Asianet News MalayalamAsianet News Malayalam

ജനങ്ങളോട് സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കി; ലക്ഷ്യം പാർട്ടിയുടെ ജയം; സംസ്ഥാനം കടക്കെണിയിലെന്ന് ശശി തരൂര്‍

''ഓരോ കടക്കാരോടും ചോദിച്ചു. നിങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അടക്കേണ്ടി വന്നുവല്ലോ? സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായിരുന്നോ?   നിങ്ങൾക്ക് വാടക കൊടുക്കേണ്ടി വന്നോ? നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവർക്ക് അവധി കൊടുത്തോ? പിരിച്ചു വിട്ടോ? ശമ്പളം കൊടുത്ത ശമ്പളത്തിന്റെ ഒരു ഭാ​ഗം കൊടുത്തോ? അങ്ങനെ ഓരോരോ കഥകൾ കണ്ടു മനസ്സിലാക്കിയാണ്. ഈ ക്ഷേമപദ്ധതികൾ ഇറങ്ങുന്നത് ജനങ്ങളുട ശരിക്കുള്ള അനുഭവവും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ദാരിദ്ര്യവും കൂടി മനസ്സിലാക്കിയിട്ടാണ്.'' ശശി തരൂര്‍ എംപിയുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്... 

special interview with MP Shashi Tharoor
Author
Trivandrum, First Published Apr 1, 2021, 9:00 PM IST

ലോക്കൽതലത്തിലേക്ക് എത്തി പ്രായോ​ഗിക രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ആദ്യമായിട്ടാണെന്ന് തോന്നുന്നു  ഇത്രയധികം താത്പര്യം?

2011 ൽ ഞാൻ കാസർകോ‍ഡ് മുതൽ പാറശ്ശാല വരെ 45 സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇറങ്ങിയിരുന്നു. 2016ലും അതുപോലെ. ഇത്തവണ കുറച്ചു കൂടുതലുണ്ടെന്ന് മാത്രമേയുള്ളൂ. നിങ്ങൾ അപ്പോഴൊന്നും അത്ര ശ്രദ്ധ വെച്ചില്ല. ഞാനും ആ​ഗ്രഹിച്ചില്ല. ആൾക്കാർ ക്ഷണിച്ചിടത്തെല്ലാം പോയി. ഇത്തവണ ക്ഷണങ്ങൾ കുറച്ചു കൂടുതലുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ആവുംപോലെ എല്ലാം ചെയ്തു. അവസാന ആഴ്ച സ്വന്തം തിരുവനന്തപുരത്താണ് ഭൂരിപക്ഷം സമയം. ഇടയിൽ ആലപ്പുഴ കൊല്ലം കൂടി പോകേണ്ടി വരും. പക്ഷേ എല്ലായിടവും പോയി ഇറങ്ങുന്നു, ഈ പ്രചരണം നമുക്ക്, എന്റെ അഭിപ്രായത്തിൽ നമ്മുടെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ്. പ്രകടനപത്രിക പ്രിപ്പറേഷനിലൊരു ചുമതല ഏറ്റെടുത്തത് കാരണം അതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ കൂടുതൽ ഉദ്ദേശിക്കുന്നത്. 

ഇത്തവണ ഡിമാന്റ് കൂടുതലാണെന്ന് പറഞ്ഞു, അതെന്താ പെട്ടെന്ന് പോപ്പുലാരിറ്റി കൂടിയോ? 

മാധ്യമക്കാരല്ലേ ഇതൊക്കെ എനിക്ക് മനസ്സിലാക്കി തരേണ്ടത്? ഞാനെപ്പോഴും ഉണ്ടായിരുന്നു. വിളിക്കുമ്പോൾ ഞാനെപ്പോഴും പോകും. ഇതുവരെ പാർട്ടിയോ പാർട്ടി സ്ഥാനാർത്ഥികളോ യുഡിഎഫ് സ്ഥാനാർത്ഥികളോ ആവശ്യപ്പെട്ടിട്ട് ഞാൻ പോകാതിരുന്നിട്ടില്ല. അതുപോലെ തന്നെ ഇത്തവണയും ചെയ്യുന്നു. എന്തോ വിളികൾ ഇത്തവണ കൂടുതലായിപ്പോയി. എല്ലാം ചെയ്യാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. 

പാർട്ടിയുടെ ഈ ഓർ​ഗനൈസേഷണൽ സംവിധാനത്തിലേക്ക് ഫോർമലായി വന്നത് കൊണ്ടാണോ?

അല്ല, ഞാൻ ഓർ​ഗനൈസേഷനിൽ, സത്യം പറയുകയാണെങ്കിൽ എനിക്ക് സാധാരണ പാർട്ടി പ്രവർത്തനത്തിൽ വലിയൊരു റോളൊന്നുമില്ല. ഞാനീ പ്രകടന പത്രികയിൽ ഇൻവോൾവ്ഡ് ആയി. ഒരു പത്തം​ഗ സമിതി സ്ഥാപിച്ചപ്പോൾ അതിൽ എന്നെയൊരു അം​ഗമാക്കി. പക്ഷേ ആകെ മൂന്നു പ്രാവശ്യമേ സമിതി കൂടിയുള്ളൂ എന്റെ സാന്നിദ്ധ്യത്തോടെ. ഞാനതിനെ വലിയൊരു സംഘടനാ ചുമതല ആയി കാണുന്നില്ല.  സംഘടന നടത്താൻ നമുക്കാൾക്കാരുണ്ട്, കെപിസിസി പ്രസിഡന്റുണ്ട്, പ്രതിപക്ഷനേതാവുണ്ട്, മുതിർന്ന നേതാക്കളുളള സ്ഥിതിയിൽ ഞാനതിന്റെ ഇടയിൽ കൂടി എന്റെ ഇടപെടൽ ആർക്കും ആവശ്യമില്ല. ഞാൻ നയിക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺ​ഗ്രസ് ആക്റ്റീവായി പ്രചരണം നടത്തുന്നുണ്ട് ഇത്തവണയും. ഞാൻ ഓരോ സ്ഥലത്ത് പോയാലും അവിടെ പ്രൊഫഷണൽസ് കൂടുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. പക്ഷേ അതൊരു ചെറിയ സ്ഥാപനമാണ്. സംഘടനയ്ക്കകത്ത്. ഞാനൊരു കോൺ​ഗ്രസ് എംപിയായിട്ട് പോലും ഞാൻ പ്രവർത്തിക്കുന്നില്ല. 

പ്രകടനപത്രികക്ക് വേണ്ടി കുറച്ചധികം സമയം ചെലവഴിച്ചിരുന്നില്ലേ? ചർച്ചകൾക്കും മറ്റും വേണ്ടിയിട്ട്? 

എന്റെ അറ്റന്ഡൻസ് റെക്കോർഡ് പാർലമെന്റിൽ 92 ശതമാനം വരെയായിരുന്നു. ഇത്തവണ അത് പകുതി മുക്കാലും മിസ്സായി പോയി. പാർലമെന്റിലെ രണ്ടാമത്തെ ഭാ​ഗം. എന്റെ അഭിപ്രായത്തിൽ വളരെ അത്യാവശ്യമായ ഒരു തെരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. നമ്മൾ അഞ്ചുവർഷക്കാലം കണ്ട ഭരണം അത് മതിയോ കേരളത്തിന് എന്ന് ചോദിക്കാനുള്ള സമയം വന്നുപോയി. ഈ സർക്കാർ നമ്മുടെ സംസ്ഥാനത്തെ കടത്തിലാണ് നടത്തുന്നത്. നമ്മൾ എല്ലാവരും കടത്തിൽ മുങ്ങുന്നു. മുന്നു ലക്ഷം കോടിയാണ് കേരളത്തിന്റെ കടത്തിന്റെ സ്ഥിതി. ഇന്നൊക്കെ കിറ്റ് വിതരണം ചെയ്യുക, അതുമിതുമൊക്കെ ചൂണ്ടിക്കാണിക്കുക, നാളെ അതിന്റെ ബില്ല് നമ്മുടെ കുട്ടികളും പേരക്കുട്ടികളുമാണ് കൊടുക്കാൻ പോകുന്നത്. ഇങ്ങനെയൊരു ഭരണത്തിനെ തടുത്തിട്ട് ഒരു റെസ്പോൺസിബിൾ ​ഗവേണൻസ് നമ്മുടെ സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് അത്യാവശ്യമാണ്. ഇത്ര വൈകിയത് കൊണ്ടാണ് ഇതിന് വേണ്ടി പ്രത്യേകിച്ച് ആത്മാർത്ഥതയോടെ ഇറങ്ങിയത്. 

ആ പ്രകടനപത്രിക അത് ഡിസെർവ്വ് ചെയ്യുന്ന ലെവലിൽ ചർച്ചയാകുന്നുണ്ടോ? 

അറിയില്ല. ഓരോ മണ്ഡലത്തിലും ജനങ്ങളുടെ മനസിൽ ഓരോ വിഷയങ്ങളുണ്ടാകും. പാർട്ടി പ്രവർത്തകർക്ക് ഈ വാർത്ത നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്. അത് എത്തിച്ചിട്ടുണ്ട്. ഞാൻ പ്രസം​ഗിക്കുമ്പോൾ ആകുമ്പോലെ ഇന്ററാക്റ്റീവ് നടത്തും. വെറുതെ ഒരു പ്രസം​ഗത്തിന് വേണ്ടിയിട്ടല്ല പോകുന്നത്. അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കുമ്പോൾ അതിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ ഒന്നര മണിക്കൂർ നേരത്തെ എൺപത് ശതമാനവും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാകും. അതാണ് എന്റെ രീതി. അതാണ് എന്റെ അഭിപ്രായത്തിൽ ജനങ്ങളൊടൊപ്പം  ബന്ധപ്പെടുന്ന പ്രചരണം. അത് ചെയ്തു കൊണ്ടിരിക്കുമ്പോൾ പകുതി പേർ പ്രകടന പത്രികയെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ചോദ്യങ്ങളുണ്ട്. ചിലർ ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് മനസ്സിലാകും അവർ പ്രകടനപത്രിക വായിച്ചിട്ടില്ലെന്ന്. ഒരു മിക്സ്ഡ് റിസൽട്ട് ആണ്. നിങ്ങൾ മാധ്യമങ്ങളും ഒരു ദിവസം പ്രകടന പത്രികയെക്കുറിച്ച് ബ്രേക്കിം​ഗ് ന്യൂസ് ആയിട്ട് പോയിക്കൊണ്ടിരിക്കും. ഞങ്ങളുടെ പ്രകടന പത്രികയെക്കുറിച്ച് ചർച്ച നടത്താനോ വിഷയങ്ങളെ ആവർത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനോ തയ്യാറാകില്ല. അത് മാധ്യമങ്ങളുടെയും സ്വഭാവമല്ല. നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഞങ്ങൾക്ക് എന്നും ബ്രേക്കിം​ഗ് ന്യൂസ് നൽകുന്നതിൽ പ്രധാനി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്? 

നോക്കൂ, ഈ ഇരട്ട വോട്ട് വിഷയത്തിൽ ഞങ്ങൾ കോൺ​ഗ്രസ് പാർട്ടി ഇത് ചൂണ്ടിക്കാണിച്ചില്ലെങ്കിൽ മൂന്നാലു ലക്ഷം ആൾക്കാർ രണ്ടോ മൂന്നോ ചിലപ്പോൾ അഞ്ചോ തവണ വോട്ട് ചെയ്തിട്ടുണ്ടാകും. ഇതൊക്കെ ശരിയല്ല, 

കമ്മീഷൻ അത്രയും വോട്ടുകൾ കണ്ടെത്തിയിട്ടില്ല?
 
