കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും താരം ഗംഭീര പ്രകടനങ്ങള്‍ പുറത്തെടുത്തു. ഇതോടെ ആളുകള്‍ക്കുള്ള അഭിപ്രായവും മാറി. 

ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ഫോര്‍മാറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ട താരമാണ് റിയാന്‍ പരാഗ്. നേരത്തെ, സിംബാബ്‌വെക്കെതിരെ ടി20 പരമ്പരയില്‍ അരങ്ങേറിയിരുന്നു പരാഗ്. പിന്നാലെ ഏകദിന ടീമിലേക്കും താരത്തിന് വിളിയെത്തി. ഒരുകാലത്ത് സ്ഥിരം പരിഹാസത്തിന് ഇരയായിരുന്ന താരമാണ് പരാഗ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും താരം ഗംഭീര പ്രകടനങ്ങള്‍ പുറത്തെടുത്തു. ഇതോടെ ആളുകള്‍ക്കുള്ള അഭിപ്രായവും മാറി. 

ഇപ്പോല്‍ പരാഗിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. താരം നേരിട്ട ട്രോളുകളെ കുറിച്ചും സൂര്യ സംസാരിക്കുന്നുണ്ട്. '''ട്രോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും സംഭവിക്കുന്നു. ഒരു കായികതാരം അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന താരമാണ് പരാഗ്. ഒരു 'എക്സ്-ഫാക്ടര്‍' ഉണ്ടെന്ന് ഞാന്‍ അവനോട് തന്നെ പറഞ്ഞിരുന്നു. ബാക്കിയെല്ലാം മാറ്റിവെച്ച് അതില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ പരാഗിനോട് പറഞ്ഞു. കഴിഞ്ഞ 3-4 വര്‍ഷമായി അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവന്‍ ടീമിനൊപ്പം ഉണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'' സൂര്യ പറഞ്ഞു. 

എല്ലാ വിഭവങ്ങളും ഗംഭീറിന് മുന്നില്‍ തന്നെയുണ്ട്! പുതിയ കോച്ചിന് നിര്‍ദേശവുമായി മുന്‍ പരിശീലകന്‍ ശാസ്ത്രി

ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ചും സൂര്യ സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നതിങ്ങനെ... ''ഹാര്‍ദിക്കിന്റെ റോള്‍ എല്ലായ്പ്പോഴും അതേപടി നിലനില്‍ക്കും. ടീമിന് അദ്ദേഹം ഒരു പ്രധാന കളിക്കാരനാണ്. ലോകകപ്പില്‍ നടത്തിയത് പോലെ ടീമിനായി അദ്ദേഹം തുടര്‍ന്നും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇന്ത്യയ്ക്കുവേണ്ടിയും ഹാര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ച ക്രിക്കറ്റ് ബ്രാന്‍ഡ് മികച്ചതായിരുന്നു.'' സൂര്യ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.