ള അധ്യാപകരുമായി പ്രണയത്തിലാകുന്നത് അസാധാരണമല്ല.  എന്നാല്‍ തങ്ങളുടെ കണ്‍വെട്ടത്ത്  നിന്നും അപ്രത്യക്ഷരായ അത്തരം അധ്യാപകരെ അവര്‍ തിരഞ്ഞ് പോകുന്നത് അപൂര്‍വമാണ്. സത്യത്തില്‍ എന്താണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്?

എന്റെ കാഴ്ചപ്പാടില്‍ ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് ഒസിപ് ബാലകൃഷ്ണന്‍ മുതലുള്ള കഥാപാത്രങ്ങളുടെ ശക്തിയാണ്.  എന്തുകൊണ്ടാണ് അദ്ദേഹത്തിന് സ്റ്റാലിന്‍ സൈബീരിയയിലേക്ക് നാടുകടത്തുകയും 1938 -ല്‍ പട്ടിണികൊണ്ട് കൊല്ലപ്പെടുകയും ചെയ്ത മഹാനായ റഷ്യന്‍ കവി ഒസിപ് മണ്ടല്‍സ്റ്റാമിന്റെ പേര് ലഭിച്ചത്?  സ്റ്റാലിനിസ്റ്റ് കൂട്ടക്കൊലപാതകിയായ അദ്ദേഹത്തിന്റെ വളര്‍ത്ത് മുത്തച്ഛന്‍ ( അയാളുടെ ഭാര്യ ഗ്ലോറിയ കരുതുന്നത് അയാള്‍  ഓര്‍മക്കുറവ് അഭിനയിക്കുകയാണെന്നാണ്) എന്തുകൊണ്ടാണ് പ്രായശ്ചിത്തം പോലെ ബാലയ്ക്ക് മണ്ടല്‍സ്റ്റാമിന്റെ  പേര് നല്‍കുന്നത്?  എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരും ഇരുപതാം നൂറ്റാണ്ടിലെ റഷ്യയുടെ ഒരേ മായാ ലോകം സൃഷ്ടിക്കുന്നത്?  നോവലിലെ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതത്തില്‍ സമകാലിക ഇന്ത്യന്‍ സമൂഹം വരയ്ക്കുന്ന സമാന്തര സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

കഥാപാത്രങ്ങള്‍ സാധാരണം എന്ന് തോന്നിപ്പിക്കുന്ന ഒരു ലോകത്തേക്ക് നീങ്ങുന്നു. നോവല്‍ ബാക്കി ഭാഗങ്ങളില്‍ മറ്റ് വഴികളിലൂടെ സഞ്ചരിക്കുന്നു.  ഇത് വെള്ളത്തിലൂടെ കല്ലില്‍ തൊടുന്നതുപോലെയാണ്. നമ്മളും കഥാപാത്രങ്ങളും ഉള്‍ക്കൊള്ളുന്ന ലോകം ഒരു പരിധി വരെ ബൗദ്ധിക തലത്തില്‍ വളരെ വിചിത്രമാണ് എന്ന് തോന്നാം. ജീവിതത്തിന്റെ അയാഥാര്‍ത്ഥ്യത്തെ വായനക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഈ നോവല്‍ എന്ന് ലളിതമായി പറയാം.


ആദ്യ നോവല്‍, 'ആന്‍ അയണ്‍ ഹാര്‍വെസ്റ്റ്', 1970 -കളില്‍ കേരളത്തിലെ നക്‌സല്‍ പ്രക്ഷോഭവും അടിയന്തരാവസ്ഥക്കാലത്തെ വിമതരും നിരാശരുമായ യുവാക്കളെ ചുറ്റിപ്പറ്റിയുള്ളതാണ്.  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രാജന്റെ കസ്റ്റഡി കൊലയുടെയും അയാളുടെ പിതാവ് ഈച്ചര വാര്യര്‍ നീതിക്കുവേണ്ടി നടത്തിയ ഒറ്റപ്പെട്ട പോരാട്ടത്തിന്റെയും ഒരു സാങ്കല്‍പ്പിക വ്യാഖ്യാനമായി അത് നിലകൊള്ളുന്നു.  രണ്ടാമത്തെ നോവല്‍, 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്', മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.  മൂന്നാമത്തെ നോവലായ 'ഹദല്‍' 1994 -ലെ കേരളത്തിലെ ഐ എസ് ആര്‍ ഒ  ചാരകേസിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ സാങ്കല്‍പ്പിക വിവരണം. എന്നാല്‍ പുതിയ നോവല്‍ വിവിധ സാഹചര്യങ്ങള്‍ കൂട്ടിയിണക്കുന്നു. അതിരുകള്‍ ഭേദിക്കുന്ന ബന്ധങ്ങള്‍, ലിംഗ രാഷ്ട്രീയം, ദേശീയത, വ്യക്തി സ്വാതന്ത്ര്യം, ഗ്രൂപ്പ് അവകാശങ്ങള്‍, വ്യാജ വാര്‍ത്തകള്‍, അധികാരം തുടങ്ങി നിരവധി പ്ലോട്ടുകള്‍ സമന്വയിക്കുന്നു.  ഈ പരിണാമത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

യാഥാര്‍ത്ഥ്യം കൂടുതല്‍ രസകരമാണെന്നതിനാല്‍ നോവല്‍ എഴുതുന്നതില്‍ അര്‍ത്ഥമില്ലെന്ന് നൈപോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ നേരിയ വ്യത്യാസം ഞാന്‍ കാണുന്നു.  യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്തതായ ഒന്നിനെ നമുക്ക് കൃത്യതയോടെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല.  നമുക്ക് ചുറ്റും നിരവധി വസ്തുക്കള്‍ ഉണ്ട്. 'ആന്‍ അയണ്‍ ഹാര്‍വെസ്റ്റിനെ' സംബന്ധിച്ചിടത്തോളവും മറ്റ് നോവലുകളേക്കാലും താരതമ്യേന കൂടുതല്‍ സാങ്കല്‍പ്പികത ഉപയോഗിച്ച് എഴുതപ്പെട്ടതാണ്. 'വണ്‍ ലവ്' ല്‍, ഇതിവൃത്തം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.  ഭാഷയുടെ മറഞ്ഞിരിക്കുന്ന ചാനലുകളിലൂടെ ഒരു പ്രക്രിയ രൂപപ്പെടുന്നു.  'വണ്‍ ലവില്‍' എന്നെ ആകര്‍ഷിക്കുന്നത് ഒരു തടാകത്തിലെ അലയൊലികള്‍ പോലെ വളരെ ദൂരത്തേക്ക് എത്തുന്നതും എപ്പോഴും ചലനാത്മകമായ സംഭവങ്ങളുടെ ചക്രവാളത്തിലേക്ക് നീങ്ങുന്നതുമായ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും മാതൃകയാണ്.

 

..........................................

