സതാംപ്‌ടണ്‍: ജോണി ബെയര്‍സ്റ്റോ വെടിക്കെട്ടില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. സതാംപ്‌ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയവുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇംഗ്ലണ്ട് നേടുകയായിരുന്നു. നേരത്തെ ആദ്യ ഏകദിനം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് നിശ്‌ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 212 റണ്‍സേ ചേര്‍ക്കാനായുള്ളൂ. 68 റണ്‍സെടുത്ത കുര്‍ട്ടിസ് കാംഫര്‍ ആണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ഗാരെത് ഡെലാനി പൂജ്യത്തിനും സ്റ്റിര്‍ലിങ് 12 ഉം പുറത്തായി. നായകന്‍ ആന്‍റി ബാല്‍ബിര്‍ണീക്കും(15) തിളങ്ങിയില്ല. കാംഫറിനൊപ്പം വാലറ്റത്ത് സിമി 25 ഉം ആന്‍റി മക്‌ബ്രൈന്‍ 24 ഉം റണ്‍സ് നേടിയതാണ് അയര്‍ലന്‍ഡിനെ 200 കടത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും ഡേവിഡ് വില്ലിയും സാദിഖ് മുഹമ്മദും രണ്ട് വീതം വിക്കറ്റും വീഴ്‌ത്തി. 

ജേസന്‍ റോയിയെ മൂന്നാം പന്തില്‍ പൂജ്യത്തില്‍ മടക്കി ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് തുടക്കത്തിലെ വിരട്ടി. ജയിംസ് വിന്‍സ് 16 ഉം ടോം ബാന്റണ്‍ 15 ഉം നായകന്‍ ഓയിന്‍ മോര്‍ഗനും മൊയിന്‍ അലിയും പൂജ്യത്തിനും പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങി. എന്നാല്‍ ജോണി ബെയര്‍സ്റ്റോയും സാം ബില്ലിംഗ്‌സും ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിനെ ജയിപ്പിക്കുകയായിരുന്നു. ബെയര്‍സ്റ്റോ 41 പന്തില്‍ 82 റണ്‍സും ബില്ലിംഗ്‌സ് 61 പന്തില്‍ പുറത്താകാതെ 46 റണ്‍സും വില്ലി 46 പന്തില്‍ പുറത്താകാതെ 47 റണ്‍സും നേടി. 

വെറും 21 പന്തിലാണ് ബെയര്‍സ്റ്റോ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിനായി വേഗമാര്‍ന്ന ഏകദിന അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ മോര്‍ഗന് ഒപ്പമെത്തി ബെയര്‍സ്റ്റോ. 14 ഫോറും രണ്ട് സിക്‌സും ബെയര്‍സ്റ്റോയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നും കുര്‍ട്ടിസ് കാംഫര്‍ രണ്ടും ക്രെയ്‌ഗ് യങ് ഒന്നും വിക്കറ്റ് വീഴ്‌ത്തി. പരമ്പരയിലെ അവസാന ഏകദിനം നാലാം തീയതി സതാംപ്‌ടണില്‍ നടക്കും.