Asianet News MalayalamAsianet News Malayalam

ബെസ്റ്റോട്ടല്‍ പൂട്ടുകയോ, ബെസ്റ്റ്, കണ്ണാ! ബെസ്റ്റ്!

കൊവിഡ് ബെസ്‌റ്റോട്ടലിനെയും അടച്ചുപൂട്ടുമ്പോള്‍, എഴുത്തുകാരനും, ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ മതിലുകള്‍: ലൗ ഇന്‍ ദ് ടൈം ഓഫ് കൊറോണ എന്ന സിനിമയുടെ സംവിധായകനുമായ അന്‍വര്‍ അബ്ദുള്ള എഴുതുന്നു 

Anwar Abdulla on Bestotel kottayam
Author
Kottayam, First Published Jun 28, 2021, 2:35 PM IST

ബെസ്റ്റ് ഹോട്ടലല്ല; ബെസ്റ്റോട്ടല്‍. അതില്‍ ബെസ്റ്റും ഹോട്ടലുമുണ്ട്, അല്ലെങ്കില്‍ ബെസ്റ്റും ഹോട്ടലുമില്ല; അതു രണ്ടിനെയും അതിവര്‍ത്തിക്കുന്ന മറ്റെന്തോ ഉണ്ട്. ബെസ് എന്നുനിര്‍ത്തിവായിച്ചാല്‍ തുടര്‍ന്ന് റ്റോട്ടല്‍ എന്നു മുഴങ്ങും. അതേ, ഒരു റ്റോട്ടാലിറ്റി അതിലുണ്ട്. ബെസ്റ്റോട്ടലിലെ വിളമ്പുതളവും മേശകളുടെ പടുതികളും പരിചാരകരുടെ പ്രവൃത്തിമര്യാദയും ആഹാരരുചികളുടെ ആനന്ദപാരവശ്യങ്ങളും ഒന്നുവേറേതന്നെയാണ്.

 

Anwar Abdulla on Bestotel kottayam

 

ബെസ്റ്റോട്ടല്‍ പൂട്ടാന്‍ പോകുന്നെന്ന്! 

വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ എന്തോ ഒന്ന് ചങ്കീന്നു പറിഞ്ഞുപോകുന്നതുപോലെ തോന്നി. ഒന്നുമല്ല. തോന്നല്‍ മാത്രം. ബെസ്റ്റോട്ടല്‍ പൂട്ടിപ്പോയെന്നുപറഞ്ഞ് വ്യക്തിപരമായ ഒരു നഷ്ടവും ഒരു ഗൃഹാതുരക്കഷണനഷ്ടം പോലും എനിക്കു വരാനില്ല. ബെസ്റ്റോട്ടലിന്റെ മഹാചരിത്രത്തില്‍ ഞാനോ എന്റെ ആത്മകഥയില്‍ അലിഞ്ഞുചേര്‍ന്ന് ബെസ്റ്റോട്ടലോ ഇല്ല. എന്നാലും ഞാനും ബെസ്റ്റോട്ടലും മലയാളിയുടെ സാംസ്‌കാരികയാത്രയും കോട്ടയത്തിന്റെ ഭൂതബാധയും എല്ലാം കെട്ടിപ്പിണഞ്ഞുകിടക്കുന്ന എന്തോ ഒന്ന് എനിക്കും അല്‍പം അവകാശപ്പെട്ടതാണല്ലോ. എന്റെ കൂടി നാഗവല്ലിയാണ് ബെസ്റ്റോട്ടലും അതു നില്‍ക്കുന്ന കോട്ടയത്തെ സെന്‍ട്രല്‍ ജംഗ്ഷനും അവിടമാകെ ഭരിച്ചുപാറുന്ന ആവിമണങ്ങളും.

ബേക്കര്‍ സ്‌കൂളില്‍ നാലുവരെ പഠിക്കുന്ന കാലത്തുതന്നെ, തനിയെ ബസ് കയറിപ്പോകാന്‍ ശീലിച്ച ഞാന്‍ ചിലപ്പോള്‍, ആവശ്യമില്ലാതെ സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റിയേ ബസ് സ്റ്റാന്റിലേക്കു പോകൂ. അപ്പോള്‍ ബെസ്റ്റോട്ടല്‍ കാണാം; തന്തൂര്‍ റെസ്റ്റോറന്റും കാണാം. അവിടെയൊക്കെ വിളമ്പുന്ന, ഇക്കാലത്തു നിത്യപരിചിതമെങ്കിലും അക്കാലത്ത് അപരിചിതവിചിത്രരുചിവിഭവങ്ങള്‍, മണങ്ങളിലൂടെ അറിഞ്ഞു കൊതിക്കാനൊന്നുമല്ല. നമുക്കു പരിചിതവും പത്ഥ്യവും വുഡ്ലാന്റ്സിലെ പൊറൊട്ടയും ചാപ്സും പ്രിയയിലെ (ഇതാണു തകഴി ചെമ്മീന്‍ എഴുതിയ ബോട്ഹൗസ് കഫേയെന്നു തോന്നുന്നു) ബിരിയാണിയുമൊക്കെ. അതും വല്ലപ്പോഴും കൈവരുന്ന സൗഭാഗ്യങ്ങള്‍.