എന്റെ പരേതനായ അച്ഛന്‍ പവനന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും നിസ്വാര്‍ത്ഥനുമായിരുന്നു.  ഞാന്‍ അങ്ങനെയല്ല.  വാസ്തവത്തില്‍, അദ്ദേഹത്തോട് ഞങ്ങള്‍ക്ക് വലിയ നീരസമുണ്ട്, കാരണം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ബാങ്കില്‍ ഒന്നും നിക്ഷേപിച്ചിട്ടില്ല

Interview with writer journalist CP Surendran by KA Shaji

പവനന്‍

 

ഒസിപ് ബാലകൃഷ്ണനെപ്പോലെ, താങ്കളും മധ്യകേരളത്തിലെ തൃശൂരില്‍നിന്നും വളര്‍ന്ന് വന്ന വ്യക്തിയാണ്. താങ്കളുടെ കുടുംബത്തിലും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉണ്ട്. ഇവയൊക്കെ എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സാമ്യതകള്‍ അല്ലേ. ഈ നോവലില്‍ എന്തെങ്കിലും ആത്മകഥാശം ഉണ്ടോ?

അതെ.  ഒരു കൂട്ടം കഥാപാത്രങ്ങളുടെ ചരിത്രമാണ് നോവല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.  കൂടാതെ, ഒരാളുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്.  നമ്മള്‍ നമ്മളായിരിക്കുമ്പോഴാണ് മിക്കപ്പോഴും തെറ്റ് സംഭവിക്കുന്നത്.  ഈ വ്യതിയാനങ്ങളില്‍ നിന്നാണ് നമ്മുടെ സമയം അടയാളപ്പെടുത്തുന്നത്.  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ അനുഭവങ്ങള്‍ കാലത്തിലൂടെയുള്ള നാമെന്ന പ്രത്യേക വ്യക്തിയെ നിര്‍വചിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു അല്ലെങ്കില്‍ അപ്രാപ്തരാക്കുന്നു എന്നും പറയാം.  വാസ്തവത്തില്‍, നമ്മള്‍ ഓരോരുത്തരും എപ്പോഴും ഒരു സമയത്തിലൂടെ കടന്നുപോകുന്നുവരാണ്, നമ്മള്‍ ഓരോരുത്തരും സ്ട്രിംഗ് സിദ്ധാന്തത്തിന്റെ ഒരു ഘടകമാണ് എന്ന് പറയാം. യാത്രയില്‍ നമ്മുടേതായ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു.

ഞാന്‍ ഒരു സാഹിത്യ - രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നത്.  എന്നാല്‍ എന്റെ സാഹിത്യം, ഞാന്‍ എന്റെ ജീവിതത്തിലൂടെ ലോകത്തെ നോക്കുന്ന രീതി, അത് എന്റെ കുടുംബം അവരുടെ വാക്കുകളിലൂടെ ജീവിതത്തെ നോക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമാണ്.  ലോകവുമായുള്ള എന്റെ സംഘര്‍ഷം ആ വൈചിത്ര്യത്തിന്റെ ഫലമാണെന്ന് ഞാന്‍ കരുതുന്നു.

എന്റെ പരേതനായ അച്ഛന്‍ പവനന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും നിസ്വാര്‍ത്ഥനുമായിരുന്നു.  ഞാന്‍ അങ്ങനെയല്ല.  വാസ്തവത്തില്‍, അദ്ദേഹത്തോട് ഞങ്ങള്‍ക്ക് വലിയ നീരസമുണ്ട്, കാരണം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ബാങ്കില്‍ ഒന്നും നിക്ഷേപിച്ചിട്ടില്ല എന്നത് തന്നെ.  അദ്ദേഹം ആശയവിനിമയം നടത്തിയ ലോകവും വാക്കുകളും വീണ്ടെടുക്കാവുന്നതാണ്, കാരണം അദ്ദേഹം പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ആണ് അതിനെ സമീപിച്ചത്.  ഞാന്‍ അങ്ങനെയല്ല.  ദൈവം ഭൂമിയെ സൃഷ്ടിച്ചുവെങ്കില്‍, അഗ്‌നിപര്‍വ്വതങ്ങള്‍ വെച്ചുകൊണ്ട് അതിക്രമിക്കരുതാത്ത അതിരുകള്‍ നിശ്ചയിച്ചു എന്ന് കരുതാം.  എന്നാല്‍ അത് ദൈവത്തിന്റെ ലംബ ക്രമത്തിലുള്ള ലോകമാണ്.  ലാഭത്തിന്റെയും അത്യാഗ്രഹത്തിന്റെയും ഇല്ലായ്മയുടെയും സമൂഹത്തിന്റെ തിരശ്ചീന ലോകം മനുഷ്യനിര്‍മ്മിതമാണ്.  സാമൂഹികവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ നമ്മുടെ സൃഷ്ടിയാണ്.  നമ്മള്‍ പരസ്പരം ഉണ്ടാക്കുന്ന കഷ്ടതകള്‍, പല കാര്യങ്ങളിലും, ദൈവം ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതലാണ്.  പക്ഷേ, അച്ഛന്‍ അതിനെ നന്നാക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാല്‍ ഞാന്‍ അത് ഏറക്കുറെ ഉപേക്ഷിച്ച മട്ടാണ്.  ഒരുപക്ഷേ, എന്റെ എഴുത്ത് പോലും വിശ്വാസം ഉപേക്ഷിക്കുന്നതിനുള്ള സമഗ്രമായ ഒരു പ്രക്രിയയാണ് എന്ന് പോലും പറയാം. അതിനാല്‍, കുടുംബ സ്വാധീനങ്ങളെക്കുറിച്ചും ആത്മകഥാപരമായ അംശങ്ങളെക്കുറിച്ചും പറയുമ്പോള്‍ നമ്മള്‍ എങ്ങനെയാണ് ഇവയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ചും പറയണം.  ഇത് കുടുംബ  പാരമ്പര്യത്തിന്റെ അംശത്തിന്റെ ഒരു വിപരീത സ്വാധീനം കൂടിയാണ്.

നേരിട്ടുള്ള പ്രഭാവം ഇല്ലെന്ന് പറയുന്നില്ല.  നോവലിലെ കഥാപാത്രങ്ങളിലൊന്നായ അര്‍ജുന്‍ ബേദി (ഒരു ഐക്കണോക്ലാസ്റ്റ് എഴുത്തുകാരനും ഒസീപിന്റെ ഉപദേഷ്ടാവും) ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്നത് കാണിക്കുന്നുണ്ട്.  ജെ എം കോയ്റ്റ്‌സിയുടെ 'ഡിസ്ഗ്രേസില്‍' സമാനമായ ഒരു വിഷയം വളരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്.  അല്ലെങ്കില്‍ ഫിലിപ്പ് റോത്തിന്റെ 'ദി ഹ്യൂമന്‍ സ്റ്റെയിനി'ല്‍.  ഞാന്‍ ആ തരംഗത്തില്‍ സ്വയം അകപ്പെട്ടതാണ്.  പക്ഷേ, ഒരു നോവലിസ്റ്റിനെ സംബന്ധിച്ച പ്രധാന ചോദ്യം ജീവചരിത്ര സാഹചര്യമല്ല, പകരം ഈ അനുഭവത്തിന്റെ സൂക്ഷ്മതകള്‍ വായനക്കാരന് കൈമാറാന്‍ കഴിയുന്നുണ്ടോ എന്നതാണ്.

 

.........................................................