മുപ്പത്തിയൊമ്പതിനായിരമാണ് ഇന്നത്തെ പത്രത്തിൽ ‍ഞാൻ കണ്ടത് പക്ഷേ ഞങ്ങൾ എല്ലാ തെളിവുകളോടെയാണ് ഈ കംപ്ലെയിന്റ് കൊടുത്തിരിക്കുന്നത്. ഒഫീഷ്യലായിട്ട്. കാരണം ഞങ്ങൾ ഡീറ്റെയിലായിട്ട് ലിസ്റ്റ് പഠിച്ചു. ഇത് ഒരു ദിവസമോ ഒരാഴ്ചയൊ കൊണ്ടുള്ള പണിയല്ല. കുറേ മാസങ്ങൾ ഈ വിഷയത്തെ മനസ്സിലാക്കി, ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി. ശരിക്കും പത്ത് പതിനഞ്ച് പേരാണെങ്കിൽ അത് വലിയ വിഷയമാക്കിയിട്ടുണ്ടാകില്ല. എണ്ണം ഇത്രയും കൂടിയതാണെന്ന് കണ്ടപ്പോഴാണ് നമ്മൾ തീരുമാനിച്ചത്, ഇതിനെ ഒരു വിഷയമാക്കണം. കാരണം ഇലക്ഷൻ കമ്മീഷൻ അവരുടെ ജോലി ശരിക്ക് ചെയ്യുന്നോ, ചില ഒഫീഷ്യൽസ് മറ്റവർക്കൊപ്പം സഹകരിച്ചിട്ടുണ്ടാകും. ഒരു ചെറിയ ശതമാനം നോർമൽ തെറ്റുകൾ വരാം. നമ്മളെല്ലാവരും സമ്മതിച്ചു. എന്നാൽ ഭൂരിപക്ഷം മനപൂർവ്വം ഇങ്ങനെ ചെയ്തിരിക്കുകയാണെന്ന് ഞങ്ങൾ കണ്ടു.

സർക്കാരിന്റെ ചില കാര്യങ്ങള‍െ തടയേണ്ടതാവശ്യമാണെന്ന് പറഞ്ഞിരുന്നല്ലോ? ഈ സാമ്പത്തിക കാര്യം മാത്രം വെച്ചിട്ടാണോ പറയുന്നത്?

വലിയൊരു കാര്യം അതാണ്. പക്ഷേ അത് മാത്രമല്ല. നമ്മൾ എന്താണ് അഞ്ചുവർഷക്കാലം കണ്ടിരിക്കുന്നത്? പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ അക്രമണ രാഷ്ട്രീയം മഹാ മോശമാണ്. അഴിമതിക്കേസിൽ, നിങ്ങൾക്ക് തന്നെ അറിയാം, നിങ്ങളെ കണ്ടിട്ടാണ് അഴിമതിയെക്കുറിച്ചുള്ള ഡീറ്റെയിൽസ് നമ്മൾ അറിയുന്നത്. ജനങ്ങളെ ശരിക്കും നാണംകെടുത്തുന്ന വഴിക്കാണ് ചില കാര്യങ്ങൾ. മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസിനകത്ത് നിന്ന് അഴിമതി വന്നുകഴിഞ്ഞാൽ നമ്മളെന്താ പറയുക? പിന്നെ അവരുടെ ഭരണ അഹങ്കാരം നമ്മൾ കണ്ടതാണ്. ഇതിന്റെ ഇടയിൽക്കൂടി മിസ്മാനേജ്മെന്റ്. തോമസ് ഐസക്കിനെയൊക്കെ ഞാൻ പേഴ്സണൽ ലെവലിൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അവർക്കുമൊരു സൊലൂഷനില്ല. ഇൻവെസ്റ്റേഴ്സ് എന്തുകൊണ്ടാണ് നമ്മുടെ സംസ്ഥാനത്ത് വരാൻ ഭയപ്പെടുന്നത്? ചുവന്ന കൊടീം ഹർത്താലും ഭയപ്പെട്ടിട്ടല്ലേ? 

പഴയൊരു കൺസെപ്റ്റ് അല്ലേ അത്? നമ്മളിപ്പോ എത്രയോ മാറി? 

എത്രയോ മാറി എന്നവർ പറയുന്നുണ്ട്. പക്ഷേ അതിന് തെളിവെവിടെ? ഇപ്പോൾക്കൂടി, ഈ അഞ്ചുവർഷക്കാലം എത്ര ഹർത്താലാണ് നടന്നിരിക്കുന്നത്? ബാക്കി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും കൂടി നോക്കിയാൽ അതിന്റെ ഒരു പത്ത് ശതമാനം പോലും എത്തിയിട്ടില്ല. ഹർത്താൽ വേറെഎവിടെയും നടക്കാത്തതാണ്. കേരളത്തിൽ മാത്രമേയുള്ളൂ. ഇത് മാത്രമല്ല, വേറെ പല കാര്യങ്ങളുമുണ്ട്. മൂന്നു വർഷക്കാലം ഒരു ബിസിനസ് സ്ഥാപിച്ചാൽ നിങ്ങൾക്ക് ലൈസൻസ് വേണ്ട എന്നു പറഞ്ഞ സർക്കാർ ഇപ്പോൾ പോലും അടിസ്ഥാന ലെവലിൽ എത്തിയിട്ടില്ല. ഇൻവെസ്റ്റേഴ്സ് എല്ലാവരും പരാതിയാണ്, അവർക്ക് ഓടി നടക്കേണ്ടി വരുന്നു എന്ന്. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച സിം​ഗിൽ വിൻഡോ ക്ലിയറൻസ്. ഒരു ഇൻവെസ്റ്റർ എന്നോട് പറഞ്ഞു, ഈ സിം​ഗിൾ വിൻഡോയിലെത്തണമെങ്കിൽ ഞങ്ങൾക്ക് 21 വാതിലിൽ മുട്ടേണ്ടി വരുന്നുണ്ട് ഈ ഇടതു സർക്കാരിനൊപ്പം. 

മലയാളികൾ നമ്മുടെ സംസ്ഥാനത്ത് നിന്ന് ഓടിപ്പോകുന്നു. ഇങ്ങനെ പോയിക്കഴിഞ്ഞാൽ നമ്മുടെ ഭാവി എന്തായിരിക്കും? നമ്മുടെ യുവാക്കളുടെ ഭാവിയാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഐക്യ ജനാധിപത്യമുന്നണി പ്രകടന പത്രിക മാത്രമേ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. ഒരുദാഹരണം വിദ്യാഭ്യാസ മേഖലയിലെ റിഫോംസ്, ഞങ്ങൾ ഭരണത്തിൽ വന്നു കഴിഞ്ഞാൽ ഉടനെ ഒരു എജ്യൂക്കേഷൻ റിവ്യൂ കമ്മീഷൻ സ്ഥാപിക്കും. അതിൽ വിദ്യാർത്ഥികളുണ്ടാകണം. അധ്യാപകരുണ്ടാകണം. നമുക്ക് ജോലി തരാൻ സാധ്യതയുള്ള എംപ്ലോയേഴ്സിന്റെ പ്രതിനിധികളുണ്ടാകണം. അവർ പ്രത്യേകിച്ച് എഞ്ചിനീയറിം​ഗ് സയൻസ് ടെക്നോളജി മേഖലകളിൽ പഠിച്ചു നോക്കട്ടെ, എങ്ങനെയാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്? എന്താ പഠിപ്പിക്കുന്നത്? ഇത് ഔട്ട് ഓഫ് ഡേറ്റാണോ? പഴയ ടെക്സ്റ്റ് ബുക്കിലെ ആവശ്യമില്ലാത്ത കാര്യങ്ങളാണോ പഠിപ്പിച്ചു കൊടുക്കുന്നത്? 

ഞാൻ നയിക്കുന്ന ഒരു സ്ഥാപനമുണ്ട്, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺ​ഗ്രസ്. അതിലെ കേരള ചാപ്റ്റർ പതിനായിരം എഞ്ചിനീയേഴ്സിൽ ഒരു സർവ്വേ നടത്തി. കേരളത്തിൽ പഠിച്ച എഞ്ചിനീയറിം​ഗ് ​ഗ്രാജ്വേറ്റ്സ്. അതിൽ 66 ശതമാനം പറഞ്ഞു, ഞങ്ങളിപ്പോൾ ചെയ്യുന്ന ജോലികൾക്ക് എ‍ഞ്ചിനീയറിം​ഗ് ഡി​ഗ്രി ആവശ്യമില്ല. അതിനർത്ഥം അവർ ഡി​ഗ്രി പഠിച്ചത്, അവരുടെ അമ്മ, അച്ഛൻമാരുടെ പണം ചെലവാക്കിയത് വേസ്റ്റായിപ്പോയി. ഇതൊക്കെ നമുക്ക് മാറ്റണ്ടേ? 

നമുക്ക് എംപ്ലോയബിലിറ്റി, ജോലി കിട്ടാനുള്ള സാധ്യത, ലോ വിഷയത്തിൽ ഒരു ലോ യൂണിവേഴ്സിറ്റി കേരളത്തിൽ കൊണ്ടുവരണം. ഞങ്ങൾ ഇതെല്ലാം വിദ്യാർത്ഥികളിൽ നിന്ന് കേട്ട പരാതിയിൽ നിന്നാണ് ഈ ജനകീയ പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഒരു മുറിയുടെ അകത്ത് വാതിലടച്ചിരുന്ന് മേശക്ക് ചുറ്റുമിരുന്ന് എഴുതിയതല്ല ഇത്. ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഒരു കൂട്ടായ്മയിൽ ആളുകളുടെ ഐഡിയാസ് ചോദിച്ചു. ഞാൻ കോവളത്ത് ആളുകൾ കാറ്റു കൊള്ളാൻ പോകുന്ന ബീച്ചിലിറങ്ങി, അവിടുത്തെ ഐസ്ക്രീം വിൽപ്പനക്കാരൻ, പട്ടം വിൽക്കുന്നയാൾ, അവിടുത്തെ ലൈഫ് ​ഗാർഡുമാർ, ചായക്കടക്കാർ അവരോടാണ് ചോദിച്ച് മനസ്സിലാക്കിയത്. എന്തായിരുന്നു നിങ്ങളുടെ അനുഭവം? കഴിഞ്ഞ ഒന്നു രണ്ടു വർഷം നിങ്ങൾക്ക് സംസ്ഥാൻ സർക്കാരിന്റെ സഹായമുണ്ടായിരുന്നോ? ടൂറിസം മേഖല പൂർണ്ണമായും തകർന്നു പോയിരുന്നു എന്ന് നമുക്കറിയാം.

ആ സമയത്ത് ഇവരെങ്ങനെ ജീവിച്ചു? ഇവരെ രക്ഷിക്കാൻ, ഇവരെക്കുറിച്ച് ചിന്തിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ? ഇതൊക്കെ ചോദിച്ചു മനസ്സിലാക്കി. അതുപോലെ തന്നെ കോഴിക്കോട് എംകെ മുനീറിനൊപ്പം എസ്എൻ സ്ട്രീറ്റിലിറങ്ങി എല്ലാ കടകളിലും കയറിയിറങ്ങി. ഓരോ കടക്കാരോടും ചോദിച്ചു. നിങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അടക്കേണ്ടി വന്നുവല്ലോ? സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായിരുന്നോ?   നിങ്ങൾക്ക് വാടക കൊടുക്കേണ്ടി വന്നോ? നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവർക്ക് അവധി കൊടുത്തോ? പിരിച്ചു വിട്ടോ? ശമ്പളം കൊടുത്ത ശമ്പളത്തിന്റെ ഒരു ഭാ​ഗം കൊടുത്തോ? അങ്ങനെ ഓരോരോ കഥകൾ കണ്ടു മനസ്സിലാക്കിയാണ്. ഈ ക്ഷേമപദ്ധതികൾ ഇറങ്ങുന്നത് ജനങ്ങളുട ശരിക്കുള്ള അനുഭവവും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ദാരിദ്ര്യവും കൂടി മനസ്സിലാക്കിയിട്ടാണ്. 

അതുപോലെ തന്നെ അവിടത്തെ ഓട്ടോ ടാക്സിക്കാരുടെ ദുഖം. ഞങ്ങളവിടെ നിൽക്കുമ്പോൾ അനവധി ഓട്ടോക്കാർ എന്റെ  അടുത്ത് വന്നിട്ട് പറഞ്ഞു കഷ്ടകാലങ്ങൾ നിങ്ങളറിയണം. പെട്രോൾ ഡീസലിന്റെ വില കൂട്ടിക്കൂട്ടിയിട്ട് ഇങ്ങനെ കേറ്റിപ്പോയിട്ട് ഞങ്ങളുടെ വാഹനത്തിൽ കയറാൻ ആൾക്കാർക്ക് പണമില്ല. ആളുകൾ ബസ്സിലോ നടക്കുകയോ ആണ് ചെയ്യുന്നത്. കോഴിക്കോട് ഇ ഓട്ടോ ലൈസൻസ് കൊടുക്കുന്നു. അതു വന്നാൽ ഞങ്ങളെന്ത് ചെയ്യും? ആത്മഹത്യ ചെയ്യണോ എന്ന് ചോദിച്ചു. വേണ്ട ചെയ്യണ്ട. ഞങ്ങളുടെ ഭരണം വന്നിട്ട് ഞങ്ങൾ നിങ്ങളെ സഹായിച്ചിട്ട് ഒരു സബ്സിഡി പദ്ധതി നൽകിയിട്ട് നിലവിലുള്ള ഈ പെട്രോൾ ഡീസൽ ഓട്ടോകളെ ഇ ഓട്ടോ ആക്കാൻ സഹായിച്ചാൽ നിങ്ങൾ അതിനെ അം​ഗീകരിക്കുമോ എന്ന് ചോദിച്ചു. ഉടനെ ഉവ്വ് എന്ന് പറഞ്ഞു. ഇങ്ങനെ അവരോട് ചോദിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കിയത്. 

