Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ കപ്പ്: ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ, ഇത്തവണ ഫുട്‌ബോളില്‍! ആരാധകരോട് പിന്തുണ അഭ്യര്‍ത്ഥിച്ച് ഛേത്രി

ഖത്തറില്‍ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായിരുന്നു ഓസ്‌ട്രേലിയ.

india vs australia asian cup football match preview match
Author
First Published Jan 12, 2024, 10:34 PM IST

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. പറ്റാവുന്നിടത്തോളം കാലം ദേശീയ ടീമിനായി കളിക്കുമെന്നും മുപ്പത്തിയൊന്‍പതുകാരനായ ഛേത്രി പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അതിശക്തരായ എതിരാളികളാണ്. ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഇവരെ നേടിരാനുളള കഠിനപരിശ്രമത്തിലാണ് ഇന്ത്യന്‍ ടീമെന്ന് നായകന്‍ സുനില്‍ ഛേത്രി.

ഛേത്രി പറയുന്നത് ഇങ്ങനെ... ''എതിരാളികളെക്കുറിച്ച് ആശങ്കയില്ല. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷനല്‍കുന്നതാണ്. കരുത്തും ദൗര്‍ബല്യവും വിലയിരുത്താനുള്ള അവസരമാണിത്. മത്സരങ്ങള്‍ ഖത്തറില്‍ നടക്കുന്നതിനാല്‍ ആരാധകരുടെ വലിയ പിന്തുണയാണ് ഇന്ത്യക്ക് കിട്ടുന്നത്.'' ഇവരോട് ഛേത്രിക്ക് പറയാനുള്ളത് ഇതുമാത്രം. നാളെയാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഖത്തറില്‍ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായിരുന്നു ഓസ്‌ട്രേലിയ. നാട്ടുകാരുടെ പിന്തുണയോടെ ഇറങ്ങിയ ഓസീസിനെ രണ്ടിനെതിരെ നാല് ഗോളിന് കശക്കിയെറിഞ്ഞ് ഇന്ത്യ സെമി ഫൈനലില്‍ കയറിയത്. കോഴിക്കോട്ടുകാരന്‍ ടി അബ്ദുല്‍ റഹ്‌മാനും ഒറ്റപ്പാലംകാരന്‍ എസ് എസ് നാരാണനും ഉള്‍പ്പെട്ട ടീം ഇന്ത്യക്ക് അന്ന് അവിസ്മരണീയ ജയമൊരുക്കിയത് നെവില്‍ ഡിസൂസയുടെ ഐതിഹാസിക ഹാട്രിക്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയോടേറ്റ തോല്‍വി ഓസീസിന് മരണതുല്യമായിരുന്നു. അഭിമാനം വീണ്ടെടുക്കാന്‍ ഒളിംപിക്‌സിന് ശേഷം ഏറ്റുമുട്ടാന്‍ ഓസീസ് ടീം വെല്ലുവിളിച്ചു. ഇന്ത്യന്‍ കോച്ച് എസ് എ റഹീമിന് ആ വെല്ലുവിളി സ്വീകരിക്കാന്‍ മടി ഒന്നുമുണ്ടായിരുന്നില്ല. മെല്‍ബണില്‍ വാശീതീര്‍ക്കാനിറങ്ങിയ ഓസീസിനെ ഇന്ത്യ കശാപ്പുചെയ്തത് ഒന്നിനെതിരെ ഏഴ് ഗോളിന്. അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുടീമും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഫിഫ റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഇരുപത്തിയഞ്ചും ഇന്ത്യ നൂറ്റിരണ്ടും സ്ഥാനത്ത്. 

ഗോളി ഗുര്‍പ്രീത് സന്ധുവിനും സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കെയും നയിക്കുന്ന പ്രതിരോധനിരയ്ക്കും പിടിപ്പത് പണിയായിരിക്കും എന്നുറപ്പ്. സഹല്‍ അബ്ദുല്‍ സമദും കെ പി രാഹുലുമാണ് ടീമിലെ മലയാളികള്‍. ഇന്ത്യയുടെ ഗോള്‍ പ്രതീക്ഷ ഒരിക്കല്‍ക്കൂടി നീളുന്നത് മുപ്പത്തിയൊന്‍പതുകാരന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടുകളിലേക്ക്.

റൊണാള്‍ഡോയുടെ ഭരണം! പോര്‍ച്ചുഗീസ് താരത്തിന് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ലിയോണല്‍ മെസിക്ക് നഷ്ടം
 

Latest Videos
Follow Us:
Download App:
  • android
  • ios