മനോഹരമായ ഒരു നാളേക്കായി സ്റ്റാലിന്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി. വാഗ്ദാനത്തില്‍ ഉണ്ടായിരുന്ന നാളെ ഒരിക്കലും വന്നില്ല.  എല്ലാ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുന്നത്,

Interview with writer journalist CP Surendran by KA Shaji

സ്റ്റാലിന്‍


ശരാശരി കേരളീയര്‍ക്ക്, ഭൂമിശാസ്ത്രവും അതിരുകളും മറികടക്കുന്ന ഒസിപ് ബാലകൃഷ്ണന്‍ അപരിചിതനായിരിക്കാം.  എന്നാല്‍ അദ്ദേഹത്തിന്റെ സ്റ്റാലിനിസ്റ്റ് മുത്തച്ഛനെപ്പോലുള്ള വ്യക്തികള്‍ അവര്‍ക്ക് പരിചിതമാണ്.  സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം ഇപ്പോഴും താങ്കളെ വേട്ടയാടുന്നുണ്ടോ?  അല്ലെങ്കില്‍ ഇപ്പോഴും സ്റ്റാലിനിസത്തിന് ഒരു ബദല്‍ തേടുകയാണോ?


മനോഹരമായ ഒരു നാളേക്കായി സ്റ്റാലിന്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി. വാഗ്ദാനത്തില്‍ ഉണ്ടായിരുന്ന നാളെ ഒരിക്കലും വന്നില്ല.  എല്ലാ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുന്നത്, നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി വലിയ ത്യാഗം ചെയ്യാനാണ്.  പലപ്പോഴും മനോഹരമായ നാളെ എന്ന ആ സൗന്ദര്യത്തിനുവേണ്ടിയാണ് നാം രക്തം ചൊരിയുകയും ജീവിതം നശിപ്പിക്കുകയും ചെയ്യുന്നത്.  ഒരുപക്ഷേ മറ്റ് വഴി ഉണ്ടാവില്ല.  പക്ഷേ, മിക്കവാറും ഒരു ജനത പ്രതീക്ഷിക്കുന്ന സുന്ദരദിനം വരാന്‍ വൈകുമ്പോഴും അതില്‍ നിന്ന് നേട്ടം ഉണ്ടാകുമെന്ന് ഉറപ്പുള്ളത് അവരുടെ നേതാക്കന്മാര്‍ക്ക് മാത്രമാണ്.  വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മനോഹരമായ വര്‍ത്തമാനകാലം ഉള്ളത്.  അത് അസ്വീകാര്യമാണ്.  അതിനെതിരായ പോരാട്ടത്തിന് ലിംഗഭേദമോ ജാതിയോ മതമോ ഒന്നുമില്ല.  അത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  വ്യക്തിയെയും അവരുടെ അവകാശങ്ങളെയും തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നതുവരെ, എല്ലാ ഗ്രൂപ്പ് രൂപീകരണങ്ങള്‍ക്കും ഫാസിസ്റ്റ് സംഘടനകളായി വളരുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം സംഘങ്ങളുടെ നേതാക്കള്‍ക്ക് എല്ലായ്‌പ്പോഴും അക്രമം സൃഷ്ടിക്കാനും കഴിയും. എല്ലാ സംഘടനകളും നിര്‍ബന്ധം കൊണ്ട് സത്യത്തിന്  എതിരാകുമെന്ന് സൈമൊണ്‍ വെയില്‍ എവിടെയോ പറയുന്നുണ്ട്.  ഞാന്‍ സൂചിപ്പിച്ച അതേ കാര്യത്തെക്കുറിച്ചാണ് അവരും പറയുന്നത്.

ഇല്ല, യുഎസ്എസ്ആറിന്റെ തകര്‍ച്ച എന്നെ വേട്ടയാടുന്നില്ല, എന്നിരുന്നാലും എന്റെ പിതാവിനെ അത് ജീവിതാവസാനം വരെ വേട്ടയാടിയിരുന്നു.  ചൈനയെപ്പോലെയോ അല്ലെങ്കില്‍ ഇന്ത്യയെപ്പോലെയോ സോവിയറ്റ് യൂണിയന്‍ എന്നെ സംബന്ധിച്ച് ചരിത്രത്തിന്റെ വഴികാട്ടി മാത്രമാണ്.  ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.  ഭയപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റാലിനിസ്റ്റ് റഷ്യയും മാവോയിസ്റ്റ് ചൈനയും വിയോജിപ്പിനെ വിമര്‍ശനത്തെ അസഹിഷ്ണുതയോടെ നേരിടുകയും വ്യക്തിഗത നേതാക്കളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നും സ്വീകാര്യമായ സാമൂഹിക മാനദണ്ഡങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തു.

ഒരു സമൂഹം മുഴുവന്‍ പരസ്പരം നിരീക്ഷിക്കുകയും നിയമപരമായ നടപടിക്രമങ്ങളില്ലാതെ ശിക്ഷകള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, സ്റ്റാലിനിസം വിജയിച്ചതായി ഞാന്‍ കരുതും.  നമ്മള്‍ ഇത് സ്റ്റാലിനിസമായി അംഗീകരിക്കുന്നില്ല, കാരണം ഇപ്പോഴത് പുതിയ സാധാരണമാണ്, ന്യൂ നോര്‍മല്‍ ആയി മാറിക്കഴിഞ്ഞു.  അതൊരു ഭയപ്പെടുത്തുന്ന ചിന്തയാണ്.  തനിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പോലും സ്വയം ശക്തിയില്ലെന്ന് അര്‍ജുന്‍ ബേദി പറയുന്നു. പൊതുധാരണകള്‍ക്ക് എതിരെ എങ്ങനെ വിശദീകരിക്കും? വീഴ്ചയുടെ കഥ എവിടെ തുടങ്ങണം?  ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും ആരംഭിക്കുമോ?

ഉദാഹരണമായി, സ്ത്രീകളുടെ അവകാശത്തിനായുള്ള ഗ്രൂപ്പുകളെ നോക്കുക, അവ ചരിത്രപരമായി ന്യായീകരിക്കപ്പെടുന്നത് തന്നെ, സ്വഭാവത്തിന്റെ പരിഷ്‌കരണമെന്ന പോലെയാണത്.  ഒരു ബൈബിള്‍ പ്രസ്ഥാനത്തെ പോലെയാണത്.  പഴയ ദൈവമായ യശിവ ഒരു മീശയും, ലിലാക്ക് വസ്ത്രവും ധരിച്ച് വരുന്നു - സ്റ്റാലിനെപ്പോലെ, എന്നിട്ട് ലിംഗപരമായ അവകാശങ്ങള്‍ പ്രചരിപ്പിക്കുന്നു.  അല്ലെങ്കില്‍ വേറെ എന്തെങ്കിലും ആശയങ്ങള്‍.


താങ്കളുടെ പുതിയ നോവല്‍ അനായാസമായി വായിക്കാന്‍ പറ്റുന്നതല്ല എന്ന് പറയാം. ഇതില്‍ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളും  കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുള്ള നിരവധി പ്രശ്‌നങ്ങളും താങ്കള്‍ വിദഗ്ധമായി പരസ്പരം യോജിപ്പിക്കുന്നു.  ഇത് പുസ്തകത്തിന്റെ പോരായ്മ ആണോ മികവാണോ, എന്താണ് താങ്കളുടെ വിലയിരുത്തല്‍?


