Asianet News MalayalamAsianet News Malayalam

ഗ്രൂപ്പില്ലാതെ ഇവിടെ കോണ്‍ഗ്രസുകാരനാവാന്‍ കഴിയില്ല; രാജിവെച്ചത് ആത്മസംതൃപ്‍തി നഷ്ടമായതുകൊണ്ട്- പി.സി ചാക്കോ

"കേരളത്തിലെ 90 സീറ്റുകളും 'എ' സീറ്റുകളോ 'ഐ' സീറ്റുകളോ ആണ്. ഐ ഗ്രൂപ്പിന്റെ സീറ്റുകളില്‍ ഐ ഗ്രൂപ്പുകാര്‍ മത്സരിക്കും അത് രമേശ് ചെന്നിത്തല തീരുമാനിക്കും. എ ഗ്രൂപ്പിന്റെ സീറ്റുകളില്‍ അവര്‍ മത്സരിക്കും അത് ഉമ്മന്‍ചാണ്ടി തീരുമാനിക്കും. ഈ രണ്ട് ഗ്രൂപ്പുകളിലും പെടാത്തവര്‍ക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല. സ്ഥാനം മാത്രമല്ല അവര്‍ക്കൊരു അഭിപ്രായവുമില്ല. " - പി.സി ചാക്കോ

interview with pc chacko after his resignation from congress party
Author
Delhi, First Published Mar 10, 2021, 8:18 PM IST

നാല് തവണ ലോക്സഭാംഗമായിരിക്കുകയും കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിക്കുകയും ചെയ്‍ത മുതിര്‍ന്ന നേതാവ് പി.സി ചാക്കോ ഇന്ന് പാര്‍ട്ടിയില്‍ നിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ വിലപേശലിനായോ അല്ല തന്റെ രാജിയെന്നും ഗ്രൂപ്പുകള്‍ വീതം വെച്ചെടുക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് സംവിധാനത്തില്‍ തനിക്ക് ആത്മസംതൃപ്‍തി നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് ശേഷമുള്ള പി.സി. ചാക്കോയുമായി പ്രശാന്ത് രഘുവംശം നടത്തിയ ആദ്യ അഭിമുഖം. 

ചോദ്യം: നിര്‍ണായക പ്രഖ്യാപനമാണ് ഇന്ന് താങ്കള്‍ നടത്തിയത്. വൈകാരികമായ ഒരു അഭിപ്രായപ്രകടനമായിരുന്നോ ഈ രാജി?

പി.സി ചാക്കോ: തീര്‍ച്ചയായും അല്ല. ഇതൊരു വൈകാരികമായ തീരുമാനമല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഞാന്‍ തിരികെ കേരളത്തിലേക്ക് പോയത്. വളരെ സംതൃപ്തിയോടെയാണ് കോണ്‍ഗ്രസിന്റെ എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്ഥാനമാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ല മാനസിക സംതൃപ്‍തിയോടെ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ പലപ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ള കാര്യമാണ് കേരളത്തില്‍ കോണ്‍ഗ്രസില്ല മറിച്ച് രണ്ട് ഗ്രൂപ്പുകള്‍ മാത്രമേയുള്ളൂ എന്ന കാര്യം.

രണ്ട് ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍ എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടി നടപ്പാക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലും പെടാത്ത ഒരാള്‍ക്ക് കോണ്‍ഗ്രസുകാരനായിരിക്കാനേ സാധ്യമല്ല. ഇത് കുറേ കാലമായി നടക്കുന്നൊരു കാര്യമാണ്.സഹിച്ച് മുന്നോട്ട് പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് മുന്നോട്ട് പോയത്. ഇപ്പോഴൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. രണ്ട് മുന്നണികളും ഏതാണ്ട് തുല്യരാണ്. നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നല്ല പ്രചരണവും നടത്തിയാല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ജയിക്കാന്‍ കഴിയും. 

നല്ല സ്ഥാനാര്‍ത്ഥികളെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. കോണ്‍ഗ്രസ് മത്സരിക്കുന്ന 90 സീറ്റുകളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഒരു കൂട്ടായ ആലോചനയുണ്ടാകണം. അങ്ങനെയൊരു ചര്‍ച്ചയുണ്ടാകുമെന്നാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്.  എ.ഐ.സി.സി 40 പേരടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. രണ്ട് തവണ ആ കമ്മിറ്റി യോഗം ചേര്‍ന്നു. ആദ്യതവണ യോഗം ചേര്‍ന്നപ്പോള്‍ അടുത്ത യോഗത്തിന്റെ തീയ്യതി നിശ്ചയിച്ചു. രണ്ടാമത് കൂടിയപ്പോള്‍ ചില മാനദണ്ഡങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‍തു. 

