മംഗളുരു: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ സഹോദരന്‍റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ അന്‍പത്തിയഞ്ചുകാരന്‍ പിടിയില്‍. ദക്ഷിണ കര്‍ണാടക ജില്ലയിലാണ് സംഭവം. സഹോദരന്‍റെ മരണ ശേഷം ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ അടച്ച് തീര്‍ക്കണമെന്നാവശ്യപ്പെടുന്ന കത്തുകള്‍  ഇയാളുടെ അഡ്രസില്‍ വന്നതാണ് ആക്രമണ കാരണം. 


മുപ്പത്തിയഞ്ചുകാരിയും മൂന്ന് പെണ്‍മക്കളുടെ അമ്മയുമായ സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്‍റെ സഹോദരന്‍ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകളിലൊരാള്‍ക്കും ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് അഞ്ച് ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് രണ്ട് ഗഡുക്കള്‍ ആയപ്പോഴേക്കും ഭര്‍ത്താവ് മരിച്ചു.

ബാങ്കില്‍ നിന്ന് വായ്പ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍ ഭര്‍ത്താവിന്‍റെ മൂത്ത സഹോദരന്‍റെ വീട്ടിലായിരുന്നു ചെന്നിരുന്നത്. 2018ലാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവും മുതിര്‍ന്ന സഹോദരനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തു തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ അസഭ്യ വര്‍ഷത്തിന് പിന്നാലെയാണ് കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചത്. മുഖത്തും കഴുത്തിലും തോളുകളിലുമായാണ് ആസിഡ് വീണത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.