'വണ്‍ ലവ്' ഒരു സാങ്കല്പിക സാഹിത്യമാണ്, നോവല്‍.  ഇത് വായനക്കാരനെ ഇടവേള എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന് എന്ന നിലയില്‍ ഉള്ളതല്ല.  നോവലില്‍ സസ്പെന്‍സിന്റെ ഘടകങ്ങള്‍ ഇണക്കി ചേര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. വായനക്കാരന്റെ ജിജ്ഞാസ ഉയര്‍ത്താന്‍ മിക്കവാറും എല്ലാ കഥാപാത്രങ്ങള്‍ക്കും കഴിയുമെന്ന് ഞാന്‍ കരുതുന്നു. എന്റെ വിലയിരുത്തലില്‍ നോവലിന് വ്യക്തമായ തുടക്കവും മധ്യവും അവസാനവും ഉണ്ട്.

പ്ലോട്ടിന് അപ്രതീക്ഷിത തിരിവുകള്‍ ഉണ്ട്. അങ്ങനെയാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് ഇക്കാലത്തെ ഒരു നോവലാണെന്ന് വിശ്വസിക്കുന്നു.  ഓടിച്ച് വായിക്കാന്‍ ആണ് ശ്രമം എങ്കില്‍ അത് എളുപ്പമാവില്ല.  കാരണം എല്ലായിടത്തും സുപ്രധാന ട്വിസ്റ്റുകള്‍ ഉണ്ട്.  നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കഥാപരിസരം മനസിലാക്കേണ്ടതുണ്ട്.  അതിന് അല്പം മുഴുകി വായിക്കേണ്ടതുണ്ട്.  ഉദാഹരണത്തിന് 1938, മണ്ടല്‍സ്റ്റാമിന്റെ മരണ വര്‍ഷം, മൂന്ന് തവണ മാത്രമേ ഇത് നോവലില്‍ പരാമര്‍ശിച്ചിട്ടുള്ളൂ.  എന്നാല്‍ മുത്തച്ഛന്റെ തലയിണയ്ക്കടിയില്‍ നിന്ന് ഒസിപ്പ് കണ്ടെത്തിയ ഒരു തോക്ക്, അവസാനഭാഗത്ത്, അതിന്റെ ഹാന്‍ഡില്‍ 1938 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.  ഒസിപ്പ് ബി അതുമായി തന്റെ ദിവസം മുഴുവന്‍ ചിലവഴിക്കും.  1938 എന്നത് മണ്ടല്‍സ്റ്റാം, ഒസിപ് ബി, സ്റ്റാലിന്‍, ഒസിപ് ബി യുടെ മുത്തച്ഛന്‍ എന്നിവരെ ഒരുമിച്ചു കൂട്ടുന്ന ഒരു കൃത്രിമത്വമാണ്.  ഞാന്‍ പറഞ്ഞതുപോലെ നോവല്‍ വായനക്ക് ഒരു നിശ്ചിത തലത്തിലുള്ള ശ്രദ്ധയും അര്‍പ്പണവും ആവശ്യമാണ്.

 

.............................................

ഇപ്പോള്‍ എല്ലാവരും പത്രപ്രവര്‍ത്തകരാണ്.  എല്ലാവരും കവിയാണ്, പത്രാധിപരാണ്, സൈദ്ധാന്തികരാണ്. പണ്ഡിതരാണ്, ന്യായാധിപരാണ്.  എല്ലാവരും അവരുടെ ചെറിയ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, എല്ലാറ്റിന്റെയും കേന്ദ്രം അവരെ സംബന്ധിച്ച് അവര്‍ തന്നെയാണ്.

Interview with writer journalist CP Surendran by KA Shaji

 

ഈ നോവലിന്റെ ഒരു സവിശേഷത അതിന്റെ കാലിക പ്രസക്തിയാണ്.  കഥാപാത്രങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയും സാഹസികതകളിലൂടെയും നിങ്ങള്‍ സമകാലിക ഇന്ത്യയുടെ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്നു.  കടുത്ത ദേശീയ വികാരങ്ങളുടെ ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇപ്പോഴും ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്താന്‍ കഴിയുന്നുണ്ടോ?

എന്റെ ഉത്തരം ഒരുപക്ഷേ എന്നെ ജനപ്രിയനാക്കില്ല.  സങ്കല്‍പ്പിക്കാനാവാത്ത എതിര്‍പ്പും പൊതുവായ അസംതൃപ്തിയും അതിന്റെ ഫലമായി ക്രമത്തിനും വികസനത്തിനും വേണ്ടിയുള്ള ആഗ്രഹവും കണക്കിലെടുക്കുമ്പോള്‍, 2024 -ലും, ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ട്. അതായത് നാം ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുകയാണ് എന്ന് വേണം മനസിലാക്കാന്‍.

ഭരണഘടന മതേതരമാണോ അല്ലയോ എന്നത് പോലെ തന്നെ ഭൂരിഭാഗം ജനങ്ങളും അവരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഒരു ചരിത്രപരമായ പാരമ്പര്യം ഉണ്ടായിരിക്കണം എന്നതും പ്രധാനമാണ്.  ഒരു ഹിന്ദു തന്റെ ദൈവത്തിനെ അല്ലെങ്കില്‍ ദൈവങ്ങളെ എന്തിന് ഒരു പ്രശ്‌നം ആണെന്ന് കരുതണം?  അത് പ്രത്യക്ഷത്തില്‍ അക്രമോത്സുകം ആകുന്നു എന്നത് കൊണ്ട് മാത്രമായിരിക്കും.  എന്നാല്‍ ഒരു ശരാശരി ഉത്തരേന്ത്യന്‍ ഹിന്ദുവിനെ സംബന്ധിച്ച് തന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം മാറ്റി നിര്‍ത്തി അയാള്‍ മതേതരനാകണമെന്ന് ആവശ്യപ്പെടുന്നത് യുക്തിപരവും പ്രായോഗികവുമല്ല. 'ഹിന്ദു' പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.  എന്തുകൊണ്ടാണ് അവന്‍ അവിവേകിയാകുന്നത്?  മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മനസിലാക്കുന്ന പോലെ നാം ഹിന്ദുവിനെയും മനസ്സിലാക്കണം.  മനസ്സിലാക്കാനുള്ള ശ്രമത്തിനുപകരം, നാം പലപ്പോഴും  ' ഹിന്ദു' വിനെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്തെ അഴിമതി നിറഞ്ഞ മാധ്യമ സ്ഥാപനങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു, വളരെക്കാലം നിങ്ങളും അതിന്റെ ഭാഗം ആയിരുന്നു. ഈ ഇരുട്ട് നിറഞ്ഞ പാതയില്‍ എവിടെയെങ്കിലും അല്‍പം വെളിചം കാണാന്‍ കഴിയുമോ, അത് സമീപ ഭാവിയില്‍ എങ്കിലും കണ്ടെത്താന്‍ കഴിയുമോ?  നഷ്ടപ്പെടുന്ന ഉത്തരവാദിത്തം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ വീണ്ടെടുക്കാനാകും?