90 സീറ്റുകളില്‍ 20 എണ്ണത്തില്‍ നിലവില്‍ എം.എല്‍.എമാരുണ്ട്.  ബാക്കി വരുന്ന 70 സീറ്റുകളില്‍ മത്സരിക്കേണ്ടവരുടെയും മത്സരിക്കാന്‍ ആഗ്രഹമുള്ളവരുടെയും വിജയ സാധ്യതയുള്ളവരുടെയും പേരുകള്‍ ചര്‍ച്ച ചെയ്യണമെന്ന് അന്ന് ആവശ്യപ്പെട്ടു. അങ്ങനെ പേരുകള്‍ കണ്ടെത്തിയൊരു പട്ടികയുണ്ടാക്കി ആ യോഗത്തില്‍ വെച്ചില്ല. മറിച്ച് രണ്ട് ഗ്രൂപ്പ് നേതാക്കന്മാരും അവരുടെ പോക്കറ്റിലുള്ള ലിസ്റ്റുകളുമായി ഡല്‍ഹിയില്‍ വന്നു. അതാണ് സ്ക്രീനിങ് കമ്മിറ്റിയുടെ മുന്നില്‍ ചര്‍ച്ചക്ക് വന്നത്.

ചോദ്യം: ആ പട്ടിക താങ്കളോ തെരഞ്ഞെടുപ്പ് സമിതിയിലെ മറ്റുള്ളവരോ കണ്ടിട്ടില്ലേ? 

പി.സി ചാക്കോ: ഇല്ല. തെരഞ്ഞെടുപ്പ് സമിതിയിലെ ആരും, സ്ക്രീനിങ് കമ്മിറ്റിയുടെ മുന്നില്‍ വരുന്ന തെരഞ്ഞെടുപ്പ് പട്ടിക കണ്ടിട്ടില്ല. ഒരു നിയോജക മണ്ഡലത്തില്‍ ആരുടെയൊക്കെ പേരുകളുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ 40 പേരില്‍, ഗ്രൂപ്പിന്റെ നേതാക്കന്മാര്‍ക്ക് ഒരുപക്ഷേ അറിയാമായിരിക്കുമെങ്കിലും മറ്റാര്‍ക്കും അറിയില്ല.
interview with pc chacko after his resignation from congress party

ചോദ്യം: താങ്കള്‍ ഏതെങ്കിലും പേര് നിര്‍ദേശിച്ചിരുന്നോ? 

പി.സി ചാക്കോ: ഇല്ല. അങ്ങനെയൊരു അവസരമുണ്ടായിരുന്നില്ലല്ലോ. പേരുകളുടെ പട്ടിക കമ്മിറ്റിയുടെ മുന്നില്‍ വരികയായിരുന്നുവെങ്കില്‍ അവര്‍ അനിയോജ്യരാണെന്നോ  അല്ലെന്നോ അല്ലെങ്കില്‍ വിട്ടുപോയവരെയോ കൂട്ടിച്ചേര്‍ക്കേണ്ടവരെയോ നിര്‍ദേശിക്കാമായിരുന്നു.

ചോദ്യം: ചാലക്കുടി, അങ്കമാലി തുടങ്ങിയ മണ്ഡലങ്ങളില്‍ താങ്കള്‍ക്ക് താത്പര്യമുണ്ടായിരുന്നുവെന്നും അത് പരിഗണിക്കാത്തത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

പി.സി ചാക്കോ: അങ്ങനെയുള്ള അഭ്യൂഹങ്ങള്‍ എന്റെ തീരുമാനത്തെ ചെറുതാക്കി കാണിക്കാനോ വികലമാക്കി ചിത്രീകരിക്കാനോ ഉദ്ദേശിച്ചുള്ളതാണ്. ഞാനെടുത്ത തീരുമാനം ആര്‍ക്കും എതിരല്ല. പാര്‍ട്ടിക്കും എതിരല്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മസംതൃപ്തിയാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നതിന് എന്നെ പ്രേരിപ്പിച്ച ഏറ്റവും വലിയ വികാരം. ആ ആത്മസംതൃപ്തി  നഷ്ടപ്പെടുമ്പോള്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. 