പെട്രോൾ ഡീസൽ വില വർദ്ധനവിൽ സംസ്ഥാന സർക്കാർ ജനങ്ങളെ സഹായിച്ചിട്ടുണ്ടോ? കേന്ദ്ര സർക്കാർ അവസരവാദികളാണ്. അന്താരാഷ്ട്ര മേഖലയിൽ ക്രൂഡ് ഓയിലിന്റെ വില ചുരുങ്ങിച്ചുരുങ്ങി വന്നപ്പോൾ 140 ഡോളറായിരുന്നു യുപിഎ ഭരണ സമയത്ത്. 25 ഡോളർ വരെ വീണു. ഇപ്പോൾ ഒരു 58 ഡോളർ ആണ് എത്തിയിരിക്കുന്നത്. ആ സമയത്ത് അതിന്റെ ​ഗുണം നമ്മുടെ നാട്ടുകാർക്ക് കൊടുക്കുന്നതിന് പകരം സർക്കാർ ടാക്സിനെ കൂട്ടിക്കൂട്ടി ആറ് വർഷത്തിൽ ഡീസലിന് ടാക്സ് 860 ശതമാനം കൂടുതലാണ്. പെട്രോളിന് 320 ശതമാനം കൂടുതലാണ്. ടാക്സ് മാത്രം. സംസ്ഥാന സർക്കാർ അവരും അവസര വാദികളാണ്. അടിസ്ഥാന വില ഇപ്പോൾ പെട്രോളിന് 34 രൂപയാണ്. ബാക്കി 66 ഉം കേന്ദ്ര സർക്കാരും സസംസ്ഥാന സർക്കരും കൂടി സുഖമായി എടുക്കുകയാണ്.

സംസ്ഥാന സർക്കാരിന് ജനങ്ങളുടെ വേദന കണ്ടിട്ട് ചുരുക്കാൻ സാധിച്ചില്ല. ഞങ്ങൾ ഭരിക്കുന്ന രാജസ്ഥാനിൽ 10 രൂപ കട്ട് ചെയ്തു. സ്റ്റേറ്റ് എക്സൈസ്. സംസ്ഥാന സർക്കാർ പറഞ്ഞു, ജനങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഇതെങ്കിലും ഒറു സഹായം കൊടുക്കട്ടെ എന്ന്. അങ്ങനെ ചെയ്യാൻ തോന്നിയോ ഇടതുപക്ഷത്തിന്? ഒരിക്കലുമില്ല, പക്ഷേ അവരെയും നൂറ് ശതമാനം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ ചെയ്ത മിസ്മാനേജ്മെന്റ് കാരണം സെപ്റ്റംബർ മാസം ആകുമ്പോഴേക്കും ശമ്പളം കൊടുക്കാൻ കൂടി പണമില്ലാത്ത സംസ്ഥാനമായി മാറി വന്നിട്ടുണ്ട്. ഈ മൂന്നുലക്ഷം കോടിയൊക്കെ ആരാ തിരിച്ചു കൊടുക്കുക? എപ്പഴാ കൊടുക്കുക? നാളെ ഇനി ഏതെങ്കിലും ഒരു ബാങ്ക് കേരളത്തിന് പൈസ തരാൻ തയ്യാറാകുമോ? കിഫ്ബി നമ്മൾ ചെയ്ത ഒരു ഇൻവെസ്റ്റ്മെന്റ് വെഹിക്കിൾ ആയിരുന്നു. അതിനെപ്പോലും ലോണെടുക്കുന്ന വെഹിക്കിളാക്കി മാറ്റിവെച്ചു ഈ സർക്കാർ. നമ്മുടെ സംസ്ഥാനം നല്ലതുപോലെ നടക്കണമെന്നത് എല്ലാവരുടെയും ആവശ്യമല്ലേ? ഇത് രാഷ്ട്രീയമല്ല, ഭരണമാണ്.

ഇത്രയും ഡീറ്റെയിലായിട്ട് താങ്കൾ സംസാരിച്ചു, പക്ഷേ ബാക്കിയുള്ളവരുടെ പ്രചാരണം കേൾക്കുമ്പോൾ വിവാദങ്ങൾ മാത്രമാണ് അതിൽ കൂടുതലായിട്ട് വരുന്നത്? ആളുകൾക്കിടയിൽ നെ​ഗറ്റീവിറ്റിയാണോ യുഡിഎഫ് പ്രചരിപ്പിക്കുന്നത്? 

എനിക്ക് തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും നെ​ഗറ്റീവുമുണ്ടാകും, പോസിറ്റീവുമുണ്ടാകും. ഇപ്പോൾ ഭരിക്കുന്നവരുടെ നെ​ഗറ്റീവ് പറഞ്ഞില്ലെങ്കിൽ ആൾക്കാർ വിചാരിക്കും എന്തിനാണ് ഇവരെ മാറ്റുന്നത് എന്ന്. ചെയ്ത തെറ്റുകൾ ചൂണ്ടിക്കാണിക്കണം. അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ഒരേ സമയത്ത് ഇത്തവണ പ്രത്യേകിച്ച് യുഡിഎഫ് ഒരു പോസിറ്റീവ് സ്റ്റോറി പറയുന്നുണ്ട്. ഞങ്ങൾ ഒരു സമയത്ത് അഴിമതിയെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് അത് മതി ആളുകൾക്ക് ഇവരെ മാറ്റാനെന്ന് കരുതി. പക്ഷെ ഞങ്ങളുടെ അകത്തുള്ള ഡിസ്കഷനിൽ തന്നെ തുടക്കം മുതൽക്കേ ഒരു അൺർസ്റ്റാൻഡിം​ഗ് ഉണ്ടായിരുന്നു, ഒരു പോസിറ്റീവ് നരേറ്റീവ് കൊടുത്തിട്ടില്ലെങ്കിൽ ജനങ്ങൾക്ക് കാരണം അറിയാൻ കഴിയില്ല. ഇവർ മോശമാണ്, മറ്റവർ ഇവരേക്കാൾ നന്നായിരുന്നു, ഇവർക്ക് കാഴ്ചപ്പാടുണ്ടോ, ഒരു ദീർഘവീക്ഷണമുണ്ടോ കേരളത്തിന്റെ ഭാവിയെക്കുറിച്ച്? അതുകൊണ്ടാണ് പ്രകടന പത്രികയിൽ നമ്മൾ ആ ഇലമെന്റിനെക്കുറിച്ച് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്. 

പല ക്ഷേമപദ്ധതികളുമുണ്ട്. ഞങ്ങളാണ് ന്യായ് പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. 6000 രൂപ എല്ലാ പാവപ്പെട്ട കുടുബങ്ങളിലേക്കും എത്താനായിട്ട്. ഒരു വർഷം 72000. ഒരു വരുമാനം ഉറപ്പായും കിട്ടാൻ വേണ്ടിയുണ്ടാകും. പെൻഷന്റെ കാര്യത്തിൽ ഞങ്ങളാണ്. 1500 രൂപ സംസ്ഥാന സർക്കാർ കൊടുക്കുന്നത് രണ്ട് കപ്പ് ചായ എല്ലാ ദിവസവും വാങ്ങിക്കുടിച്ചാൽ അത് തീരും. എങ്ങനെയാണ് നമ്മുടെ പ്രായമുള്ളവർ ജീവിക്കാൻ പോകുന്നത്? ഞങ്ങളാണ് അതിന്റെ ഇരട്ടി മൂവായിരം എന്ന് പറഞ്ഞത്. 

കഴിഞ്ഞ സർക്കാർ കൊടുത്തതിൽ എത്രയോ അധികമാണ് ഇത്തവണ പിണറായി സർക്കാർ വന്നപ്പോൾ വർദ്ധിപ്പിച്ചു കൊടുത്തത്?

പിന്നെന്തിനാണ് അവരിപ്പോൾ പറയുന്നത് 2500 ആക്കാമെന്ന്. അങ്ങനെ ആക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ഈ അഞ്ചുവർഷക്കാലം എന്തുകൊണ്ട് ചെയ്തില്ല? 

ക്രമേണ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നില്ലേ?

അങ്ങനെ കൂട്ടിക്കൊണ്ട് വന്നാൽ ജനങ്ങൾക്ക് ​ജീവിക്കണ്ടേ? അതിനെക്കുറിച്ച് ആലോചിക്കേണ്ടതാവശ്യമുണ്ട്. ഞാൻ പറയുന്നത് ക്ഷേമപദ്ധതികൾ ഇതുപോലെ എല്ലാമുണ്ട്. വീട്ടമ്മമാർക്ക് കൊടുക്കുന്ന 2000 രൂപ. ഇതെല്ലാം ഞങ്ങൾ പറഞ്ഞത് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയിട്ടാണ്. പക്ഷേ ഇത് മാത്രമല്ല. ഞങ്ങളെപ്പോഴും ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു മുന്നണിയാണ്. നമ്മുടെ ഇടതുപക്ഷ സർക്കാരിന്റേത് പത്തൊമ്പതാം നൂറ്റാണ്ടിലെത്തിയ ഐഡിയോളജിയാണ്. അത് ലോകം മുഴുവനും ഉപേക്ഷിച്ചിട്ടുണ്ട്. ഇവിടെ മാത്രമാണ് പിടിച്ചു നിർത്തുന്നത്. കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. 

ബിജെപി അതിനേക്കാൾ മോശമാണ്. അവർ പത്താം നൂറ്റാണ്ടിലെ രാജ്യത്തെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. അവരുടെ വിശ്വാസം, അവർ സ്വപ്നത്തിൽ കാണുന്ന ഒരു പവിത്ര ഹിന്ദു രാഷ്ട്രത്തിലേക്ക് നമ്മളെ കൊണ്ടുപോകാമെന്നാണ്. അവർക്ക് ചരിത്രവുമറിയില്ല, കേരളത്തിന്റെ അനുഭവമറിയില്ല, ജനങ്ങളുടെ ജീവിത രീതി മനസ്സിലാക്കിയിട്ടില്ല. വർ​ഗീയതയാണ് അവർ പ്രചരിപ്പിക്കുന്നത്. രണ്ടാൾക്കും ഭയങ്കര അഹങ്കാരമാണ്. ഇവിടെ കണ്ട കാര്യങ്ങളെല്ലാം നമുക്ക് അറിയാം. ദില്ലിയിൽ 128ാമത്തെ ദിവസമാണ് കർഷകർ സമരം ചെയ്യുന്നത്. അതിനർത്ഥം അവർ ആരോടും സംസാരിക്കാതെയും ജനങ്ങളുടെ അഭിപ്രായം ചോദിക്കാതെയും ജനങ്ങളെക്കുറിച്ച് ചിന്തിക്കാതെയും എടുക്കുന്ന ഭരണ തീരുമാനങ്ങളാണ് ബിജെപിക്കാർ കാണിച്ചിരിക്കുന്നത്. ഈ അഹങ്കാരത്തിനെതിരെ ഒരു സന്ദേശം അയക്കണ്ടേ? കേരളത്തിൽ ജനങ്ങളെ കണ്ട്, ജനങ്ങളുമായി ബന്ധപ്പെട്ട്, ജനങ്ങൾക്കൊപ്പം സംസാരിച്ച്, ജനങ്ങളുടെ ആവശ്യങ്ങളും ആശയവും ആശങ്കയും മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാരല്ലേ വേണ്ടത്?

ഇവിടെ യുഡിഎഫിന് ബിജെപിയുമായിട്ട് ഒരു അണ്ടർസ്റ്റാന്റിം​ഗ് ഉണ്ടെന്നാണല്ലോ ആരോപണം? 