ഈ ചോദ്യത്തിന് ഞാന്‍ ഇതിനകം ഭാഗികമായി ഉത്തരം നല്‍കിയിട്ടുണ്ട്.  വലിയ മാധ്യമങ്ങളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള ഒത്തുകളി ഗാന്ധിയന്‍ കാലത്തേക്കെങ്കിലും പോകുന്നുവെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ.  പക്ഷേ, അക്കാലത്ത്, സ്വതന്ത്ര ഇന്ത്യയുടെയും മാധ്യമങ്ങളുടെയും താല്‍പ്പര്യങ്ങള്‍ യോജിക്കുന്നു എന്നും അത് എല്ലാവര്‍ക്കും  പ്രയോജനകരമാകും എന്നും നാം വിശ്വസിച്ചു. ഇപ്പോള്‍ അത് അങ്ങനെയല്ലെന്നാകുന്നു.  ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മൂല്യങ്ങളെ  അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നത്. മൂല്യങ്ങളെ കുറിച്ചുള്ള അധരവ്യായാമം മാത്രമാണ് ഇപ്പോഴുള്ളത്. ഞാന്‍ അതിന്റെ ഭാഗമായിരുന്നു.  ഞാന്‍ പ്രാധാന്യമുള്ള നല്ല വാര്‍ത്തകള്‍ രഹസ്യമാക്കി വയ്ക്കുകയും നട്ട കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ചിലവുകള്‍ നടത്തേണ്ടത് കൊണ്ട് എനിക്ക് അത് ചെയ്യണമായിരുന്നു.  അതിനാല്‍ തന്നെ ഈ മൂല്യച്യുതിയെ വിധിക്കാന്‍ ഞാന്‍ അര്‍ഹനല്ല.

മാധ്യമ പ്രവര്‍ത്തക സമൂഹം ഒന്നടങ്കം സാമ്പത്തികമായി സുരക്ഷിതമാകുന്നതുവരെ, ഒരു സ്വതന്ത്ര മാധ്യമ രീതി വരാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.  ഒരുപക്ഷേ  മുതലാളിത്തവും മുതലാളിത്ത ചങ്ങാതിമാരും ഇല്ലാത്ത വിപണിയില്‍ നമ്മുടെ മാധ്യമസ്ഥാപനങ്ങളും മെച്ചപ്പെട്ടേക്കാം.  ലാഭം മികച്ച റിപ്പോര്‍ട്ടിംഗിന്റെയും ഫീച്ചര്‍-റൈറ്റിംഗിന്റെയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യം.  എന്നാല്‍ ഇപ്പോള്‍ അത് പ്രതീക്ഷിക്കുന്നത് കടന്ന കയ്യാണ്. പ്രിന്റ് മാധ്യമങ്ങളുടെ അവസാന വര്‍ഷ സാഹചര്യങ്ങള്‍ നോക്കുക, ഓണ്‍ലൈന്‍ ഔട്ട് ലെറ്റുകള്‍, പ്രത്യേകിച്ച് വിപ്ലവകരമായ ചില സ്ഥാപങ്ങള്‍ ഒക്കെയും ചില ഉദാരമതികളായ കോടീശ്വരന്മാരുടെ കാരുണ്യം കൊണ്ടാണ് നിലനില്‍ക്കുന്നത് തന്നെ.

 

...............................................

നമ്മള്‍ ഇത് സ്റ്റാലിനിസമായി അംഗീകരിക്കുന്നില്ല, കാരണം ഇപ്പോഴത് പുതിയ സാധാരണമാണ്, ന്യൂ നോര്‍മല്‍ ആയി മാറിക്കഴിഞ്ഞു.  അതൊരു ഭയപ്പെടുത്തുന്ന ചിന്തയാണ്.

Interview with writer journalist CP Surendran by KA Shaji

 

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതത്തിന്റെയും ആത്മീയതയുടെയും ഇരുണ്ട കച്ചവടത്തിന്റെ ഒരു ചിത്രം നോവലിലെ ആള്‍ദൈവമായ ആനന്ദ് നല്‍കുന്നു.  അറിയപ്പെടുന്ന യുക്തിവാദിയുടെ മകനും വിശ്വാസ വ്യവസായത്തെ അടുത്തുനിന്നും നിരീക്ഷിച്ച ഒരു പത്രപ്രവര്‍ത്തകനുമെന്ന നിലയില്‍, ഗവണ്‍മെന്റുകളിലും നയരൂപീകരണത്തിലും ആള്‍ദൈവങ്ങളുടെ സ്വാധീനം എങ്ങനെയാണ് വിലയിരുത്തുക?

ഈയിടെ മിസ്റ്റര്‍ മോന്‍സനെ വ്യാജപുരാവസ്തുക്കളുടെ വില്പനയും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് അറസ്റ്റ് ചെയ്തു.  എനിക്ക് അദ്ദേഹത്തോട് വലിയ മതിപ്പാണ്.  തങ്ങളെ അങ്ങേയറ്റം സംശയാലുക്കളും യുക്തിഭദ്ര ചിന്ത ഉള്ളവരുമായി ചിത്രീകരിക്കുന്നതില്‍ യാതൊരു മടുപ്പും ഇല്ലാത്ത ഒരു ജനതയ്ക്കാണ് മോന്‍സന്‍ കോടികളുടെ വ്യാജ പുരാവസ്തുക്കള്‍ വിറ്റത്.  അതിന് പ്രത്യേക കഴിവ് തന്നെ വേണം. അയാള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞതിന്റെ കാരണം തന്നെ അത് പഴയതാണ് എന്നതാണ്. അത്ഭുതങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസം ആണ് അതിന്റെ കാരണം.  ഇതാ സോളമന്റെ വാള്‍ അല്ലെങ്കില്‍ ചേരമാന്‍ പെരുമാളിന്റെ അരക്കെട്ട് വസ്ത്രം എന്നൊക്കെ പറയുന്നു. നാമത് വിശ്വസിക്കുന്നു.  അത് സാധ്യമായതുകൊണ്ടല്ല.  കാരണം അത് അസാധ്യമാണ് എന്നത് കൊണ്ട് തന്നെ.  ആരെങ്കിലും നിങ്ങളോട് അതുപോലുള്ളവയെക്കുറിച്ച് കള്ളം പറഞ്ഞ് നിങ്ങളെ വഞ്ചിക്കുക അസാധ്യമാണ്.  

മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങളില്‍, അതായത് അത്ഭുതങ്ങളില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്ന് മോന്‍സന് അറിയാം.  'വണ്‍ ലവില്‍', ആനന്ദ് അത്ഭുതങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, മോക്ഷം തരാം എന്ന് പറയുന്നു.  എന്നോടൊപ്പം ഇരിക്കുക, എന്നോടൊപ്പം ശ്വസിക്കുക, എന്നോടൊപ്പം പ്രാര്‍ത്ഥിക്കുക, നിങ്ങള്‍ക്ക് മോക്ഷം കിട്ടും, നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും എന്ന് പറയുന്നു.  അത് അസാധ്യമാണ്.  ആനന്ദ് ഒരു വ്യാജ ദൈവമാണ്, പക്ഷേ കള്ളനായിരുന്ന് കൊണ്ട് അയാള്‍ പ്രതിനിധീകരിക്കുന്നത് പ്രതീക്ഷയെയാണ്. പിണറായി മോഡല്‍ കമ്മ്യൂണിസം ഒരുതരത്തിലും അതിനെ മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല.  കൂടുതല്‍ മോന്‍സന്‍മാര്‍ ഉണ്ടാകുമെന്ന് വേണം പ്രതീക്ഷിക്കാന്‍.