കേരളത്തിലെ കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പുകളാണ്. അവയുടെ ഏകാപനം മാത്രമാണ് കെ.പി.സി.സി പ്രസിഡന്റ് ചെയ്യുന്നത്. സ്ഥനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഒരു പ്രാഥമികമായ ചര്‍ച്ച പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നടക്കാത്തിടത്തോളം കാലം പിന്നെ എന്താണ് ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ 90 സീറ്റുകളും 'എ' സീറ്റുകളോ 'ഐ' സീറ്റുകളോ ആണ്. ഐ ഗ്രൂപ്പിന്റെ സീറ്റുകളില്‍ ഐ ഗ്രൂപ്പുകാര്‍ മത്സരിക്കും അത് രമേശ് ചെന്നിത്തല തീരുമാനിക്കും. എ ഗ്രൂപ്പിന്റെ സീറ്റുകളില്‍ അവര്‍ മത്സരിക്കും അത് ഉമ്മന്‍ചാണ്ടി തീരുമാനിക്കും. ഈ രണ്ട് ഗ്രൂപ്പുകളിലും പെടാത്തവര്‍ക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല. സ്ഥാനം മാത്രമല്ല അവര്‍ക്കൊരു അഭിപ്രായവുമില്ല. ഇത്തരമൊരു സാഹചര്യം പലര്‍ക്കും ശ്വാസംമുട്ടലുണ്ടാക്കുന്നതാണ്.

ഇത് ഞാനും സുധീരനുമടക്കം പലരും കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ട്.  ഗ്രൂപ്പിന്റെ താത്പര്യമാണ് പാര്‍ട്ടിയുടെ താത്പര്യത്തേക്കാള്‍ വലുതെന്ന് ചിന്തിക്കുന്ന നേതാക്കന്മാരുടെ കൈയില്‍ കോണ്‍ഗ്രസ് വളരെ ബുദ്ധിമുട്ടിലാണിലാണെന്ന് തോന്നി. ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് രാജിവെച്ചത്. എന്റെ രാജി കോണ്‍ഗ്രസിനെയോ മറ്റാരെയെങ്കിലുമോ ക്ഷീണിപ്പിക്കാനോ വിലപേശാനോ ഒന്നുമല്ല. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളുണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും പൂര്‍ണസമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഞാന്‍.
interview with pc chacko after his resignation from congress party

ചോദ്യം: രാജിക്കത്ത് കൈമാറിയ ശേഷം സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നോ? അതോ രാജിക്കത്ത് അയച്ചുകൊടുക്കുക മാത്രമായിരുന്നോ ചെയ്‍തത്.

പി.സി. ചാക്കോ: ഇന്നലെ രാത്രി രാജിക്കത്ത് തയ്യാറാക്കി ഇന്ന് രാവിലെ ഇ-മെയിലായി സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അതിന്റെ കോപ്പി ഒരു ദൂതന്‍ വഴി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറി. ഇന്നലെ രാത്രി തീരുമാനമെടുത്തപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിക്ക് മെസേജ് കൊടുത്തിരുന്നു. അങ്ങനെയൊരു തീരുമാനമെടുക്കണോ എന്ന് ചോദിച്ച് അദ്ദേഹം ഒരു മറുപടി നല്‍കുകയും ചെയ്‍തു. മറുപടിക്ക് നന്ദി പറഞ്ഞ് അത് അവസാനിപ്പിച്ചു. 

കേരളത്തിലെയും ദേശീയ തലത്തിലെയും നേതാക്കളടക്കം മറ്റാരുമായും സംസാരിച്ചിട്ടില്ല. കാരണം ഇതൊരു വിലപേശലിനോ എന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ വേണ്ടിയുള്ള അവസരമായിട്ടോ കാണുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. വിജയ സാധ്യത പരിഗണിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രമല്ല.  അനുഭവജ്ഞാനമുള്ള ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ അഭിപ്രായം അവര്‍ കേള്‍ക്കണം. അവര്‍ അത് ഉള്‍ക്കൊള്ളണമെന്നോ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നോ ഇല്ല. അവര്‍ക്കിഷ്ടമുള്ള പേരുകള്‍ കൊടുക്കാം. എന്നാലൊരു പ്രാഥമിക ചര്‍ച്ച പോലും നടക്കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായിട്ട് എന്താണ് കാര്യം.

