മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനും ഇതേ അഭിപ്രായമാണ് പങ്കുവെക്കാനുള്ളത്. ടി20 ലോകകപ്പില്‍ രോഹിത് ടീമിലുണ്ടാവണമെന്നാണ് അദ്ദേഹം പറയുന്നത്.

ജൊഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിലേറ്റ തോല്‍വിക്ക് ശേഷം ആദ്യമായിട്ടാണ് രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ജേഴ്‌സിയിലെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് രോഹിത് ഇടം നേടിയത്. അതും നായകനായി തന്നെ രോഹിത് തിരിച്ചെത്തി. എന്നാല്‍ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ താരം പുറത്തായി. എങ്കിലും വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന സൂചനയാണ് സെലക്റ്റര്‍മാര്‍ നല്‍കിയത്. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനും ഇതേ അഭിപ്രായമാണ് പങ്കുവെക്കാനുള്ളത്. ടി20 ലോകകപ്പില്‍ രോഹിത് ടീമിലുണ്ടാവണമെന്നാണ് അദ്ദേഹം പറയുന്നത്. കോലിയെ കുറിച്ചും ഡിവില്ലിയേഴ്‌സ് സംസാരിക്കുന്നുണ്ട്. ഇരുവരും ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍... ''ടി20 ലോകകപ്പില്‍ കിരീടം നേടണമെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമില്‍ വേണം. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ഇരുവരും ട്വന്റി 20 ടീമില്‍ തിരിച്ചെത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.'' ഡിവില്ലിയേഴ്‌സ് കൂട്ടിചേര്‍ത്തു.

14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലിയും രോഹിത്തും ടി20 ടീമില്‍ തിരിച്ചെത്തുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ട്വന്റി 20 പരമ്പര കൂടിയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ആദ്യ മത്സരം കളിച്ചിരുന്നില്ല. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ ആര് ഇന്ത്യയെ നയിക്കുന്നമെന്നുള്ള ചോദ്യവും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന 2024ലെ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, അയര്‍ലന്‍ഡിനെയാണ് നേരിടുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. നാല് ദിവസങ്ങള്‍ക്ക് ശേഷം, ഒമ്പതിന് ഇന്ത്യ - പാകിസ്ഥാന്‍ പോര്. പിന്നീട് 12ന് അമേരിക്കയേയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മൂന്ന് മത്സരങ്ങളും നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. 15ന് ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയേയും ഇന്ത്യ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക.

ഗ്രൂപ്പ് ഘട്ടം അനായാസം ഇന്ത്യക്ക് കടക്കാം. പാകിസ്ഥാന്‍ മാത്രമാകും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യത. ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. 20 ടീമുകള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ പോരിനിറങ്ങുന്നു എന്നതാണ് പ്രധാന സവിശേഷത. ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാര്‍.

ഏഷ്യന്‍ കപ്പ്: ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ, ഇത്തവണ ഫുട്‌ബോളില്‍! ആരാധകരോട് പിന്തുണ അഭ്യര്‍ത്ഥിച്ച് ഛേത്രി