വിദ്യാഭ്യാസം നേടുകയും അതിരുകള്‍ക്കപ്പുറം ജീവിക്കുകയും വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള ആളുകളുമായി ഇടപഴകുകയും ചെയ്യുന്ന കോസ്‌മോപൊളിറ്റന്‍ ആളുകളുടെ ജീവിതത്തില്‍ സ്വത്വം, ദേശീയത, വിശ്വാസങ്ങള്‍ എന്നിവയുടെ ചോദ്യങ്ങള്‍ പ്രസക്തമാണോ?  സങ്കര സാംസ്‌കാരിക ബന്ധങ്ങള്‍ കര്‍ക്കശമായ ദേശീയത എന്ന പ്രശ്‌നത്തിന് പരിഹാരമാണോ?  ദേശീയതയ്ക്കും സ്വത്വത്തിനും അപ്പുറമുള്ള ജീവിതത്തിന് എന്തെങ്കിലും സാധ്യത ഉണ്ടോ?


നോവലില്‍ സൂചിപ്പിക്കുന്നതുപോലെ,  അതിസമ്പന്നര്‍ക്ക് ദേശീയതയില്ല. ലോകത്തിലെ ടാറ്റകളോ ഇലോണ്‍ മസ്‌കുകളോ ഗ്രൂപ്പുകളുടെ അവകാശങ്ങള്‍ക്കായി പ്രചാരണം നടത്തുന്നത് നമുക്ക് കാണാന്‍ കഴിയില്ല.  വളരെ ദരിദ്രനും ഈ കൂട്ടത്തില്‍ ഉണ്ടാവില്ല. കാരണം അവര്‍ക്ക് സമയമില്ല.  അച്ഛന്മാരോ ഭര്‍ത്താക്കന്മാരോ സമ്മാനിച്ച ചെറിയ വീടുകളുള്ള, വായനയ്ക്കും എഴുത്തിനുമുള്ള ഒഴിവു സമയം കണ്ടെത്തുന്ന, മധ്യവര്‍ഗക്കാരാണ് ഈ പ്രശ്‌നം നേരിടുന്നത്. നോവലിലെ ഒസിപ്പിനെപ്പോലെ ഉള്ളവര്‍.  കുന്നുകളാണ് എനിക്ക് ഇന്ത്യയില്‍ ആകെ ഇഷ്ടമുള്ളത്.  എന്നാല്‍ ഞാന്‍ വിദേശത്തായിരിക്കുമ്പോള്‍, ആ സ്ഥലങ്ങളും അവയുടെ കൂടുതല്‍ മികച്ച ജീവിതവും എനിക്ക് ഇഷ്ടമായില്ല.  എനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിക്കാനാകില്ല, പക്ഷേ സ്വത്വം, സ്ഥലം, മതം, സംസ്‌കാരം, രാഷ്ട്രീയം എന്നീ ആശയങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നു.  നാം ജനിക്കുന്നത് തന്നെ തിരഞ്ഞെടുപ്പില്ലാതെയാണ്.  നിങ്ങള്‍ ശരിക്കും ചിന്തിക്കുന്ന ആളാണെങ്കില്‍ മാത്രമാണ് ഈ വേദന അറിയുന്നത്.  നോഡിക് യൂറോപ്പില്‍, മുതലാളിത്തമുള്ള ഒരു സ്ഥലത്ത് ഉട്ടോപ്യന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നു. സ്വത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇവിടെ അപ്രസക്തം ആകുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്വത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സാംസ്‌കാരികത്തേക്കാള്‍ കൂടുതല്‍ അസ്തിത്വവുമായി ബന്ധപെട്ടവയാണ്. ഒരു ഗ്രൂപ്പ് റിബല്‍ എന്നതിനേക്കാള്‍ മനുഷ്യനായിരിക്കുന്നതും ഓരോ നിമിഷവും മരിക്കുന്നു എന്നതുമാണ് പ്രധാന വിഷയം. എന്നാല്‍ ഒരാളുടെ ഭൗതിക ആവശ്യങ്ങള്‍ ശ്രദ്ധിക്കണം. അവിടെയാണ് ഐഡന്റിറ്റി പ്രശ്‌നങ്ങള്‍ എല്ലാം, ഒരു ഫാഷന്‍ എന്നതിനപ്പുറം ചുരുങ്ങി പോകുന്നത്.

 

എലിസബത്ത് ഹില്ലിനായുള്ള ഒസിപിന്റെ നിരാശാജനകമായ അന്വേഷണവും അയാള്‍ അവളോട് ഗാഢമായ പ്രണയത്തിലായിരുന്നു എന്ന അവകാശവാദവും വിചിത്രമാണോ?  ഇന്നത്തെ തലമുറ നഗരവും രാജ്യ അതിര്‍ത്തികളും കടന്ന് പ്രണയിതാവിന്റെ ജന്മനാട്ടിലേക്കും ഒക്കെ യാത്ര ചെയ്യുന്നത് യാഥാര്‍ത്ഥ്യമായി കാണുമോ?

ഒസിപ്പിനെ തന്റെ വിധി രൂപപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നിടത്തോളം ആ ആസക്തി വിചിത്രമാണ്.  നിങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ, ആണ്‍കുട്ടികള്‍ എല്ലായ്‌പ്പോഴും അവരുടെ അധ്യാപകരുമായി പ്രണയത്തിലാകും.  എന്നാല്‍ അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നത് ഒരു ആണ്‍കുട്ടിയോ യുവാവോ ഒരു കഥാപാത്രമായി മാറുമ്പോഴാണ്.  വ്യക്തിപരമായി, സ്‌നേഹത്തിന്റെ മിഥ്യാധാരണയില്‍ നിലനില്‍ക്കാന്‍ നഗരങ്ങളും രാജ്യങ്ങളും താണ്ടിയ ആളുകളെ എനിക്കറിയാം. സ്‌നേഹം ഒരു വിചിത്രമായ കാര്യമാണ്, അത് ഇപ്പോള്‍ മാത്രം നിലനില്‍ക്കുന്നു.  അതും അതിന്റെ മാന്ത്രികതയാണ്.  ഒസിപ്പിന്റെ ജീവിതകാലം മുഴുവന്‍ രൂപപ്പെട്ടത് അദ്ദേഹത്തിന്റെ യാത്രയാണ്, വിശുദ്ധ പാനപാത്രത്തിന് പിന്നാലെയുള്ള യാത്ര, അതായത് എലിസബത്തിന്റെ പിന്നാലെ. എന്നാല്‍ എലിസബത്ത് മാത്രമല്ല ഘടകം.  ആ യാത്രയിലൂടെ അയാള്‍ തന്റെ കുടുംബ രഹസ്യങ്ങള്‍ കണ്ടെത്തുകയും, ഒരു വ്യാജ മാധ്യമത്തില്‍ ഒരു പത്രപ്രവര്‍ത്തകനാകുകയും, ആധികാരികതയുള്ള ജീവിതം എന്ന സുപ്രധാന ചോദ്യത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. അതായത്, ഒരു വശത്ത് സ്‌നേഹം.  മറുവശത്ത്, അത് അവനിലേക്ക് തന്നെയുള്ള യാത്രയാണ്.