ചോദ്യം: ദേശീയ തലത്തിലടക്കം ഒരുപാട് പ്രവര്‍ത്തിച്ച അനുഭവങ്ങളുള്ള നേതാവാണ് പി.സി ചാക്കോ. എ.ഐ.സി.സി ഭാരവാഹിത്വം  ഒഴിഞ്ഞ് കേരളത്തിലേക്ക് പോയപ്പോള്‍ അവിടെ ഒരു സ്ഥാനവും നല്‍കരുതെന്ന് നിശ്ചയിച്ച് ഉറപ്പിച്ച നേതാക്കളുണ്ടോ? രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലൊക്കെ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവരാറുണ്ടായിരുന്നു. കഴിഞ്ഞ തവണയും പി.സി. ചാക്കോ സജീവ ചര്‍ച്ചയായി നിന്നപ്പോഴാണ് ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയായി വന്നത്.  അന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അതിനെ അനുകൂലിക്കുകയും ചെയ്‍തു. താങ്കള്‍ ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും ഏതെങ്കിലുമൊരു നേതാവ് താങ്കള്‍ക്കെതിരായി പ്രവര്‍ത്തിച്ചോ?

പി.സി ചാക്കോ: അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും രാജിക്ക് കാരണമായിട്ടില്ല. അതും ഇതുമായി കൂട്ടിവായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുമില്ല. ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ആളുകളൊക്കെ പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെതിരായി വളരെ നിഷിതമായിത്തന്നെ ഇത്തരം കാര്യങ്ങളൊക്കെ ചെയ്‍തിട്ടുണ്ട്. 
interview with pc chacko after his resignation from congress party

ചോദ്യം: താങ്കള്‍ക്കെതിരെയും ചെയ്‍തോ?

പി.സി ചാക്കോ: എല്ലാ നേതാക്കന്മാരും ചെയ്‍തിട്ടുണ്ടാകും. എനിക്കും ഒരുപാട് തിക്താനുഭവങ്ങളുണ്ടായിട്ടുണ്ട്.  അതൊന്നും ഈ രാജിയുമായി ബന്ധപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ചോദ്യം: രാജിയുമായി ബന്ധപ്പെടുത്തുന്നില്ല. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് തിക്താനുഭവങ്ങളുണ്ടായിട്ടുണ്ടോ?

പി.സി ചാക്കോ: അത് പറയുമ്പോള്‍ ഈ വിഷയം മുഴുവനായി വഴിമാറിപ്പോകും. ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്ത് ചെയ്‍തു എന്നതല്ല. അവര്‍ തീരുമാനിക്കുന്ന ഗ്രൂപ്പുകള്‍ പിരിച്ചുവിട്ട് പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയുടെ ഫോറങ്ങളില്‍ ചര്‍ച്ചകളുണ്ടാക്കാനും കഴിയണം. അവരെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യണം. രാജ്യസഭാ സീറ്റിന്റെ കാര്യം ഇപ്പോള്‍ ചൂണ്ടിക്കാട്ടി. രാജ്യസഭാ സീറ്റ് ആര്‍ക്ക് കൊടുക്കണമെന്ന് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യണം. അത് പി.സി ചാക്കോയ്ക്ക് കൊടുക്കണമെന്നതല്ല. ആര്‍ക്ക് വേണമെങ്കിലും കൊടുക്കാം. പക്ഷേ പാര്‍ട്ടി ഫോറത്തില്‍ അതൊക്കെ ചര്‍ച്ച ചെയ്യണം. 

ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ സ്വന്തമായി തീരുമാനമെടുക്കുന്നു. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ ഹനിച്ച് സ്വന്തമായി നേതാക്കന്മാര്‍ തീരുമാനമെടുക്കുമ്പോള്‍ ഇത് വിളിച്ച് ചോദിക്കാന്‍ പോലും ഒരു ഹൈക്കമാന്‍ഡോ നേതാക്കന്മാരോ തയ്യാറാവുന്നില്ല. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. പക്ഷേ ഇത്തവണ 40 പേരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്താതെ ലിസ്റ്റ് പോക്കറ്റിലിട്ട് ഡല്‍ഹിയിലേക്ക് വന്ന നേതാക്കന്മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ കമ്മിറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്‍തുകൊണ്ടിരിക്കുന്നത്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഇവിടെ സലാം പറയേണ്ടി വന്നത്.

ചോദ്യം: നേരത്തെ ചോദിച്ച ചോദ്യത്തിലേക്ക് ഒന്നുകൂടി തിരിച്ചുവന്നാല്‍, താങ്കളുടെ രാജ്യസഭാ അംഗത്വം അന്ന് ഇല്ലാതാക്കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിക്കും ഒരു റോള്‍ ഉണ്ടെന്ന് കരുതുന്നുണ്ടോ?

