മുംബൈ: ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബൂമ്രയാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

ബൂമ്ര എറിഞ്ഞ പത്തൊൻപതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലിൽ നാലോവറിൽ 14 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയായിരുന്നു മാൻ ഓഫ് ദ മാച്ച്. ബൂമ്രയുടെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്നും സച്ചിൻ പറഞ്ഞു.

സച്ചിന്റെ അഭിനന്ദനത്തോട് പ്രതികരിക്കാന്‍ തനിക്ക് വാക്കുകളിലെന്നായിരുന്നു ബൂമ്രയുടെ പ്രതികരണം. ബൂമ്രയെപ്പോലെ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ബൗളറെ കണ്ടിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് താരം യുവരാജ് സിംഗും പറഞ്ഞു. ഐപിഎല്ലില്‍ മുംബൈക്കായി എല്ലാ മത്സരങ്ങളിലും കളിച്ച ബൂമ്ര 19 വിക്കറ്റ് നേടി. 6.63 മാത്രമാണ് ബൂമ്രയുടെ ഐപിഎല്ലിലെ ഇക്കോണമി.