 

Interview with writer journalist CP Surendran by KA Shaji

പാര്‍വതീ പവനന്‍

 

താങ്കള്‍ എഴുത്തുകാരുടെ കുടുംബത്തില്‍ നിന്ന് വന്നതാണ്, നിങ്ങളുടെ മാതാപിതാക്കള്‍ മലയാള എഴുത്തുകാരുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം കണ്ടെത്തിയവരുമാണ്. താങ്കള്‍ എപ്പോഴെങ്കിലും മലയാളത്തില്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ടോ?

നാലാം ക്ലാസ് വരെ ഞാന്‍ മലയാളത്തില്‍ മിടുക്കനായിരുന്നു.  അപ്പോള്‍ എന്തോ സംഭവിച്ചതായി തോന്നുന്നു, ശേഷം ഞാന്‍ ഇംഗ്ലീഷില്‍ അഭയം പ്രാപിച്ചു. എനിക്ക് അചിന്തനീയമായ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ചിന്തിക്കാന്‍ കഴിയാറുണ്ട്. പഴയ മലയാളം എനിക്ക് എളുപ്പത്തില്‍ വായിക്കാന്‍ കഴിയും, പക്ഷേ പുതിയ ലിപി നന്നായി വായിക്കാനാവില്ല.  ഞാന്‍ കുറച്ച് മലയാളം നോവലുകളും കവിതകളും വായിച്ചിട്ടുണ്ട്, അതിന്റെ ആലങ്കാരിക പ്രയോഗങ്ങള്‍ എനിക്ക് മനസിലാകും.  ഇല്ല, ഞാന്‍ മലയാളത്തില്‍ എഴുതാന്‍ ശ്രമിച്ചിട്ടില്ല, ഇപ്പോള്‍ വളരെ വൈകിയിരിക്കുന്നു.  ഇത് അവസാന യാത്രാഘട്ടമാണ്. ഇനി തുടക്കത്തിലേക്ക് മടങ്ങി പോകാന്‍ കഴിയില്ലല്ലോ.

 

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി പി രാമചന്ദ്രന്‍ താങ്കളുടെ അമ്മാവനായിരുന്നു. ആദ്യം ഒരു പത്രപ്രവര്‍ത്തകനും പിന്നീട് കവിയും നോവലിസ്റ്റും ആക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എത്രത്തോളമുണ്ട്?

അദ്ദേഹം വലിയ ബുദ്ധിജീവിയും അഹങ്കാരിയും ധീരനുമായിരുന്നു.  ഭയങ്കരനായ അച്ഛനും ആധിപത്യമുള്ള അമ്മാവനും. ഞങ്ങള്‍ക്ക് നിലവാരം നിശ്ചയിച്ചതും അതിന് വഴി കാട്ടിയതും അദ്ദേഹമാണ്. ഞാന്‍ ഭീരുവും ലജ്ജാശീലനുമായ ഒരു കുട്ടിയായിരുന്നു, പക്ഷേ നിങ്ങളെ ഒന്നുമല്ലാത്തവരാക്കി മാറ്റുന്ന ഒരു പ്രത്യേക സാന്നിധ്യ പ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, ലോകം നി വിചാരിക്കുന്നതിനേക്കാള്‍ സമ്പന്നമാണ്, വായിക്കുക, വളരുക, എവിടെയെങ്കിലും എത്തുക, എന്തെങ്കിലും ആകുക എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു.  പക്ഷേ, അദ്ദേഹത്തിന്റെ നിലവാരം അളക്കുന്നത് എളുപ്പമായിരുന്നില്ല.  സഹോദരങ്ങള്‍, സഹോദരിമാര്‍, കസിന്‍സ് എന്നിങ്ങനെ നമ്മെയെല്ലാം അദ്ദേഹം വളരെയധികം സ്വാധീനിച്ചു.  ഞങ്ങളുടെ പിതാക്കന്മാരെക്കാള്‍, ഞങ്ങള്‍ നോക്കിക്കാണുകയും നിരന്തരം ചെറുതായി തോന്നുകയും ചെയ്തത് അദ്ദേഹത്തിന്റെ മുന്നിലാണ്. അദ്ദേഹം അത് സ്വയം അംഗീകരിക്കില്ല എങ്കിലും, നായര്‍ പുരുഷമേധാവിത്തത്തിന്റെ അവസാന പ്രതിനിധി ആണ് അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ലോകത്തെക്കുറിച്ച് വളരെ സൂക്ഷ്മമായ ധാരണയുണ്ടായിരുന്നു, എന്നാല്‍ സ്വന്തം കുടുംബത്തെക്കുറിച്ച് തീരെ ധാരണ ഇല്ലായിരുന്നുതാനും.  വിരമിക്കലിനു ശേഷമുള്ള തന്റെ പ്രാധാന്യവും അദ്ദേഹം തെറ്റായി കണക്കുകൂട്ടി. പറളിയിലെ തന്റെ സഹോദരിയുടെ വീട്ടില്‍ അദ്ദേഹം വിരമിച്ച ശേഷം കഴിഞ്ഞു, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുടിച്ച് മരിക്കാന്‍. കെ ജെ ജോണി എന്ന പത്രപ്രവര്‍ത്തകന്‍ അക്കാലത്ത് അദ്ദേഹവുമായി ഒരു മികച്ച അഭിമുഖം നടത്തിയിരുന്നു.  അമ്മാവന്‍ അദ്ദേഹത്തിന്റെ ലക്ഷ്യം തിരിച്ചറിയുന്നതിനുമുമ്പ് കൈയിലെ പണം അവനില്‍ തീര്‍ന്നു. അമ്മാവനാണ് എനിക്ക് ഷേക്‌സ്പിയറിനെ, ജെറാള്‍ഡ് മാന്‍ലി ഹോപ്കിന്‍സ്, ബെര്‍ണാഡ് ഷാ, വില്‍ ഡ്യൂറന്റ് തുടങ്ങിയവരെ പരിചയപ്പെടുത്തിയത്. എന്റെ പരിചയത്തില്‍, ഇംഗ്ലീഷ് ഭാഷ കൃത്യമായി ഒരു ചാട്ടുളി പോലെ ഉപയോഗിക്കാന്‍ കഴിയുന്ന മലയാളി അദ്ദേഹമാണ്. നിങ്ങളുടെ ചിന്തകളെ തിരിക്കുന്ന ഒരു വാചകം പറയാന്‍ അദ്ദേഹത്തിന് കഴിയും, അപ്പോഴാകും ഒരേ കാര്യം നോക്കി കാണാന്‍ മറ്റൊരു വഴിയുണ്ട് എന്നും അത്  മനോഹരമാണ് എന്നും തിരിച്ചറിയുന്നത്.  ഞാന്‍ കരുതുന്നത് എന്നിലുള്ള നിഷേധത്തിന്റെ ചെറിയ അംശം അദ്ദേഹത്തിന്റെ സമ്മാനമാണെന്നാണ്.  അദ്ദേഹം മരിച്ചപ്പോള്‍, മൃതദേഹം ചുമന്ന ആളുകളില്‍ ഞാനും ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ തല ഉയര്‍ത്തിയപ്പോള്‍ അതിന് ഒരു ടണ്‍ ഭാരമുണ്ടായിരുന്നു.  ഞാന്‍ ഉയര്‍ത്തിയ ഏറ്റവും വലിയ ഭാരമാണത്.