പി.സി ചാക്കോ: എന്റെ അംഗത്വമായിരുന്നില്ലല്ലോ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് രാജ്യസഭാ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക് തന്നെയായിരിക്കണം. കാരണം ഉമ്മന്‍ചാണ്ടിയാണല്ലോ പാര്‍ട്ടിയുടെ സമുന്നതനായ നേതാവ്. വീരേന്ദ്രകുമാറിനു ജോസ്.കെ മാണിക്കും സീറ്റുകള്‍ കൊടുത്തപ്പോഴും ഇപ്പോള്‍ വയലാര്‍ രവിയുടെ സീറ്റ് ലീഗിന് കൊടുത്തപ്പോഴുമൊക്കെ ആ തീരുമാനമൊന്നും പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല.  അതൊക്കെ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമാണ്. അതിന് പാര്‍ട്ടിയുടെ അംഗീകാരമില്ല. പാര്‍ട്ടിയില്‍ ചര്‍ച്ചയുമുണ്ടായിട്ടില്ല. 

പക്ഷേ അതൊന്നും എന്റെ സീറ്റല്ല. എന്നെ ബാധിക്കുന്ന പ്രശ്നവുമല്ല. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്നമാണ്. അത് പി.സി ചാക്കോയ്ക്ക് കിട്ടേണ്ട സീറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നെപ്പോലെ അര്‍ഹതയുള്ള എത്രയോ പേര്‍ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണ് ഇന്ന് രാജ്യസഭയിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് പേരെ രാജ്യസഭയിലേക്ക് അയക്കാമായിരുന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസ് ശോഷിച്ച് വരുമ്പോള്‍ ഈ മൂന്ന് പേരെ നഷ്ടപ്പെടുത്തിയത് ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ വ്യക്തമാണ്. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു. അതിന് ചോദ്യവുമില്ല ഉത്തരവുമില്ല.

ഇപ്പോള്‍ 90 നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍‌ത്തി നന്നായി പോരാടിയാല്‍ ജയിക്കാവുന്നൊരു സാഹചര്യമുണ്ട്. ഈ സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമല്ലല്ലോ. അതിന് വേണ്ടിയാണ് ഞങ്ങളൊക്കെ അടങ്ങുന്ന കമ്മിറ്റിയെ വെച്ചത്. ഓരോ നിയോജക മണ്ഡലത്തിലേക്കും വേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആ കമ്മിറ്റി ചര്‍ച്ച ചെയ്ത് ആര് വേണം ആര് വേണ്ട എന്ന് പറയാനുള്ള ഒരു അവസരം പോലുമുണ്ടായിട്ടില്ല. 

interview with pc chacko after his resignation from congress party

ചോദ്യം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു എന്നാണ് താങ്കളുടെ പ്രധാന ആരോപണം. പക്ഷേ കേരളത്തില്‍ ഒരുപാട് വര്‍ഷങ്ങളാണ് ഇങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് താങ്കളൊരു പൊട്ടിത്തെറിയിലേക്ക് പോകാനുള്ള കാരണമെന്താണ്?

പി.സി ചാക്കോ: അത് ശരിയല്ല. കേരളത്തില്‍ എ.കെ ആന്റണിയുടെയും കെ. കരുണാകരന്റെയും ഗ്രൂപ്പുകളുണ്ടായിരുന്നു. ആ ഗ്രൂപ്പുകളാണല്ലോ പിന്നീട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുത്തത്. ആ ഗ്രൂപ്പുകളുണ്ടായിരുന്ന കാലത്ത് കെ.പി.സി.സിയുടെ യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ പോലും കെ.പി.സി.സി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഞങ്ങള്‍ തീരുമാനമെടുക്കും ആരാ ചോദിക്കാന്‍ എന്നുള്ള രീതിയിലാണ് മുന്നോട് പോകുന്നത്. ഇപ്പോഴത്തെ ഗ്രൂപ്പും അന്നത്തെ ഗ്രൂപ്പും തമ്മില്‍ രാപ്പകല്‍ വ്യത്യാസമുണ്ട്. 