അതാണെങ്കിൽ ഞങ്ങൾ ഇത്രയൊക്കെ അവരെ ആക്ഷേപിക്കുമോ? നേമത്ത് ഞങ്ങൾ ഒരു പോരാളിയെ നിർത്തുമോ? ബിജെപി അവരുടെ സ്വന്തം ​ഗുജറാത്ത് ആണെന്ന് പറഞ്ഞ സ്ഥലത്ത്? നമുക്ക് കേരളത്തിൽ ​ഗുജറാത്ത് വേണ്ടെന്ന് ചൂണ്ടിക്കാണിക്കാനല്ലേ സ്ട്രോം​ഗ് സ്ഥാനാർത്ഥിയെ നിർത്തിയത്? 

ശശി തരൂർ എന്താണ് നേമത്ത്  നിൽക്കാതിരുന്നത്?

എന്നെ അവർ ചോദിച്ചിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഇല്ലെന്ന് പറയില്ല. പക്ഷേ ഒരു കാര്യം നമുക്ക് മനസ്സിലാക്കണം. കോൺ​ഗ്രസ് പാർട്ടി അവരുടെ നേതാക്കളുടെ കഴിവും ക്വാളിറ്റിയുമൊക്കെ മനസ്സിലാക്കിയിട്ടാണ് ശ്രീ കെ മുരളീധരന് അവസരം കൊടുത്തത്. അദ്ദേഹത്തിന് ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. എന്റെ റോൾ പാർലമെന്റിൽ തുടരണമെന്ന് അവർ ആ​ഗ്രഹിക്കുന്നുണ്ടാകും. ഞാൻ എന്തായാലും പാർലമെന്റിൽ പല വിഷയത്തിലും കോൺ​ഗ്രസിന് വേണ്ടി സംസാരിക്കുന്നുണ്ട്. ഞാനൊരു കമ്മറ്റി ചെയർമാനുമാണ്. എനിക്ക് ചില ഉത്തരവാദിത്വങ്ങൾ അവിടെ ഉള്ളതിനാൽ ഇത്രവേ​ഗം ഉപേക്ഷിക്കാൻ സാധിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ടാകാം. എന്തായാലും എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഞാൻ കേരളത്തിൽ ഇൻവോൾവ്ഡ് ആണെന്ന കാര്യത്തിൽ ആർക്കുമൊരു സംശയവും വേണ്ട. ഞാൻ ദില്ലിയിൽ പ്രവർത്തിക്കുമ്പോൾ പോലും എന്റെ ഓഫീസ് വളരെ ആക്റ്റീവാണ്. 

കൊവിഡ് കാലത്ത് കിറ്റ് കൊണ്ടുവരുന്ന കാര്യത്തിൽ ഉൾപ്പെടെ താങ്കളുടെ എല്ലാ ബന്ധങ്ങളുമുപയോ​ഗിച്ച് തിരുവനന്തപുരത്ത് സർക്കാരിനെ സഹായിച്ചിരുന്നു. പക്ഷേ ചില കാഴ്ചപ്പാടുകൾ സ്വന്തം പാർട്ടിയെ വെട്ടിലാക്കുന്ന തരത്തിൽ വന്നിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ഏൽപിച്ചു കൊടുത്ത കാര്യത്തിലൊക്കെ. കോൺ​ഗ്രസിന്റെ നിലപാടല്ല താങ്കൾക്ക്?

കോൺ​ഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. നമുക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ട്. അതൊന്ന്. ഞാനത് ചെയ്തത് എന്റെ വോട്ടർമാർക്കും എന്നെ ജയിപ്പിച്ച് കൊണ്ടുവന്ന ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞത്. പക്ഷേ ഒരു കാര്യം കൂടി മനസ്സിലാക്കണം. ഈ ആറ് എയർപോർട്ടിനെ പ്രൈവറ്റൈസ് ചെയ്യാം എന്ന് സർക്കാർ തീരുമാനിച്ചപ്പോൾ ചെന്നൈക്കാര് പറഞ്ഞില്ലേ, ഞങ്ങൾക്ക് വേണ്ട, ഞങ്ങൾ ഇങ്ങനെ തന്നെ തുടർന്നോളാമെന്ന്? കേരള സർക്കാർ എന്തുകൊണ്ട് പറ‍ഞ്ഞില്ല? കാരണം ഇപ്പോ ഭരിക്കുന്നവർക്ക് അവരുടെ  സ്വന്തം ഫേവറൈറ്റ്സ് ഉണ്ട്. മുതലാളിമാരെ എതിർക്കുന്നു എന്ന് പറയുമ്പോഴും ഒന്നു രണ്ട് മുതലാളിമാരെ അവർക്കിഷ്ടമാണ്.

അവർ വിചാരിച്ചു അവരുടെ മുതലാളിക്കൊപ്പം പാർട്ണർഷിപ്പിൽ ഇറങ്ങിയിട്ട്, അവർ തന്നെ പങ്കെടുത്തു. ഒരു കളിയിൽ പോയി കയറി ആ കളിയുടെ റൂൾസ് പ്രകാരം പങ്കെടുത്തിട്ട് തോറ്റുപോയ ശേഷം കളി ശരിയല്ല എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ? ഇതാണ് ഇവർ ചെയ്തത്. ആ സമയത്ത് ഞങ്ങൾക്ക് പ്രൈവറ്റൈസേഷൻ വേണ്ട, ഞങ്ങൾ തന്നെ നടത്തിക്കൊളാം എന്ന് പറഞ്ഞാൽ നമ്മൾ ഒന്നും ചെയ്യാൻ സാധിക്കില്ല. അവർക്ക് അവകാശമുണ്ടെന്ന് പറയാം. പക്ഷേ അത് ചെയ്യാതെ ഇതിലിറങ്ങി ടെണ്ടർ നടത്തിയ ശേഷം, അതിലും കൂടി ഒരു സ്പെഷൽ പ്രൊവിഷനുണ്ടായിരുന്നു, 15 ശതമാനത്തിനകത്ത് കേരള ഈ ടെണ്ടർ തോറ്റാൽ അതിനെ മാച്ച് ചെയ്യാനുള്ള അവകാശം കൂടി സംസ്ഥാന സർക്കാർ വാങ്ങിയെടുത്തിരുന്നു. അതും കൂടി അവർക്ക് ചെയ്യാൻ സാധിച്ചില്ല. അപ്പോൾ ജയിച്ച ആൾ അദാനിയായാലും ശരി, അംബാനിയായാലും ശരി, രവി പിള്ളയായാലും യുസഫലി ആയാലും ശരി ആളോഹരി പണമിറക്കി ഒരു ടെണ്ടറിന് ഫെയറായി ജയിച്ചു കഴിഞ്ഞാൽ നമ്മൾ അതിനെ നടപ്പിലാക്കില്ല എന്ന് പറഞ്ഞാൽ ആരാണ് നമ്മുടെ സംസ്ഥാനത്ത് വന്ന് ബിസിനസ് ചെയ്യാൻ പോകുന്നത്? 

എല്ലാവർക്കും റൂൾസ് പ്രകാരം പ്രഖ്യാപിച്ച ഒരു ടെണ്ടറിനെ അതിൽ പങ്കെടുക്കാൻ തോന്നുന്നത് നമ്മളെല്ലാവരും അതിന്റെ റിസൾട്ട് അക്സപ്റ്റ് ചെയ്യും എന്ന് വിചാരിച്ചിട്ടാണ്. അതുപോലെ നമ്മുടെ വിഴി‍ഞ്ഞം തുറമുഖം. അതിൽ അദാനി ആയിരുന്നു ടെണ്ടർ ജയിച്ചത്. അദ്ദേഹമായിരുന്നു എലിജിബിൾ. ബാക്കി ഓരോരുത്തരും ഓരോരോ കാരണത്താൽ ക്വാളിഫൈഡ് ആയിരുന്നില്ല. അദാനി എടുത്തു. അവരുടെ ഒപ്പം നമ്മൾ സഹകരിക്കുന്നുണ്ടല്ലോ. ശ്രീ പിണറായി വിജയൻ മുഖ്യമന്ത്രി ആയിട്ട്  വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തുറമുഖത്തിന്റെ ബോർഡിന്റെ ചെയർമാനുമാണ്. ഇതുപോലെ സഹകരിക്കുമെന്നായിരുന്നു പറയേണ്ടത്. പക്ഷേ ജയിച്ചവരെ ഞങ്ങൾക്ക് ഇഷ്ടമല്ല, ഞങ്ങൾ അവർക്കൊപ്പം സഹകരിക്കില്ലെന്ന് പറയുമ്പോൾ നഷ്ടമാർക്കാണ്? തിരുവനന്തപുരം വിമാനത്താവളം ഉപയോ​ഗിക്കുന്നവർക്ക്, നമ്മുടെ പാസഞ്ചേഴ്സിന്. 

ഞാനൊരു പ്രതിനിധിയായിട്ട് ഒരു എംപിയായിട്ട് ഒരു കാര്യം ഞാൻ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കേരളത്തിന് മൊത്തം വേണ്ടിയും എന്റെ തിരുവനന്തപുരത്തിന് വേണ്ടി പ്രത്യേകിച്ചും. ബിസിനസ് ഇവിടെ വന്ന് സ്ഥാപിക്കണം. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാർക്കിൽ പല കമ്പനികളെയും കൊണ്ടുവരാൻ വേണ്ടി ഞാൻ ടെക്നോപാർക്ക് ഉദ്യോ​ഗാസ്ഥരുമായിട്ട് സഹകരിച്ചിട്ടുണ്ട്. അഭിമാനത്തോടെ പറയും ഞാനാണ് ഇന്റലിനോട് സംസാരിച്ചത്. നിസ്സാനുമായി ആദ്യത്തെ സമ്പർക്കം എന്റെയായിരുന്നു പലവിധത്തിലും കമ്പനീസ് ഇവിടെ വരേണ്ടത് ആവശ്യമാണ്. ഇതേപോലെ ഞാൻ ഒന്നു രണ്ട് കമ്പനീസുമായി സംസാരിച്ചിരുന്നു. പേരെടുത്ത് പറയാൻ ഞാൻ തയ്യാറാണ്. കാരണം അവരത് ഒളിക്കുന്നില്ല. ടെക് മഹീന്ദ്രാ , അവരിവിടെ വരാമെന്ന് സമ്മതിച്ചതാണ്, എന്നാൽ തൊണ്ണൂറു ശതമാനം ഉറപ്പായിട്ടും ഒരൊറ്റ കാരണം കൊണ്ടാണ് അവർ പിന്മാറിയത്. എയർ കണക്റ്റിവിറ്റി. അവരുടെ തലസ്ഥാനം പൂനയാണ്. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് വരാൻ ഒരു ദിവസം എടുക്കുന്ന പരിപാടി ഞങ്ങൾക്കാവില്ല, പണം നഷ്ടം മാത്രമല്ല, ഇൻഎഫിഷ്യൻസി കൂടി വരും. നിങ്ങൾ കുറെ ഫ്ലൈറ്റ്സ് കൊണ്ടുവരൂ, പിന്നെ നമുക്ക് നോക്കാം.

നിസാൻകാരും ഇത് തന്നെ പറഞ്ഞു. ഞങ്ങൾക്ക് ടോക്കിയോ വരെ എത്താൻ എത്ര സമയം എടുക്കും? ഇന്ത്യയിൽ പല സ്ഥലത്തും ഒറ്റ ചേഞ്ച് കൊണ്ട് എത്താൻ സാധിക്കും. ‍ഞാൻ വിസ്താരയോട് സംസാരിച്ചിട്ട് തിരുവനന്തപുരം സിം​ഗപ്പൂർ കണക്ഷൻ ചെയ്തുകൂടെ? സിം​ഗപ്പൂരിൽ നിന്ന് ജപ്പാനിലേക്ക് പോകാൻ കുറെ ഫ്ലൈറ്റ്സ് ഉണ്ടല്ലോ. ആ സംസാരം അഡ്വാൻസ്ഡ് ആകുന്ന സമയത്താണ് കൊവിഡ് വരുന്നത്. ഓരോ കാര്യത്തിനായി ശ്രമിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു കാര്യം പൂർണ്ണമായി മനസ്സിലായി. വിമാനത്താവളങ്ങളുടെ വികസനം തിരുവനന്തപുരത്തിനും ദക്ഷിണ കേരളത്തിനും അത്യാവശ്യമാണ്. വിമാനത്താവളത്തിൽ നല്ലതുപോലെ ഫ്ലൈറ്റ്സ് വന്നു കൊണ്ടിരിക്കണം. ജനങ്ങൾക്ക് ഉപയോ​ഗിക്കാൻ സാധിക്കണം. അങ്ങനെയൊരു വികസനം വന്നാൽ മാത്രമേ നമ്മുടെ ഓരോ വികസനവും ശരിയാകൂ. അത് വിചാരിച്ചിട്ടാണ് ഞാൻ ഇതിനു വേണ്ടി സംസാരിച്ചത്. ഐക്യ ജനാധിപത്യ മുന്നണിയുടെ അകത്തുള്ള ചില പാർട്ടികൾ എന്നോട് പറഞ്ഞു നിങ്ങളുടെ സ്റ്റാന്റാണ് കറക്റ്റെന്ന്. അതിനുള്ള സമയം വരും. ചിലപ്പോൾ രാഷ്ട്രീയത്തിൽ പാർട്ടികൾ ഓരോരോ കാര്യങ്ങൾ പറയും. ഞാനീ സ്റ്റാന്റിൽ നിന്ന് ഇളകിയിട്ടില്ല. പാർട്ടിയോടും പറഞ്ഞിട്ടുണ്ട്. 