...............................................

അദ്ദേഹം വലിയ ബുദ്ധിജീവിയും അഹങ്കാരിയും ധീരനുമായിരുന്നു.  ഭയങ്കരനായ അച്ഛനും ആധിപത്യമുള്ള അമ്മാവനും. ഞങ്ങള്‍ക്ക് നിലവാരം നിശ്ചയിച്ചതും അതിന് വഴി കാട്ടിയതും അദ്ദേഹമാണ്.

Interview with writer journalist CP Surendran by KA Shaji

സി പി രാമചന്ദ്രന്‍

 

താങ്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സാഹിത്യ മാധ്യമം ഏതാണ്?  കവിതയോ നോവലോ?

കവിത എനിക്ക് കുറേക്കൂടി സ്വാഭാവികമായി വരുന്നതാണെന്ന് തോന്നുന്നു. നോവല്‍ എഴുതുക കുറേക്കൂടി കഠിനമാണ്.  വളരെ വളരെ കഠിനമാണ് എന്ന് പറയാം.  അതിന്റെ ശാരീരിക അദ്ധ്വാനം മാത്രമല്ല, ഈ നോവല്‍ എഴുതാന്‍ 7 വര്‍ഷമെടുത്തു. നോവലിന്റെ ബന്ധങ്ങളും വിവിധ ഭാഗങ്ങള്‍ യോജിപ്പിക്കുന്നതും മുന്നോട്ടും പിന്നോട്ടും ഉള്ള യാത്രയും ഭാഷയുടെ പ്രാധാന്യവും  ഒക്കെ ചേര്‍ന്ന് വരേണ്ടതുണ്ട്.  നോവല്‍ എഴുത്ത് ഒരു പ്രക്രിയയാണ്. പഴയ സംഭവങ്ങള്‍ ആണെങ്കില്‍ പോലും സംഭവിക്കുന്നതായി കാണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഭാഷ വിരസതയില്ലാതെ പോകണം, ഓരോ വരിയും ഒരു പടി മുന്നോട്ട് എന്ന രീതിയില്‍ കാണണം.  അത് അനായാസം ചെയ്യാമെന്ന് കരുതാനാവില്ല. കഠിനമാണ്, എന്നാലും ചെയ്യാന്‍ കഴിയുന്നത് തന്നെ.  കവിത 4 വരികളാണ്.  അല്ലെങ്കില്‍ 10 അല്ലെങ്കില്‍ 12 വരികള്‍. അത് പൂര്‍ണ്ണമായും ഒരു പ്രക്രിയയിലൂടെ നയിക്കപ്പെടുന്നതല്ല, ഒരുപക്ഷെ അതിന്റെ സമന്വയം ഉണ്ടാകും. കവിത കുറേക്കൂടി ശ്രവണ സംബന്ധിയായി ഉരുത്തിരിയുന്നത് ആവും.

 

..............................................

എന്റേതായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍, വടക്കുള്ള ഏതെങ്കിലും തണുപ്പുള്ള കുന്നുകള്‍ക്കിടയില്‍ ഞാന്‍ അപ്രത്യക്ഷമാകും.  

Interview with writer journalist CP Surendran by KA Shaji

 

എപ്പോഴും സ്വയം പ്രവാസത്തിലുള്ള ഒരു മലയാളിയായി അറിയപ്പെടാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടോ എന്ന് എനിക്കറിയില്ല. കേരളം സന്ദര്‍ശിക്കുമ്പോള്‍ അത് വളരെ ഹരിതാഭമായ താരതമ്യേന വൃത്തിയുള്ള, അതേസമയം പലതും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ്. ഉദാഹരണത്തിന് മലയാളിയുടെ അഹങ്കാരം എനിക്ക് മനസ്സിലാകുന്നില്ല.  ഒരു ശരാശരി മലയാളി നന്നായി വായനയുള്ളവരല്ല, ഇത് അവര്‍ സ്വയം വിലയിരുത്തുന്നതിന് വിരുദ്ധവുമാണ്. എന്നാല്‍ എല്ലാറ്റിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവരുടെ സ്വാഭാവിക കഴിവ് ശ്രദ്ധേയമാണ്. ആശയപരമായ നിലപാടുകളുടെ സ്ഥാനത്തെ കുറിച്ച് അവര്‍ക്ക് വ്യക്തതയുണ്ട്. എന്നെ സംബന്ധിച്ച് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. വലതിനേക്കാളും മധ്യ നിലപാടുകളെക്കാളും ഇടതുപക്ഷമാണ് നല്ലതെന്ന് അവര്‍ സ്വാഭാവികമായി വിശ്വസിക്കുന്നു. അവരുടെ ശീലമാക്കിയ ആശയങ്ങള്‍ എന്നതിനപ്പുറം അവര്‍ക്ക് നിരത്താന്‍ വ്യക്തമായ വാദങ്ങളില്ല.  മതിലും കാറും രണ്ട് കുട്ടികളും ഭാര്യയുമുള്ള ഒരു വീട്ടില്‍ അവര്‍  വിശ്വസിക്കുകയും ഒപ്പം അവര്‍ വിപ്ലവത്തെക്കുറിച്ച് വളരെ ബോധ്യത്തോടെ സംസാരിക്കുകയും ചെയ്യും. വിഭിന്ന ആശയത്തിനോടും ആചാരത്തിനോടും അവര്‍ വലിയ സഹിഷ്ണുത കാണിക്കുന്നില്ല. കൂടാതെ, സ്ഥലം വളരെ ഊഷ്മളവുമാണ്.

എന്റേതായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍, വടക്കുള്ള ഏതെങ്കിലും തണുപ്പുള്ള കുന്നുകള്‍ക്കിടയില്‍ ഞാന്‍ അപ്രത്യക്ഷമാകും.  പക്ഷേ വടക്ക് എന്നത് എന്നെ സംബന്ധിച്ച്, തെക്ക് പോലെയല്ല, എനിക്ക് ഹിന്ദി നന്നായി സംസാരിക്കാനും കഴിയില്ല. നമുക്ക് നോക്കാം.  മൂന്നാര്‍ ഒരു സാധ്യതയാണ്.  അല്ലെങ്കില്‍ വയനാട്ടിലെ ഒരു കുടില്‍. ഏതെങ്കിലും കുന്നിന്മുകളില്‍ ഒറ്റയ്ക്ക് ജീവിച്ച് മരിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്.

 

...........................................

പരിഭാഷ: ശാലിനി രഘുനന്ദന്‍
 

Follow Us:
Download App:
  • android
  • ios