ഗ്രൂപ്പുകളുടെ നേതാക്കന്മാരുണ്ടെങ്കിലും ഒരു നിയോജക മണ്ഡലത്തില്‍ വിജയ സാധ്യത ചര്‍ച്ച ചെയ്‍തിട്ടുണ്ട് എല്ലാ കാലത്തും. ഇന്ന് അതില്ല. പകരം സീറ്റുകള്‍ സീറ്റുകള്‍ ഓരോ ഗ്രൂപ്പിന്റേതുമാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തീരുമാനിക്കുന്നു. ഇവര്‍ തീരുമാനിക്കുന്ന ആളുകളാണോ കൊള്ളാവുന്നതെന്ന് ഒരിടത്തും ചര്‍ച്ചയില്ല. ഇത് പാര്‍ട്ടിക്ക് ഭൂഷണമാണോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. വളരെ ദയനീയമായൊരു സ്ഥിതിവിശേഷമാണിപ്പോള്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയൊക്കെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഈ മോശപ്പെട്ട ഗ്രൂപ്പിസം  അവസാനിപ്പിക്കണമെന്നും  രാഹുല്‍ ഗാന്ധി പലതവണ പറഞ്ഞിട്ടുണ്ട്. അത് അവസാനിപ്പിക്കേണ്ടത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. അവര്‍ അതിന് തയ്യാറുണ്ടോ? 

ഇവിടെ കോണ്‍ഗ്രസുകാരാനായിരിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ഗ്രൂപ്പുകാരനായിരിക്കണം. മിടുക്കനായ കെ.പി.സി.സി പ്രസിഡന്റായിരുന്നു വി.എം സുധീരന്‍. അദ്ദേഹത്തിന് പോലും ഇരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഗ്രൂപ്പ് നേതാക്കന്മാരുടെ അനിഷ്ടത്തിന് വിധേയമാകേണ്ടി വന്നതുകൊണ്ടാണ് അദ്ദേഹത്തിന് അത് കഴിയാതിരുന്നത്.

ചോദ്യം: ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവര്‍ രണ്ട് പേരും പറയുന്നതിനോട് യോജിച്ച് നില്‍ക്കുകയാണോ?

പി.സി ചാക്കോ: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വന്തമായൊരു തീരുമാനമെടുക്കാറില്ല. അദ്ദേഹമിരിക്കുന്ന സ്ഥാനത്ത് ഈ രണ്ട് ഗ്രൂപ്പ് നേതാക്കന്മാരുടെയും പിന്തുണയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം ഒരുകാര്യത്തിലും അഭിപ്രായം പറയാറില്ല. കേരളത്തിലെ കോണ്‍ഗ്രസിന് നല്ല സാധ്യതയും, നല്ല കഴിവുള്ള നേതാക്കളുമുണ്ട്. പക്ഷേ അവരുടെ മനസില്‍ നിന്നുപോലും ഉള്‍പ്പാര്‍ട്ടിയിലെ  കോണ്‍ഗ്രസ് എന്ന സങ്കല്‍പം തന്നെ നഷ്ടപ്പെട്ടുപോയിരിക്കുകയാണ്.

interview with pc chacko after his resignation from congress party

ചോദ്യം: രണ്ട് ഗ്രൂപ്പുകളും പേരുകള്‍ മുന്നോട്ട് വെയ്‍ക്കുമ്പോള്‍,  തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ എംഎല്‍എമാരെ സൃഷ്ടിച്ച് മുഖ്യമന്ത്രി ആവാനുള്ള മത്സരമാണോ നടക്കുന്നത്? അതോ ഒത്തുകളിയാണോ?

പി.സി ചാക്കോ: സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രമായില്ലല്ലോ. ആര് ജയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ലേ മുഖ്യമന്ത്രിയാവൂ. കൂടുതല്‍ ആളുകളെ നിര്‍ത്തിയ ആള്‍ മുഖ്യമന്ത്രി ആവില്ല. അതുകൊണ്ട് വിജയ സാധ്യതയുള്ള ആളുകളെ നിര്‍ത്തുന്നതിനെക്കുറിച്ച് പൊതുവായ ചര്‍ച്ചകളുണ്ടാവണം.

ചോദ്യം: ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഈ തെരഞ്ഞെടുപ്പില്‍‌ നിന്ന് മാറിനില്‍ക്കണമെന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?