കാരണം എന്റെ വിശ്വാസം ഇതാണ്.ഇങ്ങനെ വിശ്വസിക്കാനുള്ള കാരണം ഇതാണ്. ഇതിൽ മാറ്റമൊന്നും വന്നിട്ടില്ല. നിങ്ങൾ നല്ല കാര്യങ്ങൾ പറഞ്ഞാൽ ഞാൻ കേൾക്കാൻ തയ്യാറാണ്. പക്ഷേ ഈ പറഞ്ഞ കാര്യങ്ങൾക്ക് മാറ്റമില്ല. ഞാൻ ചിന്തിക്കാതെ ഒരു തീരുമാനമെടുത്തിട്ടില്ല. വെറുതെ മനസ്സിൽ വരുന്ന ഒരു സ്റ്റാന്റ് എടുത്തിട്ടില്ല. എന്റെ രാഷ്ട്രീയം ഹോംവർക്ക് ചെയ്ത ശേഷമാണ്, പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടിയെപ്പോലെ ഹോംവർക്ക് ചെയ്തിട്ടാണ് സ്റ്റാന്റ് എടുക്കുക. 

കോൺ​ഗ്രസ് ജനാധിപത്യ പാർട്ടിയാണ്.  താങ്കളുടെ ഒരു പ്രവർത്തന ശൈലി മൂലം താങ്കൾ വേറൊരു തലത്തിൽ നിന്ന് പ്രായോ​ഗിക രാഷ്ട്രീയത്തിലേക്ക് വന്നത് കൊണ്ടായിരിക്കും ഇത്രയും ഹോംവർക്കിലൊക്കെ അടിയുറച്ച് വിശ്വസിക്കുന്നത്. എങ്ങനെയാണ് ഈ കോൺ​ഗ്രസിലെ ​ഗ്രൂപ്പുകൾക്കുള്ളിൽ പിടിച്ചു നിൽക്കുന്നത്?

ഞാനൊരു ​ഗ്രൂപ്പിലും പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല, ഞാനൊരു ​ഗ്രൂപ്പ് വിശ്വാസിയുമല്ല. കാരണം എന്റെ ഐഡിയയിൽ ഒരു സാധാരണ കോൺ​ഗ്രസ് പ്രവർത്തകന് ഒരു സ്ഥാനം കിട്ടാനോ ഒരു ബൂത്ത് കമ്മറ്റി ചെയർമാനാകാനോ ഒരു പഞ്ചായത്ത് സ്ഥാനാർത്ഥിയാകാനോ വേറെ വല്ല സ്ഥാനം കിട്ടാനോ അതെല്ലാം ​ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് കിട്ടുന്നതെങ്കിൽ പിന്നെ പാർട്ടിക്കെന്താണ് ലോയൽറ്റി ആവശ്യം? ​ഗ്രൂപ്പ് മതിയല്ലോ. ഈ രണ്ട് ​ഗ്രൂപ്പ് നേതാക്കളും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് വലിയ ബഹുമാനമാണ്. ഞാൻ ഉമ്മൻ ചാണ്ടിയെ ചേട്ടൻ എന്ന് വിളിക്കുന്ന വ്യക്തിയാണ്. രമേശും ഞാനും ഒരേ പ്രായമാണ്. ഞാൻ രാഷ്ട്രീയത്തിൽ വരുമ്പോൾ ആദ്യം എന്നോട് മത്സരിക്കാൻ പറഞ്ഞ ആൾ രമേശ് ചെന്നിത്തലയാണ്.  എനിക്ക് അവരോട് എതിരായിട്ടൊന്നും ഇല്ല. പക്ഷേ നമ്മളുടെ പാർട്ടി നന്നായി നടക്കണം. നമ്മുടെ വിശ്വാസങ്ങൾ കോൺ​ഗ്രസിന്റെ മൂല്യങ്ങളാകണം. കാരണം കോൺ​ഗ്രസിന് ഒരു ചരിത്രമുണ്ട്. ഞങ്ങൾ മറ്റുള്ളവരെപ്പോലെ അവസരവാദികളല്ല. പ്രകടന പത്രികയെക്കുറിച്ച് പറയുമ്പോൾ 136 വർഷത്ത അനുഭവമുണ്ടായിട്ടാണ്.

1991 വരെ നമ്മൾ നടത്തി വരുന്ന എക്കണോമിക് പോളിസി നോക്കിക്കോളൂ. അതിന് ശേഷം നടത്തിയ എക്കണോമിക് പോളിസി നോക്കൂ. ഈ രാജ്യത്ത് എന്ത് നടക്കും എന്ത് നടക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ് നമ്മൾ തീരുമാനമെടുക്കുന്നത്. അങ്ങനെയൊരു പാർട്ടിക്ക് വേറെ അകത്തുള്ള ​ഗ്രൂപ്പിസമൊന്നും ആവശ്യമില്ല. അതാണ് എന്റെ പേഴ്സണൽ അഭിപ്രായം. എന്തായാലും പാർട്ടിയുടെ അകത്ത് കണ്ട യാഥാർത്ഥ്യത്തിനകത്ത് പ്രവർത്തിക്കുന്നു. ആരെയും ആക്ഷേപിക്കുന്നില്ല. പാർട്ടി നന്നാകണം എന്ന് മാത്രമാണ് എന്റെ ആവശ്യം. ഞാനെപ്പോഴെങ്കിലും കാര്യങ്ങൾ പാർട്ടിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടിയെ ശക്തമാക്കാൻ വേണ്ടിയിട്ട് മാത്രമാണ്. പാർട്ടി നന്നാകട്ടെ പാർട്ടി ജനങ്ങളുടെ ഇടയിലെത്തട്ടെ. നമ്മുടെ മൂല്യങ്ങൾ ഭാരതത്തിനും കേരളത്തിനും റിഫ്ലക്റ്റ് ചെയ്യുന്ന മൂല്യങ്ങളാകട്ടെ. 

രണ്ട് ​ഗ്രൂപ്പോ മൂന്ന് ​ഗ്രൂപ്പോ ഹൈക്കമാന്റ് ​ഗ്രൂപ്പോ ഒക്കെ ആയിരിക്കും കേരളത്തിൽ. പക്ഷേ ഈ ലോയൽറ്റി എന്ന് പറയുന്നത്, ആളുകളോടുള്ള ലോയൽറ്റി, കുടുംബത്തോടുള്ള ലോയൽറ്റി ആത് കോൺ​ഗ്രസ് പാർട്ടിയുടെ ഒരു സ്വഭാവമല്ലേ? പറഞ്ഞതുപോലെ വലിയ ചരിത്രവും പാരമ്പര്യവും ആശയ അടിത്തറയുമൊക്കെ കാണുമായിരിക്കും. ദേശീയതലത്തിൽ ആലോചിക്കുകയാണെങ്കിൽ സോണിയ​ഗാന്ധി കുടുംബത്തോടുള്ള ലോയൽറ്റി പ്രധാനമല്ലേ?

പാർട്ടി പ്രവർത്തകരുടെ ഇഷ്ടമാണ്. ഒരു കാര്യം മനസിലാക്കണം. ഏത് പാർട്ടിയും, നമ്മുടെ പാർട്ടി മാത്രമല്ല, യാദവ് കുടുംബത്തിന്റെ സമാജ് വാദി പാർട്ടി നോക്കിക്കോളൂ, താക്കറെ കുടുംബത്തിന്റെ ശിവസേന നോക്കിക്കോളൂ, കരുണാനിധി കുടുംബത്തിന്റെ ഡിഎംകെ നോക്കിക്കോളൂ. പാർട്ടിക്കകത്ത് സംസാരിക്കാനും നേരിട്ട് അഭിപ്രായം പറയാനുമുള്ള സ്വാതന്ത്യമുണ്ടായിട്ടുണ്ട്. പക്ഷേ നാളെ പാർട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പുണ്ടായാൽ ഒരു സംശയവും വേണ്ട ​ഗാന്ധി കുടുംബത്തിന്റെ ഒരം​ഗം അതിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ ജയിക്കും. കോൺ​ഗ്രസ് പ്രവർത്തകരുടെ ഇഷ്ടമതാണ്. പാർട്ടിയുടെ നേതാവ് എന്ന് പറഞ്ഞാൽ അത് പാർട്ടിയുടെ പ്രവർത്തകർ അം​ഗീകരിക്കുന്ന ഒരു നേതാവിനെ വേണ്ടേ? അതാണ്  യാഥാർത്ഥ്യം.   

നമുക്കറിയാം കഴിഞ്ഞ രണ്ട് കോൺ​ഗ്രസ് പ്രധാനമന്ത്രിമാരും ആ കുടുംബത്തിന്റെയായിരുന്നില്ല. അവർ തന്നെ ഭരിക്കണം നയിക്കണം, പ്രധാനമന്ത്രിയാകണം എന്നൊന്നും നിർബന്ധമില്ല. അതുപോലെ തന്നെ നമുക്ക് എത്ര സംസ്ഥാനങ്ങളുണ്ട്? എല്ലായിടവും ​ഗാന്ധി പരിവാറിന്റെ അം​ഗങ്ങളല്ലല്ലോ നിൽക്കുന്നത്? ഇതൊരു നാഷണൽ പാർട്ടിയാണ്. എല്ലാ സംസ്ഥാനത്തും സാന്നിദ്ധ്യമുള്ള പാർട്ടിയാണ്. പല നേതാക്കളുണ്ട്, മുതിർന്ന നേതാക്കളുണ്ട്, യുവനേതാക്കൾ വരുന്നു.

താങ്കള്‍  പറയുമ്പോൾ തോന്നുന്നത് അനുദിനം വളർന്നു കൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസ് എന്നാണ്. പക്ഷേ നമ്മൾ കാണുന്ന കാഴ്ച ദേശീയ തലത്തിൽ അങ്ങനെയല്ല. ഭരണമുള്ളിടത്തു പോലും ബിജെപി ആ സർക്കാരിനെ മൊത്തം വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ച കാണുന്നുണ്ട്?

അങ്ങനെ ആദ്യം ആക്കണം. എല്ലാവർക്കും അപ്സ് ആൻഡ് ഡൗൺസ് ഉണ്ടാകും. ബിജെപി ഒരു കാലത്ത് ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമായുണ്ടായിരുന്ന പാർട്ടിയാണ്. ഞങ്ങൾക്ക് 52 എങ്കിലും ഉണ്ടല്ലോ. ഞങ്ങളുടെ ചരിത്രം നോക്കുമ്പോൾ ഈ മൂന്നു ഫി​ഗറില് നിന്ന് രണ്ട് ഫി​ഗറിലേക്ക് താഴ്ന്നത് തന്നെ വലിയൊരു വീഴ്ചയായിരുന്നു. അതുകഴിഞ്ഞ് നമുക്ക് വീണ്ടും കയറ്റമുണ്ടാകുമെന്ന് സംശയമില്ല. ബിജെപിയുടെ നല്ല കാലം കണ്ടുകൊണ്ടിരുന്നിട്ട് അതെപ്പോഴും അങ്ങനെയാകണമെന്ന് വിചാരിക്കേണ്ട കാര്യമില്ല. ബിജെപിക്ക് അനേകം കുഴപ്പങ്ങളുണ്ട്, അവരുടെ വർ​ഗീയത. 2019ൽ അവർ വോട്ട് കൂട്ടിയിട്ട് വലിയൊരു വിജയം നടത്തി. 303 സീറ്റ് ലോക്സഭയിൽ കിട്ടിയപ്പോൾ 37 ശതമാനം വോട്ടാണ് അവരെടുത്തത്. അതിനർത്ഥം 63 ശതമാനം ഭാരതീയ വോട്ടർമാർ അവരുടെ പൊളിറ്റിക്കൽ പ്രോ​ഗ്രാമിന് സപ്പോർട്ട് കൊടുക്കുന്നില്ല. അത് നോക്കുമ്പോൾ ഈ 63 ശതമാനം വ്യക്തികളുടെ വോട്ട് പത്ത് പതിനഞ്ച് സ്ഥലത്ത് വേറെ പാർട്ടികളിലായി മാറുന്നു എന്നതാണ്.

