കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ കൈമാറണമെന്ന ആവശ്യം വിചാരണക്കോടതിയിലും ആവർത്തിച്ച് ദിലീപ്. എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവിന് സമാനമായി തെളിവുകൾ വേണമെങ്കിൽ കാണാം എന്നതല്ലാതെ കൈമാറില്ലെന്ന് വിചാരണക്കോടതിയും പറഞ്ഞു. 

അന്വേഷണ സംഘം ശേഖരിച്ച 32 ഡിജിറ്റൽ തെളിവുകളുടെ സമ്പൂർണ പകർപ്പ് നൽകണമെന്നാണ് ദിലീപ് വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് ഇന്നും കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ല. എന്നാൽ കേസിൽ നേരിട്ട് ബന്ധമില്ലാത്തവരുടെ മൊബൈൽ ഫോളുകളിൽ നിന്നും ശേഖരിച്ച തെളിവുകൾ അടക്കം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്നല്ലാതെ, കയ്യിൽ തരാനാകില്ലെന്ന് വിചാരണക്കോടതിയും വ്യക്തമാക്കിയത്. 

കേസുമായി ബന്ധപ്പെട്ട് ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ ഒമ്പതാം പ്രതി സനിൽകുമാറിനെ കോടതിയിൽ പൊലീസ് ഹാജരാക്കി. പാലായിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു സനിൽകുമാർ. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലാ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 

കേസുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള മറ്റ് പ്രതികളായ മാർട്ടിൻ, വിജേഷ്, പ്രദീപ് എന്നിവർ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇത് പരിഗണിച്ച വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷയും റദ്ദാക്കിയിട്ടുണ്ട്.