പി.സി ചാക്കോ: അത് ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട കാര്യമാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി നല്ല നിലയില്‍ പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയോട്, നിങ്ങള്‍ മാറിനില്‍ക്ക് ഉമ്മന്‍ചാണ്ടി നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങളെ നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലല്ലോ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പത്ത് പതിനാറ് ആരോപണങ്ങള്‍ ഈ സര്‍ക്കാറിനെതിരെ കൊണ്ടുവന്നു. അവയെല്ലാം കേരളത്തില്‍ രാഷ്ട്രീയമായ വലിയ ചര്‍ച്ചകളായി മാറിയത് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ നിലപാടുകളിലൂടെയാണ്. ആ രമേശ് ചെന്നിത്തലയോട് നിങ്ങള്‍ മാറി നില്‍ക്ക് ഉമ്മന്‍ചാണ്ടി നയിക്കട്ടെ എന്ന് പറയുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നയിച്ചതും ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. കോണ്‍ഗ്രസ് ഏറ്റവും താഴ്‍ന്ന നിലയിലേക്കാണ് അന്ന് എത്തിയത്. 22 പേരായി അംഗസംഖ്യ ചുരുങ്ങി. അതുകൊണ്ട് ആരെങ്കിലുമൊരാള്‍ നയിച്ചാല്‍ എല്ലാം രക്ഷപ്പെടും എന്ന് ഹൈക്കമാന്‍ഡ് കരുതുന്നതും തെറ്റാണ്. രമേശ് ചെന്നിത്തലയല്ല ഉമ്മന്‍ചാണ്ടിയാണ് നയിക്കേണ്ടതെന്ന് പറഞ്ഞത് ഹൈക്കമാന്‍ഡാണ്.  പറഞ്ഞത് ഹൈക്കമാന്‍ഡ് ആയതുകൊണ്ട് എല്ലാവരും അംഗീകരിക്കുന്നു.

ചോദ്യം: എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആ തീരുമാനം ശരിയാണെന്ന് താങ്കള്‍ കരുതുന്നില്ല?

പി.സി. ചാക്കോ: അതെനിക്ക് പറയാന്‍ കഴിയില്ലല്ലോ. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്ത ശേഷം അതിനെക്കുറിച്ചൊരു അഭിപ്രായം ഞങ്ങള്‍ സാധാരണ പറയാറില്ല. 
interview with pc chacko after his resignation from congress party

ചോദ്യം: ഉമ്മന്‍ ചാണ്ടി നയിക്കുന്നതിനേക്കാള്‍ രമേശ് ചെന്നിത്തല നയിക്കുന്നതാണ് ഉചിതമെന്നൊരു അഭിപ്രായം താങ്കള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു?

പി.സി ചാക്കോ: സ്വാഭാവികത അതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച ഒരാളാണ് പാര്‍ട്ടിയെ ഈ തെരഞ്ഞെടുപ്പില്‍ നയിക്കേണ്ടത്. പക്ഷേ റിപ്പോര്‍ട്ടുകളുടെയൊക്കെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് അങ്ങനെയൊരു നിഗമനത്തിലെത്തിയിട്ടുണ്ടാവാം. അത് തെറ്റാണെന്ന് പറയാനുള്ള ന്യായങ്ങളൊന്നും എന്റെ കൈവശമില്ല. 

ചോദ്യം: ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന കെ. ബാബു, കെ.സി ജോസഫ് തുടങ്ങിയവരുടെയൊക്കെ പേരുകള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. ഇത്തരം ആളുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തയതും താങ്കളുടെ ഈ അതൃപ്തിക്ക് കാരണമാണോ?

പി.സി ചാക്കോ: അല്ല. വ്യക്തിപരമായി ആരെങ്കിലും ഒരാള്‍ വരുന്നതിനെക്കുറിച്ചല്ല എന്റെ അതൃപ്തി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുള്ളതാണ് അതൃപ്തി. ഈ പറഞ്ഞ പേരുകളൊക്കെ ഉണ്ടോ എന്ന് എനിക്കറിയില്ല. 

ചോദ്യം: പി.സി. ചാക്കോ പാര്‍ട്ടി വിടുന്നു എന്ന് കേട്ടപ്പോള്‍ പവന്‍ ഖേര ഉള്‍പ്പെടെ ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. താങ്കളാണ് ദില്ലിയില്‍ ഗ്രൂപ്പ് വളര്‍ത്തിയതെന്നും ഷീല ദീക്ഷിതിനെതിരെ ഗ്രൂപ്പ് വളര്‍ത്തിയ അന്നുതന്നെ ഹൈക്കമാന്‍ഡ് നടപടി എടുക്കേണ്ടിയിരുന്നു എന്നുമൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ വരുന്നുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

പി.സി ചാക്കോ: പവന്‍ ഖേര ആരായിരുന്നു എന്ന് അറിയാവുന്നവര്‍ക്ക് അതിന്റെ ഉത്തരവുമറിയാം. അദ്ദേഹം ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അദ്ദേഹത്തെക്കുറിച്ചുള്ള പബ്ലിക് റെപ്യൂട്ടേഷന്‍ എന്താണെന്ന് അറിയാവുന്നവര്‍ക്ക് ആ ചോദ്യത്തിന് മറുപടി നല്‍കേണ്ട കാര്യമില്ല.