ആ ശതമാനവും സീറ്റും തമ്മിൽ നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിൽ വലിയ വ്യത്യാസമുണ്ടാകാറുണ്ട്?

ഭൂരിപക്ഷം ഭാരതീയമൂല്യങ്ങളും ബിജെപിയുടെ വിശ്വാസങ്ങളും നല്ലൊരു ​ഗ്യാപ്പുണ്ട്. ഇതും പറയാം. ആ 37 ശതമാനം കിട്ടിയ ശേഷം പലരും വിട്ടുമാറിയിട്ടുണ്ട്. അപ്നാ ദളിന്റെ ഒരു ഭാ​ഗം വിട്ടുപോയി. ചില ബിജെപി നേതാക്കൾ തന്നെ ഇവരെ വിട്ടിട്ടുണ്ട്. പാർട്ടികൾക്ക് ഇന്ത്യയിൽ, ഞാൻ രാഷ്ട്രീയം പഠിച്ച ഒരാളായിട്ട് പറയുന്നു, എപ്പോഴും അപ്സ് ആൻഡ് ഡൗൺസ് ഉണ്ടാകും. ഇപ്പോൾ ബിജെപിയുടെ അപ് സമയമാണ്. ഞങ്ങളുടെ ഡൗൺ സമയമാണ്. അതെപ്പോഴും അങ്ങനെ ആയിരിക്കില്ല. ഞങ്ങൾക്ക് വീണ്ടും അപ് വരാനുള്ള എല്ലാ പ്രവർത്തനങ്ങളും നന്നായി ചെയ്യുന്നുണ്ട്. 

ആ പ്രവർത്തനത്തിലേക്ക് വരുമ്പോൾ രാഹുൽ ​ഗാന്ധി അധ്യക്ഷപദം ഉപേക്ഷിച്ച് അദ്ദേഹം എഴുതിയ കത്തിൽ പറയുന്നത്, മോദിക്കെതിരെ ഡയറക്ടായി എതിർക്കാൻ ഇറങ്ങി വന്നപ്പോൾ അദ്ദേഹത്തിന് വേണ്ടത്ര സപ്പോർട്ട് കിട്ടിയില്ല എന്നാണ്. രാഹുൽ ​ഗാന്ധി മോദിക്കെതിരെ ഡയറക്ടായി നടത്തുന്ന ആ അറ്റാക്കിനോടൊപ്പം നിന്ന അധികം കോണ്‌​ഗ്രസുകാരെയും കണ്ടിട്ടില്ല. ഇൻകംടാക്സോ എൻഫോഴ്സ്മെന്റോ ഒക്കെ പേടിച്ചിട്ടാണോ എന്നറിയില്ല. അദ്ദേഹത്തിന് ആ ഒറ്റപ്പെടൽ ഫീൽ ചെയ്തത് ശരിയായി എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? 

എന്റെ പ്രവർത്തനവും എന്റെ പ്രഭാഷണവും ഞാൻ പുസ്തകം കൂടി എഴുതിയിട്ടുണ്ട്. ഈ ഭരിക്കുന്ന സർക്കാരിനെക്കുറിച്ച് . എനിക്ക് എന്റെ പ്രവർത്തനത്തിൽ ഒരു കുറവും കാണുന്നില്ല. എന്റെ സാമൂഹിക മാധ്യമങ്ങൾ നോക്കിക്കോളൂ, എന്റെ ട്വിറ്ററും ഫേസ്ബുക്ക് പോസ്റ്റും കമന്റും എന്റെ പ്രഭാഷണങ്ങളും നോക്കിക്കോളൂ, യൂട്യൂബിൽ നിറയെ ഉണ്ട്. എന്റെ അഭിമുഖങ്ങളുണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും മോദിക്കെതിരെ ഇറങ്ങിയിട്ടുണ്ടെന്ന് പറയുമ്പോൾ അതിനർത്ഥം എന്നെപ്പോലെ പലരും ഇങ്ങനെ പറയാനുണ്ടാകും. ജനറലൈസേഷൻ ചെയ്യുന്നത് ശരിയല്ല. ചില വിഷയത്തിൽ  എനിക്ക് തോന്നുന്നു, തെറ്റിദ്ധാരണയുണ്ടെന്ന്, ഉദാഹരണം എന്തുകൊണ്ടാണ് ഇവിടുത്തെ ആൾക്കാർ ചൗക്കീദാർ ചോർ ഹെ എന്ന് പറഞ്ഞത്? ഞാൻ തിരിച്ചു പറഞ്ഞു, അതിന്റെ അർത്ഥം ഇവിടെ ഭക്ഷണത്തിൽ ചോറ് കഴിക്കില്ലേ അതാണ്. ചൗക്കിദാർ എന്താണ് അരിയാണോ എന്ന്. അതുകൊണ്ടാണ് ഞാനത് പറയാതിരുന്നത്. 

പക്ഷേ റഫേൽ കേസിൽ ഇൻവെസ്റ്റി​ഗേഷൻ നടത്തണം എന്ന് ഞങ്ങളൊക്കെ പറഞ്ഞു. ആ സമയത്ത് പ്രചരണം ചെയ്യുമ്പോൾ ഏതായിരുന്നു എഫക്റ്റ്, ഏത് സന്ദേശമാണ് ജനങ്ങളിൽ എത്തുന്നതെന്ന് ഓരോരോ സ്ഥാനാർത്ഥിക്കും മനസ്സിലാക്കിയിട്ടല്ലേ അവർ പ്രചരണം ചെയ്യുന്നത്? ആ സന്ദേശം ചിലപ്പോൾ  ചില സ്ഥാനാർത്ഥികൾ വിചാരിച്ചിട്ടുണ്ടാകും അത്ര എഫക്റ്റീവല്ല എന്ന്. അതുകൊണ്ട് എല്ലാവരും പറഞ്ഞിട്ടുണ്ടാകില്ല. രാഹുൽജി മോദിക്കെതിരെ ശക്തമായി നിന്നും സംസാരിച്ചു എന്ന് എല്ലാവരും സമ്മതിക്കുന്നു. എന്റെ അഭിപ്രായത്തിൽ പാർട്ടിയുടെ അകത്ത് ഇതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. കാരണം ബിജെപി ശരിക്ക് ഒരു വ്യക്തിയുടെ പാർട്ടി ആയിട്ട് മാറിയിട്ടുണ്ട്. ഐഡിയോളജി ഉണ്ട്. ആ ഐഡിയോളജിയെ നമ്മൾ എതിർക്കുന്നു, വർ​ഗീയത. ആ പാർട്ടി ഒരു വൺമാൻ ഷോ ആയി മാറി വന്നത് കാരണം, ആ വൺമാനെ ഒരിക്കലും ഒഴിവാക്കി നമുക്ക് രാഷ്ട്രീയം ചെയ്യാൻ സാധിക്കില്ല. അപ്പോൾ ലോക്സഭ തെര‍ഞ്ഞെടുപ്പിലും ദേശീയസ്ഥിതിയിലും ഞങ്ങളുടെ പ്രതിഷേധം നല്ലതു പോലെയുണ്ട്. ഏത് കോൺ​ഗ്രസുകാരായാലും ശരി അതുണ്ടാകും. 

ഇതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് രാഹുൽ ​ഗാന്ധി നേതൃത്വം കൊടുത്ത് മുന്നോട്ട് വന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിനൊരു കുറവു വരില്ല. പാർട്ടി അദ്ദേഹത്തിനൊപ്പം നിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ പ്രിഫറൻസാണ്, മാറി നിന്ന് ഒറ്റക്ക് പ്രചാരണം നടത്തുക എന്നതെങ്കിൽ അതദ്ദേഹത്തിന്റെ തീരുമാനമായിരിക്കും. പക്ഷേ ഞാൻ  ഇതിനകത്ത് ഒരു അഭിപ്രായ വ്യത്യാസം പാർട്ടിക്കകത്ത് കാണുന്നില്ല. മോദിയെ ആക്ഷേപിക്കണ്ട എന്ന് പറയുന്നവർ, വിശ്വസിക്കുന്നവർ പാർട്ടി വിട്ടുപോയിക്കഴിഞ്ഞു. ബാക്കിയുള്ളവരെല്ലാം ബിജെപിക്ക് എതിരാണെന്ന് ഒരു സംശയവുമില്ല. 

അവസാനം വന്ന ജി-23 എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന?

എല്ലാവരും അതുതന്നെ പറയുന്നു, എനിക്കറിയാം ഞാനും ആ എഴുത്ത് ഒപ്പിട്ട് കൊടുത്തിരുന്നു. 

ഇപ്പോഴും ആ അഭിപ്രായത്തിൽ നിൽക്കുന്നുണ്ടോ? അന്ന് ഉന്നയിച്ച പ്രശ്നങ്ങളിൽ?

ഇതല്ല സമയം അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ. ചർച്ച ചെയ്യാനുള്ള സമയം വീണ്ടും വരും. ഈ പ്രചരണത്തിനിടയിൽ അഞ്ച് അസംബ്ളി ഇലക്ഷൻ നടക്കുന്ന സമയത്ത് പാർട്ടിക്കകത്തുള്ള വിഷയം ചർച്ച ചെയ്താൽ ആർക്കാ ​ഗുണം? ശത്രുക്കൾക്കല്ലേ? 

ചർച്ച വരും എന്ന് താങ്കൽ വിചാരിക്കുന്നുണ്ടോ? 

ഞങ്ങളുടെ ശ്രദ്ധ ഇപ്പോൾ മെയ് 2 വരെ, ഈ പാർട്ടിയെ വിജയിപ്പിക്കുക എന്നതാണ്. നമ്മുടെ ഈ നാലു സംസ്ഥാനം കഴിഞ്ഞ് ബം​ഗാളിലും നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലൂടെ പാർട്ടിക്കകത്തെ വിഷയം ചർച്ച ചെയ്യാൻ താത്പര്യമില്ല. ഈ പാർട്ടിക്ക് നല്ല വിലയും ഓർ​ഗനൈസേഷൻ ക്വാളിറ്റിയുമുണ്ട്. എല്ലാ ജില്ലയിലും സാന്നിദ്ധ്യമുള്ള ഒരു പാർട്ടി നമ്മള് മാത്രമാണ്. ഇപ്പോൾ കൂടി ബിജെപി പോലുമല്ല.  അത് നോക്കുമ്പോൾ ഈ പാർട്ടിയുടെ ഭാവി എന്തായിരിക്കണം? നാച്വറൽ, നാഷണൽ റൂളിം​ഗ് പാർട്ടിയായിട്ടാണ്  ഞങ്ങളെല്ലാവരും കണ്ടിരിക്കുന്നത്. ഭാവിയിലും അതുപോലെയാകണം. അതിലെത്താൻ വേണ്ടി പാർട്ടിയുടെ അകത്തുള്ള ചർച്ച ചെയ്യാൻ വേണ്ടി സമയം ഞങ്ങളോട് പറഞ്ഞു കഴിഞ്ഞു വർക്കിം​ഗ് കമ്മറ്റി തീരുമാനമാണ്. മെയ് 2 റിസൽട്ട് വന്നതിന് ശേഷം ഒരു എഐസിസി സെഷൻ വിളിക്കും. അതിലെല്ലാം ചർച്ച ചെയ്യാം. അപ്പോഴാണ് ഞാൻ നിങ്ങളോട് വീണ്ടും സംസാരിക്കാൻ തയ്യാറായിരിക്കുന്നത്. ഇപ്പഴല്ല. ഇപ്പോൾ ഞങ്ങൾക്ക് ഈ ഇലക്ഷൻ ജയിക്കണം.

താത്ക്കാലിക അധ്യക്ഷ നയിക്കുന്ന രീതി?

താത്ക്കാലിക അധ്യക്ഷ അല്ലല്ലോ, 20 വർഷം പാർട്ടിയെ നയിച്ച അധ്യക്ഷ ആണല്ലോ സോണിയ​ ​ഗാന്ധി. ഒരു ഫേസ്‍ലെസ് പാർട്ടി എന്ന് വിചാരിക്കരുത്. താത്ക്കാലികമാണ് എന്നാലും. നേതൃത്വമുള്ളൊരു പാർട്ടിയാണ്. പക്ഷേ എല്ലാവർക്കും അറിയാം.  സ്ഥാനം രാജി വെച്ചു പോയത് കാരണമാണ്. ഒരു പുതിയ തലമുറക്കാണ് കൈ മാറിയത്. 

