കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാൻ നിതിന്‍ വീട്ടിലെത്തിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

കണ്ണൂര്‍ സിറ്റി പൊലീസാണ് വലിയന്നൂർ സ്വദേശി നിതിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ പ്രേരണക്കുറ്റമാണ് നിതിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകനായ നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടിൽ പോയിരുന്നുവെന്ന് നിതിന്‍ സമ്മതിച്ചതായാണ് വിവരം. ഇതിന് പുറമെ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ ശരണ്യയെ കൊണ്ട് തന്നെ നിതിന്‍ പണയം വയ്പ്പിച്ചു. ആ പണവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ രേഖകൾ കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.

നിതിന്റെ പങ്ക് തെളിയിക്കുന്ന മൊഴികള്‍ ശരണ്യയാണ് നല്‍കിയത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്ക് നടത്തിയെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ ശരണ്യയെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ നിതിന്റെ പങ്ക് കൂടി വെളിപ്പെട്ടത്.