 

Anwar Abdulla on Bestotel kottayam

 

പിന്നെന്താണു ബെസ്റ്റോട്ടലിന്റെയും എന്റെയും ഹൃദയം ഒന്നിച്ചുമിടിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു കാരണം? അറിയില്ല. അത് സക്കറിയയും ജോണേബ്രഹാമും മധുവും നസീറും ഷീലയും യേശുദാസും ദേവരാജനും വയലാറുമൊക്കെ വരികയും അന്തിയുറങ്ങുകയും അന്നമുണ്ണുകയും ചെയ്യുന്ന വഴിയമ്പലമാണെന്ന അറിവു പോലും ഇല്ല. അതെല്ലാം അറിഞ്ഞത് വളരെ വൈകി, ഹൈസ്‌കൂള്‍ കാലം മുതല്‍ പല ഗഡുക്കളായിട്ടാണ്. 

എന്നാലും ആ കവലയുടെ വഴിപ്പിരിവുകളും ഹസ്സന്‍ റാവുത്തര്‍ ഗേറ്റടക്കം മതസൗഹാര്‍ദ്ദക്കവാടങ്ങളുമായി നില്‍ക്കുന്ന തിരുനക്കരമൈതാനവും അങ്ങേപ്പുറം, ശിവലിംഗരൂപമാര്‍ന്ന ചെങ്കല്‍പ്രതിഷ്ഠയുടെ പിന്നില്‍ മരുവുന്ന തിരുനക്കരയമ്പലവും ഒക്കെയായി, നഗരത്തിന്റെ നടുമദ്ധ്യം പോലെ വിലസുന്ന ആ കവലയ്ക്കെന്തോ പ്രത്യേകതയുണ്ട്. നടുമദ്ധ്യം എന്ന അര്‍ത്ഥത്തിലാണ് സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നു പേരുവന്നതെന്നാണ് ധാരണയുണ്ടായിരുന്നത്. അല്ലാതെ, ആ പേരില്‍ ഒരു സ്ഥാപനവും അവിടെങ്ങുമില്ല. 

പക്ഷേ, ധാരണ തെറ്റെന്നു മനസ്സിലാകുന്നത്, എത്രയോ വര്‍ഷം കഴിഞ്ഞ്, പ്രേം പ്രകാശ് തന്റെ ജീവിതകഥ എന്നോടു പലപ്പോഴായി പറയുമ്പോഴാണ്. ആ ജീവിതകഥ സത്യത്തില്‍ കോട്ടയത്തിന്റെ ആത്മകഥയുടെ പ്രധാനപ്പെട്ട അദ്ധ്യായങ്ങള്‍ കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞത്, സെന്‍ട്രല്‍ എന്നൊരു തീയറ്റര്‍ ആ കവലയിലുണ്ടായിരുന്നു എന്നാണ്. അന്ന് കോട്ടയത്തിന്റെ സാംസ്‌കാരികക്കോട്ടകള്‍ മൂന്നു തീയറ്ററുകളായിരുന്നത്രേ! സെന്‍ട്രലും സ്റ്റാറും രാജ്മഹാലും. ആദ്യത്തെ രണ്ടും ഇല്ലാതായിട്ട് അരനൂറ്റാണ്ടോളം ആകുന്നു. എന്നാല്‍, കവലകളുടെ പേരുകളായി അവ നിത്യസ്മാരകത്വമാര്‍ജിച്ചിരിക്കുന്നു. രാജ്മഹാല്‍ അനശ്വരയെന്ന പേരില്‍ ഇന്നുമുണ്ട്. സെന്‍ട്രലും സ്റ്റാറും രാജ്മഹാലുമായിരുന്നു ജോണേബ്രഹാമിനെയും കെ.ജി.ജോര്‍ജിനെയും തിലകനെയും ജോസ് പ്രകാശിനെയും പ്രേം പ്രകാശിനെയും അരവിന്ദനെയും ഒക്കെ സിനിമ കാണിച്ചുവളര്‍ത്തിയത്. ആ സെന്‍ട്രല്‍ പോയി; ഇപ്പോഴിതാ ബെസ്റ്റോട്ടലും.

