വിശാഖപട്ടണം: ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകള്‍ നഷ്ടമായ ബുമ്ര വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇന്ത്യയുടെ നെറ്റ് സെഷനില്‍ വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരക്കെതിരെ പന്തെറിയാനെത്തും.

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിന് മുന്നോടിയായാണ് ബുമ്ര നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിയുക. പരിക്കേറ്റ് പുറത്തുപോവുന്ന താരങ്ങള്‍ ടീമില്‍ തിരിച്ചുവരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ പന്തെറിയുക എന്നത് കീഴ്‌വഴക്കമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റപ്പോഴും ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന് നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിരുന്നു.

ഇതിനുശേഷമാണ് ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ താരങ്ങള്‍ എത്രമാത്രം ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇത്തരം പരിശീലനം കൊണ്ടു കഴിയുമെന്ന് ദേശീയ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ പറഞ്ഞു. ബുമ്രക്ക് പുറമെ ഹര്‍ദ്ദിക് പാണ്ഡ്യയും പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇരുവരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.