അതൊക്കെ ശരിയായിരിക്കാം. പക്ഷേ കോൺ​ഗ്രസ് പറയുന്ന പഴയ കാലത്തുണ്ടായിരുന്ന ആശയങ്ങളുടെ ആ ബലം ഇപ്പോൾ ബിജെപിയെ എതിരിടുമ്പോൾ അതൊന്നുമില്ലാതെ പകച്ചു നിൽക്കുന്ന ഒരു കാഴ്ചയല്ലേ നമ്മൾ കാണുന്നത്? 

ഞാനങ്ങനെ കാണുന്നില്ല. പക്ഷേ ഇതിനെക്കുറിച്ച് നമ്മൾ ഈ തെരഞ്ഞെടപ്പ് കഴിഞ്ഞിട്ട് സംസാരിക്കും. ഇപ്പോ ഞാനൊരു കാര്യം പറയട്ടെ, ബിജെപിയുടെ എതിരെ എല്ലാംകൊണ്ടും ശക്തമായി നിന്ന് സംസാരിക്കുന്ന സ്ഥാനാർത്ഥികൾ യുഡിഎഫിന്റേതാണ്. ഞാൻ ഇന്നുവരെ 42 മണ്ഡലങ്ങളിൽ കയറിയിറങ്ങി. ഇനിയും പത്തെണ്ണത്തിൽ പോകാനുണ്ട്. എനിക്ക് ഒരു സംശയവുമില്ല. എല്ലായിടത്തും ഐക്യജനാധിപത്യ മുന്നണികൾ ശക്തമായിട്ട് ഞങ്ങൾ മതേതരത്വ മൂല്യങ്ങൾക്ക് വേണ്ടിയിട്ടും ഞങ്ങളുടെ എല്ലാവരെയും കൂട്ടിക്കൊണ്ടുവരുന്ന ഇൻക്ലൂസീവ് ഇന്ത്യയടെ പ്രോ​ഗ്രസീവ് പൊളിറ്റിക്സിന് വേണ്ടി സംസാരിക്കുന്ന സ്ഥാനാർത്ഥികളാണ് ഇറങ്ങിയിരിക്കുന്നത്. 

പ്രത്യേകിച്ച് നമ്മുടെ യുവസ്ഥാനാർത്ഥികളെ കാണുമ്പോൾ, പാലക്കാട് ഞാൻ ആറ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സംസാരിച്ചു. നാൽപത് വയസ്സിന് താഴെ. കോഴിക്കോട് നോർത്തിൽ എല്ലാവരിലും താഴെയാണ് പ്രായം 25. കായംകുളത്ത് അരിത ബാബു. ഇവർക്കൊപ്പമെല്ലാം പോയി പ്രചാരണം നടത്തി. ഇവരൊക്കെ നാളെ ഞങ്ങളുടെ ഭാവി എന്തായിരിക്കും, ഞങ്ങളുടെ പ്രായത്തിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളുടെ ഭാവി എന്തായിരിക്കും എന്ന് ചിന്തിക്കുന്നവരാണ്. ഞാനും പ്രചരണം നടത്തുമ്പോൾ എപ്പോഴും ഇന്നലെയെക്കുറിച്ചല്ല കൂടുതൽ സംസാരിക്കുന്നത് നാളെയെക്കുറിച്ചാണ്.ഈ പാർട്ടിയും ഈ നാടും നന്നാകണമെന്നുണ്ടെങ്കിൽ എന്തൊക്കെയാണ് നാം ചെയ്യേണ്ടത്. അത് മുന്നോട്ട് വച്ചിട്ടാണ് പ്രചരണം ചെയ്യേണ്ടത്. 

ഞാനിപ്പോൾ ദേശീയ രാഷ്‌ട്രീയത്തെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ താങ്കൾ പറഞ്ഞു പ്രവർത്തകസമിതി കഴിഞ്ഞിട്ട് ഇതിനേക്കുറിച്ച് സംസാരിക്കാം എന്ന്. അത് വിട്ടു. നമുക്ക് കേരളത്തിലേക്ക് തിരിച്ചുവരാം. രണ്ടുമൂന്ന് കാര്യങ്ങൾ കൂടി ചോദിച്ചിട്ട് ഫ്രീയാക്കാം. താങ്കളോട് കുറേയേറെ കാര്യങ്ങൾ സംസാരിക്കണമെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്‌സിലും കേരള രാഷ്‌ട്രീയത്തിലും നിന്നത് ഇതൊരു  ഇലക്ഷൻ ടൈമും താങ്കൾ അതിൽ ആക്‌റ്റീവായി നിൽക്കുന്നതും കൊണ്ടാണ്. ഇപ്പോൾ കേരള രാഷ്‌ട്രീയത്തിൽ സംഘടനാതലത്തിലേക്ക് പ്രചാരണത്തിലേക്ക് ഒക്കെ കൂടുതലായി ഇറങ്ങിയിരിക്കുകയാണ്. താങ്കൾക്ക് നഗരപ്രദേശങ്ങൾ, അല്ലെങ്കിൽ അപ്പർ മിഡിൽ ക്ലാസ് ആളുകൾക്കിടയിൽ വലിയ അക്സപ്‌റ്റൻസുണ്ട്. നേരത്തെ തൊട്ടുതന്നെ രാഷ്‌ട്രീയക്കാരൻ എന്ന റോളിനപ്പുറം താങ്കളുടെ പ്രഭാഷണങ്ങൾ കേട്ടിട്ടും പുസ്‌തകങ്ങൾ വായിച്ചിട്ടും താങ്കളുടെ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടുമുള്ളതാണ്. താങ്കൾ തന്നെ പറഞ്ഞപോലെ വലിയ രീതിയിൽ ഹോംവർക്ക് ചെയ്ത്, ചില ആളുകളോട് സംസാരിക്കുമ്പോൾ താങ്കൾ അവിടെ ചെന്ന് പ്രകടനപത്രിക സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ നേതാക്കൾ പറഞ്ഞു ആ ലോക്കാലിറ്റിയിലെ ഇഷ്യൂസ് അവർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡീറ്റൈൽസിൽ താങ്കൾ സംസാരിച്ചതായി ചില ആളുകൾ പറയുന്നുണ്ടായിരുന്നു. അതുപോലെ വർക്ക് ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള താങ്കൾ കേരള രാഷ്‌ട്രീയത്തിൽ കുറച്ചുകൂടി സജീവമായ മറ്റേതെങ്കിലും റോളിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടോ?

പാർട്ടി ആവശ്യപ്പെടുന്ന എല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്. ഇതുവരെ ഒരു ഉത്തരവാദിത്വം വേണ്ടാ എന്ന് പറഞ്ഞിട്ടില്ല. ഇതേവരെ ഒരു ഉത്തരവാദിത്വം ആവശ്യപ്പെട്ടിട്ടുമില്ല ജീവിതത്തിൽ, ഐക്യരാഷ്‌ട്രസഭയിലായാലും ഇവിടെയായാലും ശരി. പാർട്ടി എൻറെയടുത്ത് വന്നു, മത്സരിക്കാൻ പറഞ്ഞു, മത്സരിച്ചു. വേറെ വല്ലതും പറഞ്ഞാൽ ചെയ്തിട്ടുണ്ടാകും. ഞാനിപ്പോൾ എത്തിനിൽക്കുന്നത്, താങ്കൾ നല്ല വാക്ക് പറഞ്ഞതിന് നന്ദി. എൻറെ തെരഞ്ഞെടുപ്പ് റിസൽറ്റ് നോക്കുകയാണെങ്കിൽ എവിടെയായിരുന്നു എൻറെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങൾ. പാറശാല, കോവളം, നെയ്യാറ്റിൻകര. ഗ്രാമദേശങ്ങളാണ് ഭൂരിപക്ഷവും. 

വലിയ നഗരത്തിൻറെ ആളാണ് എന്ന് പറഞ്ഞ് നടക്കുന്നത്, നന്ദി പറഞ്ഞാൽ കൂടി അത് മാത്രമല്ല ഞാൻ എന്ന് ചൂണ്ടിക്കാണിക്കുന്നു. കാരണം എനിക്ക് വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൻറെ അടിസ്ഥാനത്തിലാണ് വോട്ട് ചോദിക്കുന്നത്. ജനങ്ങൾ കണ്ടിട്ടല്ലേ വോട്ട് ചെയ്യുകയുള്ളൂ. അപ്പോൾ, നിങ്ങള് ഗ്രാമപ്രദേശത്ത് വലിയ ഭൂരിപക്ഷം കിട്ടിയ ഒരാളും നഗരപ്രദേശങ്ങളിൽ ചുരുങ്ങിയ ഭൂരിപക്ഷം കിട്ടിയ ഒരാളുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത്. നഗരത്തിൻറെ സ്ഥാനാർഥി മാത്രമായി എന്നെ കാണണ്ട.

രണ്ടാമത് പറയാനുള്ളത്, നമ്മുടെ കേരളം ശരിക്കും ഒരു റൂറൽ സ്റ്റേറ്റാണോ അർബൻ സ്റ്റേറ്റാണോ എന്ന് പലർക്കും സംശയമുണ്ട്. വടക്കൻ ഭാരതത്തിൽ നിന്ന് എൻറെ സുഹൃത്തുകൾ വരുമ്പോൾ അവർ പറയുന്നു, നിങ്ങളുടെ ഗ്രാമങ്ങൾ നഗരങ്ങളാണോ നഗരങ്ങൾ ഗ്രാമങ്ങളാണോ എന്ന് കണ്ടാൽ മനസിലാവുന്നില്ല. ന​ഗരത്തിൽ നിറയെ മരങ്ങളും പച്ചയും എല്ലാം കാണാം. ഗ്രാമത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങളും നാലഞ്ച് നിലയുടെ ബിൽഡിംഗും ഒക്കെ കാണാം. അപ്പോൾ എന്താണിത്, ഗ്രാമമാണോ നഗരമാണോ എന്ന് ചോദിക്കും. ഞാൻ കേരളത്തെ ഒന്നായാണ് കാണുന്നത്.

ഒരു ഉദാഹരണം പറഞ്ഞാൽ, ഞാൻ കൽപറ്റയിലെത്തി സിദ്ദിഖിനുവേണ്ടി പ്രചാരണം ചെയ്യുമ്പോൾ അവിടെ പല യുവാക്കളും വന്നിട്ടുണ്ടായിരുന്നു. ഒരു ഇൻററാക്‌ടീവ് സെക്ഷൻ. അവര് ചോദിക്കുന്ന ചോദ്യങ്ങളും അവരും അറിവും ശരിക്കും എന്താണ് ലോകത്ത് നടക്കുന്നത് എന്ന് മനസിലാക്കാനുള്ള ബുദ്ധിയും കണ്ടിട്ട് ഞാൻ വിചാരിച്ചു, ഏതെങ്കിലും നമ്മുടെ, ഭാരതത്തിൻറെ എല്ലാ ഗ്രാമദേശങ്ങളും അറിയാം എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ ഒരു ഗ്രാമദേശത്ത്, അതുമാത്രമല്ല ഇത്തരമൊരു റിമോട്ട് ഏരിയ. വയനാട് ഒക്കെ എത്താൻ തന്നെ ഏളുപ്പം കാര്യമല്ല. ഇങ്ങനെയൊരു ഏരിയയിൽ ഇത്രയും അറിവും കഴിവുമുള്ള കുട്ടികളെ കാണുമ്പോൾ എങ്ങനെയാണ് കേരളത്തിൻറെ ഭാവിയെ കുറിച്ച് ഒപ്റ്റിമിസ്റ്റിക് ആകാതിരിക്കുക. 

നമ്മൾ ആത്മവിശ്വാസത്തോടെ ഇറങ്ങിയാൽ നമ്മുടെ കുട്ടികൾക്കും വരാൻ പോകുന്ന തലമുറയ്‌ക്കും എന്ത് വേണെമെങ്കിലും ചെയ്യാൻ സാധിക്കും. അവർക്ക് നമ്മൾ ടൂൾസ് കൊടുക്കണം. ഒരു സർക്കാരിൻറെ ഉത്തരവാദിത്വം കിറ്റ് വിതരണമല്ല. ഇൻഫ്രാസ്‌ട്രെക്‌ചർ ചെയ്യുക, ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി കൊണ്ടുവരിക.

