ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ തെംബ ബവൂമ കളിക്കില്ല. പരിക്ക് കാരണം താരത്തെ മാറ്റനിര്‍ത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ബവൂമയ്ക്ക് പരിക്കേറ്റത്. പേശിവലിവാണ് താരത്തിന്റെ പ്രശ്‌നം. വെള്ളിയാഴ്ച വാന്‍ഡറേഴ്‌സിലാണ് ആദ്യ ടി20. എന്നാല്‍ ബവൂമയ്ക്ക് പകരം മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ടീമിലേക്ക് തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഓപ്പണ്‍ ചെയ്യുമെന്നാണ് അറിയുന്നത്. ക്വിന്റണ്‍ ഡി കോക്കാണ് സഹ ഓപ്പണര്‍. ഏഴ് മുതല്‍ 10 വരെ ദിവസത്തെ വിശ്രമമാണ് ബവൂമയ്ക്ക് നിര്‍ദേശിച്ചിരുന്നത്. എങ്കിലും ബവൂമ ടീമിനൊപ്പം യാത്ര ചെയ്യും. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന രണ്ടാം ടി20യില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഫാഫ് ഡു പ്ലെസിസ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. ഏകദിന പരമ്പര ഇരുവരും പങ്കിട്ടപ്പോള്‍ ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കി.