 

 

അതിനും മുമ്പൊരിക്കല്‍, സക്കറിയയുടെ 'ജോസഫ് എന്ന പുരോഹിതന്‍' തിരക്കഥ - ഒരിക്കലും സിനിമയാകാത്ത തിരക്കഥ - പുസ്തകമായപ്പോള്‍, അതിന്റെ ആമുഖം പറഞ്ഞു, ഇത് ജോണിനുവേണ്ടിയെഴുതിയ തിരക്കഥയാണ്; ഇതെഴുതാന്‍ ബെസ്റ്റോട്ടലില്‍ ഞങ്ങള്‍ തമ്പടിച്ച നാളുകളുടെ ഓര്‍മ തികട്ടുന്നു എന്ന്. ആ ഓര്‍മയുടെ ഉച്ഛിഷ്ടം തേടി അക്കാലം ബെസ്റ്റോട്ടലില്‍ പോയതോര്‍ക്കുന്നു.

എന്നാണ് ആദ്യം ബെസ്റ്റോട്ടലില്‍ പോയതെന്നോര്‍ക്കുന്നില്ല. എന്തായാലും അടുക്കാന്‍ എന്തോ ഒരു പേടിയുണ്ടായിരുന്നു. അതുകാരണം, കൗമാരത്തില്‍ ആദ്യം ബേക്കറിസാധനങ്ങള്‍ വാങ്ങാന്‍ പോയിപ്പോയി പിന്നെ, പതുക്കെയാണ് അതിനുള്ളില്‍ കടന്നിരുന്ന് തീറ്റ തുടങ്ങിയത്. അക്കാലം, കോട്ടയത്തെ സാഹിത്യക്കൊതിക്കൊറിക്കലുകള്‍ക്ക് ബെസ്റ്റോട്ടലിനേക്കാള്‍ ചെലവുകുറഞ്ഞ മറ്റൊരിടം ഉണ്ടായിവന്നിരുന്നു; ചന്തയ്ക്കകത്തെ ഇന്ത്യന്‍ കോഫി ഹൗസിന്റെ തട്ടുമ്പുറം. കാശു കുറവുള്ളവര്‍ക്ക് അതായിരുന്നു കൈയില്‍ നില്‍ക്കുമായിരുന്നത്. എന്നാലും ബെസ്റ്റോട്ടല്‍ ഒരരങ്ങും ആര്‍ത്തിയുമായിത്തന്നെ നിലനിന്നു.

ബെസ്റ്റ് ഹോട്ടലല്ല; ബെസ്റ്റോട്ടല്‍. അതില്‍ ബെസ്റ്റും ഹോട്ടലുമുണ്ട്, അല്ലെങ്കില്‍ ബെസ്റ്റും ഹോട്ടലുമില്ല; അതു രണ്ടിനെയും അതിവര്‍ത്തിക്കുന്ന മറ്റെന്തോ ഉണ്ട്. ബെസ് എന്നുനിര്‍ത്തിവായിച്ചാല്‍ തുടര്‍ന്ന് റ്റോട്ടല്‍ എന്നു മുഴങ്ങും. അതേ, ഒരു റ്റോട്ടാലിറ്റി അതിലുണ്ട്.

ബെസ്റ്റോട്ടലിലെ വിളമ്പുതളവും മേശകളുടെ പടുതികളും പരിചാരകരുടെ പ്രവൃത്തിമര്യാദയും ആഹാരരുചികളുടെ ആനന്ദപാരവശ്യങ്ങളും ഒന്നുവേറേതന്നെയാണ്. എന്റെയും യൗവ്വനാര്‍ഭാടനാളുകള്‍ക്കും അക്കാലത്തെ ചില ചലച്ചിത്രസംരംഭങ്ങള്‍ക്കും അരങ്ങായത് ബെസ്റ്റോട്ടലാണ്. കെ.പി. ജയകുമാര്‍ നിര്‍ദ്ദേശിച്ചിട്ട് ഒരു പടത്തിനുവേണ്ടി എഴുതാന്‍ സംവിധായകന്‍ ഡിമല്‍ ഡെന്നിസ് മറ്റൊരു സംവിധായകനുവേണ്ടി എന്നെ വിളിക്കുന്നതും സംസാരിക്കുന്നതും ഞാന്‍, അക്കാലചങ്ങാതിക്കൂട്ടവുമൊത്ത്, ധൂമപാനഇടവേളകളോടെ ബെസ്റ്റോട്ടലില്‍ ഇരുന്ന ഒരു നഗരസായന്തനത്തിലാണ്. നീണ്ട സംസാരം; സന്തോഷം. എന്റെ എഴുത്തും നടന്നു, പടവും നടന്നു; പക്ഷേ, പടവും ഞാനുമായുള്ള എഴുത്തുപാലം ഇടയ്ക്കെപ്പോഴോ ഇടിഞ്ഞുവീണുപോയി. നീണ്ട സംഘര്‍ഷം; സങ്കടം. അല്ലെങ്കിലും ജോസഫ് എന്ന പുരോഹിതന്റെ ഒരിക്കലും കുര്‍ബാന നടക്കാത്ത പള്ളിയായിരുന്നല്ലോ ബെസ്റ്റോട്ടല്‍. അപ്പോള്‍പ്പിന്നെ, അതെനിക്കെങ്ങനെ നവസിനിമാധനുഷ്‌കോടിയിലേക്കുള്ള പാമ്പന്‍ പാലമാകാനാണ്?