കെ ഫോണൊക്കെ വരുന്നുണ്ടെന്ന് കേട്ടിട്ട് കുറേക്കാലമായി?

വരട്ടെ. ഞാൻ പറയുന്നത്. ഞാൻ പറയുന്നത് നമ്മുടെ നാട്ടിൽ നല്ലൊരു അടിസ്ഥാന ഇൻഫ്രാസ്‌ട്രെക്‌ചർ ഉണ്ടാക്കിക്കൊടുത്തിട്ട് നമ്മുടെ വ്യക്തികൾക്ക് അവരുടെ തലയിലെ റൂൾസും, റഗുലേഷൻസും ലൈസൻസും ക്വാട്ടയും 21 വാതിലും ഒക്കെ കുറച്ച് ഒഴിവാക്കി അവർക്ക് പ്രവർത്തിക്കാൻ അവസരം കൊടുത്താൽ. എനിക്ക് തോന്നുന്നില്ല മലയാളികൾ സംസ്ഥാനം വിട്ടിട്ട് വേറെ സ്ഥലത്ത് പോയിട്ട് ജോലി തേടാൻ ഇഷ്‌ടപ്പെട്ടിട്ടാണ് പോകുന്നത് എന്ന്. ഇവിടെ ഒന്നും ഇല്ലാത്ത കാരണമാണ്. ഇന്നലെ ഞാൻ വായിക്കുവായിരുന്നു. 40.5 ശതമാനമാണ് നമ്മുടെ യൂത്ത് അൺഎംപ്ലോയ്‌മെൻറ്. ഇന്ത്യയിലത്തെ റെക്കോർഡാണ്. ഇന്ത്യയിലെ നാഷണൽ ആവറേജ് 21 ശതമാനമാണ്. 

നാൽപ്പതര ശതമാനം, വിചാരിച്ചോളൂ നമ്മുടെ യുവാക്കൾക്ക്. നമ്മുടെ യുവാക്കൾക്ക് 21 വയസാണെങ്കിൽ പകുതി കുട്ടികൾക്ക് ജോലിയില്ല, ജോലി കിട്ടാനുള്ള സാധ്യത അവർ കാണുന്നില്ല. എങ്ങനെ അവരിവിടെ ഇരിക്കും കേരളത്തിൽ. എവിടെയെങ്കിലും പോയി ജോലി നേടാൻ നോക്കും, വേറെ സംസ്ഥാനത്തോ, വേറെ നാടിലോ ഗൾഫിലോ. പക്ഷേ ഗൾഫിൽ ഇപ്പോൾ അവസരങ്ങൾ ചുരുങ്ങുന്നു. നമ്മുടെ കേരളത്തിൻറെ അകത്ത് ഒരു ഭാവിയുണ്ടാക്കണം ഇവർക്ക് വേണ്ടിയിട്ട്. അവർക്ക് അതിന് എടുക്കാനുള്ള കഴിവുണ്ട്. വിദ്യാഭ്യാസ മേഖലയിൽ തുടങ്ങിയിട്ട്, അവിടേയും മാറ്റം കൊണ്ടുവന്നിട്ട് നമ്മുടെ ഇൻവസ്റ്റ്‌മെൻറ് ക്ലൈമറ്റിനെ മാറ്റിയിട്ട് ബിസിനസ് കൊണ്ടുവന്നിട്ട്, വ്യവസായങ്ങളെ ഇവിടെ കൊണ്ടുവന്നിട്ട്, നമുക്ക് ഈ നാടിനെ നന്നാക്കാൻ സാധിക്കും. 

എൻറെ അഭിപ്രായത്തിൽ കേരള മോഡൽ ഒരു നല്ലൊരു മോഡലാണ്. എല്ലാ വിധത്തിലും നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും പ്രാധാന്യം കൊടുത്തിട്ടുണ്ട്. നമ്മുടെ ജനങ്ങൾക്ക് ഈ സംസ്ഥാനത്തിനെ കുറിച്ച് നല്ലൊരു സ്‌നേഹമുണ്ട്. സ്‌ട്രോങ് കൾച്ചറാണ് നമ്മുടെ. ഒറ്റക്കാര്യമേ ഇനി ചെയ്യാനുള്ളൂ. അപ്‌ഡേറ്റ് കേരള മോഡൽ. ഞാൻ ഇന്നലെ ഒരു ആർട്ടിക്കിൾ എഴുതി. കേരള മോഡലിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരണം. പണ്ടുകാലത്ത് കാര്യങ്ങളൊക്കെ നന്നായി ചെയ്തു. ഇനി നാളെയെ കുറിച്ച് ചിന്തിക്കാനുള്ള സമയമായി. ഇതിനെ കുറിച്ച് ചർച്ച കൂടി നടന്നിട്ടില്ല ഞങ്ങളുടെ രാഷ്‌ട്രീയമേഖലയിലും ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ അകത്തും. ആ മാറ്റം കൊണ്ടുവന്നിട്ട് കേരളം നന്നാകണം എന്നാണ് എൻറെ വിശ്വാസം. അത് നന്നാക്കാൻ സാധിക്കും എന്നാണ് എൻറെ വിശ്വാസം. ആ ധൈര്യത്തോടെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്.

ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ ഈ ക്യാംപയിൻ കഴിഞ്ഞ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ?

ട്രെൻഡ് നമുക്കാണ്. കുറച്ച് ദിവസം മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ഭരിക്കുന്ന പാർട്ടി തുറമുഖത്തുള്ള കപ്പലുകൾ എണ്ണിയിട്ട് പോരാ, കാറ്റ് ഏത് വഴിക്കാൻ വീശുന്നത് എന്ന് നോക്കട്ടെ എന്ന് കാറ്റ് ഞങ്ങളുടെ വഴിക്കാണ്. അപ്പോൾ നിങ്ങൾ ഒരു സർവേ നടത്തി എല്ലാവരും കണ്ടിട്ട് വളരെ നിരാശരായി. പക്ഷേ ആർക്കും അറിയുന്നില്ല പതിനെട്ടാം തീയതിയാണ് നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്. സീ ഫോർ എന്ന കമ്പനി. 18 മാർച്ച് കഴിഞ്ഞിട്ട് ഇപ്പോൾ പല ദിവസങ്ങളായില്ലേ. ആകെ 50 മണ്ഡലങ്ങളിലാണല്ലോ നിങ്ങൾ ചോദിച്ചിരിക്കുന്നത്. ഈ അമ്പത് മണ്ഡലങ്ങളിലും 200 പേരോട് ചോദിച്ചിട്ട്, അതിലത്തെ ഭൂരിപക്ഷം 10 ദിവസേക്കാളും കൂടുതൽ മുമ്പ് ചോദിച്ചിട്ട് നമ്മൾ ഇപ്പോൾ പറയുന്നത് യുഡിഎഫിന് ചാൻസില്ല . ഈ 10 ദിവസത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഞാൻ തന്നെ കണ്ടത്. ഞാൻ സത്യമായി പറയുകയാണെങ്കിൽ. നിങ്ങളെ എംബാരസ് ചെയ്യേണ്ട. പല ജേണലിസ്റ്റുകളും എന്നെ ഇൻറർവ്യൂ ചെയ്യാൻ വരുന്നവർ കൂടി പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഈ സർവേയിൽ വലിയ വിശ്വാസം കാണുന്നില്ല. ഞങ്ങൾ കാണുന്നത് ഇതല്ല. ഒരേസമയത്ത് ഇനിയും ഞങ്ങൾക്കുള്ള ദിവസങ്ങൾ നല്ലപോലെ ഉപയോഗിക്കും. ജനങ്ങളുടെ എടുത്ത് ഞങ്ങളുടെ സന്ദേശം എത്തിക്കും. യുഡിഎഫ് ജയിക്കും. അതാണ് എൻറെ വിശ്വാസം.

ആരായിരിക്കും മുഖ്യമന്ത്രി?

അതൊക്കെ നമുക്ക് ജയിച്ച ശേഷം തീരുമാനിക്കാം. ഇതുവരെ, നിങ്ങൾ കോൺഗ്രസ് പാർട്ടിയെ എത്ര വർഷമായി കാണുന്നു. ഇതുവരെ ഒരു മുഖ്യമന്ത്രി നിലവില്ലാത്ത സ്ഥാനത്ത് ഒരു മുഖ്യമന്ത്രിസ്ഥാനാർഥിയെ മുന്നോട്ടുവച്ചിട്ടുണ്ടോ, ഇല്ല പിന്നെ എന്തിനാണ് ഈ വർഷം പ്രത്യേകിച്ച് ഒരാൾ. വിജയത്തിനു വേണ്ടി എല്ലാവരും പ്രവർത്തിക്കുക ആണ് ഇപ്പോൾ പ്രധാനം.

വിജയിച്ച് യുഡിഎഫ് അധികാരത്തിൽ വന്നാൽ ശശി തരൂരിന് ഈ പറയുന്ന കോൺഗ്രസ് രാഷ്‌ട്രീയത്തിലെ ഇപ്പോഴത്തെ കാഴ്‌ചപ്പാടുകൾ വച്ച്  എന്ത് റോളാകും ഉണ്ടാവുക?

ഞാൻ, ഇപ്പോൾ നേതാക്കൾക്കിടയിൽ അക്‌സപ്റ്റൻസ് ഉണ്ട്. അതുകൊണ്ട് എൻറെ അഭിപ്രായം കേൾക്കാൻ അവർ ചെയ്യാറായിരിക്കും എന്ന് സംശയമില്ല. ഇപ്പോൾ ആര് മുഖ്യമന്ത്രിയായി വന്നാലും ആര് വിദ്യാഭ്യാസമന്ത്രിലായി വന്നാലും ആര് ഫൈനാൻസ് മിനിസ്റ്ററായി വന്നാലും എനിക്ക് സംശയമില്ല ഞാൻ അദേഹത്തിനൊപ്പം ഇരുന്ന് സംസാരിച്ചിട്ട് എൻറെ സങ്കൽപത്തിൽ അവർക്കും പങ്കെടുക്കാൻ കഴിയും എന്ന് മാത്രമല്ല. അവര് എൻറെ ചില ഐഡിയാസ് കേൾക്കാനും തയ്യാറായിരിക്കും. പ്രകടനപത്രിക കമ്മിറ്റിയിൽ പല മുതിർന്ന നേതാക്കളുമുണ്ടായിരുന്നു. ഞങ്ങളുടെ പാർട്ടിയുടെ മാത്രമല്ല, ബെന്നി ബഹന്നാൽ, മറ്റ് പാർട്ടികളുടെ എല്ലാ പ്രതിനിധികളും എല്ലാ വിധത്തിലും സഹകരിച്ച് ഒരു തർക്കമുണ്ടായിരുന്നില്ല. ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധവച്ച് കേൾക്കാനും മുന്നോട്ട് കൊണ്ടുവരാനും താൽപര്യം കാണിച്ചവരാണ്. അതുപോലെ ഞങ്ങളുടെ ഭരണം വരുമ്പോൾ എൻറെ ശബ്ദം കേൾപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നില്ല.

ഞാൻ അവസാനമായി ഒരു കാര്യം കൂടി ചോദിച്ചോട്ടെ. അഞ്ച് വർഷം കഴിയുമ്പോഴെത്തേക്ക്, അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് കുറേക്കൂടി ആക്ടീവായി, കേരള മുഖ്യമന്ത്രിയാവണം എന്നൊക്കെ തോന്നിയിട്ടില്ലേ?

ഇതൊക്കെ പാർട്ടിയുടേയും ജനങ്ങളുടേയും കയ്യിൽ ഇട്ടുകൊടുത്തിരിക്കുകയാണ്. തന്ന ചുമതലകൾ ചെയ്‌തോണ്ടിരിക്കുന്നു അത്രയേ  പറയാനുള്ളൂ. ആഗ്രഹമൊക്കെ, നമ്മുടെ ലോക്‌സഭ പിടിച്ചെടുക്കാനാണ് ആദ്യത്തെ വലിയ ആഗ്രഹം. എൻറെ തെരഞ്ഞെടുപ്പ് അനുസരിച്ച് അടുത്ത മൂന്ന് വർഷം കഴിഞ്ഞിട്ടാണ്. ഞാനിപ്പോൾ ഇറങ്ങുന്നത് എൻറെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടിയാണ്. അതിന് എപ്പോഴും ഞാനുണ്ടാകും. 

 

 

Follow Us:
Download App:
  • android
  • ios