ചോദ്യം: കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന താങ്കള്‍ മറ്റ് സ്ഥലങ്ങളില്‍ ഗ്രൂപ്പ് വളര്‍ത്തി എന്നതാണ് ആരോപണം. ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ അങ്ങനെ പറയുന്നു.

പി.സി. ചാക്കോ: ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ അങ്ങനെ  പറയില്ല. പവന്‍ ഖേര ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തമൊന്നുമല്ല. അദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പതനത്തിന് ഉത്തരവാദിയായ ഒരാളാണ്. ഞാനിവിടെ വരുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും താഴേത്തട്ടിലായിരുന്നു. ആറ് ശതമാനം വോട്ടുകളാണുണ്ടായിരുന്നത്. അത് 12ഉം പിന്നീട് 18ഉം 22ഉം ആക്കി. ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. എന്നെക്കുറിച്ച് അത്തരമൊരു ആരോപണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇല്ല.

ചോദ്യം: ഹൈക്കമാന്‍ഡിനും ജനാധിപത്യമില്ലെന്ന് താങ്കള്‍ പരാമര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ ടീമിനുമാണോ ജനാധിപത്യമില്ലാത്തത്?

പി.സി ചാക്കോ: ഹൈക്കമാന്‍ഡിന് ജനാധിപത്യമില്ലെന്നല്ല ഞാന്‍ പറഞ്ഞത്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹൈക്കമാന്‍ഡിനെക്കുറിച്ച് ഞാന്‍ ആക്ഷേപം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തണമെന്നും എ.ഐ.സി.സി യോഗം ചേരണമെന്നുമൊക്കെ ഹൈക്കമാന്‍ഡിനെതിരെ പല ആക്ഷേപങ്ങളും വന്നിട്ടുണ്ട്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആക്ഷേപങ്ങളുന്നയിച്ചവരെ സോണിയ ഗാന്ധി വിളിക്കുകയും ചെയ്‍തല്ലോ. 

ചോദ്യം: രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഒരു ജനാധിപത്യമുണ്ടോ പാര്‍ട്ടിയില്‍?

പി.സി ചാക്കോ: അതിനെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്താന്‍ മാത്രമുള്ള നിലയില്‍ അല്ലല്ലോ ഞാന്‍. 
interview with pc chacko after his resignation from congress party

ചോദ്യം: 23 നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളുണ്ട്. അതിനോട് യോജിക്കുന്നുണ്ടോ?

പി.സി ചാക്കോ: അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നുള്ളത് കൊണ്ട് അവരെ വിളിച്ച് സോണിയാ ഗാന്ധി ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പോലും പറഞ്ഞിട്ടില്ല. പറഞ്ഞ രീതി തെറ്റാണോ അല്ലയോ എന്നൊക്കെയുണ്ടാകാം. 

ചോദ്യം: അവര്‍ ഉന്നയിച്ച വിഷയങ്ങളോട് അനുകൂല നിലപാടാണോ?

പി.സി ചാക്കോ: തീര്‍ച്ചയായും. ഉന്നയിച്ച വിഷയങ്ങള്‍ ശരിയായത് കൊണ്ടാണല്ലോ കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ അവരെ വിളിച്ച് ചര്‍ച്ച ചെയ്‍തത്. 

ചോദ്യം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈയൊരു നിലയില്‍ മുന്നോട്ട് പോകുമ്പോള്‍, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനേക്കാള്‍ മറ്റൊരാളായിരിക്കും ഉചിതമെന്ന് കരുതുന്നുണ്ടോ?

പി.സി ചാക്കോ: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്റെയും അഭിപ്രായം അതുതന്നെയാണ്. അദ്ദേഹം അത് ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ളതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. ആരോപണമുന്നയിച്ചവരുടെയും പരാതി അത് തന്നെയാണ്. അവരാരും കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്‍തിട്ടില്ല. 

Follow Us:
Download App:
  • android
  • ios