1944 -ലാണ് ബെസ്റ്റ് ബേക്കറിയുടെ ഉദയം. 54 ല്‍ ബെസ്റ്റോട്ടലും.  പിന്നെയും 21 വര്‍ഷം കഴിഞ്ഞാണ് എന്റെ ഉദയം. ക്രിക്കറ്റിന്റെയും ബേക്കറിയുടെയും ചരിത്രഭൂമികയായ തലശ്ശേരിയില്‍ നിന്നെത്തിയ പി.എം.രാഘവന്‍ തുടങ്ങിയ ഹോട്ടല്‍. കേരള ക്രിക്കറ്റിന്റെ തലതൊട്ടപ്പന്‍ കൂടിയാണദ്ദേഹം. 1883ല്‍ കേരളത്തിലാദ്യമായി കേക്കുണ്ടാക്കിയ മമ്പള്ളി ബാപ്പുവിന്റെ ഉറ്റബന്ധു. 

 

Anwar Abdulla on Bestotel kottayam

ബെസ്റ്റ് ഹോട്ടലിന്റെ സ്ഥാപകനായ പിഎം രാഘവന്റെ ഉറ്റബന്ധുവായ തലശ്ശേരിയിലെ മമ്പള്ളി ബാപ്പു, കേരളത്തിലെ ആദ്യ ക്രിസ്മസ് കേക്ക് അഞ്ചരക്കണ്ടി എസ്‌റ്റേറ്റിലെ മര്‍ഡോക് ബ്രൗണ്‍ സായ്പ്പിന് 1884 ഡിസംബര്‍ 20ന് സമ്മാനിക്കുന്ന ചിത്രം. ബെസ്‌റ്റോട്ടലിന്റെ ചുമരില്‍ തൂക്കിയതാണ് ഈ ചിത്രം.
 

തകഴിയുടെ രണ്ടിടങ്ങഴിയുടെ ഈറ്റില്ലമാണ് ബെസ്‌റ്റോട്ടല്‍. 'ബലികുടീരങ്ങളേ' എന്ന വിപ്ലവഗാനം വിരിഞ്ഞതുമിവിടെ. ഏ.കെ.ജി.യുടെ രാഷ്ട്രീയാലോചനകള്‍ക്കു സങ്കേതം. എനിക്കു 46 വയസ്സാകുമ്പോള്‍, 67 വയസ്സായ ബെസ്റ്റോട്ടല്‍ വിട പറയുകയാണ്. 

അതേ! 

ബെസ്റ്റോട്ടല്‍ പോകുന്നു.

ബെസ്റ്റ് കണ്ണാ! ബെസ്റ്റ്...

പോകുമ്പോള്‍, നിന്റെ കുശിനിത്തട്ടങ്ങളും കുടുക്കുകുപ്പായങ്ങളുമെല്ലാം എടുത്തോണ്ടു പൊയ്ക്കോളണേ.

പക്ഷേ, നിന്റെ ആവിമണങ്ങളില്‍ കലര്‍ന്ന ജോണ്‍മണവും സക്കറിയാനിറവും വയലാര്‍ ഗുണവും ഓര്‍മത്തിരശ്ശീലയില്‍ ഓടിമറയുന്ന ഒടുങ്ങാപ്പടപ്പാച്ചിലും അവിടെയിട്ടേച്ചു പോകണേ.

 

Read more: ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍, പിന്നിലും! 'മതിലുകളു'ടെ നിര്‍മ്മാണാനുഭവം പങ്കുവച്ച് സംവിധായകന്‍
 

Follow Us:
Download App:
  • android
  • ios